വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗവൺമെന്റ്,രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും, സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നു.

പോസ്റ്റഡ് ഓണ്‍: 27 SEP 2024 2:43PM by PIB Thiruvananthpuram


ന്യൂഡൽഹി : 27  സെപ്റ്റംബർ 2024

വിനോദസഞ്ചാര വികസനത്തിലും വളർച്ചയിലും പൗരന്മാരെ പങ്കാളികളാക്കാനുള്ള ശ്രമത്തിൽ, ടൂറിസം മന്ത്രാലയം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സന്ദർശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നു. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കും, വിനോദസഞ്ചാര മേഖലകളിലേക്കുമുള്ള യാത്രയ്ക്കുശേഷം സഞ്ചാരികൾക്ക് അവരുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താൻ ആവും.

വിമാനത്താവളങ്ങളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പ്രധാനപ്പെട്ട ഇടങ്ങളിൽ  സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് ഏകദേശം 30 സെക്കൻഡ് വിനിയോഗിച്ചുകൊണ്ട് അവരുടെ അഭിപ്രായവും യാത്ര അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള റേറ്റിംഗും രേഖപ്പെടുത്താനാവും

 ഈ സംവിധാനം തത്സമയവും ചലനാത്മക സ്വഭാവവുമുള്ളതായിരിക്കും.വിവിധ പങ്കാളികളുമായി സഹകരിച്ച് പ്രശ്‌നങ്ങൾ സജീവമായി പരിഹരിക്കാൻ ഇത്  ടൂറിസം മന്ത്രാലയത്തെ സഹായിക്കും. വിനോദസഞ്ചാര വികസനത്തിനുള്ള ഉൾക്കാഴ്ചകളുടെയും വിവിധതരം വിവരങ്ങളുടെയും സമ്പന്നമായ ഉറവിടമായി ഇത് മാറും.

ടൂറിസം മന്ത്രാലയം തയ്യാറാക്കി നൽകുന്ന ക്യു ആർ കോഡ് ആയിരിക്കും സ്ഥാപിക്കുന്നത്. സിവിൽ വ്യോമയാന മന്ത്രാലയം, റെയിൽവേ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ടൂറിസം മന്ത്രാലയം ഈ സംവിധാനങ്ങൾ സ്ഥാപിക്കും.

 വിനോദസഞ്ചാര നയവും തന്ത്രവും രൂപപ്പെടുത്തുന്നതിനുള്ള ഉൾക്കാഴ്ചയുടെയും വിവരങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി കാലക്രമേണ ഈ സംവിധാനം മാറും .

 

*************


( റിലീസ് ഐ.ഡി: 2059467) സന്ദര്‍ശക കൗണ്ടര്‍ : 51
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu