വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

'പ്രക്ഷേപണ മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകളും സാങ്കേതികവിദ്യകളും' എന്ന വിഷയത്തിൽ ട്രായ് സംഘടിപ്പിച്ച സിമ്പോസിയം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഉദ്ഘാടനം ചെയ്തു.

Posted On: 17 OCT 2024 11:48AM by PIB Thiruvananthpuram

ന്യൂ ഡൽഹി  : 17 ഒക്ടോബർ  2024

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024(IMC 2024) നോട്‌ അനുബന്ധിച്ചു, ‘പ്രക്ഷേപണ മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകളും സാങ്കേതികവിദ്യകളും’ എന്ന വിഷയത്തിൽ ട്രായ് സംഘടിപ്പിച്ച അർദ്ധ ദിന സിമ്പോസിയം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുകൻ ഉദ്ഘാടനം ചെയ്തു.ട്രായ്ചെയർമാൻ ശ്രീ അനിൽ കുമാർ ലഹോട്ടി; ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു; ട്രായ് സെക്രട്ടറി ശ്രീ അതുൽ കുമാർ ചൗധരി തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ രംഗത്തെ സമീപകാല സാങ്കേതിക മുന്നേറ്റങ്ങളുടെയും അവയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയുടെ പ്രക്ഷേപണ മേഖലയിൽ സാങ്കേതിക പുരോഗതിയുടെ പരിവർത്തനപരമായ സ്വാധീനവും പരിപാടികളുടെ ഉള്ളടക്കത്തിൽ ശ്രോതാക്കളുടെ ശ്രദ്ധ വർദ്ധിച്ച കാര്യവും ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര വാർത്താ വിതരണ  പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ദുർബല ജനവിഭാഗങ്ങളുടെ ഉൾപ്പെടുത്തൽ ഉറപ്പുവരുത്തുന്നതിന്, പ്രക്ഷേപണ സേവനങ്ങളിലേക്കുള്ള അവരുടെ പ്രവേശന ക്ഷമത മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, കാര്യക്ഷമമായ ഏകജാലക സംവിധാനത്തിലൂടെ ഉള്ളടക്ക നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന എവിജിസി മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച, ഉള്ളടക്ക നിർമ്മാതാക്കൾക്കും പ്രയോജനം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ഉള്ളടക്കം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 234 നഗരങ്ങളിൽ ആരംഭിക്കുന്ന പുതിയ എഫ്എം റേഡിയോ ചാനലുകളുടെ ലേലത്തിന് കേന്ദ്ര മന്ത്രിസഭായോഗം അടുത്തിടെ അംഗീകാരം നൽകിയതും അദ്ദേഹം പരാമർശിച്ചു. സാമ്പത്തിക വളർച്ചയിലും സാംസ്കാരിക വ്യാപനത്തിലും പ്രക്ഷേപണ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് സാങ്കേതിക മുന്നേറ്റങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.ഇത് ഉയർന്ന നിലവാരമുള്ള മാധ്യമ ഉള്ളടക്കത്തിലേക്ക് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്നതിനും സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.

 പ്രക്ഷേപണ മേഖലയെ വികസിപ്പിക്കുന്നതിന് വളർച്ചാ കേന്ദ്രീകൃത നയങ്ങളും സംരംഭങ്ങളും രൂപപ്പെടുത്തുന്നതിൽ മന്ത്രാലയത്തിൻ്റെ പങ്ക് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എടുത്തുപറഞ്ഞു. മിതമായ നിരക്കിൽ സ്പെക്ട്രം ഉപയോഗിക്കുകയും മികച്ച ശബ്‌ദ നിലവാരം നൽകുകയും ചെയ്യുന്ന ഡിജിറ്റൽ റേഡിയോ, കുറഞ്ഞ ചെലവിലുള്ള ഒരു ബഹുജന വാർത്താവിനിമയ മാധ്യമം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ഉള്ളടക്ക വിതരണം സാധ്യമാക്കുന്ന ഡയറക്റ്റ്-ടു-മൊബൈൽ (D2M) പ്രക്ഷേപണത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. ഐഐടി കാൺപൂർ, സാംഖ്യ ലാബ്സ് എന്നിവയുമായി സഹകരിച്ച് പൊതുജന പ്രക്ഷേപണ സേവന ദാതാക്കളായ പ്രസാർ ഭാരതി ഡി2എം പരീക്ഷണങ്ങൾ,ഹൈ പവർ, ലോ പവർ ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 5G യുടെ പരിവർത്തന സാധ്യതകളെക്കുറിച്ചും ശ്രീ സഞ്ജയ് ജാജു   സൂചിപ്പിച്ചു .

ഓഗ്‌മെൻ്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ അതി നൂതന സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുമ്പോൾ , അത് വളരെ ആകർഷകമായ പ്രക്ഷേപണ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആർ) മേഖലകളിൽ രാജ്യം ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത് സ്റ്റാർട്ടപ്പ് സംസ്കാരം വർദ്ധിപ്പിക്കാനും സർഗ്ഗാത്മകത വളർത്താനും ഉള്ളടക്കത്തിന്റെ അനുഭവം മെച്ചപ്പെടുത്താനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.


(Release ID: 2065831) Visitor Counter : 13