വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ, ടെലികോം സേവനദാതാക്കൾ, ടെലികോം കണക്ടിവിറ്റി പുനഃസ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്തു
Posted On:
01 AUG 2024 8:56PM by PIB Thiruvananthpuram
രക്ഷാപ്രവർത്തകർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് ആവശ്യമായ ആശയവിനിമയം നടത്താൻ ഇത് സഹായിക്കും
പ്രദേശവാസികളെ സഹായിക്കാൻ കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നു
ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2024
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ, രക്ഷാപ്രവർത്തകർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് അവശ്യം വേണ്ട ആശയവിനിമയം നടത്താൻ ടെലികോം കണക്ടിവിറ്റി പുനഃസ്ഥാപിക്കാനും വർധിപ്പിക്കാനും ഉള്ള നടപടികൾ ടെലികോം സേവന ദാതാക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരുന്നു. ബിഎസ്എൻഎൽ , എയർടെൽ, റിലയൻസ് ജിയോ , വി എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം സേവന ദാതാക്കൾ വയനാട്ടിൽ തുടർച്ചയായ കവറേജ് നൽകുന്നതിനായി അവിടെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വയനാട്ടിലെ ദുരന്ത പ്രദേശത്തെ താമസക്കാരെ സഹായിക്കാൻ കൺട്രോൾ റൂമുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറക്കുകയും എമർജൻസി റെസ്‌പോൺസ് സംഘങ്ങളെ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
ദുരിതത്തിലായ ജനതയെ പിന്തുണയ്ക്കുന്നതിനും തുടർച്ചയായ കവറേജ് ഉറപ്പാക്കുന്നതിനുമായി ടെലികോം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ഇനിപ്പറയുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ടെലികോം ടെലസേവന ദാതാക്കൾ സ്വീകരിച്ച നടപടികൾ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ)
• വയനാട് ജില്ലയിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 4ജി സേവനം ലഭ്യമാക്കി. വൈദ്യുതി ഇല്ലാത്ത സമയത്തും ടവറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ ഡീസൽ എൻജിനുകൾ സജ്ജമാക്കിയിട്ടുണ്ട്.
• ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും കേരള ഗവൺമെന്റിന്റെ ആരോഗ്യ വകുപ്പിനായി ടോൾ ഫ്രീ നമ്പറുകളും നൽകിയിട്ടുണ്ട്.
റിലയൻസ് ജിയോ
• സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ഈ സമയത്ത് വിശ്വസനീയമായ കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യം തിരിച്ചറിഞ്ഞ്, ദുരന്ത ബാധിത പ്രദേശത്ത് കൂടുതൽ പിന്തുണ നൽകുന്നതിനായി ജിയോ അവിടെ രണ്ടാമത്തെ സമർപ്പിത ടവർ സ്ഥാപിച്ചു. നെറ്റ്‌വർക്ക് ശേഷിയിലും കവറേജിലുമുള്ള വർദ്ധന, ദുരിതമനുഭവിക്കുന്ന അവിടുത്തെ താമസക്കാരെയും രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും വളരെയധികം സഹായിക്കും.
• രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മികച്ച ഏകോപനം സുഗമമാക്കുന്നതിന് കൺട്രോൾ റൂമുകളെയും ദുരിതാശ്വാസ ക്യാമ്പുകളെയും ബന്ധപ്പെടുത്തുന്നതിനായി നെറ്റ്‌വർക്ക് കവറേജ് വിപുലീകരിക്കുന്നു.
എയർടെൽ
• പ്രീപെയ്ഡ് കാലയളവ് അവസാനിച്ചതും റീചാർജ് ചെയ്യാൻ കഴിയാത്തതുമായ ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും നൽകും. ഈ സംവിധാനത്തിന് 3 ദിവസത്തെ സാധുത ഉണ്ടായിരിക്കും.
• പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത മൊബൈൽ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർടെൽ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെയും ബിൽ പേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി.
• ദുരിതാശ്വാസ സാമഗ്രികളുമായി പ്രാദേശിക ഭരണകൂടത്തെ പിന്തുണയ്ക്കുന്നു - എയർടെൽ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. അവിടെ ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ ഏൽപ്പിക്കാം. അവിടെനിന്നും ഈ സാമഗ്രികൾ, വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചു നൽകുന്നതിനായി പ്രാദേശിക ഭരണകൂടത്തിന് കൈമാറും.
വോഡഫോൺ ഐഡിയ
• പ്രീപെയ്ഡ് ഉപഭോക്താവ്: ഏഴു ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈൽ ഡാറ്റ സൗജന്യം. ഈ അധിക ഡാറ്റ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് അവരെ പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താനും തടസ്സങ്ങളില്ലാതെ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും സഹായിക്കും.
• പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ ബിൽ പേയ്‌മെൻ്റിനുള്ള അവസാന തീയതി വോഡഫോൺ ഐഡിയ 10 ദിവസം കൂടി നീട്ടി. ദുരന്തത്തെ നേരിടുന്നവർക്ക് ആശ്വാസം നൽകുന്നതിന് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.
• ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി, കേരളത്തിലുടനീളമുള്ള വോഡഫോൺ ഐഡിയയുടെ എല്ലാ സ്റ്റോറുകളും ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പൊതുജനങ്ങൾക്ക് ഏത് വി സ്റ്റോറിലും അവശ്യവസ്തുക്കൾ സംഭാവന ചെയ്യാൻ കഴിയും.
• ഉരുൾപൊട്ടൽ ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ 17 സൈറ്റുകൾ ഉൾപ്പെടെ വയനാട് ജില്ലയിലെ വി-യുടെ 263 സൈറ്റുകളും പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
**************************************
(Release ID: 2040546)
Visitor Counter : 57