സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

റായ്ഗഡ് കോട്ട: വിഖ്യാതനായ മറാത്താ സാമ്രാട്ട് ഛത്രപതി ശിവാജി മഹാരാജ് കെട്ടിപ്പടുത്ത തലസ്ഥാനം

"ഇന്ത്യയുടെ മറാത്ത സൈനിക ഭൂചിത്രങ്ങൾ" എന്ന പേരിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട 12 കോട്ടകളിൽ റായ്ഗഡ് കോട്ടയും ഉൾപ്പെടുന്നു.
ദുർഗ് രാജ് റായ്ഗഡ് (കോട്ടകളുടെ രാജാവായ റായ്ഗഡ്)

Posted On: 28 OCT 2024 1:45PM by PIB Thiruvananthpuram

മഹാരാഷ്ട്രയുടെ താഴ്വാരങ്ങൾക്ക് മേലെ തലയുയർത്തി നിൽക്കുന്ന റായ്ഗഡ് കോട്ട ഛത്രപതി ശിവജി മഹാരാജിൻ്റെ ഭരണകാലത്തിന്റെ സ്മരണകൾ പ്രതിധ്വനിപ്പിക്കുന്നു. ഒരു വേള, അദ്ദേഹത്തിൻ്റെ സമ്പന്നമായ മറാത്താ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന കുന്നിൻ മുകളിലെ ഈ കോട്ടയിൽ ധീരതയുടെയും നൂതന യുദ്ധതന്ത്രങ്ങളുടെയും സാഹസികതയുടെയും കഥകൾ ഉറങ്ങുന്നു. റായ്ഗഡ് കോട്ടയിലെ ശിലകളോരോന്നിലും ശിവാജി മഹാരാജിൻ്റെ അസാമാന്യ ധൈര്യവും കാല്പനിക യുദ്ധതന്ത്രങ്ങളും പ്രതിധ്വനിക്കുന്നു. അദ്ദേഹത്തിൻ്റെ അസാമാന്യ നേതൃത്വം ഈ കോട്ടയെ ശക്തിദുർഗ്ഗമാക്കി മാറ്റി. ഒരു സാമ്രാജ്യത്തിൻ്റെ ചരിത്രത്തെ രൂപപ്പെടുത്തിയ അനിതരസാധാരണമായ ധീരകൃത്യങ്ങളെക്കുറിച്ച് കോട്ട തലമുറകളെ ഓർമ്മിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

 

 


ഛത്രപതി ശിവജി മഹാരാജ് എന്തുകൊണ്ട് റായ്ഗഡ് കോട്ടയെ മറാത്ത സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായി തിരഞ്ഞെടുത്തുവെന്ന് "സഭാസദ് ബഖർ" (പുരാതന ലിഖിതം) വിവരിക്കുന്നു. പരാമർശം ഇപ്രകാരമാണ്, “ചത്രപതി ശിവാജി മഹാരാജ് റൈരി കുന്നിൻ്റെ സാധ്യതകൾ നിരീക്ഷിച്ചു. ഈ മേഖലയിലെ പർവതങ്ങളിലും കുന്നുകളിലും വച്ച് ഏറ്റവും ഉയരമുള്ളതും കീഴ്ക്കാംതൂക്കായ മലഞ്ചെരിവോട് കൂടിയതും ആയിരുന്നു അത്. ദൃഢവും വിശാലവുമായ പാറകൾ ഒരു വലിയ സാധ്യതയായി കണക്കാക്കപ്പെട്ടു. ദൗലതാബാദും ഒരു നല്ല കോട്ടയായിരുന്നെങ്കിലും റായ്ഗഡിനോളം മികച്ചതായി കണക്കാക്കപ്പെടുന്നില്ല. കാരണം റായ്ഗഡ് താരതമ്യേന ഉയരമേറിയതും അതുല്യവുമാണ്. ഒരു മഹാരാജാവിന് തലസ്ഥാനമാക്കാനും സിംഹാസനമുറപ്പിക്കാനും എന്തുകൊണ്ടും അനുയോജ്യവും.

 


"ഇന്ത്യയുടെ മറാത്ത സൈനിക ഭൂചിത്രം" എന്ന പേരിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട 12 കോട്ടകളിൽ ഉൾപ്പെട്ടതാണ് റായ്ഗഡ് കോട്ടയും. നാമനിർദ്ദേശം ചെയ്യപ്പെട്ട 12 കോട്ടകളിൽ,  മറാത്ത വാസ്തുവിദ്യയുടെ മകുടോദാഹരണമായി റായ്ഗഡ് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ കുന്നിൻ മുകളിലെ കോട്ടകളിൽ തലസ്ഥാന സ്ഥാപനത്തിന് ഏറ്റവും അനുയോജ്യമായ റായ്ഗഡ് കോട്ടയ്ക്കുള്ളിലെ വികസിത ഘടനകളാകട്ടെ അവിടുത്തെ ഭൂമിശാസ്ത്രവുമായി മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു.
 

 


ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളുടെ പശ്ചാത്തലം റായ്ഗഡ് കോട്ടയാണ്. ഛത്രപതി ശിവാജി മഹാരാജിൻ്റെ അവിശ്വസനീയമായ വീരകൃത്യങ്ങളുടെയും ധീരതയുടെയും നൂതന യുദ്ധതന്ത്രങ്ങളുടെയും കഥകൾ പ്രദർശിപ്പിക്കുന്നതിനായി കെവാഡിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് വേദിയിൽ റായ്ഗഡ് കോട്ടയുടെ ഒരു ചെറുപകർപ്പ് തന്നെ നിർമ്മിച്ചിട്ടുണ്ട്.



റായ്ഗഡ് കോട്ടയുടെ ചരിത്രം

1653-ൽ, റായ്ഗഡ് (അന്ന് റൈരി എന്നും അറിയപ്പെട്ടിരുന്നു) മറാത്താ സൈന്യം മോറെമാരിൽ നിന്ന് പിടിച്ചെടുത്തതാണ്. കോട്ടയെ തലസ്ഥാന യോഗ്യമാക്കുന്നതിനായി, ശിവാജി മഹാരാജ് അതിന്റെ പുനർനിർമ്മാണ ചുമതല ഹിരോജി ഇന്ദുൽക്കറെ ഏൽപ്പിച്ചു. തുടർന്ന്, 1674 ജൂൺ 6-ന്, ശിവാജി മഹാരാജിൻ്റെ മഹത്തായ കിരീടധാരണ ചടങ്ങ് റായ്ഗഡ് കോട്ടയിൽ നടന്നു. അദ്ദേഹം "ഛത്രപതി" പദവിയിൽ അഭിഷേകം ചെയ്യപ്പെട്ടു. ഈ കോട്ട ഛത്രപതി ശിവാജി മഹാരാജിൻ്റെ രണ്ടാം തലസ്ഥാനമായി മാറുകയും മറാത്തയുടെ  ഭരണനിർവ്വഹണത്തിലും സാമ്രാജ്യവിപുലീകരണത്തിലും നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.

റായ്ഗഡ് കോട്ട മഹാരാഷ്ട്രയുടെ മഹത്തായ ഭൂതകാലത്തിൻ്റെ നിശബ്ദ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്നു, ദുർഗ് രാജ് (കോട്ടകളുടെ രാജാവ്) എന്നാണ് അത്  അറിയപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾ 'ശിവതീർത്ഥ'ത്തിന്റെ വിശ്വാസ്യതയേറ്റി. കോട്ടയുടെ പൈതൃക സ്വഭാവമറിയാനും,  സാമർത്ഥ്യം, ധീരത, ഭരണമികവ്, ദയ, ദേശസ്‌നേഹം എന്നീ ഗുണഗണങ്ങൾക്ക് പുകൾപെറ്റ ആദർശബിംബമായ ഛത്രപതി ശിവാജി മഹാരാജിൻ്റെ ആസ്ഥാനം ദർശിക്കാനും, പ്രതിരോധ വാസ്തുവിദ്യയുടെ ഉദാത്ത മാതൃകയെ അടുത്തു നിന്ന് മനസ്സിലാക്കാനും ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന കോട്ട ശിവഭക്തരുടെ ഒരു പുണ്യസങ്കേതമായി മാറിയിരിക്കുന്നു. ക്രിസ്ത്യൻ, ഹിന്ദു കലണ്ടറുകൾ അടിസ്ഥാനമാക്കിയുള്ള ശിവരാജ്യാഭിഷേകത്തിൻ്റെ വാർഷികം അവർ ആവേശപൂർവ്വം ആഘോഷിക്കുന്നു. മഹാരാഷ്ട്രയുടെ നാനാഭാഗങ്ങളിൽ നിന്ന് വൻ ജനാവലി ഇവിടേക്ക് ആകർഷിക്കപ്പെടുന്നു. ശിവാജി മഹാരാജിൻ്റെ ചരമവാർഷികവും (പുണ്യതിഥി) അത്യാദരപൂർവ്വമാണ് ആചരിക്കപ്പെടുന്നത്.
 


പതിനേഴാം നൂറ്റാണ്ടിൽ (1674 CE) ശിവാജി മഹാരാജ് തൻ്റെ തലസ്ഥാനം സ്ഥാപിച്ചത് ഇവിടെയാണ്. 1656-ൽ ചന്ദ്രറാവു മോറെയിൽ നിന്ന് ശിവാജി മഹാരാജ് കോട്ട പിടിച്ചെടുത്തു. തന്ത്രപ്രധാനമായ സ്ഥാനവും അപ്രാപ്യതയും കണക്കിലെടുത്ത് സൂക്ഷ്മമമായ പരിശോധനയ്ക്ക് ശേഷം ഇത് ഹിന്ദ്വി സ്വരാജിൻ്റെ തലസ്ഥാനത്തിന് സർവ്വഥാ യോഗ്യമാണെന്ന് വിലയിരുത്തപ്പെട്ടു. ഒരു വശത്ത് കൂടെ മാത്രമേ മലമുകളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ എന്ന തന്ത്രപ്രധാനമായ സംഗതിയും കണക്കിലെടുത്തു. 1680-ൽ അന്ത്യനിമിഷം വരെയുള്ള ആറ് വർഷക്കാലം ശിവാജി മഹാരാജ് റായ്ഗഡ് കോട്ടയിലിരുന്ന് ഹിന്ദ്വി സ്വരാജിനെ നയിച്ചു. റായ്ഗഡ് കോട്ടയിൽ തന്നെയാണ് ഛത്രപതി ശിവാജി മഹാരാജിൻ്റെ സമാധിയും സ്ഥിതി ചെയ്യുന്നത്.
 

 


അതിമനോഹരമായി രൂപകൽപ്പന ചെയ്ത കവാടങ്ങൾ, കോട്ട മതിലുകൾ, ഗംഭീരമായ സ്മാരകങ്ങൾ എന്നിവയാൽ റായ്ഗഡ് കോട്ട ശ്രദ്ധേയമാണ്. ശിവാജി മഹാരാജിൻ്റെ സമാധി, നഖർഖാന, സിർക്കൈ ദേവി ക്ഷേത്രം, ശിവഭഗവാനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ആരാധനാകേന്ദ്രമായ ജഗദീശ്വർ ക്ഷേത്രം എന്നിവയൊഴികെയുള്ള നിർമ്മിതികളായ പൊതു പ്രേക്ഷക മണ്ഡപം (രാജ് സദർ), രാജകീയ സഭാ സമുച്ചയം, രാജ്ഞിയുടെ കൊട്ടാരം (റാണിവാസ), ബാസാർപേട്ട്, മനോർ (ആനന്ദ മണ്ഡപം), വടേശ്വർ ക്ഷേത്രം, ഖുബ്ലദ ബുർജ്, മസ്സിദ് മോർച്ച, നന്നേ ദർവാസ എന്നിവയുൾപ്പെടെ കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന മിക്ക ഘടനകളും ജീർണ്ണിച്ച അവസ്ഥയിലാണെന്നത് നിർഭാഗ്യകരമാണ്.
 

 


രാജകീയ സമുച്ചയം: റാണിവാസ, രാജ് സദർ, നഖർഖാന, മേന ദർവാജ, പാൽഖി ദർവാജ എന്നിവ ഉൾപ്പെടുന്ന രാജകീയ സഭാ സമുച്ചയം ഏറെ സുരക്ഷിതവും നഖർഖാന, മേന ദർവാജ, പാൽഖി ദർവാജ എന്നീ മൂന്ന് പ്രവേശന കവാടങ്ങൾ മാത്രമുള്ളതുമാണ്. ഈ സുരക്ഷിത സമുച്ചയം സാധാരണയായി ബല്ലേ ഖിലാ (രാജധാനി) എന്നാണ് അറിയപ്പെടുന്നത്. ബല്ലേ ഖിലയോട് ചേർന്ന് മനോഹരമായ മൂന്ന് ഗോപുരങ്ങളുണ്ട്. ഒരെണ്ണം വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. മറ്റ് രണ്ടെണ്ണം കോട്ടമതിലിൻ്റെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളായി രൂപകല്പനചെയ്ത അലംകൃത ഗോപുരങ്ങൾ (മനോർ) യഥാർത്ഥത്തിൽ ഉല്ലാസ കേന്ദ്രങ്ങളായിരുന്നുവെന്ന് തോന്നിപ്പിക്കും. ഡ്രെയിനേജുമായി കൃത്യതയോടെ ബന്ധിപ്പിച്ചിരിക്കുന്ന ശൗചാലയം ശ്രദ്ധേയമാണ്. കിഴക്ക് ഒരു ഭൂഗർഭ നിലവറ (ഖൽബത്ത് ഖാന) സ്ഥിതിചെയ്യുന്നു. ഇത് രഹസ്യ യോഗങ്ങൾക്കും വ്യക്തിഗത സാധനയ്ക്കും ഖജനാവായും ഉപയോഗിച്ചിരുന്നിരിക്കാം.

രാജ് സദർ (പൊതു പ്രേക്ഷക മണ്ഡപം):

പതിവ് നീതി നിർവ്വഹണത്തിനും വിശിഷ്ട വ്യക്തികളെയും ദൂതന്മാരെയും സ്വീകരിക്കാനും രാജ് സദർ ഉപയോഗിച്ചിരുന്നു. ശിവാജി മഹാരാജ് ദർബാർ നടത്തിയിരുന്നത് ഇവിടെയാണ്. കിഴക്ക് മുഖമായി ചതുരാകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു ഘടനയാണിത്. നഖർഖാന എന്നറിയപ്പെടുന്ന മനോഹരമായ കവാടത്തിലൂടെ കിഴക്ക് നിന്ന് ഇവിടെയെത്താൻ കഴിയും. രാജകീയ സിംഹാസനത്തിന് അഭിമുഖമായി മൂന്ന് നിലകളുള്ള ഉയർന്ന ഘടനയാണ് കവാടം. ഏറ്റവും മുകളിലത്തെ നില ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, താഴെയുള്ളവ കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നഖർഖാനയിൽ ഒരു രാജകീയ ബാൻഡ് വായിച്ചിരുന്നതായി കരുതപ്പെടുന്നു. അതിശയിപ്പിക്കുന്ന ശബ്ദ ക്രമീകരണങ്ങളുള്ള വാസ്തുവിദ്യയ്ക്ക്  മികച്ച ഉദാഹരണമാണിത്. നഖർഖാനയും രാജകീയ സിംഹാസനവും തമ്മിലുള്ള ദൂരം ഏകദേശം 65 മീറ്ററാണ്. എന്നാൽ  രണ്ടറ്റത്തുനിന്നുമുള്ള ചെറിയ ശബ്ദം പോലും വ്യക്തമായി കേൾക്കാൻ കഴിയും. ശിവാജി മഹാരാജിൻ്റെ സന്തോഷങ്ങൾ, സന്താപങ്ങൾ, രോഷപ്രകടനം, വിജയങ്ങൾ, ഭരണമികവ്, ദയാവായ്പ്പ്  എന്നിവയ്ക്കെല്ലാം മൂകസാക്ഷിയാണ് രാജ് സദർ.

പ്രധാന വേദികയിൽ  സിംഹാസനത്തിൻ്റെ യഥാർത്ഥ സ്ഥാനത്തിന് മുകളിൽ ഛത്രപതി ശിവാജി മഹാരാജിൻ്റെ ഇരിക്കുന്ന ചിത്രമുള്ള അഷ്ടഭുജാകൃതിയിലുള്ള മേഘദാംബരി (അലങ്കരിച്ച മേലാപ്പ്) ഉൾക്കൊള്ളുന്നു. വജ്രങ്ങളും സ്വർണ്ണവും പതിച്ച രാജകീയ സിംഹാസനം ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എട്ട് സ്വർണ്ണ സ്തംഭങ്ങളിൽ ഉറപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശിവാജി മഹാരാജിൻ്റെ രാജകീയ ചിഹ്നവും ഇതിലുണ്ടായിരുന്നു. സിംഹാസനത്തിന് മുകളിലുള്ള കുടയിൽ വിലയേറിയ കല്ലുകളും മുത്തുകളും കൊണ്ടലങ്കരിച്ച മാലകൾ തൂക്കിയിരുന്നു.

ഹോളീച്ച മാൽ: നഖർഖാനയ്ക്ക് പുറത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വാർഷിക ഹോളി മഹോത്സവത്തിന് ഉപയോഗിച്ചിരുന്ന വിശാലമായ മൈതാനമാണിത്. ഹോളീച്ച മാലിൻ്റെ പടിഞ്ഞാറെക്കോണിൽ, കോട്ടയുടെ അധിദേവതയായ ഷിർക്കൈ ഭവാനിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട്. ഹോളീച്ച മാലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഉയർന്ന ശിലാഫലകത്തിലാണ് അധിദേവതയെ ആദ്യം പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട് അത് നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി. ഹോളീച്ച മാലിൻ്റെ വടക്ക് ഭാഗത്ത്, ബാസാർ പേട്ട് എന്നറിയപ്പെടുന്ന, വിശാലവും നിരന്നതുമായ സമാന്തര ഘടനകൾ ഉണ്ട്. ഈ സമുച്ചയത്തിലെ ഓരോ ഘടനയ്ക്കും മുന്നിൽ ഒരു വരാന്തയും പിന്നിൽ രണ്ട് മുറികളും ഉണ്ട്. പാതി മിനുക്കിയ  ബസാൾട്ട് ശിലകൾ, പരുക്കൻ കല്ലുകൾ എന്നിവ ചാന്ത് കുമ്മായത്താൽ വിളക്കിച്ചേർത്താണ് സ്തംഭവും ചുവരുകളും നിർമ്മിച്ചിരിക്കുന്നത്.

ജഗദീശ്വർ മന്ദിർ: കിഴക്കോട്ട്  മുഖമായി നിർമ്മിച്ച ചതുരാകൃതിയിലുള്ള ക്ഷേത്രത്തിന്റെ മുന്നിൽ മണ്ഡപവും പിന്നിൽ ശ്രീകോവിലുമാണ്. ഉയരം കുറഞ്ഞ ഒരു കവാടത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. ശ്രീകോവിലിൽ ഒരു ശിവലിംഗമുണ്ട്. അവിടെ ഇപ്പോഴും ആരാധന നടക്കുന്നു. ക്ഷേത്രത്തിൻ്റെ ഉൾവശത്തെ ചുവരുകളിൽ കൊത്തുപണികളില്ല. എന്നാൽ, ഉയർന്നു നിൽക്കുന്ന മഹാഘടനയെ മനോഹരമായി കൊത്തിയെടുത്ത കോഷ്ഠകം താങ്ങി നിർത്തുന്നു.

ഛത്രപതി ശിവജി മഹാരാജിൻ്റെ സമാധി: ക്ഷേത്രത്തോട് ചേർന്ന്, ജഗദീശ്വർ ക്ഷേത്രത്തിന്റെ കിഴെക്കെ കവാടത്തിന് എതിർവശത്തായാണ് ഛത്രപതി ശിവജി മഹാരാജിൻ്റെ സമാധി സ്ഥിതി ചെയ്യുന്നത്. ഉയരം കുറഞ്ഞ അഷ്ടഭുജ വേദി മാത്രമായിരുന്നു യഥാർത്ഥത്തിൽ സമാധിക്ക് ഉണ്ടായിരുന്നത്. ഒരു പക്ഷേ, ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലായിരിക്കാം, വേദി ഉയർത്തുകയും ഒരു മേലാപ്പ് നിർമ്മിക്കുകയും ചെയ്തു.

റായ്‌ഗഡ്‌വാദി ഗ്രാമത്തിന്റെ അടിവാരത്തിലാണ് ചിട്ട ദർവാസ സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ജിത് ദർവാസ എന്നും ഇത് അറിയപ്പെടുന്നു. ഏകദേശം 70-80 മീറ്റർ കാൽനടയായി ചെന്നാൽ ഖൂബ് ലഡ ബുർജ് കാണാം. തന്ത്രപ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ഗോപുരത്തിൽ നിന്നാൽ, കോട്ടയ്ക്ക് സമീപത്തേക്ക് വരുന്ന ഏതൊരാളെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വളരെ എളുപ്പം കാണാനാകും.
 
 
കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക 



(Release ID: 2069130) Visitor Counter : 14