വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഫിലിം ബസാർ ഇന്ത്യ 2024-ല്‍ ശ്രദ്ധേയമായി വ്യൂവിംഗ് റൂമും വർക്ക്-ഇൻ-പ്രോഗ്രസ് ലാബും

ചലച്ചിത്ര പ്രവർത്തകര്‍ക്ക് വർക്ക് ഇൻ-പ്രോഗ്രസ് ലാബ്,  വ്യൂവിംഗ് റൂം പ്രൊജക്റ്റ് എൻട്രികൾ 2024 സെപ്തംബർ 30 വരെ സമർപ്പിക്കാം 

Posted On: 26 SEP 2024 8:26PM by PIB Thiruvananthpuram

 

 

കോ-പ്രൊഡക്ഷന്‍ മാർക്കറ്റ് (CPM), തിരക്കഥ രചനാ ലാബ്, വർക്ക്-ഇൻ-പ്രോഗ്രസ് (WIP) ലാബ്, വ്യൂവിംഗ് റൂം (VR), മാർക്കറ്റ് സ്‌ക്രീനിംഗ്, നിര്‍മാതാക്കളുടെ ശില്പശാല എന്നിവയ്ക്കു പുറമെ നോളജ് സീരീസിന്റെ ഭാഗമായി വിജ്ഞാനപ്രദമായ ചര്‍ച്ചകളുടെ പരമ്പരയടക്കം വ്യത്യസ്തമായ പരിപാടികളൊരുക്കിയ ഫിലിം ബസാര്‍ 2024, ചലച്ചിത്ര നിർമാതാക്കള്‍ക്കും ഈ രംഗത്തെ വ്യവസായ പ്രമുഖര്‍ക്കും പരസ്പരം പരിചയപ്പെടുന്നതിനും നൂതന ചലച്ചിത്ര പദ്ധതികള്‍ പ്രദർശിപ്പിക്കുന്നതിനുമുള്ള  സുപ്രധാന കേന്ദ്രമായി മാറി. 


ഈ പരിപാടികളിലൂടെ  പരസ്പരം ബന്ധങ്ങൾ വളർത്തിയെടുക്കാനും സഹകരണം പ്രോത്സാഹിപ്പിക്കാനും അതുവഴി സാമ്പത്തിക പിന്തുണാ അവസരങ്ങൾക്ക് വഴിയൊരുക്കാനും  ഫിലിം ബസാർ ലക്ഷ്യമിടുന്നു. ഇത് 2024 നവംബർ 20 മുതൽ 24 വരെ ഗോവയിൽ പ്രദർശിപ്പിക്കും. ആഗോള തലത്തിൽ പ്രതിധ്വനിക്കാനിരിക്കുന്ന പുതുമയുള്ളതും വൈവിധ്യമാർന്നതുമായ ചലച്ചിത്രങ്ങള്‍ ഈ പതിപ്പിൽ അവതരിപ്പിക്കും.


സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ ശാക്തീകരണം; വൈവിധ്യമാർന്ന ആഖ്യാനങ്ങളുടെ ആഘോഷം


വളർന്നുവരുന്ന പ്രതിഭകളെ വ്യവസായ പ്രമുഖരുമായി ബന്ധിപ്പിക്കുന്നതിന് വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്, വ്യൂവിംഗ് റൂം പദ്ധതികള്‍ അത്യന്താപേക്ഷിതമാണ്.   പരിചയസമ്പന്നരായ ചലച്ചിത്ര പ്രവര്‍ത്തകരില്‍നിന്ന് വിലയേറിയ പ്രതികരണങ്ങള്‍ സ്വീകരിക്കാൻ സിനിമാ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിലൂടെ നിർമാണത്തിലിരിക്കുന്ന സിനിമകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന വേദിയായി വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് പ്രവർത്തിക്കുന്നു. പൂർത്തീകരിക്കാത്ത ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ   നിർമാതാക്കൾക്ക് അവ അന്തിമമാക്കുന്നതിന് മുന്‍പ് പ്രേക്ഷക പ്രതികരണങ്ങൾ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും സാധിക്കുന്നു. വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൻ്റെ ഭാഗമായി ഫീച്ചർ ഫിക്ഷനും ആനിമേഷൻ ഫിക്ഷനും  സ്വീകരിക്കുന്നുണ്ട്. 


പ്രാതിനിധ്യം അധികം ലഭിക്കാത്ത  സൃഷ്ടികള്‍ വിശാലമായ പ്രേക്ഷകരിലേക്കെത്തിച്ച് കഥപറച്ചിലിലെ വൈവിധ്യം ആഘോഷിക്കുകയാണ് വ്യൂവിംഗ് റൂം പദ്ധതിയിലൂടെ ചെയ്യുന്നത്. പരമ്പരാഗത ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന സിനിമകൾക്ക് മുൻഗണന നൽകുന്നതിലൂടെ വ്യത്യസ്ത സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് സമ്പന്നമായ ധാരണ വളര്‍ത്താന്‍ ഇത്  സഹായിക്കുന്നു. പൊതു പ്രേക്ഷകരും ചലച്ചിത്ര രംഗത്തെ വ്യവസായപ്രമുഖരും ഒരുപോലെ കാണേണ്ട സിനിമകള്‍ക്ക്  വ്യൂവിംഗ് റൂമിൻ്റെ ഫിലിം ബസാർ ശിപാർശകൾ (FBR) എന്ന പ്രത്യേക ഭാഗത്ത് ഊന്നല്‍ നല്‍കുന്നു. 


ശ്രദ്ധേയമായ നേട്ടങ്ങൾ

സമകാലിക സിനിമയുടെ ഊർജ്ജസ്വലതയെ ഉയർത്തിക്കാട്ടുന്ന ഇൻ ദി ബെല്ലി ഓഫ് എ ടൈഗർ, ആഗ്ര, ആട്ടം (ദി പ്ലേ), ബി.എ. പാസ്,  തുംബാഡ്, ഷാങ്ഹായ്, എന്നീ ചിത്രങ്ങള്‍ക്കൊപ്പം വർക്ക്-ഇൻ-പ്രോഗ്രസ് ലാബിൻ്റെയും വ്യൂവിംഗ് റൂമിൻ്റെയും വിജയത്തിൻ്റെ ഭാഗമായ നേട്ടങ്ങള്‍ക്ക് ഉദാഹരണമാണ് ജൊറാം, ഓള്‍ ഇന്ത്യ റാങ്ക് എന്നീ സിനിമകള്‍.   


വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്കും വ്യൂവിംഗ് റൂമിലേക്കും എൻട്രികൾ  2024 സെപ്തംബർ 30 വരെ സമര്‍പ്പിക്കാം. ഇതുവഴി ഈ രംഗത്തെ  പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനുമുള്ള സമാനതകളില്ലാത്ത അവസരമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലഭ്യമാവുക.
 


(Release ID: 2059309) Visitor Counter : 29