ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിൽ ഡ്രഗ് റെസിസ്റ്റന്റ്  ടിബിയുടെ ചികിത്സയ്ക്ക്  ഹ്രസ്വവും കൂടുതൽ ഫലപ്രദവുമായ പുതിയ ചികിത്സാരീതി  അവതരിപ്പിക്കുന്നതിന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി

Posted On: 06 SEP 2024 3:14PM by PIB Thiruvananthpuram



ന്യൂഡൽഹി :  സെപ്റ്റംബർ 6 , 2024  

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ടിബി നിർമാർജന പദ്ധതിയ്ക്ക് (എൻടിഇപി) കീഴിൽ, മൾട്ടി-ഡ്രഗ്-റെസിസ്റ്റൻ്റ്  ട്യൂബർകുലോസിസിനുള്ള (MDR-TB) വളരെ ഫലപ്രദവും ഹ്രസ്വവുമായ ചികിത്സാ മാർഗമായി  BPaLM സമ്പ്രദായം അവതരിപ്പിക്കുന്നതിന് അംഗീകാരം നൽകി. ബെഡാക്വിലിൻ, ലിനെസോളിഡ് (മോക്സിഫ്ലോക്സാസിൻ ഉൾപ്പെടെ /അല്ലാതെ) എന്നിവയുമായി സംയോജിപ്പിച്ച്  ടിബിയ്‌ക്കെതിരായി  പ്രീറ്റോമാനിഡ് എന്ന മരുന്ന്, പുതിയ ഈ സമ്പ്രദായത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ,പ്രീറ്റോമാനിഡിന് നേരത്തെ അനുമതിയും ലൈസൻസും നൽകിയിട്ടുണ്ട്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം രോഗനിർമ്മാർജ്ജനത്തിനുള്ള  ആഗോള ലക്ഷ്യത്തേക്കാൾ അഞ്ച് വർഷം മുമ്പ്, 2025 ഓടെ  ക്ഷയരോഗത്തിൽ നിന്ന് മുക്തി നേടാൻ ഈ തീരുമാനം രാജ്യത്തെ  സഹായിക്കും.

ബെഡാക്വിലിൻ, പ്രീറ്റോമാനിഡ്, ലിനെസോളിഡ് , മോക്സിഫ്ലോക്സാസിൻ എന്നീ നാല്-മരുന്ന് കോമ്പിനേഷൻ അടങ്ങുന്ന BPaLM സമ്പ്രദായം, മുമ്പത്തെ MDR-TB ചികിത്സാ രീതിയേക്കാൾ സുരക്ഷിതവും കൂടുതൽ ഫലപ്രദവും വേഗത്തിലുള്ളതുമായ ചികിത്സാ രീതിയുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത MDR-TB ചികിത്സരീതിയിൽ ഫലപ്രാപ്തിയ്ക്ക് കഠിനമായ പാർശ്വഫലങ്ങളോടെ 20 മാസം വരെ വേണ്ടി വരുമ്പോൾ,  BPaLM സമ്പ്രദായത്തിന് ഉയർന്ന ചികിത്സ വിജയനിരക്കുണ്ട് .ഇത് ഉപയോഗിച്ച്  ആറ് മാസത്തിനുള്ളിൽ തന്നെ ഡ്രഗ് റെസിസ്റ്റന്റ്  ടിബിയെ സുഖപ്പെടുത്താൻ കഴിയും.  ഡ്രഗ് റെസിസ്റ്റന്റ് ടിബിയുള്ള  ഇന്ത്യയിലെ 75,000 ക്ഷയരോഗികൾക്ക് ഈ ഹ്രസ്വ വ്യവസ്ഥയുടെ പ്രയോജനം ഇപ്പോൾ ലഭിക്കും. ചെലവിൽ മൊത്തത്തിലുള്ള ലാഭവും ഉണ്ടാകും.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ ഗവേഷണ വകുപ്പുമായി കൂടിയാലോചിച്ച് രാജ്യത്തെ ഈ വിഷയത്തിലെ  വിദഗ്ധരുടെ തെളിവുകളിൽ   സമഗ്രമായ അവലോകനം നടത്തിക്കൊണ്ട് , ഈ പുതിയ ടിബി ചികിത്സാ സമ്പ്രദായത്തിൻ്റെ സാധൂകരണം ഉറപ്പാക്കിയിട്ടുണ്ട് .   ഈ MDR-TB ചികിത്സാ സമ്പ്രദായം സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,  ആരോഗ്യ ഗവേഷണ വകുപ്പ് മുഖേന ആരോഗ്യ സാങ്കേതിക വിലയിരുത്തലും നടത്തിയിട്ടുണ്ട്

സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളുമായി കൂടിയാലോചിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കേന്ദ്ര ടിബി ഡിവിഷൻ BPaLM സമ്പ്രദായം,രാജ്യവ്യാപകമായി സമയബന്ധിതമായി അവതരിപ്പിക്കാൻ  പദ്ധതി തയ്യാറാക്കുന്നു. അതിൽ പുതിയ സമ്പ്രദായത്തിന്റെ  സുരക്ഷിതമായ നിർവഹണത്തിനായി ആരോഗ്യ പ്രൊഫഷണലുകളുടെ ശേഷി വികസനവും നടപ്പാക്കുന്നുണ്ട്

 
*********************************


(Release ID: 2052549) Visitor Counter : 46