റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത വകുപ്പ്  മന്ത്രി ശ്രീ നിതിൻ ഗഡ്കരി അന്താരാഷ്ട്ര മെഥനോൾ സെമിനാർ ഉദ്ഘാടനം ചെയ്തു

Posted On: 17 OCT 2024 1:21PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി  : 17 ഒക്ടോബർ  2024

 
ന്യൂഡൽഹിയിൽ നീതി ആയോഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര മെഥനോൾ സെമിനാറും എക്സ്പോയും കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ശ്രീ. സുമൻ ബെറി (നീതി ആയോഗ് വൈസ് ചെയർമാൻ ),ശ്രീ. വി കെ സരസ്വത് (നീതി ആയോഗ് അംഗം),  ശ്രീ. അജയ് കുമാർ സൂദ് (കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  മെഥനോൾ അധിഷ്ഠിത ഉൽപന്നങ്ങളും യന്ത്രങ്ങളും പ്രദർശിപ്പിച്ച എക്‌സ്‌പോയും ശ്രീ ഗഡ്കരി സന്ദർശിച്ചു.
 
വർദ്ധിച്ചുവരുന്ന മലിനീകരണവും, ഫോസിൽ ഇന്ധന ഇറക്കുമതിയും സംബന്ധിച്ച ആശങ്കകൾക്ക്  സെമിനാറിൽ സംസാരിച്ച ശ്രീ നിതിൻ ഗഡ്കരി ഊന്നൽ നൽകി.പ്രത്യേകിച്ച് , ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലും സ്വയംപര്യാപ്തതയ്ക്കായും   ഏകദേശം 22 ലക്ഷം കോടി രൂപയുടെ ഈ ഇറക്കുമതി  കുറയ്ക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.  ഊർജ സ്വാതന്ത്ര്യം കൈവരിക്കുന്നതിലും, കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ  കർഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിലും ജൈവ ഇന്ധനങ്ങളുടെ പ്രാധാന്യം  ശ്രീ ഗഡ്കരി ചൂണ്ടിക്കാട്ടി. മെഥനോൾ, എഥനോൾ, ബയോ-സിഎൻജി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിൻറെ ചരക്ക് നീക്ക  ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
 
ജൈവ ഇന്ധന മേഖലയിൽ, പ്രത്യേകിച്ച് മെഥനോൾ മേഖലയിൽ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.താങ്ങാനാവുന്ന വിലയും താരതമ്യേന കുറഞ്ഞ  മലിനീകരണ സ്വഭാവവും കണക്കിലെടുത്ത്, മെഥനോൾ പ്രോത്സാഹിപ്പിക്കാനുള്ള നിതി ആയോഗിൻ്റെ ശ്രമങ്ങൾ വിജയം കൈവരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ ലഭ്യമായ ഗുണനിലവാരം കുറഞ്ഞ കൽക്കരി, മെഥനോൾ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മാലിന്യം സമ്പത്താക്കി മാറ്റുക എന്ന ആശയം എടുത്തുപറഞ്ഞ ശ്രീ  ഗഡ്കരി, ഉപയോഗിച്ച ടയർ പൊടിയും പ്ലാസ്റ്റിക്കും പോലുള്ള വസ്തുക്കൾ റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ബിറ്റുമിൻ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നും  ചൂണ്ടിക്കാട്ടി. കൃഷിയിട മാലിന്യം ഉപയോഗപ്രദമാക്കുന്ന  സംരംഭം ,രാജ്യത്തുടനീളമുള്ള കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വ്യക്തമാക്കി . 


(Release ID: 2065740) Visitor Counter : 19


Read this release in: Telugu , English , Urdu , Hindi , Tamil