രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ രാഷ്ട്രപതി മലാവിയില്‍

ഇന്ത്യ-മലാവി വ്യാപാര സംഗമത്തെ അഭിസംബോധന ചെയ്തു

കൃഷി, ഖനനം, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-മലാവി സഹകരണം വർധിപ്പിക്കാന്‍ അനന്ത സാധ്യതകള്‍: രാഷ്ട്രപതി ദ്രൗപദി മുർമു

Posted On: 17 OCT 2024 6:33PM by PIB Thiruvananthpuram

അൾജീരിയ, മൗറിറ്റാനിയ, മലാവി എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് രാവിലെ (ഒക്‌ടോബർ 17, 2024) മലാവിയിലെ ലിലോങ്‌വേയിലെത്തി. കമുസു അന്താരാഷ്ട്ര വിമാനത്താവളത്തിൽ  മലാവി ഉപരാഷ്ട്രപതി മൈക്കിള്‍ ഉസിയും മറ്റ് പ്രമുഖരും രാഷ്ട്രപതിയെ  സ്വീകരിച്ചു.  രാഷ്ട്രപതിയ്ക്ക് ആചാരപരമായ വരവേല്‍പ്പ് നൽകുകയും കുട്ടികൾ അവരെ ഊഷ്മളമായി  സ്വീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് മുന്നിൽ പരമ്പരാഗത സാംസ്കാരിക പ്രകടനവും അവതരിപ്പിച്ചു.

ഇന്ത്യയിൽ നിന്ന് മലാവിയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. കേന്ദ്രസഹമന്ത്രി ശ്രീ സുകാന്ത മജുംദാർ, പാർലമെൻ്റ് അംഗങ്ങളായ ശ്രീ മുകേഷ് കുമാർ ദലാൽ, ശ്രീ അതുൽ ഗർഗ് എന്നിവരും രാഷ്ട്രപതിയെ അനുഗമിച്ചു.

പിന്നീട് ഇന്ത്യ-മലാവി ബിസിനസ് മീറ്റിനെ രാഷ്ട്രപതി  ആശീവര്‍വദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.

സമൃദ്ധമായ പ്രകൃതിയാലും ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാലും സമ്പന്നമായ രാജ്യമാണ് മലാവിയെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. മറുവശത്ത്  ഇന്ത്യയില്‍ വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ ഊർജം, ധാതുക്കൾ, ഭക്ഷണം എന്നിവയുടെ ആവശ്യകതയേറുന്നതിനാല്‍ ഒരു വലിയ ഉപഭോക്തൃ അടിത്തറയുണ്ട്. പല മേഖലകളിലും സമന്വയം കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവും.  കൃഷി, ഖനനം, ഊർജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ  സഹകരണം വർധിപ്പിക്കുന്നതിന് അനന്തമായ സാധ്യതകളുണ്ട്.

ഇന്ത്യയും മലാവിയും തമ്മിലെ ഉഭയകക്ഷി വ്യാപാരം വർധിച്ചുവരുന്നതില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. നിലവിൽ മലാവിയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. വിവിധ മേഖലകളിൽ 500 മില്യൺ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുള്ള മലാവിയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ആഫ്രിക്ക ഒരു സുപ്രധാന വ്യാപാര - നിക്ഷേപ കേന്ദ്രമായി ഉയർന്നുവന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-മലാവി പങ്കാളിത്തം കേവലം സർക്കാരുകളിൽ ഒതുങ്ങുന്നതല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ഗതിയെ നയിക്കാന്‍ മുൻനിരയിലുള്ളത് ഇന്ത്യയുടെ സ്വകാര്യമേഖലയാണ്. ആഫ്രിക്കയിൽ വിവിധ മേഖലകളില്‍ ബഹുരാഷ്ട്ര കമ്പനികളും  ചെറുകിട-ഇടത്തരം സംരംഭങ്ങളുമടക്കം ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം വര്‍ധിച്ചുവരുന്നു.

ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധം വികസിപ്പിക്കുന്നതിൽ ഇന്ത്യ-മലാവി വ്യാപാര സംഗമത്തിലെ ചര്‍ച്ച സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് രാഷ്ട്രപതി വിശ്വാസം പ്രകടിപ്പിച്ചു.

വൈകിട്ട് മലാവിയിലെ ഇന്ത്യൻ സമൂഹത്തിനായുള്ള സ്വീകരണ പരിപാടിയെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.

 


(Release ID: 2065969) Visitor Counter : 30