ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശാസ്ത്ര - വൈദ്യ - സാങ്കേതിക പഠനത്തിന് വിദേശഭാഷ മറികടക്കാനാവാത്ത തടസ്സമായി മാറരുത് -  ഉപരാഷ്ട്രപതി  

Posted On: 26 OCT 2024 7:54PM by PIB Thiruvananthpuram

ശാസ്ത്രവും വൈദ്യവും സാങ്കേതികവിദ്യയും പഠിക്കുന്നതിന് മറികടക്കാനാവാത്ത ഒരു തടസ്സമായി  വിദേശഭാഷ മാറരുതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും യോജിച്ച  സമന്വയം അവലംബിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിലെ പാരമ്പര്യേതര തടസ്സങ്ങളെ തകർക്കാൻ ശ്രീ ധൻഖർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. "ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴിൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ പാരമ്പര്യേതര ഏകീകരണത്തിലൂടെ വിവേകവും വിജ്ഞാനവും സാങ്കേതികവിദ്യയും അറിവുമെല്ലാം ഒരുപോലെ സമന്വയിക്കുന്ന കോഴ്‌സുകൾ പഠിക്കാന്‍ അവസരമുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രധാന വിഷയങ്ങൾക്കൊപ്പം സാമ്പത്തിക ശാസ്ത്രമോ സംഗീതമോ പഠിക്കാനാവുമെന്നത് സമഗ്രവും സുസ്ഥിരവുമായ വിദ്യാഭ്യാസത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ്” - അദ്ദേഹം പറഞ്ഞു. "വിജ്ഞാനശാഖകളുടെ കർശനമായ വ്യവസ്ഥാപിത അതിരുകൾക്കപ്പുറത്തേക്ക് അറിവുനേടാന്‍ ശാക്തീകരിക്കപ്പെട്ടവരായിരിക്കും ഇന്ത്യയുടെ ഭാവി പ്രശ്‌നപരിഹാരകർ" എന്ന് അദ്ദേഹം വ്യക്തമാക്കി.



ഐഐടി ജോധ്പൂരിൻ്റെ പത്താം ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെ ഉപരാഷ്ട്രപതി മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും എന്‍ജിനീയറിംഗ്, സാങ്കേതിക കോഴ്സുകൾ ദേശീയതലത്തിൽ മാതൃഭാഷയിൽ വാഗ്ദാനം ചെയ്യുന്ന ജോധ്പൂര്‍ ഐഐടിയെ അഭിനന്ദിക്കുകയും ചെയ്തു. “എന്‍ജിനീയറിംഗിൽ മികവ് പുലർത്തുന്ന ഡസൻ കണക്കിന് രാജ്യങ്ങളുണ്ടെങ്കിലും അവര്‍ ഈ വിഷയങ്ങൾ വിദേശഭാഷയിൽ പഠിപ്പിക്കുന്നില്ല. സാങ്കേതികവിദ്യയുടെ മുൻനിരയിലുള്ള ജപ്പാൻ, ജർമനി, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളെ നോക്കൂ - അവർ ഒരു വിദേശഭാഷയെയും അവലംബിക്കുന്നില്ല. രാജ്യം വിശ്വസിക്കുന്ന, വ്യക്തി വിശ്വസിക്കുന്ന ഭാഷ; നിങ്ങൾക്ക് ജർമനോ ജാപ്പനീസോ ചൈനീസോ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷയോ തിരഞ്ഞെടുക്കാം. നമ്മുടെ നാട്ടില്‍ വളര്‍ന്ന ചിന്തകര്‍ - ബൗധായനും പൈഥഗോറസുമെല്ലാം - ഇംഗ്ലീഷിലായിരുന്നു ചിന്തിച്ചത്. എന്നിട്ടും അവരിരുവരും  മാതൃഭാഷയിലാണ് അത്ഭുത സിദ്ധാന്തത്തിലെത്തിയത്” - ഉപരാഷ്ട്രപതി പറഞ്ഞു.


ഇന്ത്യയുടെ സാമ്പത്തിക പാതയെക്കുറിച്ച് ചർച്ച ചെയ്യവെ പ്രതിശീര്‍ഷ ഇടത്തരം വരുമാനം കൈവരിച്ച ശേഷം രാജ്യത്തെ സാമ്പത്തികരംഗം മന്ദഗതിയിലാവുന്ന പ്രതിഭാസത്തെ മറികടക്കുന്നതിനും  2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറുന്നതിനും കൂട്ടായ പ്രവർത്തനത്തിന് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു. "നമ്മുടെ ആളോഹരി വരുമാനം എട്ട് മടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. 2047ൽ സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ നാം ഒരു വികസിത രാഷ്ട്രമായി മാറണം. എട്ട് മടങ്ങ് വർധന എന്നത് പ്രാപ്യവും കൈവരിക്കാവുന്നതുമാണ്.  മൂല്യശൃംഖലയിൽ അർത്ഥവത്തായ തൊഴിലുകളുടെ ഉയർന്ന തലങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട് ” - അദ്ദേഹം ഊന്നിപ്പറഞ്ഞു.


ലോകം ഇന്ന് പിന്തുടരുന്ന സാങ്കേതിക അനുരൂപീകരണത്തിന്റെയും പരിവർത്തനത്തിൻ്റെയും മാതൃക രാജ്യം സജ്ജമാക്കിയതായി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ മുൻനിര പങ്കിനെ അംഗീകരിച്ചുകൊണ്ട് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. "മറ്റുള്ളവർക്ക് പിന്തുടരുന്നതിനായി സാങ്കേതിക അനുരൂപീകരണത്തിന്റെയും പരിവർത്തനത്തിൻ്റെയും ഒരു മാതൃക രാജ്യം സജ്ജമാക്കിയിരിക്കുന്നു. പ്രതിദിനം ശരാശരി 466 ദശലക്ഷം ഡിജിറ്റൽ പണമിടപാടുകളാണ് ഇന്ത്യയിൽ നടക്കുന്നത്.  രാജ്യത്ത് നാം പണമിടപാട് നടത്തുന്ന രീതിയിൽ UPI വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. എല്ലാവരും അതിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞു. അതിൻ്റെ സ്വാധീനം എത്രത്തോളം വ്യാപകമാണ്. എൻ്റെ യുവസുഹൃത്തുക്കളേ, അതിലെറെ പ്രധാനം യുപിഐ നമ്മുടെ നാടിനു പുറത്തും സ്വീകാര്യത കണ്ടെത്തിയെന്നതാണ്” - അദ്ദേഹം പറഞ്ഞു.


1.25 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും 110 യൂനികോണുകളുമായി  ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായ ഇന്ത്യയുടെ ഈ രംഗത്തെ  ദ്രുതഗതിയിലുള്ള വളർച്ചയെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.


വ്യത്യസ്തമായ സവിശേഷതകളോടെ സമൂഹത്തെ നയിക്കാൻ ഐഐടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപദേശിച്ചു: “ഇന്ന് ഞാനൊരു മന്ത്രം നൽകാൻ ആഗ്രഹിക്കുന്നു: “ഓരോ ഐഐടിക്കും ആഗോളതലത്തിൽ അറിയപ്പെടേണ്ട ഒരു മേഖലയെങ്കിലും ഉണ്ടായിരിക്കണം. നിങ്ങളുടെ പാത തിരഞ്ഞെടുത്ത് അതിവേഗം അതിലെത്തിച്ചേരുക.”

 

ഉപരാഷ്ട്രപതിയുടെ പ്രസംഗം പൂർണ്ണരൂപത്തിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക   

 




(Release ID: 2068780) Visitor Counter : 6


Read this release in: Tamil , English , Hindi , Kannada