ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
“സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത (4 എസ്) 2024” കർട്ടൻ റൈസർ ന്യൂഡൽഹിയിൽ നടന്നു.
Posted On:
13 SEP 2024 6:58PM by PIB Thiruvananthpuram
ശുചിത്വ ഭാരത ദൗത്യത്തിന്റെ (എസ്‌ബിഎം) ഈ വർഷത്തെ പ്രമേയമായ ‘സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത (4 എസ്)’ 2024 പ്രചാരണ പരിപാടിയിലൂടെ, വളരെ ബുദ്ധിമുട്ടുള്ളതും ശുചിത്വ രഹിതവുമായ തെരഞ്ഞെടുത്തിട്ടുള്ള രണ്ട് ലക്ഷത്തോളം സ്ഥലങ്ങൾ സമയബന്ധിതമായി വൃത്തിയാക്കാൻ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നു. ഈ ശുചീകരണ ലക്ഷ്യസ്ഥാന യൂണിറ്റുകൾ (CTUs) ഈ വർഷത്തെ പ്രചാരണ പരിപാടിയുടെ പ്രധാന പ്രത്യേകതയാണ്. CTU-കൾ തിരിച്ചറിയലും മാപ്പിംഗും ഒരു പോർട്ടലിലൂടെ നടത്തുന്നു . ഈ പ്രചാരണ പരിപാടിയുടെ ഇന്ന് ന്യൂഡൽഹിയിൽ നടന്ന കർട്ടൻ റൈസർ പരിപാടിയിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി ആർ പാട്ടീൽ എന്നിവർ അറിയിച്ചതാണ് ഇക്കാര്യം.
ഇത്തരം ലക്ഷ്യസ്ഥാനങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ, എൻജിഒകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതു കെട്ടിടങ്ങൾ, വാണിജ്യ മേഖലകൾ, പൊതുശൗചാലയങ്ങൾ , ജലാശയങ്ങൾ, മൃഗശാലകൾ, സങ്കേതങ്ങൾ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശ്രമദാനത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും മെഗാ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ യജ്ഞത്തിൽ ഉൾപ്പെടുന്നു.

എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും പൗരന്മാരുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ശുചീകരണ യജ്ഞം 2024 സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്‌ടോബർ 2-ന് അവസാനിക്കും.
വാതിൽപ്പടി ശേഖരണത്തിൽ നിന്നും 100% മാലിന്യ സംസ്കരണത്തിലേക്ക് മാറുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ പറഞ്ഞു.

ഈ വർഷത്തെ 'സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത (4S) 2024' പ്രചാരണ പരിപാടി മൂന്ന് പ്രധാന സ്തംഭങ്ങളെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്:
1. സ്വച്ഛതാ കി ഭാഗിദാരി - പൊതുജന പങ്കാളിത്തം, അവബോധം, ശുചിത്വ ഭാരതത്തിനായുള്ള പ്രവർത്തനങ്ങൾ
2. സമ്പൂർണ സ്വച്ഛത - ബുദ്ധിമുട്ടുള്ളതും വൃത്തി ശൂന്യവുമായ സ്ഥലങ്ങൾ ( ശുചീകരണത്തിനായി ഉള്ള ലക്ഷ്യസ്ഥാന യൂണിറ്റുകൾ) ലക്ഷ്യമാക്കിയുള്ള മെഗാ ശുചിത്വ യജ്ഞം .
3. സഫായിമിത്ര സുരക്ഷാ ശിബിർ - സുരക്ഷ, ശുചിത്വ തൊഴിലാളികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള സേവനങ്ങളുടെ ഏകജാലക സംവിധാന ക്യാമ്പുകൾ

'സമൂഹം മുഴുവൻ' സമീപനം ഉൾക്കൊള്ളുന്ന ഈ പ്രചാരണ പരിപാടി പൗരന്മാർ, വ്യവസായങ്ങൾ, എൻജിഒകൾ, വികസന സംഘടനകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, വിവിധ പങ്കാളികൾ എന്നിവരെ സജീവമായി ഉൾപ്പെടുത്തും. കൂടാതെ, 'സമഗ്ര ഗവൺമെൻ്റ്' സമീപനത്തിലൂടെ, എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രാലയങ്ങളും തദ്ദേശ സ്ഥാപനങ്ങളും ശുചിത്വത്തിനായി ഒരു യഥാർത്ഥ രാജ്യവ്യാപക പ്രസ്ഥാനം സാധ്യമാക്കുന്നതിനായി പങ്കെടുക്കും.
(Release ID: 2054798)
Visitor Counter : 74