യുവജനകാര്യ, കായിക മന്ത്രാലയം
മഹാത്മാഗാന്ധി ജയന്തിദിനത്തിൽ ഗുജറാത്തിലെ പോർബന്തറിൽ രാജ്യവ്യാപക തീരദേശ-കടലോര ശുചീകരണ യജ്ഞത്തിന് ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകും
ഒക്ടോബർ 2ന് ഇന്ത്യയുടെ തീരപ്രദേശത്തെ 1000 ഇടങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നീക്കംചെയ്യാൻ ഒരു ലക്ഷത്തിലധികം ‘മൈ ഭാരത്’ യുവ സന്നദ്ധപ്രവർത്തകർ അണിനിരക്കും
Posted On:
01 OCT 2024 3:05PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 01 ഒക്ടോബർ 2024
മഹാത്മാഗാന്ധി ജയന്തിദിനമായ നാളെ ഗുജറാത്തിലെ ചരിത്രനഗരമായ പോർബന്തറിൽ ‘മൈ ഭാരത്’ സംഘടിപ്പിക്കുന്ന ദേശവ്യാപക തീരദേശ-കടലോര ശുചീകരണയജ്ഞത്തിന് കേന്ദ്ര യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകും. “സ്വഭാവ് സ്വച്ഛത – സംസ്കാർ സ്വച്ഛത” എന്ന പ്രമേയത്തിനു കീഴിൽ 2024 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന വ്യാപകമായ “സ്വച്ഛത ഹീ സേവ” യജ്ഞത്തിന്റെ പരിസമാപ്തി അടയാളപ്പെടുത്തി, ഇന്ത്യയുടെ കടലോരങ്ങളിൽനിന്നും തീരപ്രദേശങ്ങളിൽനിന്നും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഈ പ്രത്യേക യജ്ഞം ലക്ഷ്യമിടുന്നത്.
യുവാക്കളുടെ നേതൃത്വത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻനിരയിലുള്ള ഡോ. മാണ്ഡവ്യ, മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമെന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യമുള്ള പോർബന്തറിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമിടും. കേന്ദ്രമന്ത്രിയുടെ പങ്കാളിത്തം സുസ്ഥിരമായ പാരിസ്ഥിതിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത വെളിവാക്കുന്നു. ഒപ്പം, സംശുദ്ധവും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്‌വിമുക്തവുമായ ഇന്ത്യ എന്ന കാഴ്ചപ്പാടും യജ്ഞം ഉയർത്തിപ്പിടിക്കുന്നു.
ശുചിത്വവും പാരിസ്ഥിതിക ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം മുന്നോട്ടു കൊണ്ടുവരുന്നതിലൂടെ യുവജനകാര്യ വകുപ്പിനു കീഴിലുള്ള ‘മൈ ഭാരത്’ ഈ വർഷത്തെ ‘സ്വച്ഛതാ ഹീ സേവാ’ യജ്ഞത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2024 ഒക്‌ടോബർ 2ന് സ്വച്ഛ് ഭാരത് ദിനത്തിൽ യജ്ഞം സമാപിക്കും. വലിയ തോതിലുള്ള തീരദേശ ശുചീകരണ പ്രവർത്തനങ്ങൾക്ക് ‘മൈ ഭാരത്’ യുവ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും.
ഇന്ത്യയുടെ 7500 കിലോമീറ്റർ തീരപ്രദേശത്ത് ആയിരത്തിലധികം സ്ഥലങ്ങളെയാണ് ഈ യജ്ഞം ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകൾ ശേഖരിക്കൽ, വേർതിരിക്കൽ, നിർമാർജനം എന്നിവയിൽ യജ്ഞം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിൽ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തി പ്രകടമാക്കുന്ന രാജ്യവ്യാപകമായ ഈ കടലോര ശുചീകരണത്തിൽ ഒരുലക്ഷത്തിലധികം ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ പങ്കെടുക്കും.
‘സ്വച്ഛതാ ഹീ സേവാ’ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ തീരദേശ ജില്ലകളിലെയും എംപിമാർക്ക് കേന്ദ്രമന്ത്രി കത്തയച്ചു.
ഈ വർഷത്തെ ‘സ്വച്ഛത ഹീ സേവ’ യജ്ഞം ഇതിനകം വൻ വിജയം നേടിയിട്ടുണ്ട്. 2024 സെപ്റ്റംബർ 30 വരെ രാജ്യത്തുടനീളമുള്ള 5.6 ദശലക്ഷത്തിലധികം ‘മൈ ഭാരത്’ യുവ സന്നദ്ധപ്രവർത്തകർ ദശലക്ഷക്കണക്കിന് കിലോഗ്രാം മാലിന്യം നീക്കംചെയ്തു. ഒരുലക്ഷത്തിലധികം ഗ്രാമങ്ങൾ, 15,000-ലധികം സാമൂഹ്യകേന്ദ്രങ്ങൾ, 9501 അമൃതസരോവരങ്ങൾ, ചരിത്രപ്രധാന സ്ഥലങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഈ ബൃഹത്തായ സംരംഭം സ്വച്ഛ് ഭാരത് ദൗത്യത്തോടുള്ള യുവാക്കളുടെ സമർപ്പണ മനോഭാവം പ്രകടമാക്കുകയും ഭാവിതലമുറകൾക്ക് ശക്തമായ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്തതുപോലെ, കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശുചിത്വമാർന്ന ഇന്ത്യ ആരംഭിക്കുന്നത് എന്ന സന്ദേശം ഊട്ടിയുറപ്പിക്കുന്നതാണ് തീരദേശ ശുചീകരണ പ്രവർത്തനങ്ങൾ.
(Release ID: 2060673)
Visitor Counter : 45