മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

'പ്രധാനമന്ത്രി ജീ-വന്‍ യോജനയിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 09 AUG 2024 10:21PM by PIB Thiruvananthpuram

ജൈവ ഇന്ധന മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കൊപ്പം തുല്യവേഗതയില്‍ മുന്നേറുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി, പരിഷ്‌കരിച്ച 'പ്രധാന്‍മന്ത്രി ജീ-വന്‍ യോജന'യ്ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അഞ്ച് വര്‍ഷത്തേക്ക് കൂടി അതായത് 2028-29 വരെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമയപരിധി പരിഷ്‌ക്കരിച്ച പദ്ധതിയില്‍ നീട്ടുന്നു. കൂടാതെ ലിഗ്‌നോസെല്ലുലോസിക് അസംസ്‌കൃതവസ്തുക്കളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന അതായത് കാര്‍ഷിക, വന അവശിഷ്ടങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍, സിന്തസിസ് (സിന്‍) വാതകം, ആല്‍ഗകള്‍ എന്നിങ്ങനെ ഇതിന്റെ പരിധിയില്‍ വരുന്നവയില്‍ നിന്ന് നൂതന ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 'ബോള്‍ട്ട് ഓണ്‍' പ്ലാന്റുകളും 'ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളും' അവരുടെ അനുഭവം പ്രയോജനപ്പെടുത്താനും അവയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും ഇനി യോഗ്യരായിരിക്കും.

വിവിധ സാങ്കേതികവിദ്യകളും വിവിധ അസംസ്‌കൃത വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്നതിന്, ഈ മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളുമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കുക.

കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ക്ക് ആദായകരമായ വരുമാനം നല്‍കുക, പരിസ്ഥിതി മലിനീകരണം പരിഹരിക്കുക, പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്കും സ്വാശ്രയത്തിനും സംഭാവന നല്‍കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നൂതന ജൈവ ഇന്ധന സാങ്കേതികവിദ്യകളുടെ വികസനത്തെ ഇത് പിന്തുണയ്ക്കുകയും മേക്ക് ഇന്‍ ഇന്ത്യ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2070-ഓടെ ജി.എച്ച്.ജി ഉദ്വമനം പൂജ്യമാക്കാനുള്ള ഇന്ത്യയുടെ അതിഉല്‍കര്‍ഷേച്ഛാപരമായ ലക്ഷ്യം കൈവരിക്കുന്നതിനും ഇത് സഹായിക്കുന്നു.

പ്രധാനമന്ത്രി ജീ-വന്‍ യോജനയിലൂടെ മികച്ച നിലവാരമുള്ള ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത സുസ്ഥിരവും സ്വയാശ്രയപരവുമായ ഊര്‍ജ മേഖലയോടുള്ള അവരുടെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

പശ്ചാത്തലം:
എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇ.ബി.പി) പദ്ധതിക്ക് കീഴില്‍ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (ഒ.എം.സി) എഥനോള്‍ കലര്‍ത്തിയ ഈ പെട്രോള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. 2013-14 വിതരണവര്‍ഷത്തില്‍ (ഇ.എസ്.വൈ) ഇ.ബി.പി പദ്ധതിക്ക്് കീഴില്‍, 38 കോടി ലിറ്റര്‍ എഥനോളാണ് പെട്രോളുമായി കൂട്ടികലര്‍ത്തിയിരുന്നതെങ്കില്‍ 2022-23ല്‍ ഇ.എസ്.വൈയില്‍ അത് 500 കോടി ലിറ്ററിലേറെയാകുകയും അതിന് സമാനമായി കൂട്ടികലര്‍ത്തല്‍ ശതമാനം 1.53ല്‍ നിന്ന് 12.06 ആയി വര്‍ദ്ധിക്കുകയും ചെയ്തു. 2024 ജൂലൈ മാസത്തില്‍ കൂട്ടികലര്‍ത്തല്‍ ശതമാനം 15.83% ലും എത്തുകയും, 2023-24 നടന്നുകൊണ്ടിരിക്കുന്ന ഇ.എസ്.വൈയില്‍ സഞ്ചിത കൂട്ടികലര്‍ത്തല്‍ ശതമാനം 13 കവിയുകയും ചെയ്തിട്ടുണ്ട്.

ഇ.എസ്.വൈ 2025-26 അവസാനത്തോടെ 20% ബ്ലെന്‍ഡിംഗ് ലക്ഷ്യം കൈവരിക്കാനാണ് എണ്ണ ഉല്‍പ്പാദന കമ്പനി (ഒ.എം.സി)കള്‍ ശ്രമിക്കുന്നത്. ഇ.എസ്.വൈ 2025-26 കാലയളവില്‍ 20% മിശ്രിതം കൈവരിക്കുന്നതിന് 1100 കോടി ലിറ്റര്‍ എഥനോള്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, മിശ്രിത ആവശ്യകതകള്‍ നിറവേറ്റുന്നതിനും മറ്റ് ഉപയോഗങ്ങള്‍ക്കുമായി (പാനീയം, രാസവസ്തു, ഫാര്‍മസ്യൂട്ടിക്കല്‍ മുതലായവ). 1750 കോടി ലിറ്റര്‍ എഥനോള്‍ ഡിസ്റ്റിലേഷന്‍ ശേഷി സ്ഥാപിക്കേണ്ടതുണ്ട്.

എഥനോള്‍ മിശ്രിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി രണ്ടാം തലമുറ (2ജി) എഥനോള്‍ (നൂതന ജൈവ ഇന്ധനങ്ങള്‍) പോലെയുള്ള ഇതര സ്രോതസ്സുകളിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സെല്ലുലോസിക്, ലിഗ്‌നോസെല്ലുലോസിക് അടങ്ങിയിട്ടുള്ള അധിക ജൈവപിണ്ഡങ്ങള്‍/കാര്‍ഷിക മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ മുതലായവയെ നൂതന ജൈവ ഇന്ധന സാങ്കേതികവിദ്യ ഉപയോഗിച്ച് എഥനോള്‍ ആക്കി മാറ്റാനാകും.

രാജ്യത്ത് 2ജി എഥനോള്‍ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി, 2ജി ബയോ-എഥനോള്‍ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2019 മാര്‍ച്ച് 7-ന് പ്രധാനമന്ത്രി ജീ-വന്‍' (ജൈവ് ഇന്ധന്‍- വാതാവരന്‍-അനുകൂല്‍ ഫസല്‍ അന്വേഷ് നിഗം) യോജന വിജ്ഞാപനം ചെയ്തു.

പദ്ധതിക്ക് കീഴില്‍, ഹരിയാനയിലെ പാനിപ്പത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ച ആദ്യത്തെ 2ജി എഥനോള്‍ പദ്ധതി 2022 ഓഗസ്റ്റ് 10-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നു. ബര്‍ഗഡ് (ഒഡീഷ), ബത്തിന്‍ഡ (പഞ്ചാബ്), നുമാലിഗഢ് (അസം) എന്നിവിടങ്ങളില്‍ യഥാക്രമം ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, എന്‍.ആര്‍.എല്‍ എന്നിവ സഥാപിക്കുന്ന മറ്റ് 2ജി വാണിജ്യ പദ്ധതികളും പദ്ധതികളും പൂര്‍ത്തിയാകുകയാണ്.

NS



(Release ID: 2043967) Visitor Counter : 35