പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും 



കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്കു പ്രധാനമന്ത്രി വാഷിമിൽ തുടക്കം കുറിക്കും

ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ഉൾക്കൊള്ളുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

മേഖലയിലെ നഗരഗതാഗതശേഷി വർധിപ്പിക്കുന്നതിൽ പദ്ധതികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

മുംബൈ മെട്രോ പാത - 3 ഒന്നാം ഘട്ടത്തിന്റെ ആരേ JVLR മുതൽ BKC വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതിയുടെയും എലവേറ്റഡ് ഈസ്റ്റേൺ ഫ്രീവേ എക്സ്റ്റൻഷന്റെയും തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

നവി മുംബൈ വിമാനത്താവള സ്വാധീന വിജ്ഞാപന മേഖല (NAINA) പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

Posted On: 04 OCT 2024 5:39AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.

പ്രധാനമന്ത്രി വാഷിമിൽ

കർഷകശാക്തീകരണത്തിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഏകദേശം 9.4 കോടി കർഷകർക്കു പിഎം കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവായ 20,000 കോടി രൂപ വിതരണം ചെയ്യും. 18-ാം ഗഡു വിതരണത്തിലൂടെ, പിഎം-കിസാൻ പ്രകാരം കർഷകർക്കനുവദിച്ച മൊത്തം തുക ഏകദേശം 3.45 ലക്ഷം കോടി രൂപയാകും. കൂടാതെ, ഏകദേശം 2000 കോടി രൂപ വരുന്ന നമോ ശേത്കരി മഹാസമ്മാൻ നിധി യോജനയുടെ അഞ്ചാം ഗഡു വിതരണവും പ്രധാനമന്ത്രി നിർവഹിക്കും.

കാർഷിക അടിസ്ഥാനസൗകര്യനിധിക്കു (AIF) കീഴിലുള്ള 1920 കോടിയിലധികം രൂപയുടെ 7500 പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. നിർദേശാനുസൃത നിയമനകേന്ദ്രങ്ങൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ, സംഭരണശാലകൾ, തരംതിരിക്കൽ-വർഗീകരണ യൂണിറ്റുകൾ, ശീതസംഭരണപദ്ധതികൾ, വിളവെടുപ്പിനുശേഷമുള്ള പരിപാലനപദ്ധതികൾ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.

ഏകദേശം 1300 കോടി രൂപ വിറ്റുവരവുള്ള 9200 കാർഷികോൽപ്പാദന സംഘടനകളും (FPO) പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.

കൂടാതെ, കന്നുകാലികൾക്കായുള്ള ഏകീകൃത ജനിതക ചിപ്പും തദ്ദേശീയമായി ലിംഗഭേദം വരുത്തിയ ബീജസാങ്കേതികവിദ്യയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കർഷകർക്കു താങ്ങാനാകുന്ന നിരക്കിൽ, ലിംഗഭേദം വരുത്തിയ ബീജത്തിന്റെ ലഭ്യത വർധിപ്പിക്കാനും ഒരു ഡോസിന് 200 രൂപയോളം ചെലവു കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഏകീകൃത ജനിതക ചിപ്പ്, നാടൻ കന്നുകാലികൾക്കുള്ള ഗോചിപ്പ് (GAUCHIP), എരുമകൾക്കുള്ള മഹിഷ്ചിപ്പ് (MAHISHCHIP) എന്നിവയും ജനിതകരൂപീകരണ സേവനങ്ങൾക്കൊപ്പം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജനിതക തെരഞ്ഞെടുപ്പു നടപ്പാക്കുന്നതോടെ, ഉയർന്ന നിലവാരമുള്ള കാളകളെ ചെറുപ്രായത്തിൽ തിരിച്ചറിയാൻ കഴിയും.

കൂടാതെ, മുഖ്യമന്ത്രി സൗർ കൃഷി വാഹിനി യോജന - 2.0 പ്രകാരം മഹാരാഷ്ട്രയിലുടനീളം മൊത്തം 19 മെഗാവാട്ട് ശേഷിയുള്ള അഞ്ചു സൗരോർജ പാർക്കുകൾ പ്രധാനമന്ത്രി സമർപ്പിക്കും. പരിപാടിയിൽ മുഖ്യമന്ത്രി മാഝി ലഡ്കി ബഹിൻ യോജനയുടെ ഗുണഭോക്താക്കളെയും അദ്ദേഹം ആദരിക്കും.

പ്രധാനമന്ത്രി ഠാണെയിൽ

മേഖലയിലെ നഗരഗതാഗതസൗകര്യം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാന മെട്രോ-റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 14,120 കോടി രൂപ ചെലവിൽ നിർമ്മിച്ച മുംബൈ മെട്രോ ലൈനിന്റെ BKC മുതൽ ആരെ JVRL വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഭാഗത്തെ 10 സ്റ്റേഷനുകളിൽ 9 എണ്ണം ഭൂഗർഭ സ്റ്റേഷനുകളായിരിക്കും. മുംബൈ നഗരത്തിനും പ്രാന്തപ്രദേശങ്ങൾക്കുമിടയിലുള്ള യാത്ര മെച്ചപ്പെടുത്തുന്ന പ്രധാന പൊതുഗതാഗത പദ്ധതിയാണു മുംബൈ മെട്രോ പാത - 3. ഈ പാത പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ  പ്രതിദിനം ഏകദേശം 12 ലക്ഷം യാത്രക്കാർക്കു സേവനം നൽകുമെന്നു പ്രതീക്ഷിക്കുന്നു.

12,200 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഉയരത്തിലുള്ള 20 സ്റ്റേഷനുകളും 2 ഭൂഗർഭ സ്റ്റേഷനുകളുമുള്ള പദ്ധതിയുടെ ആകെ ദൈർഘ്യം 29 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ പ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രമായ ഠാണെയുടെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാന സംരംഭമാണ് ഈ അടിസ്ഥാനസൗകര്യ പദ്ധതി.

3310 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഛേഡ നഗർ മുതൽ ഠാണെ ആനന്ദ് നഗർ വരെയുള്ള എലിവേറ്റഡ് ഈസ്റ്റേൺ ഫ്രീവേ എക്സ്റ്റൻഷന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ദക്ഷിണ മുംബൈയിൽനിന്നു ഠാണെയിലേക്കു തടസ്സരഹിത സമ്പർക്കസൗകര്യം ലഭ്യമാക്കുന്നതാണു പദ്ധതി.

കൂടാതെ, ഏകദേശം 2550 കോടി രൂപയുടെ നവി മുംബൈ വിമാനത്താവള സ്വാധീന വിജ്ഞാപനമേഖല (NAINA) പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാന റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, അടിപ്പാതകൾ, സംയോജിത സേവന അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു.

700 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഠാണെ മുനിസിപ്പൽ കോർപ്പറേഷന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ഠാണെ മുനിസിപ്പൽ കോർപ്പറേഷന്റെ ഉന്നത നിലവാരമുള്ള ഭരണനിർവഹണമന്ദിരം, മിക്ക മുനിസിപ്പൽ ഓഫീസുകളും കേന്ദ്രീകൃതമായി ഒരു കെട്ടിടത്തിൽ ഉൾക്കൊള്ളുന്നത് ഠാണെയിലെ പൗരന്മാർക്കു പ്രയോജനമേകും. 

*****



(Release ID: 2061891) Visitor Counter : 41