വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സൈബർ തട്ടിപ്പുകളെ ചെറുത്ത് ടെലികോം വകുപ്പ്: കബളിപ്പിക്കുന്ന ഫോണ്‍ കോളുകൾ തടയാനുള്ള കേന്ദ്രീകൃത സംവിധാനത്തിന് ഉടൻ തുടക്കം കുറിക്കും

തട്ടിപ്പിനായുള്ള വ്യാജ ഫോണ്‍ കോളുകൾ റിപ്പോർട്ട് ചെയ്യാൻ 'ചക്ഷു' ഉപയോഗിക്കാം


ഇന്ത്യൻ  നമ്പറുകളുപയോഗിച്ചുള്ള 45 ലക്ഷം അന്താരാഷ്‌ട്ര വ്യാജ ഫോണ്‍ കോളുകൾ ടെലികോം സേവന ദാതാക്കള്‍ പ്രതിദിനം തടയുന്നു.

Posted On: 04 OCT 2024 4:31PM by PIB Thiruvananthpuram


 

ഈയിടെ ഇന്ത്യൻ മൊബൈൽ നമ്പറുകളില്‍നിന്നുള്ളതായി തോന്നിക്കുന്ന നിരവധി വ്യാജ ഫോണ്‍ കോളുകൾ പലപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കുന്നു. യഥാർത്ഥത്തിൽ ഈ കോളുകൾ കൈകാര്യം ചെയ്യുന്നത് വിദേശത്ത്  പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികളാണ്. ഫോണ്‍ കോളുകളുടെ യഥാർത്ഥ ഉറവിടം മറയ്ക്കാൻ ഇവര്‍ കോളിംഗ് ലൈൻ ഐഡൻ്റിറ്റി (CLI) ചൂഷണം ചെയ്യുന്നു. മൊബൈൽ നമ്പർ വിച്ഛേദിക്കൽ, വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെയോ നിയമ നിർവഹണ ഏജൻസികളുടെയോ പേരില്‍ ആൾമാറാട്ടം എന്നിവ ഉൾപ്പെടെ ഭീഷണികളുമായി ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങളിലേക്ക് ഇത് നയിച്ചു. സമീപകാല കേസുകളിൽ മയക്കുമരുന്ന്, സെക്‌സ് റാക്കറ്റുകൾ എന്നിവ ഉൾപ്പെടെ നിരവധി തെറ്റായ ആരോപണങ്ങൾ ഉയര്‍ന്നുവന്നതോടെ  പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഏറിവരുന്നു. 


വർധിച്ചുവരുന്ന ഈ ഭീഷണിക്ക് മറുപടിയായി ടെലികോം സേവന ദാതാക്കളുമായി (TSP) സഹകരിച്ച് ടെലികമ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഇത്തരം കബളിപ്പിക്കുന്ന അന്താരാഷ്ട്ര ഫോണ്‍ കോളുകൾ ഇന്ത്യൻ ടെലികോം ഉപയോക്താക്കളില്‍ എത്തുന്നതിന് മുമ്പ് തിരിച്ചറിയാനും തടയാനുമായി ഒരു നൂതന സംവിധാനം  രൂപകൽപ്പന ചെയ്ത്  അവതരിപ്പിച്ചു. ഈ സംവിധാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്: ആദ്യഘട്ടത്തില്‍ TSP തലത്തിൽ സ്വന്തം ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചുള്ള  കബളിപ്പിക്കുന്ന കോളുകൾ തടയുന്നു.  കേന്ദ്രീകൃത തലത്തിൽ  മറ്റ് TSP-കളിൽ നിന്നുള്ള ഉപയോക്താക്കളുടെ നമ്പറുകൾ ഉപയോഗിച്ചുള്ള വ്യാജ കോളുകൾ തടയുന്നതാണ് രണ്ടാം ഘട്ടം. 


നിലവിൽ, നാല് ടെലികോം സേവന ദാതാക്കളും  ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. 4.5 മില്യൺ വ്യാജ കോളുകളുടെ മൂന്നിലൊന്നും ഇന്ത്യൻ ടെലികോം ശൃംഖലയിലേക്ക് പ്രവേശിക്കുന്നത് ഇതുവഴി തടയുന്നു.  എല്ലാ TSP-കളിലെയും ബാക്കി വ്യാജകോളുകള്‍കൂടി തടയാന്‍ കേന്ദ്രീകൃത സംവിധാനത്തോടുകൂടിയ അടുത്ത ഘട്ടം ഉടൻ തന്നെ പ്രവര്‍ത്തനക്ഷമമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.


എന്നിരുന്നാലും തട്ടിപ്പുകാർ പൊതുജനങ്ങളെ കബളിപ്പിക്കാൻ പുതിയ രീതികൾ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു. ഇത്തരം പുതിയ വഴികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ടെലികോം വകുപ്പ് ഉപയോക്താക്കളെ സംരക്ഷിക്കാൻ  സമയബന്ധിതമായ നടപടികൾ കൈക്കൊള്ളുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ യുഗത്തിൽ ടെലികോം ആവാസവ്യവസ്ഥയെ സുരക്ഷിതവും അപകടരഹിതവുമാക്കാന്‍ ടെലികോം വകുപ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ ശക്തമായ സുരക്ഷാസംവിധാനങ്ങൾക്കിടയിലും  മറ്റ് മാർഗങ്ങളിലൂടെ തട്ടിപ്പുകാർ വിജയം കണ്ടെത്തുന്ന സംഭവങ്ങൾ ഇനിയും ഉണ്ടായേക്കാം.


അത്തരം സന്ദർഭങ്ങളിൽ സൈബർ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം ഉറവിടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാനും തടയാനും ടെലികോം വകുപ്പിനെ സഹായിക്കുന്നതിന് സംശയാസ്പദമായ ആശയവിനിമയങ്ങള്‍ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ DoT ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആൾമാറാട്ടം, ചൂഷണം എന്നിവയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും ഭീഷണി സാധ്യതകള്‍ക്കെതിരെ മുന്‍കൂര്‍ നടപടി സാധ്യമാക്കുന്നതിനും ഇത് സഹായിക്കും.


സ്‌ക്രീൻഷോട്ട്, സന്ദേശം ലഭിച്ച രീതി, ലക്ഷ്യമിട്ട തട്ടിപ്പിന്റെ തലം, സന്ദേശമോ കോളോ ലഭിച്ച തീയതിയും സമയവും തുടങ്ങിയ വിവരങ്ങള്‍  ഉൾപ്പെടെ  സംശയാസ്പദമായ വ്യാജകോളുകൾ, SMS, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട് സഞ്ചാര്‍ സാഥി പ്ലാറ്റ്‌ഫോമിൽ (https://sancharsaathi.gov.in/) ലഭ്യമായ ചക്ഷു സംവിധാനത്തില്‍ ജനങ്ങള്‍ക്ക് ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. തുടര്‍ന്ന് OTP ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കും. 


സൈബർ തട്ടിപ്പിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ചക്ഷു സംവിധാനം. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന് കാര്യക്ഷമമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിലൂടെ, കബളിപ്പിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും  സഹായിക്കുന്നു, അതുവഴി ഉപയോക്താക്കളെ വ്യക്തിഗതവും സാമ്പത്തികവുമായ നഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.


കൂടാതെ, ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്:


i) സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കുമായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (DIU) പദ്ധതി ആവിഷ്‌കരിച്ചു.


ii) സഞ്ചാര്‍ സാഥി പോർട്ടൽ: DoT പൗര കേന്ദ്രീകൃതമായ സഞ്ചാര്‍ സാഥി പോർട്ടൽ (www.sancharsaathi.gov.in) വികസിപ്പിച്ചെടുത്തു. ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ സൗകര്യങ്ങൾ ഇതുവഴി നൽകുന്നു: 


സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങളും അനാവശ്യ വാണിജ്യ ആശയവിനിമയവും (UCC) റിപ്പോർട്ട് ചെയ്യാൻ;

സ്വന്തം പേരിലുള്ള മൊബൈൽ നമ്പറുകള്‍ അറിയുന്നതിനും ആവശ്യമില്ലാത്തതോ സ്വന്തം പേരില്‍ എടുക്കാത്തതോ ആയ മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുന്നതിനായി  റിപ്പോർട്ട് ചെയ്യാനും;

മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകളുടെ ഉപയോഗം തടയുന്നതിനും അവ കണ്ടെത്തുന്നതിനും വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍;

പുതിയതോ പഴയതോ ആയ മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ അവയുടെ വിവരങ്ങള്‍ പരിശോധിക്കാൻ;

കോളിംഗ് ലൈൻ ഐഡൻ്റിഫിക്കേഷന്‍ വഴി ഇന്ത്യൻ ഫോൺ നമ്പറുപയോഗിച്ച് ലഭിക്കുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യാൻ.


iii) ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം: സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന് ടെലികോം സംവിധാനങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ മേഖലയിലെ പങ്കാളികൾക്കിടയിൽ കൈമാറുന്നതിനായി DoT ഒരു സുരക്ഷിത ഓൺലൈൻ  ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) ആരംഭിച്ചു. നിലവിൽ DoT ഫീൽഡ് യൂണിറ്റുകൾ,  ടെലികോം സേവന ദാതാക്കള്‍ (TSPs), ആഭ്യന്തരമന്ത്രാലയം, 460 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും, 33 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങള്‍,  പോലീസ്, കേന്ദ്ര ഏജൻസികൾ, ഈ രംഗത്തെ മറ്റ് പങ്കാളികൾ തുടങ്ങിയവ ഈ സംവിധാനത്തിന്റെ ഭാഗമാണ്.  മറ്റ് സേവനങ്ങള്‍ക്കൊപ്പം തത്സമയ അടിസ്ഥാനത്തിൽ വിച്ഛേദിക്കപ്പെട്ട മൊബൈൽ കണക്ഷനുകളുടെ പട്ടികയും വിച്ഛേദിക്കാനുള്ള കാരണവും ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതുവഴി ഈ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന അനുബന്ധ സേവനങ്ങൾ നിര്‍ത്തലാക്കുന്നതടക്കം  ഉചിതമായ നടപടിയെടുക്കാൻ ഇത് ടെലികോം സേവന ദാതാക്കളെ പ്രാപ്തരാക്കുന്നു.


iv) AI അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളിലൂടെ ടെലികോം വകുപ്പ്   വ്യാജ രേഖകളുപയോഗിച്ച് എടുത്തതോ ഒരാളുടെ നിശ്ചിത പരിധിയിലപ്പുറമുള്ളതോ ആയ മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്ക്  ടെലികോം സംവിധാനങ്ങള്‍ക്കും മൊബൈൽ ഹാൻഡ്‌സെറ്റുകള്‍ക്കുമൊപ്പം ഉപയോഗിക്കുന്ന  ഇത്തരം മൊബൈൽ കണക്ഷനുകള്‍  ടെലികോം ആവാസവ്യവസ്ഥയില്‍നിന്ന് നീക്കം ചെയ്യുന്നു. .


DoT കൈക്കൊണ്ട നടപടികളുടെ ഇതുവരെയുള്ള ഫലങ്ങൾ ഇനിപ്പറയുന്നവയാണ്:

വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത 1.77 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു.

രാജ്യത്തെ സൈബർ ക്രൈം കേന്ദ്രങ്ങളില്‍/ജില്ലകളിൽ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന 33.48 ലക്ഷം മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുന്നതിനും 49,930 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള നടപടി.

ഒരാള്‍ക്ക് സ്വന്തം പേരിലെടുക്കാവുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില്‍ കവിഞ്ഞ് അനുവദിച്ച 77.61 ലക്ഷം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു.

സൈബർ കുറ്റകൃത്യങ്ങളിലോ തട്ടിപ്പുകളിലോ ഉൾപ്പെട്ടിരിക്കുന്ന 2.29 ലക്ഷം മൊബൈൽ ഫോണുകൾ ഇന്ത്യയിലുടനീളം ബ്ലോക്ക് ചെയ്തു. 

മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതോ ആയ  21.03 ലക്ഷം മൊബൈൽ ഫോണുകളിൽ ഏകദേശം 12.02 ലക്ഷവും കണ്ടെത്തി.

തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് SMS അയയ്‌ക്കുന്നതിൽ ഉൾപ്പെട്ട ഏകദേശം 20,000 സ്ഥാപനങ്ങളും 32,000 SMS ഐഡികളും 2 ലക്ഷം SMS മാതൃകകളും നിര്‍ത്തലാക്കി.

വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത വിച്ഛേദിക്കപ്പെട്ട മൊബൈൽ കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം അക്കൗണ്ടുകൾ ബാങ്കുകളും പേയ്‌മെൻ്റ് വാലറ്റുകളും മരവിപ്പിച്ചു. 

വ്യാജമോ കൃത്രിമമോ ആയ രേഖകളുപയോഗിച്ച് എടുത്ത വിച്ഛേദിക്കപ്പെട്ട മൊബൈൽ കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം വാട്ട്‌സ്ആപ്പ് പ്രൊഫൈലുകൾ/അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാക്കി. 

71,000 വില്പന കേന്ദ്രങ്ങള്‍ (സിം ഏജൻ്റുകൾ) കരിമ്പട്ടികയിൽപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 365 FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.


 കൂടുതൽ വിവരങ്ങള്‍ക്കായി  DoT ഹാൻഡിലുകൾ പിന്തുടരുക: 


എക്സ്: https://x.com/DoT_India 

ഇൻസ്റ്റഗ്രാം: https://www.instagram.com/department_of_telecom?igsh=MXUxbHFjd3llZTU0YQ== 

ഫെയ്സ്ബുക്ക്:  https://www.facebook.com/DoTIndia 

യൂട്യൂബ്:  https://www.youtube.com/@departmentoftelecom 
 


(Release ID: 2062297) Visitor Counter : 57