രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണത്തിന് ന്യൂഡൽഹിയിൽ കേന്ദ്ര രാജ്യരക്ഷാമന്ത്രിയും സിംഗപ്പൂർ പ്രതിരോധ മന്ത്രിയും ചേർന്ന് ആധ്യക്ഷ്യം വഹിച്ചു .
പ്രതിരോധ രംഗത്തെ വ്യവസായ സഹകരണം ഉൾപ്പെടെ പ്രതിരോധ സഹകരണം കൂടുതൽ വർധിപ്പിക്കാൻ തീരുമാനിച്ചു.
Posted On:
22 OCT 2024 4:29PM by PIB Thiruvananthpuram
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും സിംഗപ്പൂർ പ്രതിരോധ മന്ത്രി ഡോ എൻ ജി ഇംഗ് ഹെനും ചേർന്ന് 2024 ഒക്‌ടോബർ 22 ന് ന്യൂഡൽഹിയിൽ നടന്ന ആറാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണത്തിന് ആധ്യക്ഷ്യം വഹിച്ചു. .പ്രാദേശിക സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാടോട് കൂടി ദീർഘകാലത്തെ ആഴമേറിയ ഉഭയകക്ഷി പ്രതിരോധ ബന്ധത്തെ ഇരു മന്ത്രിമാരും അംഗീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണത്തിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായിട്ട് 2025-ൽ 60 വർഷം തികയുന്ന പശ്ചാത്തലത്തിൽ,പ്രതിരോധ സഹകരണം കൂടുതൽ വർധിപ്പിക്കാനും പുതിയ ഉയരങ്ങൾ കൈവരിക്കാനും ഇരുവരും തീരുമാനിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് കരസേനയുടെ സംയുക്ത സൈനിക പരിശീലനത്തിനുള്ള ഉഭയകക്ഷി കരാർ ദീർഘിപ്പിക്കാനും ഇരുവരും തീരുമാനിച്ചു.
2021 മുതൽ 2024 വരെയുള്ള ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെ കൺട്രി കോ-ഓർഡിനേറ്റർ എന്ന നിലയിൽ സിംഗപ്പൂരിൻ്റെ പിന്തുണയ്‌ക്ക് ശ്രീ രാജ്‌നാഥ് സിംഗ്, ഡോ എൻ ജി എംഗ് ഹെനിനോട് നന്ദി അറിയിച്ചു . ഏഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള തന്ത്രപരമായ ശബ്ദമാണ് ഇന്ത്യയെന്ന് സിംഗപ്പൂർ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.
സംവാദത്തിന് മുന്നോടിയായി, സന്ദർശനത്തിനെത്തിയ വിശിഷ്ട വ്യക്തികൾക്ക് ആചാരപരമായ സ്വാഗതവും മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണറും നൽകി. നേരത്തെ, സിംഗപ്പൂർ പ്രതിരോധമന്ത്രി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
(Release ID: 2067249)
Visitor Counter : 35