രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഐഐടി ഭിലായിയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തു

Posted On: 26 OCT 2024 1:30PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഭിലായിയുടെ ബിരുദദാന ചടങ്ങിൽ ഇന്ന് (ഒക്‌ടോബർ 26, 2024) പങ്കെടുത്തു.

തങ്ങളുടെ പുരോഗമനപരമായ ചിന്തയും പരീക്ഷണാത്മക മനോഭാവവും നൂതന സമീപനവും ദീർഘവീക്ഷണവും കൊണ്ട് രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും പുരോഗതിക്ക് വിലമതിക്കാനാകാത്ത സംഭാവനയാണ് ഐഐടി വിദ്യാർഥികൾ നൽകിയതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.

 

നിരവധി ആഗോള കമ്പനികളെ നയിക്കുന്ന അവർ, തങ്ങളുടെ സാങ്കേതികവും വിശകലനപരവുമായ കഴിവുകൾ ഉപയോഗിച്ച് 21-ാം നൂറ്റാണ്ടിലെ ലോകത്തെ പല തരത്തിൽ രൂപപ്പെടുത്തുന്നു. ഐഐടിയിലെ നിരവധി പൂർവ്വ വിദ്യാർത്ഥികൾ സംരംഭകത്വത്തിൻ്റെ പാത തിരഞ്ഞെടുക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അവർ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെയും സ്റ്റാർട്ടപ്പ് സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതായും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു .

ഗോത്രവർഗ സംസ്‌കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ് ഛത്തീസ്ഗഢെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്ര സമൂഹത്തിലെ ജനങ്ങൾ പ്രകൃതിയെ അടുത്തറിയുകയും നൂറ്റാണ്ടുകളായി പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുന്നു. സ്വാഭാവിക ജീവിതശൈലിയിലൂടെ സമാഹരിച്ച വിജ്ഞാനത്തിന്റെ കലവറയാണവരെന്നും രാഷ്ട്രപതി പറഞ്ഞു .

ഗോത്ര ജനതയെ മനസ്സിലാക്കുകയും അവരുടെ ജീവിതശൈലിയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതിലൂടെ, രാജ്യത്തിൻറെ സുസ്ഥിര വികസനത്തിന് നമുക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും. നമ്മുടെ ഗോത്ര വിഭാഗത്തിലെ സഹോദരങ്ങളുടെ സജീവമായ പങ്കാളിത്തത്തിലൂടെ മാത്രമേ രാജ്യത്തിൻ്റെ സമഗ്രമായ വികസനം സാധ്യമാകൂ. ഗോത്ര സമൂഹത്തിൻ്റെ പുരോഗതിക്കായി സാങ്കേതിക മേഖലയിൽ പ്രത്യേക ശ്രമങ്ങൾ നടത്തുന്ന ഐഐടി ഭിലായിയെ അവർ അഭിനന്ദിച്ചു.

അഗ്രി-ടെക്, ഹെൽത്ത്-ടെക്, ഫിൻ-ടെക് എന്നിവയിൽ ഐഐടി ഭിലായ് , ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാഷ്ട്രപതി എടുത്തു പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിൽ എയിംസ് റായ്പൂരുമായി സഹകരിച്ച് ഗ്രാമീണ ജനതയ്ക്ക് വീട്ടിലിരുന്ന് വൈദ്യസഹായം നേടാൻ സഹായിക്കുന്ന മൊബൈൽ ആപ്പുകൾ ഈ ഇൻസ്റ്റിറ്റ്യൂട്ട്,സൃഷ്ടിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി 

 

റായ്പൂരിലെ ഇന്ദിരാഗാന്ധി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കർഷകർക്ക് അവരുടെ വിഭവങ്ങൾ ശരിയായി വിനിയോഗിക്കാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളും ഐഐടി ഭിലായ് നിർമിക്കുന്നുണ്ട് . മഹുവ പോലുള്ള ചെറുകിട വന ഉൽപന്നങ്ങൾ നിർമിക്കുന്ന ഗോത്ര സമൂഹങ്ങളുടെ വികസനത്തിനായി ഐഐടി ഭിലായ് പ്രവർത്തിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

 

 

ഐഐടി ഭിലായ് എല്ലാവരേയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടോടെ മുന്നോട്ട് പോകുന്നുവെന്നു പറഞ്ഞ രാഷ്‌ട്രപതി പിന്നാക്ക ,ദുർബല വിഭാഗങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു . ഇൻസ്റ്റിറ്റിയൂട്ടിൽ പെൺകുട്ടികളുടെ എണ്ണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പുതിയ സ്വപ്‌നങ്ങളും പുതിയ ചിന്തകളും അത്യാധുനിക സാങ്കേതികവിദ്യകളുമുള്ള ഐഐടി ഭിലായ് രാജ്യത്തിന് പുരോഗതി കൊണ്ടുവരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

****

 




(Release ID: 2068468) Visitor Counter : 20