ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 'NPS വാത്സല്യ'യുടെ സമാരംഭം നിർവ്വഹിച്ചു

Posted On: 18 SEP 2024 8:15PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 18 സെപ്റ്റംബർ 2024

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പ്രായപൂർത്തിയാകാത്തവർക്കുള്ള  ദേശീയ പെൻഷൻ സംവിധാനം വാത്സല്യ (NPS Vatsalya) പദ്ധതിയുടെ സമാരംഭം ഇന്ന് ന്യൂ ഡൽഹിയിൽ നിർവഹിച്ചു. 2024 ജൂലൈ 23 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2024-25-ൽ ധനമന്ത്രി ഈ പദ്ധതി  പ്രഖ്യാപിച്ചിരുന്നു.


 
കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി, മുതിർന്ന ഉദ്യോഗസ്ഥർ, ഒപ്പം സ്കൂൾ കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ  സന്നിഹിതരായിരുന്നു.



രാജ്യത്തുടനീളം ഒരേ സമയം 75 സ്ഥലങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി 250-ൽ അധികം PRAN-കൾ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് വിതരണം ചെയ്തു.


ചടങ്ങിനോടനുബന്ധിച്ചു കേന്ദ്ര ധനമന്ത്രി NPS വാത്സല്യയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം, പദ്ധതിയുടെ സവിശേഷതകൾ വിശദമാക്കുന്ന ലഘുലേഖ എന്നിവ പ്രകാശനം ചെയ്തു.


ഉദ്ഘാടന വേളയിൽ, എല്ലാ പൗരന്മാർക്കും ദീർഘകാല സാമ്പത്തിക ആസൂത്രണവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് എൻപിഎസ് വാത്സല്യയെന്ന് ശ്രീമതി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. എൻപിഎസ് വാത്സല്യ പദ്ധതി യുവ വരിക്കാർക്കിടയിൽ സമ്പാദ്യശീലം വളർത്തും, കൂടാതെ കോമ്പൗണ്ടിംഗിലൂടെ (കൂട്ടുപലിശ) വലിയ സമ്പത്ത് ശേഖരിക്കാനും സഹായകമാകും.

വാർദ്ധക്യത്തിലും അന്തസ്സുറ്റ ജീവിതം നയിക്കാൻ പദ്ധതി വഴിയൊരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഊന്നിപ്പറഞ്ഞു. സർക്കാർ മേഖലയെ സംബന്ധിച്ചിടത്തോളം, NPS അതിൻ്റെ തുടക്കം മുതൽ തന്നെ ശരാശരി 9.5% കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) നൽകിയിട്ടുണ്ട് എന്നും അവർ ചൂണ്ടിക്കാട്ടി.  

എൻപിഎസ് വാത്സല്യയ്ക്കുള്ള യോഗ്യതകൾ ചുവടെ കൊടുക്കുന്നു :

  1.     പ്രായപൂർത്തിയാകാത്ത പൗരന്മാർ (18 വയസ്സിന് താഴെയുള്ളവർ)  
  2.     പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ അക്കൗണ്ട് തുറക്കുകയും മാതാപിതാക്കൾ / രക്ഷിതാവ്‌ മുഖേന പ്രവർത്തിപ്പിക്കുകയും ചെയ്യാം. എന്നാൽ, ഗുണഭോക്താവ് ആ പ്രായപൂർത്തിയാകാത്ത വ്യക്തി ആയിരിക്കും.
  3.     പ്രമുഖ ബാങ്കുകൾ, ഇന്ത്യാ പോസ്റ്റ്, പെൻഷൻ ഫണ്ടുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോം (e-NPS) തുടങ്ങി PFRDA നിയന്ത്രിക്കുന്ന വിവിധ പോയിൻ്റുകളിലൂടെ അക്കൗണ്ട് തുറക്കാൻ കഴിയും.
  4.     വരിക്കാർ പ്രതിവർഷം കുറഞ്ഞത് 1000 രൂപ സംഭാവന നൽകണം. പരമാവധി സംഭാവനയ്ക്ക് പരിധിയില്ല.  
  5.     PFRDA വരിക്കാർക്ക് ഒന്നിലധികം നിക്ഷേപ അവസരങ്ങൾ നൽകും. വരിക്കാർക്ക്, അവർ എടുക്കാൻ തയാറാകുന്ന റിസ്ക്, ആവശ്യമുള്ള റിട്ടേൺ എന്നിവയെ അടിസ്ഥാനമാക്കി, ഗവൺമെൻ്റ് സെക്യൂരിറ്റികൾ, കോർപ്പറേറ്റ് കടം, ഓഹരി എന്നിവയിൽ വ്യത്യസ്ത അനുപാതങ്ങളിൽ ഇവ തിരഞ്ഞെടുക്കാം.
  6.     പ്രായപൂർത്തിയാകുമ്പോൾ, പ്ലാൻ ഒരു സാധാരണ NPS അക്കൗണ്ടിലേക്ക് സുഗമമായി പരിവർത്തനം ചെയ്യാവുന്നതാണ്.

****************************************

 


(Release ID: 2056630) Visitor Counter : 82