പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 10 OCT 2024 7:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ലാവോ പി.ഡി.ആറിലെ വിയന്റിയനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, വിദ്യാഭ്യാസം,


ക്ഷീരവികസനം, അഗ്രി-ടെക്, സ്പോര്‍ട്സ്, ടൂറിസം, ബഹിരാകാശം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തു. അടിക്കടിയുള്ള ഉന്നതതലത്തിലുള്ള ബന്ധപ്പെടലുകള്‍ ഉഭയകക്ഷി ബന്ധത്തിന് ശക്തമായ ചലനക്ഷമത പകര്‍ന്നതായി അവര്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ രാഷ്ട്രപതിയുടെ അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നത് അവര്‍ അനുസ്മരിച്ചു.


അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ ചേരാനുള്ള ന്യൂസിലന്‍ഡിന്റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ബഹുമുഖ വേദികളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത പ്രധാനമന്ത്രിമാര്‍ പുതുക്കുകയും ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ലക്സണിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.

-NK-



(Release ID: 2063970) Visitor Counter : 37