പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഓഗസ്റ്റ് 30നു മഹാരാഷ്ട്ര സന്ദർശിക്കും
പാൽഘറിൽ 76,000 കോടി രൂപയുടെ വാധ്‌വൻ തുറമുഖപദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖങ്ങളിലൊന്നാണു വാധ്‌വൻ
ഈ തുറമുഖം ഇന്ത്യയുടെ സമുദ്രസമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ആഗോള വ്യാപാരകേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും
1560 കോടി രൂപയുടെ 218 മത്സ്യബന്ധനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതലത്തിലുള്ള തുടക്കംകുറിക്കലിന്റെ പശ്ചാത്തലത്തിൽ, 13 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി യന്ത്രവൽക്കൃത മത്സ്യബന്ധനയാനങ്ങളിൽ ഒരു ലക്ഷം ട്രാൻസ്പോൻഡറുകൾ സ്ഥാപിക്കും
മുംബൈയിൽ ആഗോള ഫിൻടെക് മേള 2024നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Posted On:
29 AUG 2024 4:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 30നു മഹാരാഷ്ട്രയിലെ മുംബൈയും പാൽഘറും സന്ദർശിക്കും. പകൽ 11നു മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ 2024ലെ ആഗോള ഫിൻടെക് മേളയെ (GFF) പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 1.30ന്, പാൽഘറിലെ സിഡ്‌കോ മൈതാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രി പാൽഘറിൽ
2024 ഓഗസ്റ്റ് 30നു പ്രധാനമന്ത്രി വാധ്‌വൻ തുറമുഖത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും. ഈ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 76,000 കോടി രൂപയാണ്. വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യൽ, ആഴത്തിലുള്ള ഡ്രാഫ്റ്റുകൾ ഉറപ്പാക്കൽ, വളരെ വലിയ ചരക്കു കപ്പലുകളെ ഉൾക്കൊള്ളൽ എന്നിവയിലൂടെ രാജ്യത്തിന്റെ വ്യാപാരവും സാമ്പത്തിക വളർച്ചയും ഉത്തേജിപ്പിക്കുന്ന ലോകോത്തര സമുദ്ര കവാടം സ്ഥാപിക്കാൻ ഇതു ലക്ഷ്യമിടുന്നു.
പാൽഘർ ജില്ലയിലെ ഡഹാണു പട്ടണത്തിനടുത്തു സ്ഥിതിചെയ്യുന്ന വാധ്‌വൻ തുറമുഖം, ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖങ്ങളിലൊന്നാണ്. ഇത് അന്താരാഷ്ട്ര കപ്പൽ പാതകളിലേക്കു നേരിട്ടു സമ്പർക്കസൗകര്യമൊരുക്കുകയും യാത്രാസമയവും ചെലവും കുറയ്ക്കുകയും ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്ന തുറമുഖത്ത് ആഴത്തിലുള്ള ബർത്തുകൾ, ചരക്കു കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമമായ സൗകര്യങ്ങൾ, ആധുനിക തുറമുഖപരിപാലനം എന്നിവ ഉൾപ്പെടുന്നു. തുറമുഖം ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനു സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിലും കർശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഊന്നൽ നൽകി സുസ്ഥിര വികസനരീതികൾ ഉൾക്കൊള്ളുന്നതാണു വാധ്‌വൻ തുറമുഖപദ്ധതി. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ സമുദ്ര സമ്പർക്കസൗകര്യം വർധിക്കുകയും ആഗോള വ്യാപാരകേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.
രാജ്യത്തുടനീളമുള്ള അടിസ്ഥാനസൗകര്യങ്ങളും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള 1560 കോടി രൂപയുടെ 218 മത്സ്യബന്ധനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ സംരംഭങ്ങൾ മത്സ്യമേഖലയിൽ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഏകദേശം 360 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതലത്തിലുള്ള തുടക്കംകുറിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതിക്കു കീഴിൽ 13 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും യന്ത്രവൽക്കൃത മത്സ്യബന്ധന യാനങ്ങളിൽ ഘട്ടംഘട്ടമായി ഒരു ലക്ഷം ട്രാൻസ്പോൻഡറുകൾ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾ കടലിലായിരിക്കുമ്പോൾ ദ്വിമുഖ ആശയവിനിമയം നടത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്നതിനും ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യയാണു യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനം.
മത്സ്യബന്ധന കപ്പൽസങ്കേതങ്ങളുടെയും സംയോജിത അക്വാപാർക്കുകളുടെയും വികസനം, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ തുടങ്ങിയവയുടെ സമാരംഭവും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുകയും മത്സ്യോൽപ്പാദനം വർധിപ്പിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള പരിപാലനം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനുപേർക്ക് സുസ്ഥിരമായ ഉപജീവനമാർഗം സൃഷ്ടിക്കുന്നതിനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിലവാരമുള്ള ചേരുവകളും നൽകും.
മത്സ്യബന്ധന കപ്പൽസങ്കേതങ്ങളുടെ വികസനം, നവീകരണം, ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, മത്സ്യച്ചന്തകളുടെ നിർമാണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. മത്സ്യ-സമുദ്രോൽപ്പന്ന വിളവെടുപ്പിനുശേഷമുള്ള പരിപാലനത്തിന് ആവശ്യമായ സൗകര്യങ്ങളും ശുചിത്വ സാഹചര്യങ്ങളും ഇതു പ്രദാനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി മുംബൈയിൽ
2024ലെ ആഗോള ഫിൻടെക് മേളയുടെ (ജിഎഫ്എഫ്) പ്രത്യേക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവർജൻസ് കൗൺസിൽ എന്നിവ സംയുക്തമായാണു മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള നയരൂപകർത്താക്കൾ, റെഗുലേറ്റർമാർ, മുതിർന്ന ബാങ്കർമാർ, വ്യവസായ മേധാവികൾ, അക്കാദമിക വിദഗ്ധർ എന്നിവരുൾപ്പെടെ എണ്ണൂറോളം പ്രഭാഷകർ സമ്മേളനത്തിൽ 350ലധികം സെഷനുകളെ അഭിസംബോധന ചെയ്യും. ഫിൻടെക് ഭൂപ്രകൃതിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഇതിൽ പ്രദർശിപ്പിക്കും. സ്ഥിതിവിവരക്കണക്കുകളും വ്യവസായത്തെ ക്കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങളും വാഗ്ദാനം ചെയ്യുന്ന ചിന്തോദ്ദീപകമായ 20-ലധികം റിപ്പോർട്ടുകളും ധവളപത്രങ്ങളും ജിഎഫ്എഫ് 2024ൽ പുറത്തിറക്കും.
***
NS
(Release ID: 2049857)
Visitor Counter : 78
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada