യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ദേശീയ  യുവജന പുരസ്‌കാരത്തിന് (2022-23) അപേക്ഷിക്കാൻ ഡോ. മൻസുഖ് മാണ്ഡവ്യ യുവാക്കളോട് ആഹ്വാനം ചെയ്തു


2022-23 ലെ ദേശീയ യുവജന പുരസ്‌കാരത്തിനുള്ള  അപേക്ഷകൾ ക്ഷണിച്ചു .2024 നവംബർ 1 മുതൽ 15 വരെ അപേക്ഷിക്കാം

Posted On: 01 NOV 2024 1:46PM by PIB Thiruvananthpuram

 




ന്യൂഡൽഹി: 1 നവംബർ  2024

ഇന്ത്യയുടെ വികസനത്തിനും സാമൂഹിക പുരോഗതിക്കും  യുവാക്കൾ  നൽകുന്ന   അസാധാരണമായ സംഭാവനകൾ അംഗീകരിക്കുന്നതിന്റെ ഭാഗമായി  2022-23ലെ ദേശീയ യുവജന പുരസ്‌കാരങ്ങൾക്ക് (NYA) അപേക്ഷിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ, ഉദ്യോഗ  മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആഹ്വാനം ചെയ്തു.

കായികം, സാമൂഹിക സേവനം, ശാസ്ത്രം, ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിലായി ഇന്ത്യയിലെ യുവാക്കളുടെ സമാനതകളില്ലാത്ത ആവേശത്തെ പ്രകടമാക്കുന്ന പുരസ്‌കാരങ്ങൾ കേവലം ഒരു അംഗീകാരമല്ലെന്നും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാജ്യത്തെ വളർത്തിയെടുക്കുന്നതിനുള്ള യുവ നേതൃത്വത്തിൻ്റെ ആഘോഷമാണെന്നും ശ്രീ  മാണ്ഡവ്യ  പറഞ്ഞു

ആരോഗ്യം,മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കൽ, സജീവ പൗരത്വം, സാമൂഹ്യ  സേവനം തുടങ്ങിയ വിവിധ വികസന, സാമൂഹിക സേവന മേഖലകളിലെ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന വ്യക്തികൾക്കും (15-29 വയസ്സിനിടയിൽ പ്രായമുള്ളവർ) സംഘടനകൾക്കും യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള യുവജനകാര്യ വകുപ്പ്, ദേശീയ യുവജന പുരസ്‌കാരങ്ങൾ (NYA) നൽകുന്നു.

ദേശീയ വികസനത്തിലും സാമൂഹിക സേവന രംഗത്തും മികവ് കൈവരിക്കാനും  സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനും അതുവഴി മികച്ച  പൗരന്മാരായി  സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താനും  യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുരസ്കാരത്തിന്റെ  ലക്ഷ്യം. രാജ്യവികസനത്തിനായി യുവാക്കൾക്കൊപ്പം സാമൂഹ്യസേവനമുൾപ്പെടെയുള്ള മേഖലകളിൽ  മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന  സന്നദ്ധ സംഘടനകൾക്കും   പുരസ്‌കാരം ലഭിക്കും .

ദേശീയ യുവജന അവാർഡിന് (2022-23) 2024 നവംബർ 1 മുതൽ നവംബർ 15 വരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പൊതു അവാർഡ് പോർട്ടലിലൂടെ അപേക്ഷ ക്ഷണിക്കുന്നു. അവാർഡ് പോർട്ടലിൻ്റെ ലിങ്ക് https://awards.gov.in/ ആണ്.

വ്യക്തിക്ക് , മെഡലും പ്രശസ്തിപത്രവും 1,00,000/- രൂപ കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം . സംഘടനയ്ക്ക്, മെഡലും പ്രശസ്തിപത്രവും 3,00,000/- രൂപയും പുരസ്‌കാരമായി  ലഭിക്കും




(Release ID: 2070103) Visitor Counter : 30