ധനകാര്യ മന്ത്രാലയം
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായവും ഉൾപ്പെടെ നിയമവിരുദ്ധ ധനവിനിമയം കൈകാര്യം ചെയ്യാന്‍ നടപടികൾക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് FATF
Posted On:
19 SEP 2024 7:06PM by PIB Thiruvananthpuram
FATF-ൻ്റെ ഏറ്റവും ഉയർന്ന "ക്രമാനുഗത തുടര്‍ നടപടി" വിഭാഗത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി
ന്യൂ ഡൽഹി: 19 സെപ്റ്റംബർ 2024
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായവും ഉൾപ്പെടെ നിയമവിരുദ്ധ ധനവിനിമയം കൈകാര്യം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) പ്രശംസിച്ചു. FATF ശുപാർശകളിലുടനീളം സാങ്കേതിക അനുവര്‍ത്തനത്തില്‍ ഇന്ത്യ ഉയർന്ന തലത്തിലെത്തിയെന്ന് 'കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയാനുള്ള നടപടികൾ' എന്ന ഇന്ത്യയെക്കുറിച്ചുള്ള FATF-ന്റെ ഉഭയകക്ഷി മൂല്യനിർണ്ണയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നതായി ധനമന്ത്രാലയത്തിലെ റവന്യൂ അഡീഷണൽ സെക്രട്ടറി ശ്രീ. വിവേക് അഗർവാൾ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന് ഇന്ത്യ സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പരാമർശിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഭീകരവാദ ധനസഹായത്തിനെതിരെയും (AML/CFT) ഇന്ത്യ ഒരു ചട്ടക്കൂട് നടപ്പാക്കിയതായും അത് മികച്ച ഗുണങ്ങള്‍ കൈവരിക്കുന്നതായും FATF-APG-EAG സംയുക്ത മൂല്യനിര്‍ണയത്തില്‍ പറയുന്നു. അധികാരസ്ഥാപനങ്ങള്‍ സാമ്പത്തിക സാമര്‍ത്ഥ്യം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയും ആഭ്യന്തരമായും അന്തർദേശീയമായും ഫലപ്രദമായി സഹകരിക്കുകയും ചെയ്യുന്നു.
മൂല്യനിര്‍ണയത്തിന് പിന്നാലെ FATF-ൻ്റെ ഏറ്റവും ഉയർന്ന സ്ഥാനക്രമമായ “ക്രമാനുഗത തുടര്‍ നടപടി” വിഭാഗത്തില്‍ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ. വിവേക് അഗർവാൾ അറിയിച്ചു. യുകെ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ജി-20 രാജ്യങ്ങളിൽനിന്ന് ഇന്ത്യയ്ക്കുപുറമെ ഈ വിഭാഗത്തിൽ ഇടം നേടിയിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിച്ച് രാജ്യത്ത് ബാങ്ക് അക്കൗണ്ടുള്ള ജനവിഭാഗത്തിന്റെ അനുപാതം ഇരട്ടിയാക്കിയതിലൂടെ സാമ്പത്തിക ഉൾച്ചേര്‍ക്കലില്‍ ഇന്ത്യ സുപ്രധാന ചുവടുവയ്പ്പുകൾ നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക സുതാര്യതയെ പിന്തുണച്ച ഈ ശ്രമങ്ങൾ AML/CFT ശ്രമങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ഇന്ത്യൻ സംവിധാനത്തിൻ്റെ വ്യാപതിയ്ക്കും അധികാരപരമായ സങ്കീർണ്ണതയ്‌ക്കുമപ്പുറം സാമ്പത്തിക സാമര്‍ത്ഥ്യം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നിയമവിരുദ്ധ സാമ്പത്തിക വിനിമയം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ അധികാരസ്ഥാപനങ്ങള്‍ ഫലപ്രദമായി സഹകരിക്കുകയും ഏകോപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര സഹകരണം, ആസ്തി വീണ്ടെടുക്കൽ, ആയുധ ധനസഹായത്തിനെതിരായ സാമ്പത്തിക ഉപരോധം എന്നിവയിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു.
സാമ്പത്തിക രംഗത്ത്, പ്രത്യേകിച്ച് വാണിജ്യ ബാങ്കുകളുടെ അപകടസാധ്യതയെക്കുറിച്ചും പ്രതിരോധ നടപടികളെക്കുച്ചും ഇന്ത്യക്ക് മികച്ച ധാരണയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം, ആയുധ ധനസഹായം എന്നിവയെക്കുറിച്ച് ഇന്ത്യൻ അധികാരസ്ഥാപനങ്ങള്‍ക്ക് സമഗ്രമായ ധാരണയുണ്ടെങ്കിലും എല്ലാ പ്രധാന പങ്കാളികളിലേക്കും ഈ അപകടസാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ISILുമായോ അൽ ഖ്വയ്ദയുമായോ ബന്ധപ്പെട്ടതുൾപ്പെടെ ഗുരുതരമായ ഭീകരവാദവും ഭീകരവാദ ധനസഹായ ഭീഷണികളും ഇന്ത്യ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കീർണ്ണമായ സാമ്പത്തിക അന്വേഷണങ്ങൾ നടത്താനുള്ള കഴിവ് ഇന്ത്യ തെളിയിച്ചിട്ടുണ്ടെങ്കിലും കുറ്റാന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിലും ഭീകരവാദ ധനസഹായം നൽകുന്നവരെ ഉചിതമായ രീതിയിൽ ശിക്ഷിക്കുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളെ ഭീകരവാദ ധനസഹായത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഭീകരവാദ ധനസഹായത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവല്‍ക്കരണം ഉൾപ്പെടെ നടപടികൾ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കപ്പെടുന്നുവെന്ന് രാജ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
രാഷ്ട്രീയപരമായി തുറന്നുകാട്ടപ്പെടുന്ന വ്യക്തികൾക്കെതിരെ (PEP) മികച്ച രീതിയില്‍ നടപടികൾ സ്വീകരിക്കാനായി ധനകാര്യ സ്ഥാപനങ്ങൾ പ്രവര്‍ത്തിച്ചുവരുന്നു. എന്നിരുന്നാലും, ആഭ്യന്തരതലത്തില്‍ ഇത്തരം വ്യക്തികളെ തുറന്നുകാട്ടപ്പെടുന്നതിന്റെ അഭാവത്തെ ഒരു സാങ്കേതിക അനുവര്‍ത്തനത്തിന്റെ വീക്ഷണകോണിൽ നിന്ന് ഇന്ത്യ നോക്കിക്കാണുകയും റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ ഈ ആവശ്യകതകൾ പൂർണ്ണമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. സാമ്പത്തികേതര മേഖലയുടെയും വെർച്വൽ ആസ്തി സേവനദാതാക്കളുടെയും പ്രതിരോധ നടപടികളും പ്രസ്തുത മേഖലകളുടെ മേൽനോട്ടവും പ്രാരംഭ ഘട്ടത്തിലാണ്. വിലയേറിയ ലോഹങ്ങളുടേയും കല്ലുകളുടേയും വ്യാപാരികളുടെ മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍, ഈ മേഖലയുടെ സാഹചര്യം കണക്കിലെടുത്ത് മുന്‍ഗണനാപൂര്‍വം നടപ്പിലാക്കുന്നതും ഇന്ത്യ മെച്ചപ്പെടുത്തേണ്ടതുണ്ട്.
(Release ID: 2056869)
Visitor Counter : 44