പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും
ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും
ഝാർഖണ്ഡിൽ 6 വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
പ്രധാനമന്ത്രി അഹമ്മദാബാദിൽ 8000 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നാലാമത് ആഗോള പുനരുപയോഗ ഊർജ നിക്ഷേപക സംഗമവും പ്രദർശനവും (RE-INVEST) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ പദ്ധതിയായ ‘സുഭദ്ര’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാജ്യത്തുടനീളമുള്ള 26 ലക്ഷം പിഎംഎവൈ ഗുണഭോക്താക്കൾക്കായി ഭുവനേശ്വറിൽ നടക്കുന്ന ഗൃഹപ്രവേശ ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
കൂടുതൽ ഭവനങ്ങളുടെ സർവേയ്ക്കായി ആവാസ് + 2024 മൊബൈൽ ആപ്ലിക്കേഷനും പ്രധാനമന്ത്രി പുറത്തിറക്കും
Posted On:
14 SEP 2024 9:53AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.
സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.
സെപ്റ്റംബർ 16നു രാവിലെ 9.45നു ഗാന്ധിനഗറിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. തുടർന്ന്, രാവിലെ 10.30നു ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നാലാമത് ആഗോള പുനരുപയോഗ ഊർജ നിക്ഷേപക സംഗമവും പ്രദർശനവും (RE-INVEST) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.45ന് അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും, സെക്ഷൻ 1 മെട്രോ സ്റ്റേഷനിൽനിന്ന് ഗിഫ്റ്റ് സിറ്റി മെട്രോ സ്റ്റേഷൻ വരെ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് അഹമ്മദാബാദിൽ 8000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
സെപ്റ്റംബർ 17നു പ്രധാനമന്ത്രി ഒഡിഷയിലേക്കു പോകും. രാവിലെ 11.15ന് അദ്ദേഹം പ്രധാനമന്ത്രി ആവാസ് യോജന - നഗര ഗുണഭോക്താക്കളുമായി സംവദിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ഒഡിഷയിലെ ഭുവനേശ്വറിൽ 3800 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ടാറ്റാനഗറിൽ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ദേവ്ഘർ ജില്ലയിലെ മധുപുർ ബൈപാസ് പാതയ്ക്കും ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഹസാരിബാഗ് ടൗൺ കോച്ചിങ് ഡിപ്പോയ്ക്കും അദ്ദേഹം തറക്കല്ലിടും. മധുപുർ ബൈപാസ് പാത പൂർത്തിയാകുന്നതോടെ, ഹൗറ-ഡൽഹി പ്രധാന പാതയിൽ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനാകും. കൂടാതെ ഗിരിഡീഹിനും ജസീഡിഹിനുമിടയ്ക്കുള്ള യാത്രാസമയം കുറയ്ക്കാനും സഹായിക്കും. ഹസാരിബാഗ് ടൗൺ കോച്ചിങ് ഡിപ്പോ ഈ സ്റ്റേഷനിലെ കോച്ചിങ് സ്റ്റോക്കുകളുടെ പരിപാലനം സുഗമമാക്കാനും സഹായിക്കും.
ബോണ്ഡാമുണ്ഡ-റാഞ്ചി ഏകവരിപ്പാതയുടെ ഭാഗമായ കുർകുറ-കാനാരോവാൻ പാത ഇരട്ടിപ്പിക്കലും റാഞ്ചി, മുരി, ചന്ദ്രപുര സ്റ്റേഷനുകൾ വഴിയുള്ള റൂർക്കേല-ഗോമോ പാതയുടെ ഭാഗവും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതം ഗണ്യമായി വർധിപ്പിക്കുന്നതിനു പദ്ധതി സഹായിക്കും. ഇതിനുപുറമെ, സാധാരണക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നാല് റോഡ് അടിപ്പാതാ പാലങ്ങളും (RUB) രാജ്യത്തിനു സമർപ്പിക്കും.
ആറു വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക വന്ദേ ഭാരത് അതിവേഗ ട്രെയിനുകൾ ഈ പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും:
1) ടാറ്റാനഗർ - പട്ന
2) ഭാഗൽപൂർ - ദുംക - ഹൗറ
3) ബ്രഹ്മപുർ - ടാറ്റാനഗർ
4) ഗയ - ഹൗറ
5) ദേവ്ഘർ - വാരാണസി
6) റൗർക്കേല - ഹൗറ
ഈ വന്ദേ ഭാരത് അതിവേഗ ട്രെയിനുകൾ ആരംഭിക്കുന്നത് സ്ഥിരം യാത്രക്കാർക്കും പ്രൊഫഷണലുകൾക്കും വ്യവസായികൾക്കും വിദ്യാർഥിസമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടും. ദേവ്ഘറിലെ (ഝാർഖണ്ഡ്) ബൈദ്യനാഥ് ധാം, വാരാണസിയിലെ (ഉത്തർപ്രദേശ്) കാശി വിശ്വനാഥ ക്ഷേത്രം, കൊൽക്കത്തയിലെ (പശ്ചിമ ബംഗാൾ) കാളിഘാട്ട്, ബേലൂർ മഠം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗ യാത്രാമാർഗമൊരുക്കി ഈ ട്രെയിനുകൾ മേഖലയിലെ മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും. ഇതുകൂടാതെ, ധൻബാദിലെ കൽക്കരി ഖനി വ്യവസായങ്ങൾ, കൊൽക്കത്തയിലെ ചണവ്യവസായങ്ങൾ, ദുർഗാപുരിലെ ഇരുമ്പ്-ഉരുക്ക് അനുബന്ധ വ്യവസായങ്ങൾ എന്നിവയ്ക്കും വലിയ ഉത്തേജനം ലഭിക്കും.
ഏവർക്കും പാർപ്പിടം എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഝാർഖണ്ഡിലെ 20,000 പിഎം ആവാസ് യോജന-ഗ്രാമീണ (PMAY-G) ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി അനുമതിപത്രം വിതരണം ചെയ്യും. ഗുണഭോക്താക്കൾക്കുള്ള സഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്യും. 46,000 ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രി ഗാന്ധിനഗറിൽ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ RE-INVEST 2024 ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊർജ ഉൽപ്പാദനത്തിലും വിന്യാസത്തിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി ഉയർത്തിക്കാട്ടാൻ സജ്ജമാണ് ഈ പരിപാടി. ലോകമെമ്പാടുമുള്ള പ്രതിനിധികളെ ആകർഷിക്കുന്ന രണ്ടര ദിവസത്തെ സമ്മേളനം ഇതിലുൾപ്പെടും. മുഖ്യമന്ത്രിമാരുടെ പ്ലീനറി, സിഇഒ വട്ടമേശ സമ്മേളനം, നൂതന ധനസഹായമാർഗങ്ങളെയും ഹരിത ഹൈഡ്രജനെയും ഭാവി ഊർജ പ്രതിവിധികളെയും കുറിച്ചുള്ള പ്രത്യേക ചർച്ചകൾ എന്നിവ സമഗ്രമായ ഈ പരിപാടിയിൽ സംഘടിപ്പിക്കും. ജർമനി, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, നോർവേ എന്നീ രാജ്യങ്ങൾ പരിപാടിയിൽ പങ്കാളികളാകും. ഗുജറാത്ത് ആതിഥേയ സംസ്ഥാനമാണ്. സംസ്ഥാനപങ്കാളികളായി ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവ പങ്കെടുക്കും.
ഫോസിൽ ഇതര ഇന്ധനശേഷി 200 ജിഗാവാട്ടിലധികം സ്ഥാപിച്ചു എന്ന ഇന്ത്യയുടെ ശ്രദ്ധേയ നേട്ടത്തിനു പ്രധാന സംഭാവന നൽകിയവരെ ഉച്ചകോടി ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കും. സുസ്ഥിരഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഈ പ്രദർശനം അടിവരയിടും.
പ്രധാനമന്ത്രി അഹമ്മദാബാദിൽ
ഗുജറാത്തിലെ അഹമ്മദാബാദിൽ 8000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
സാമഖീയാലി-ഗാന്ധിധാം, ഗാന്ധിധാം-ആദിപുർ റെയിൽപ്പാതകൾ നാലുവരിയാക്കൽ, അഹമ്മദാബാദിലെ എഎംസിയിലെ ഐതിഹാസ റോഡുകളുടെ വികസനം, ബാക്കരോൾ, ഹഥിജൻ, രാമോൽ, പഞ്ജ്രപോൾ ജങ്ഷൻ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങിയ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.
30 മെഗാവാട്ട് സൗരോർജ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കച്ഛിലെ ലിഗ്നൈറ്റ് താപോർജനിലയത്തിൽ 35 മെഗാവാട്ട് ബിഇഎസ്എസ് സൗര പിവി പദ്ധതിയും മോർബിയിലും രാജ്‌കോട്ടിലും 220 കിലോവോൾട്ട് സബ്‌സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സാമ്പത്തിക സേവനങ്ങൾ കാര്യക്ഷമമാക്കാൻ രൂപകൽപ്പന ചെയ്ത അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനം (SWITS) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പിഎം ആവാസ് യോജന-ഗ്രാമീണിനു കീഴിൽ 30,000-ത്തിലധികം വീടുകൾ അനുവദിക്കുകയും ഈ വീടുകൾക്കുള്ള ആദ്യ ഗഡു നൽകുകയും പിഎംഎവൈ പദ്ധതിക്കു കീഴിലുള്ള വീടുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്യും. പിഎംഎവൈയുടെ നഗര-ഗ്രാമീണ വിഭാഗങ്ങൾക്കു കീഴിൽ പൂർത്തിയാക്കിയ വീടുകൾ സംസ്ഥാനത്തെ ഗുണഭോക്താക്കൾക്ക് അദ്ദേഹം കൈമാറും.
കൂടാതെ, ഭുജിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോയും, നാഗ്പുർ-സെക്കന്ദരാബാദ്, കോൽഹാപുർ-പുണെ, ആഗ്ര കന്റോൺമെന്റ്-ബനാറസ്, ദുർഗ്-വിശാഖപട്ടണം, പുണെ-ഹുബ്ബള്ളി തുടങ്ങി നിരവധി വന്ദേഭാരത് ട്രെയിനുകളും 20 കോച്ചുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡൽഹി ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രി ഭുവനേശ്വറിൽ
ഒഡിഷ ഗവണ്മെന്റിന്റെ പ്രധാന പദ്ധതിയായ ‘സുഭദ്ര’യ്ക്ക് ഭുവനേശ്വറിൽ പ്രധാനമന്ത്രി തുടക്കം കുറിക്കും. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി, ഒരു കോടിയിലധികം സ്ത്രീകളെ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. പദ്ധതിക്കു കീഴിൽ, 21നും 60നും ഇടയിൽ പ്രായമുള്ള അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും 2024-25 മുതൽ 2028-29 വരെയുള്ള 5 വർഷ കാലയളവിൽ 50,000 രൂപ നൽകും. പ്രതിവർഷം രണ്ടു തുല്യഗഡുക്കളായി 10,000 രൂപ വീതമാണ് നൽകുക. തുക ഗുണഭോക്താവിന്റെ ആധാർ-ഡിബിടി അധിഷ്ഠിത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ഈ ചരിത്ര സന്ദർഭത്തിൽ, 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു തുക നേരിട്ടു കൈമാറുന്നതിനു പ്രധാനമന്ത്രി തുടക്കംകുറിക്കും.
പ്രധാനമന്ത്രി ഭുവനേശ്വറിൽ 2800 കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഈ റെയിൽവേ പദ്ധതികൾ ഒഡിഷയിലെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മേഖലയിലെ വളർച്ചയും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുകയും ചെയ്യും. 1000 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
14 സംസ്ഥാനങ്ങളിലെ പിഎംഎവൈ-ജിയുടെ കീഴിലുള്ള 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്കുള്ള സഹായത്തിന്റെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. രാജ്യത്തുടനീളമുള്ള 26 ലക്ഷം പിഎംഎവൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കൾക്കുള്ള ഗൃഹപ്രവേശ ആഘോഷവും പരിപാടിയിൽ നടക്കും. പിഎംഎവൈ (ഗ്രാമീണ, നഗര) ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി വീടിന്റെ താക്കോൽ കൈമാറും. പിഎംഎവൈ-ജിക്ക് വേണ്ടിയുള്ള കൂടുതൽ ഭവനങ്ങളുടെ സർവേയ്ക്കായി അദ്ദേഹം ആവാസ്+ 2024 മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും. കൂടാതെ, പിഎം ആവാസ് യോജന - നഗരം (PMAY-U) 2.0-ന്റെ പ്രവർത്തന മാർഗനിർദേശങ്ങളും പ്രധാനമന്ത്രി പുറത്തിറക്കും.
*******
(Release ID: 2054878)
Visitor Counter : 57
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada