രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ രാഷ്ട്രപതി മലാവി പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി; പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

കല, സംസ്കാരം, യുവജനകാര്യം, കായികം, ഔഷധരംഗത്തെ സഹകരണം എന്നിവയിൽ ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിന് സാക്ഷ്യംവഹിച്ചു

Posted On: 18 OCT 2024 7:46PM by PIB Thiruvananthpuram

മലാവി സന്ദർശനത്തിൻ്റെ രണ്ടാം ദിവസം (ഒക്‌ടോബർ 18, 2024) ലിലോങ്‌വെയിലെ സ്റ്റേറ്റ് ഹൗസ് സന്ദർശിച്ച രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ മലാവി പ്രസിഡൻ്റ് ഡോ. ലാസറസ് മകാർത്തി ചക്-വേര ഹൃദ്യമായി വരവേറ്റു. ഇന്ത്യ-മലാവി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇരുനേതാക്കളും വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി.


കല, സംസ്‌കാരം, യുവജനകാര്യം, കായികം, ഔഷധരംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച ധാരണാപത്രങ്ങളിൽ ഒപ്പുവെയ്ക്കുന്നതിന് രാഷ്ട്രപതി സാക്ഷ്യം വഹിച്ചു. ഇന്ത്യയിൽ നിന്ന് മലാവിയ്ക്ക് മാനുഷിക സഹായമായി 1000 മെട്രിക് ടൺ അരി പ്രതീകാത്മകമായി കൈമാറുന്നതിനും ഭാഭട്രോൺ കാൻസർ ചികിത്സായന്ത്രം  കൈമാറുന്നതിനും അവര്‍ സാക്ഷ്യം വഹിച്ചു. മലാവിയിൽ ഒരു സ്ഥിരം കൃത്രിമ അവയവ കേന്ദ്രം (ജയ്പൂർ ഫൂട്ട്) സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍‍ക്കാറിന്റെ പിന്തുണ രാഷ്ട്രപതി പ്രഖ്യാപിച്ചു.


രാവിലെ ലിലോങ്‌വേയിലെ ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച രാഷ്ട്രപതി ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലും മറ്റ് സൈനിക നടപടികളിലും വീരമൃത്യു വരിച്ച സൈനികർക്കും സിവിലിയന്മാര്‍ക്കും വേണ്ടി പുഷ്പാർച്ചന നടത്തി. മലാവിയുടെ ആദ്യ പ്രസിഡൻ്റ് ഡോ ഹേസ്റ്റിങ്സ് കമുസു ബന്ദയുടെ അന്ത്യവിശ്രമ സ്ഥലമായ കമുസു ശവകുടീരത്തിൽ രാഷ്ട്രപതി പുഷ്പചക്രമർപ്പിച്ചു.


ഇന്നലെ വൈകിട്ട് (ഒക്‌ടോബർ 17, 2024) മലാവിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നൽകിയ സ്വീകരണത്തിൽ മലാവിയിലെ ഇന്ത്യൻ സമൂഹത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.


പരസ്പര വിശ്വാസം, സമത്വം, പരസ്പര അഭിവൃദ്ധി എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള  ആഫ്രിക്കന്‍ പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. വികസന പങ്കാളിത്തം, ശേഷി വർധിപ്പിക്കൽ, വ്യാപാര-സാമ്പത്തിക സഹകരണം, പ്രതിരോധവും സുരക്ഷയും, ജനങ്ങളുമായുള്ള സമ്പർക്കം എന്നിവയാണ് ഇരുരാജ്യങ്ങളുടെയും സഹകരണത്തിൻ്റെ പ്രധാന സ്തംഭങ്ങള്‍. ഇന്ത്യ-ആഫ്രിക്ക ബന്ധത്തിന് ഇതിലോരോന്നും ഏറെ പ്രധാനമാണ്.


ആഫ്രിക്കൻ യൂണിയനെ ജി-20 സ്ഥിരാംഗമാക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുമായി മുൻനിര അംഗമെന്ന നിലയിൽ ഇന്ത്യ അതിൻ്റെ അനുഭവങ്ങളും കഴിവുകളും പങ്കിടുന്നത് തുടരും.

 

ഇന്ത്യയുടെ പരിവർത്തന യാത്രയുടെ അവിഭാജ്യ ഘടകമാണ് ‌പ്രവാസികളെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ യാത്രയിൽ അണിചേരാനും ഇന്ത്യയുടെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകാനും മലാവിയിലെ ഇന്ത്യൻ സമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.


അൾജീരിയ, മൗറിറ്റാനിയ, മലാവി എന്നീ രാജ്യങ്ങളിലെ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നാളെ (ഒക്‌ടോബർ 19, 2024)  രാഷ്ട്രപതി ലിലോങ്‌വേയിലെ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തില്‍  ആരതിയും പൂജയും നടത്തുകയും മലാവി തടാകം സന്ദർശിക്കുകയും ചെയ്യും.

***********************


(Release ID: 2066277) Visitor Counter : 38