പ്രധാനമന്ത്രിയുടെ ഓഫീസ്
2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
Posted On:
05 JUL 2024 5:06PM by PIB Thiruvananthpuram
അവതാരക: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ഡോ. പി.ടി. ഉഷ. ഇന്ന്, പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളും നിങ്ങളുമായി സംവദിക്കാന്‍ എത്തിയിട്ടുണ്ട്. അവര്‍ താങ്കളില്‍ നിന്ന് മാര്‍ഗനിര്‍ദേശം പ്രതീക്ഷിക്കുന്നു, സര്‍. ഏകദേശം, 98 പേര്‍ അവരുടെ പരിശീലനം വിദേശത്തും രാജ്യത്തെ മറ്റ് കേന്ദ്രങ്ങളിലും നടക്കുന്നതിനാല്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്നു, സര്‍, വരും ദിവസങ്ങളില്‍ ഇവരെല്ലാവരും പാരീസിലേക്ക് പോകും. എല്ലാവരേയും നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ സാറിനോട് അഭ്യര്‍ത്ഥിക്കുന്നു. നന്ദി സര്‍!
പ്രധാനമന്ത്രി: നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം! ഒപ്പം ഓണ്‍ലൈനില്‍ പങ്കെടുക്കുന്നവര്‍ക്കും സ്വാഗതം. സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളുടെ സമയം അധികമെടുക്കില്ല, കാരണം നിങ്ങള്‍ ഇവിടെ നിന്നും പോകാനും വിജയിക്കാനുമുള്ള മാനസികാവസ്ഥയിലാണ്. നിങ്ങളുടെ വിജയത്തിന് ശേഷം നിങ്ങളെ തിരികെ സ്വാഗതം ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കായിക ലോകത്തെ താരങ്ങളെ കാണാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവരുടെ പ്രയത്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. നേരിട്ടുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് നേരിട്ടുള്ള ഇടപെടലാണ് ഞാന്‍ ലക്ഷ്യമിടുന്നത്.
സ്പോര്‍ട്സിന് വിദ്യാര്‍ത്ഥികളുടേതിന് സമാനമായ സ്വഭാവമുണ്ട്. ഒരു വിദ്യാര്‍ത്ഥി പരീക്ഷയെഴുതാന്‍ പോകുമ്പോള്‍, അയാള്‍ക്ക് നല്ല റാങ്ക് ലഭിക്കുമെന്നും വിഷമിക്കേണ്ടെന്നും വീട്ടുകാരെ മുഴുവന്‍ ആശ്വസിപ്പിക്കുന്നു. പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍, താന്‍ മികച്ച പ്രകടനം കാഴ്ചവച്ചുവോ ഇല്ലയോ എന്ന് അവനറിയാം. അയാള്‍ക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അവന്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍, ഫാനിന്റെ ശബ്ദം ഉച്ചത്തിലായിരുന്നു, ജനല്‍ തുറന്നിരുന്നതിനാല്‍ തനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല, ടീച്ചര്‍ അവനെ നോക്കിക്കൊണ്ടിരുന്നു തുടങ്ങിയ ന്യായങ്ങള്‍ പറയാന്‍ തുടങ്ങുന്നു. എപ്പോഴും പല ഒഴികഴിവുകളും പറഞ്ഞ് സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്ന ഇത്തരം വിദ്യാര്‍ത്ഥികളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത്തരം ആളുകള്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലും പുരോഗതി പ്രാപിക്കില്ല, ഒഴികഴിവുകള്‍ പറയുന്നതില്‍ യജമാനന്മാരായി മാറുന്നു, ഇത്തരക്കാര്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയില്ല.
എന്നാല്‍ ഞാന്‍ നിരവധി കളിക്കാരെ കണ്ടിട്ടുണ്ട്, സാഹചര്യങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താത്ത ചില കളിക്കാരെ എനിക്കറിയാം. അവര്‍ എപ്പോഴും പറയും, 'എനിക്ക് ആ വിദ്യ പുതിയതായിരുന്നു' അല്ലെങ്കില്‍ 'എന്റെ എതിരാളിയുടെ സമീപനം ഞാന്‍ മുന്‍കൂട്ടി കണ്ടില്ല. അതും ഒരു നല്ല സമീപനമായിരിക്കും.'
സുഹൃത്തുക്കളേ എനിക്ക് പറയാനുള്ളത്, ഞങ്ങളുടെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഞങ്ങള്‍ കളിക്കാന്‍ പോകുന്നു എന്നതാണ്. എന്നിരുന്നാലും, ഒളിമ്പിക്സ് പഠനത്തിനുള്ള മികച്ച വേദി കൂടിയാണ്. ചിലര്‍ അവരുടെ ഗെയിം കളിക്കുകയും അവരുടെ ദിവസം എങ്ങനെയായിരുന്നുവെന്ന് ടെലിഫോണില്‍ എല്ലാവരേയും അറിയിക്കുകയും ചെയ്യുന്നു, മറ്റ് ചിലര്‍ എല്ലാ ഗെയിമുകളും കാണുന്നു. നമ്മുടെ രാജ്യം എങ്ങനെ കളിക്കുന്നുവെന്നും വിവിധ രാജ്യങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നും അവര്‍ നിരീക്ഷിക്കുകയും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ശ്രമിക്കുന്നു. അവസാന നിമിഷത്തില്‍ ഒരു പ്രത്യേക കളിക്കാരന്‍ എങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് അവര്‍ അവരുടെ പരിശീലകരുമായി ഈ സ്ഥിതിവിവരക്കണക്കുകള്‍ പങ്കിടുന്നു. അവന്‍ തന്റെ പരിശീലകനോട് ആ സാങ്കേതികതയെക്കുറിച്ച് ചോദിക്കുകയും പുതിയ നീക്കങ്ങള്‍ പഠിക്കാന്‍ ആ മത്സരത്തിന്റെ വീഡിയോകള്‍ ഒന്നിലധികം തവണ അവലോകനം ചെയ്യുകയും ചെയ്യുന്നു.
പഠിക്കാനുള്ള മനസ്സുള്ളവര്‍ക്ക് പഠിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. പരാതികളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരാതികള്‍ക്കും കുറവില്ല. മികച്ച സൗകര്യങ്ങളുള്ള ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ പോലും പരാതിപ്പെട്ടേക്കാം. എന്നാല്‍ നമ്മളെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍, നിരവധി ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും നേരിടുന്നു, എല്ലാ പ്രയാസങ്ങളും മാറ്റിവച്ച് രാജ്യത്തിനും ദേശീയ പതാകയ്ക്കും വേണ്ടിയുള്ള തങ്ങളുടെ ദൗത്യത്തില്‍ ഹൃദയവും മനസ്സും കേന്ദ്രീകരിക്കുന്നു.
അതുകൊണ്ട് സുഹൃത്തുക്കളേ, ഇത്തവണയും കായികരംഗത്ത് നിങ്ങള്‍ ഭാരതത്തിന് അഭിമാനം കൊണ്ടു വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആദ്യമായി ആരൊക്കെയാണ് ഒളിമ്പിക്സിന് പോകുന്നത്? കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടെന്ന് തോന്നുന്നു. കൂടുതല്‍ ഗുസ്തിക്കാരും ഉണ്ടോ?
ആദ്യമായി വരുന്നവര്‍ എന്താണ് ചിന്തിക്കുന്നത്? നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ക്കും അക്കാര്യങ്ങള്‍ പങ്കുവെക്കാം. അതെ, ദയവായി. നിങ്ങള്‍ക്ക് എന്തെങ്കിലും പറയണമെന്നുണ്ട്, അല്ലേ? അതെ, ദയവായി പറയൂ.
കായികതാരം: ഞാന്‍ വളരെ സന്തോഷവതിയാണ്; ഞാന്‍ ആദ്യമായാണ് ഒളിമ്പിക്സിന് പോകുന്നത്.
പ്രധാനമന്ത്രി: ദയവായി സ്വയം പരിചയപ്പെടുത്തൂ.
കളിക്കാരന്‍: ഞാന്‍ രമിത ജിന്‍ഡാല്‍ ആണ്, ഞാന്‍ ആദ്യമായി എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഒളിമ്പിക്സിന് പോകുന്നു. ഞാന്‍ വളരെ ആവേശത്തിലാണ്, കാരണം ഒളിമ്പിക്സില്‍ പോവുക എന്നത് ഞാന്‍ സ്പോര്‍ട്സ് ആരംഭിച്ചത് മുതല്‍ എന്റെ സ്വപ്നമാണ്. അതിനാല്‍, അവിടെ രാജ്യത്തിന് എന്തെങ്കിലും നല്ലത് ചെയ്യാനുള്ള ആവേശവും പ്രചോദനവുമാണ് എനിക്കുള്ളത്.
പ്രധാനമന്ത്രി: നിങ്ങള്‍ എവിടെയാണ് പരിശീലനം നേടിയത്?
രമിതാ ജിന്‍ഡാല്‍: ഞാന്‍ ഹരിയാനയില്‍ നിന്നാണ്, പക്ഷേ ഞാന്‍ ചെന്നൈയിലാണ് പരിശീലനം നടത്തുന്നത്.
പ്രധാനമന്ത്രി: നിങ്ങളുടെ കുടുംബത്തില്‍ മറ്റാരെങ്കിലും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടിട്ടുണ്ടോ, അതോ നിങ്ങളാണോ ആദ്യത്തെയാള്‍?
രമിതാ ജിന്‍ഡാല്‍: ഇല്ല, ഞാനാണ് ആദ്യം.
പ്രധാനമന്ത്രി: അല്ലെങ്കില്‍, ഹരിയാനയില്‍, എല്ലാ വീട്ടിലും ഒരു കായികതാരത്തെ കാണാം. ഇരുന്നോളൂ. ആദ്യമായി പോകുന്നതിന്റെ അനുഭവം മറ്റാരാണ് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്? പെണ്‍കുട്ടികള്‍ക്ക് ഒരുപാട് പങ്കുവെക്കാനുണ്ടാകും. അതെ, മൈക്ക് കൊടുക്കൂ. അവര്‍ സംസാരിക്കട്ടെ.
കായികതാരം: സര്‍, എന്റെ പേര് റിതിക (സജ്ദെ), ഞാന്‍ ഹരിയാനയിലെ റോത്തക്കില്‍ നിന്നാണ്. എനിക്ക് വളരെ സന്തോഷമുണ്ട്; ഞാന്‍ ആദ്യമായാണ് പോകുന്നത്. നല്ല പ്രകടനം കാഴ്ചവെക്കാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. രാജ്യം മുഴുവന്‍ എന്നെ വീക്ഷിക്കുന്നുണ്ടാകും, എല്ലാവരും എനിക്കായി പ്രാര്‍ത്ഥിക്കുന്നുമുണ്ടാകും, എന്റെ 100 ശതമാനവും ഞാന്‍ നല്‍കും.
പ്രധാനമന്ത്രി: നന്നായി! ദയവായി മുന്നോട്ട് പോകൂ, നിങ്ങള്‍ മടിക്കുന്നതായി തോന്നുന്നു, എന്നാല്‍ നിങ്ങള്‍ക്ക് സംസാരിക്കാനുണ്ടെന്ന് നിങ്ങളുടെ ശരീരഭാഷ പറയുന്നു.
കായികതാരം: എന്റെ പേര് ആന്റിം പംഗല്‍. 53 കിലോഗ്രാം വിഭാഗം ഗുസ്തി മത്സരത്തിലാണ് ഞാന്‍ പങ്കെടുക്കുന്നത്. എനിക്ക് 19 വയസ്സായി, ഞാന്‍ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നു. ഞാന്‍ വളരെ സന്തോഷവതിയാണ്, കാരണം ഗുസ്തിയില്‍ ഇതുവരെ ഒരു പെണ്‍കുട്ടിയില്‍ നിന്ന് ഒരു മെഡല്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അതും ഒരു വെങ്കലം. ഇതിലും മികച്ച ഒരു മെഡല്‍ തിരികെ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി: കൊള്ളാം! നിങ്ങളില്‍ ആരാണ് 18 വയസ്സിന് താഴെയുള്ളത്? 18 വയസ്സിന് താഴെയുള്ള ആരെങ്കിലും? അതെ, നിങ്ങളെക്കുറിച്ച് ഞങ്ങളോട് പറയുക.
കളിക്കാരന്‍: ഹായ്, ഞാന്‍ ധിനിധി ദേശിംഗു. എനിക്ക് 14 വയസ്സായി. ഞാന്‍ കേരളത്തില്‍ നിന്നുള്ള ആളാണെങ്കിലും കര്‍ണാടകയെ പ്രതിനിധീകരിക്കുന്നു. ടീം ഇന്ത്യയുടെ ഭാഗമായി ഈ വര്‍ഷം ഒളിമ്പിക്സിന് പോകാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അത്തരമൊരു അത്ഭുതകരമായ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയും പദവിയുമാണ്. ഇത് എന്റെ യാത്രയുടെ തുടക്കം മാത്രമാണെന്ന് എനിക്കറിയാം, ഇവിടെയുള്ള നമുക്കെല്ലാവര്‍ക്കും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നാമെല്ലാവരും രാജ്യത്തെ അഭിമാനകരമാക്കുമെന്നും മികച്ച നേട്ടങ്ങളും ആജീവനാന്ത ലക്ഷ്യങ്ങളുമായി തിരിച്ചുവരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി: നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
ധിനിധി ദേശിങ്ങു: നന്ദി, സര്‍!
പ്രധാനമന്ത്രി: നിങ്ങളില്‍ ആരാണ് മൂന്ന് തവണയില്‍ കൂടുതല്‍ ഒളിമ്പിക്സില്‍ പങ്കെടുത്തത്? മൂന്ന് തവണയില്‍ കൂടുതല്‍! അവരില്‍ നിന്ന് കേള്‍ക്കാം. ശരി, മുന്നോട്ട് പോകൂ. ജാര്‍ഖണ്ഡില്‍ നിന്നുള്ള ആളുകള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ പ്രത്യേക അനുമതിയുണ്ട്.
കായികതാരം: നമസ്‌തേ, സര്‍. എന്റെ പേര് ദീപിക കുമാരി. ഞാന്‍ അമ്പെയ്ത്ത് പ്രതിനിധീകരിക്കുന്നു, ഇത് എന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. ഞാന്‍ വളരെ ആവേശഭരിതയാണ്, ധാരാളം അനുഭവങ്ങളുണ്ട്. ആ അനുഭവം ഉപയോഗിക്കാനും അതേ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രതിനിധീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ 200 ശതമാനം നല്‍കി. നന്ദി സര്‍.
പ്രധാനമന്ത്രി: ആദ്യമായി പോകുന്ന പുതിയ കായികതാരങ്ങള്‍ക്ക് എന്ത് സന്ദേശമാണ് താങ്കള്‍ക്കുള്ളത്? ആദ്യമായി പോകുന്ന കായികതാരങ്ങള്‍!
ദീപിക കുമാരി: സര്‍, വളരെ വലിയ ആവേശമാണ് ഉള്ളതെന്ന് ഞാന്‍ പറയും, പക്ഷേ ഗ്ലാമറില്‍ നഷ്ടപ്പെടരുതെന്ന് ഞാന്‍ അവരോട് പറയും. അവര്‍ കഴിയുന്നത്ര സ്വയം ശ്രദ്ധ കേന്ദ്രീകരിക്കണം, അനുഭവം ആസ്വദിക്കണം, എന്നാല്‍ പൂര്‍ണ്ണ ശ്രദ്ധയും ആത്മവിശ്വാസവും വേണം. മെഡലുകള്‍ക്കു പിന്നാലെ പോകരുതെന്നും മികച്ച പ്രകടനം നടത്തണമെന്നും ഞാന്‍ പറയും. അവര്‍ മികച്ച പ്രകടനം നടത്തിയാല്‍ മെഡലുകള്‍ പിന്നാലെ വരും.
പ്രധാനമന്ത്രി: നിങ്ങള്‍ മൂന്ന് തവണ ഒളിമ്പിക്സില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ആദ്യമായി പോയപ്പോള്‍, നിങ്ങള്‍ എന്തെങ്കിലും പഠിക്കുകയും പിന്നീട് അത് പരിശീലിക്കുകയും ചെയ്തിരിക്കണം. രണ്ടാം തവണ, നിങ്ങള്‍ മറ്റൊന്ന് പഠിച്ചു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും രാജ്യത്തിന് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് തോന്നുകയും ചെയ്യുന്ന പുതിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവെക്കാമോ? അതോ നിങ്ങള്‍ അതേ പതിവ് രീതികളില്‍ ഉറച്ചുനിന്നോ? എന്നെപ്പോലെ, യോഗ ചെയ്യുന്ന പലരും, ഓരോ തവണയും ഒരേ രീതിയില്‍ തുടങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ ബോധപൂര്‍വ്വം പുതിയ കാര്യങ്ങള്‍ പരീക്ഷിക്കും, ഞാന്‍ രണ്ട് യോഗ പോസുകള്‍ ഉപേക്ഷിച്ച് രണ്ട് പുതിയവ പരീക്ഷിക്കുന്നു. എല്ലാവരും ഒരു ശീലം സ്വായത്തമാക്കുകയും അത് അതേ രീതിയില്‍ തുടരുകയും ചെയ്യുന്നു. അവന്‍ അത് ചെയ്തുവെന്ന് അവന്‍ കരുതുന്നു. നിങ്ങളുടെ അവസ്ഥ എന്താണ്?
ദീപിക കുമാരി: സര്‍, ഞങ്ങള്‍ നല്ല ശീലങ്ങളുമായി തുടരുന്നു, ഒരു മത്സരം തോറ്റാല്‍ അതില്‍ നിന്ന് പഠിക്കുകയും ഞങ്ങളുടെ പരിശീലന സെഷനുകളില്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശീലിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, അങ്ങനെ നല്ല ശീലങ്ങള്‍ നമ്മുടെ ദിനചര്യയുടെ ഭാഗമാകുകയും അവ തുടരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി: ചിലപ്പോള്‍ ദുശ്ശീലങ്ങളും നമ്മുടെ ദിനചര്യയുടെ ഭാഗമാകും.
ദീപിക കുമാരി: സര്‍, അത് സംഭവിക്കുന്നു. പലപ്പോഴും, മോശം ശീലങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ നമ്മള്‍ സ്വയം സംസാരിക്കുകയും അവ എങ്ങനെ നല്ല ശീലങ്ങളാക്കി മാറ്റാമെന്ന് സ്വയം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി: ശരി! മൂന്ന് തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത മറ്റാരാണ്?
കായികതാരം: നമസ്‌തേ, സര്‍. ഞാന്‍ അത്ലറ്റിക്സില്‍ നിന്ന് പൂവമ്മ എം ആര്‍ ആണ്. 2008ല്‍ ഞാന്‍ ഒളിമ്പിക്സിന് പോകുമ്പോള്‍ എനിക്ക് 18 വയസ്സായിരുന്നു, സര്‍. 2016-ല്‍, ഞങ്ങള്‍ (4x400 മീറ്റര്‍ റിലേ ക്വാര്‍ട്ടറ്റുകള്‍) പരാജയപ്പെട്ടു. 2020ല്‍ ഞങ്ങള്‍ ഫൈനലില്‍ എത്തിയില്ല. ഇത്തവണ ദേശീയ റെക്കോഡ് സൃഷ്ടിച്ച് ഫൈനലില്‍ കടക്കണമെന്നാണ് ആഗ്രഹം.
പ്രധാനമന്ത്രി: ഇത് ആത്മവിശ്വാസമാണ് കാണിക്കുന്നത്. നന്ദി. എല്ലാവിധ ആശംസകളും നേരുന്നു. ഓണ്‍ലൈനില്‍ കണക്റ്റുചെയ്തവര്‍, നിങ്ങളുടെ അനുഭവം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് എല്ലാ കായികതാരങ്ങള്‍ക്കും ഉപകാരമായിരിക്കും. ആരാണ് പങ്കിടാന്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ കൈ ഉയര്‍ത്തി ആരംഭിക്കുക.
കായികതാരം: നമസ്‌തേ, സര്‍
പ്രധാനമന്ത്രി: നമസ്‌തേ.
കായികതാരം: ഞാന്‍ പി.വി. സിന്ധു. സര്‍, ഇത് എന്റെ മൂന്നാമത്തെ ഒളിമ്പിക്‌സാണ്. 2016ലെ ആദ്യ ഒളിമ്പിക്സില്‍ ഞാന്‍ ഒരു വെള്ളി മെഡല്‍ നേടി. 2020 ടോക്കിയോയില്‍ ഞാന്‍ ഒരു വെങ്കല മെഡല്‍ നാട്ടിലെത്തിച്ചു. ഇത്തവണ സ്വര്‍ണമെഡലുമായി തിരിച്ചുവരണമെന്നാണ് പ്രതീക്ഷ. സ്വാഭാവികമായും, ഞാന്‍ ഒരുപാട് അനുഭവസമ്പത്തുമായാണ് പോകുന്നത്, പക്ഷേ അത് എളുപ്പമായിരിക്കില്ല. സാര്‍, ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി: പുതിയ കായികതാരങ്ങളോട് എന്താണ് പറയാനുള്ളത്?
പി.വി. സിന്ധു: ഒന്നാമതായി, അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഒളിമ്പിക്സ് വളരെയധികം സമ്മര്‍ദ്ദവും ആവേശവും കൊണ്ടുവരുമെന്ന് പലരും കരുതുന്നു, പ്രത്യേകിച്ച് ആദ്യമായി അത് അനുഭവിക്കുന്നവര്‍ക്ക്. എന്നാല്‍ മറ്റേതൊരു ടൂര്‍ണമെന്റും പോലെയാണ് ഇതെന്നും എനിക്ക് പറയാന്‍ ആഗ്രഹമുണ്ട്. നമുക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് സ്വയം വിശ്വസിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു, അതിനാല്‍ അവര്‍ അവരുടെ 100 ശതമാനം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു വ്യത്യസ്ത ടൂര്‍ണമെന്റായി അല്ലെങ്കില്‍ അത് ബുദ്ധിമുട്ടാകുമെന്ന് കരുതരുത്. മറ്റേതൊരു ടൂര്‍ണമെന്റും പോലെയാണിത്. മികച്ച പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ 100 ശതമാനം നല്‍കുകയും ചെയ്യുക. നന്ദി സര്‍.
പ്രധാനമന്ത്രി: സംസാരിക്കാന്‍ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും ഉണ്ടോ?
കളിക്കാരന്‍: നമസ്‌തേ, സര്‍. ഞാന്‍ പ്രിയങ്ക ഗോസ്വാമി.
പ്രധാനമന്ത്രി: നമസ്‌തേ. നിങ്ങളുടെ ശ്രീകൃഷ്ണ വിഗ്രഹം എവിടെയാണ്?
പ്രിയങ്ക ഗോസ്വാമി: സര്‍, അവന്‍ എന്റെ കൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ട്.
പ്രധാനമന്ത്രി: നിങ്ങള്‍ വീണ്ടും ഒളിമ്പിക്‌സിലേക്ക് ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുപോകുകയാണോ?
പ്രിയങ്ക ഗോസ്വാമി: അതെ സര്‍, ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഒളിമ്പിക്സും ആയിരിക്കും. ഒന്നാമതായി, മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് അഭിനന്ദനങ്ങള്‍ സര്‍. നിങ്ങളോട് വീണ്ടും സംസാരിക്കുന്നതില്‍ അത്‌ലറ്റുകള്‍ക്ക് സന്തോഷമുണ്ട്. സര്‍, ഇത് എന്റെ രണ്ടാമത്തെ ഒളിമ്പിക്സാണ്, സര്‍ക്കാരിന്റെ പിന്തുണയില്‍ മൂന്ന് മാസമായി ഓസ്ട്രേലിയയില്‍ ഞാന്‍ പരിശീലനം നടത്തുന്നു, ഇപ്പോള്‍ ഞാന്‍ ടോപ്സ് സ്‌കീമിന് കീഴില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പരിശീലനത്തിലാണ്.വിദേശത്ത് പരിശീലനം കിട്ടുന്നതിന് ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധാരാളം പിന്തുണ ലഭിക്കുന്നു. എല്ലാ കളിക്കാരും ഒളിമ്പിക്സില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും കഴിയുന്നത്ര മെഡലുകള്‍ കൊണ്ടുവരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി: നിങ്ങളുടെ കായിക വിനോദങ്ങള്‍ ആരും കാണുന്നില്ലെന്ന് നിങ്ങള്‍ പരാതിപ്പെടാറുണ്ടായിരുന്നു. വിദേശ പരിശീലന സമയത്ത്, നിങ്ങള്‍ക്ക് കാണികള്‍ ഉണ്ടായിരുന്നോ?
പ്രിയങ്ക ഗോസ്വാമി: അതെ സര്‍. വിദേശങ്ങളില്‍, മറ്റ് കായിക ഇനങ്ങളെപ്പോലെ ഈ കായിക വിനോദത്തിനും പ്രാധാന്യം നല്‍കുന്നു. നാട്ടില്‍, ഇത് അല്‍പ്പം കുറവായിരുന്നു, എന്നാല്‍ എല്ലാ കായിക ഇനങ്ങളും കാണാനും എല്ലാ കായികതാരങ്ങളെയും കുറിച്ച് സംസാരിക്കാനും നിങ്ങള്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍, ഇപ്പോള്‍ നമ്മുടെ രാജ്യത്തും കൂടുതല്‍ ആളുകള്‍ ഈ കായിക വിനോദം കാണുന്നുണ്ട്. ആളുകള്‍ ഞങ്ങളുടെ ഇവന്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് മികച്ച പ്രകടനം നടത്താനുള്ള പ്രചോദനവും പിന്തുണയും ഇത് നല്‍കുന്നു. ഇത്തവണ എനിക്ക് നല്ല പ്രകടനം കാഴ്ചവെക്കണം.
പ്രധാനമന്ത്രി: ശരി, നിങ്ങള്‍ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍. മറ്റാരാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്?
കായികതാരം: നമസ്‌തേ, സര്‍. ഞാന്‍ നിഖത് സറീനാണ്, ഒളിമ്പിക്സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ബോക്സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇത് എന്റെ ആദ്യത്തെ ഒളിമ്പിക്‌സാണ്, ഞാന്‍ വളരെ ആവേശത്തിലാണ്. അതേ സമയം, ഞാന്‍ എന്നെത്തന്നെ കേന്ദ്രീകരിക്കുന്നു. രാജ്യം മുഴുവന്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നു, ആ പ്രതീക്ഷകള്‍ നിറവേറ്റാനും എന്റെ രാജ്യത്തിന് അഭിമാനം നല്‍കി മടങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി: നിങ്ങള്‍ക്ക് ആശംസകള്‍. നീരജ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
നീരജ് ചോപ്ര: നമസ്‌തേ, സര്‍!
പ്രധാനമന്ത്രി: നമസ്‌തേ, സഹോദരാ.
നീരജ് ചോപ്ര: എങ്ങനെയുണ്ട് സര്‍?
പ്രധാനമന്ത്രി: ഞാന്‍ അതു പോലെ തന്നെ. നിന്റെ ചുര്‍മ ഇതുവരെ വന്നിട്ടില്ല.
നീരജ് ചോപ്ര: സര്‍, ഇത്തവണ ഞാന്‍ ചുര്‍മ കൊണ്ടുവരും. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നിന്ന് പഞ്ചസാര ഉള്ളതായിരുന്നുവെങ്കില്‍ ഇത്തവണ ഹരിയാനയില്‍ നിന്നുള്ള നെയ്യ് കൊണ്ടുള്ളതായിരിക്കും.
പ്രധാനമന്ത്രി: എനിക്കത് കഴിക്കണം. നിന്റെ അമ്മ തയ്യാറാക്കിയ ചുര്‍മ്മ എനിക്ക് കഴിക്കണം.
നീരജ് ചോപ്ര: തീര്‍ച്ചയായും, സര്‍.
പ്രധാനമന്ത്രി: ദയവായി മുന്നോട്ട് പോകൂ.
നീരജ് ചോപ്ര: സര്‍, ഞങ്ങള്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണ്, പരിശീലനം വളരെ നന്നായി നടക്കുന്നു. ആവര്‍ത്തിച്ചുള്ള പരുക്ക് കാരണം ഇത്തവണ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ അത് വളരെ മികച്ചതാണ്. അടുത്തിടെ, ഞാന്‍ ഫിന്‍ലന്‍ഡില്‍ മത്സരിച്ചു, അത് നന്നായി പോയി. ഞങ്ങള്‍ക്ക് ഒളിമ്പിക്സിന് ഒരു മാസമുണ്ട്, പരിശീലനം മികച്ചതാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ ഈ അവസരം ലഭിക്കുന്നതിനാല്‍ പാരീസിനായി പൂര്‍ണ്ണമായി ഫിറ്റാകാനും 100 ശതമാനം നമ്മുടെ രാജ്യത്തിനായി നല്‍കാനും ഞങ്ങള്‍ ശ്രമിക്കുന്നു. എല്ലാ അത്ലറ്റുകളോടും അവരുടെ ഏറ്റവും മികച്ചത് നല്‍കാന്‍ സഹായിക്കുന്നതെന്താണെന്ന് കണ്ടെത്താന്‍ അവര്‍ സ്വയം ആഴത്തില്‍ ചിന്തിക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആദ്യ ഒളിമ്പിക്സ് ടോക്കിയോയിലായിരുന്നു, രാജ്യത്തിനായി സ്വര്‍ണം നേടിയ മികച്ച മത്സരഫലമായിരുന്നു അത്. ഞാന്‍ നിര്‍ഭയമായി കളിച്ചതിനാലും മികച്ച പരിശീലനം കാരണം എന്നില്‍ മികച്ച ആത്മവിശ്വാസം ഉള്ളതിനാലുമാണ് അത് നേടാനായത് എന്നാണ് എന്റെ വിശ്വാസം. എല്ലാ അത്ലറ്റുകളോടും ഭയമില്ലാതെ ഒരേ രീതിയില്‍ കളിക്കാന്‍ ഞാന്‍ പറയും, കാരണം മത്സരിക്കുന്നവരും മനുഷ്യരാണ്. യുഎസില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉള്ള യൂറോപ്യന്മാരോ അത്ലറ്റുകളോ കൂടുതല്‍ ശക്തരാണെന്ന് ചിലപ്പോള്‍ ഞങ്ങള്‍ കരുതുന്നു, നാം നമ്മുടെ വീടുകളില്‍ നിന്ന് വളരെ അകലത്താണ് എന്നാല്‍ നമ്മുടെ കഠിനാധ്വാനം തിരിച്ചറിഞ്ഞാല്‍, എന്തും സാധ്യമാകും.
പ്രധാനമന്ത്രി: നിങ്ങള്‍ എല്ലാവര്‍ക്കും മികച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു, നിങ്ങള്‍ക്ക് നല്ല ആരോഗ്യം നേരുന്നു. അടുത്ത മാസം പുതിയ പരിക്കുകളൊന്നുമില്ലാതിരിക്കട്ടെ, സഹോദരാ.
നീരജ് ചോപ്ര: തീര്‍ച്ചയായും, സര്‍. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി: സുഹൃത്തുക്കെളേ, നോക്കൂ, നമ്മുടെ ചര്‍ച്ചയില്‍ നിന്ന് ചില പ്രധാന കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിചയസമ്പന്നരായ ആളുകളെ കേള്‍ക്കുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ട്. നേരത്തെ പറഞ്ഞപോലെ അവിടെ നടക്കുന്ന പരിപാടിയുടെ ഗ്ലാമറിലും അലച്ചിലിലും തളരരുത്. അത് വളരെ ശരിയാണ്. അല്ലെങ്കില്‍, അത് നമ്മുടെ ശ്രദ്ധയെ ബാധിച്ചേക്കാം. രണ്ടാമതായി, ദൈവം നമുക്ക് ഒരു നിശ്ചിത ഉയരം നല്‍കിയിട്ടുണ്ട്, പലപ്പോഴും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് ഉയരമോ വലിപ്പമുള്ളവരോ ആയി തോന്നാം. എന്നാല്‍ ഓര്‍ക്കുക, ഇത് ശാരീരിക വലുപ്പത്തിലുള്ള ഗെയിമല്ല. ഇത് വൈദഗ്ധ്യത്തിന്റെയും കഴിവിന്റെയും കളിയാണ്. മത്സരാര്‍ത്ഥികളുടെ ശാരീരിക രൂപം കണ്ട് പേടിക്കരുത്. സ്വന്തം കഴിവില്‍ ആത്മവിശ്വാസമുണ്ടായിരിക്കണം. എതിരാളി എത്ര കേമനായാലും, സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. കഴിവും പ്രാഗത്ഭ്യവുമാണ് ഫലം കൊണ്ടുവരുന്നത്. പലര്‍ക്കും പലതും അറിയാമെങ്കിലും പരീക്ഷാ വേളയില്‍ പതറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഇത് പലപ്പോഴും സംഭവിക്കുന്നത് അവരുടെ ശ്രദ്ധ വികേന്ദ്രീകരിക്കുന്നതിനാലാണ്. ഫലത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കാകുലരാണ്, അവര്‍ നന്നായി ചെയ്തില്ലെങ്കില്‍ അവരുടെ കുടുംബം എന്ത് പറയും? എനിക്ക് നല്ല സ്‌കോറുകള്‍ ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ എന്ത് പറയും? മാര്‍ക്കിനെക്കുറിച്ച് ചിന്തിച്ച് അയാള്‍ സമ്മര്‍ദ്ദത്തിലാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക. നിങ്ങള്‍ മെഡല്‍ നേടിയാലും ഇല്ലെങ്കിലും, ആ സമ്മര്‍ദ്ദം നിങ്ങളിലേക്ക് വരാന്‍ അനുവദിക്കരുത്. ഒരു വിട്ടുവീഴ്ചയും കൂടാതെ നിങ്ങളുടെ 100% കൊടുക്കുക എന്നതായിരിക്കണം നിങ്ങളുടെ മനോഭാവം.
മറ്റൊരു പ്രധാന വശം ഉറക്കത്തിന്റെ പ്രാധാന്യമാണ്. നിങ്ങളുടെ പരിശീലകരും ഫിസിയോളജിസ്റ്റുകളും ഇത് ഊന്നിപ്പറഞ്ഞിരിക്കണം. സ്‌പോര്‍ട്‌സില്‍, പരിശീലനവും സ്ഥിരതയും എത്രത്തോളം പ്രധാനമാണോ, അതുപോലെ തന്നെ ശരിയായ ഉറക്കവും പ്രധാനമാണ്. ചിലപ്പോള്‍, ഒരു മത്സരത്തിന്റെ തലേദിവസം, ആവേശം കാരണം നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കാം. ഉറക്കക്കുറവ് മറ്റെന്തിനേക്കാളും നിങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും. നിങ്ങള്‍ ചിന്തിച്ചേക്കാം, ഇതെന്തൊരു പ്രധാനമന്ത്രിയാണ് നമ്മളോട് നന്നായി ഉറങ്ങാന്‍ പറയുന്നത്? എന്നാല്‍ നല്ല ഉറക്കം അത്‌ലറ്റുകള്‍ക്കും എല്ലാവര്‍ക്കും നിര്‍ണായകമാണെന്ന് ഞാന്‍ നിര്‍ബന്ധിക്കുന്നു. ആധുനിക വൈദ്യശാസ്ത്രവും ഉറക്കത്തിന്റെ ഗുണനിലവാരത്തിന്റെയും ദൈര്‍ഘ്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. അതിനാല്‍, നിങ്ങള്‍ എത്ര ആവേശഭരിതനാണെങ്കിലും, ശരിയായ ഉറക്കം ഉറപ്പാക്കുക. നിങ്ങള്‍ എല്ലാവരും വളരെ കഠിനാധ്വാനം ചെയ്യുന്നു, അതിനാല്‍ സ്വാഭാവികമായും, ശാരീരിക ക്ഷീണം കാരണം നിങ്ങള്‍ ഗാഢനിദ്രയിലേക്ക് വീഴുന്നു. എന്നാല്‍ ശാരീരിക ക്ഷീണം മൂലമുണ്ടാകുന്ന ഉറക്കവും ആശങ്കകളില്ലാത്ത ഉറക്കവും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍, ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതുകൊണ്ടാണ് മത്സരിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സുഖമായിരിക്കാനും സമയ വ്യത്യാസം ക്രമീകരിക്കാനും കഴിയുന്ന തരത്തില്‍ പൊരുത്തപ്പെടാനും ജെറ്റ് ലാഗിന്റെ പ്രശ്‌നം ഒഴിവാക്കാനും ഞങ്ങള്‍ നിങ്ങളെ നേരത്തെ അയയ്ക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ നിങ്ങള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. ഇത്തവണയും നിങ്ങളുടെ സൗകര്യം ഉറപ്പാക്കാന്‍ ഞങ്ങള്‍ പുതിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാം സുഖകരമാണോ അല്ലയോ എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല, പക്ഷേ ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. നിങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെയും ഉള്‍പ്പെടുത്തുകയാണ്. ചില അച്ചടക്കങ്ങള്‍ കാരണം അവര്‍ക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞേക്കില്ല, പക്ഷേ നിങ്ങളെ പരിപാലിക്കാനും പിന്തുണയ്ക്കാനും അവര്‍ ഒപ്പമുണ്ടാകും. ഇവന്റുകള്‍ അവസാനിച്ച കളിക്കാരെ അവര്‍ പൂര്‍ണ്ണമായും പരിപാലിക്കുന്നു. നിങ്ങള്‍ സുഖകരമാണെന്നും അസൗകര്യങ്ങളൊന്നും നേരിടുന്നില്ലെന്നും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നു.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഓഗസ്റ്റ് 11-ന് ഗെയിമുകള്‍ അവസാനിക്കുമ്പോള്‍ നിങ്ങളെ വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തെ പുറപ്പെടും. എങ്കിലും ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിങ്ങള്‍ക്കും ചേരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. ഒളിമ്പിക്സില്‍ കളിക്കാന്‍ പോയ നിങ്ങളെ രാജ്യം മുഴുവന്‍ വീക്ഷിക്കും. ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് അഭിമാനകരമായ നിമിഷമാണ്, നിങ്ങള്‍ വീട്ടിലേക്ക് ഒരു മെഡല്‍ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ അഭിമാനം നല്‍കുന്നു. ഖേലോ ഇന്ത്യ വഴി വന്നവരേ, നിങ്ങളില്‍ എത്ര പേരുണ്ട്? വളരെ കുറച്ച്, ഞാന്‍ കാണുന്നു. നിങ്ങളുടെ കായികവിനോദത്തെക്കുറിച്ചും നിങ്ങളുടെ അനുഭവത്തെക്കുറിച്ചും ഞങ്ങളോട് പറയുക.
കായികതാരം: സര്‍, എന്റെ പേര് അര്‍ജുന്‍. ഞാന്‍ ഖേലോ ഇന്ത്യ സംരംഭത്തിലൂടെയാണ് വന്നത്, ഞാന്‍ ബാഡ്മിന്റണ്‍ കളിക്കുന്നു. എന്നെപ്പോലുള്ള യുവ കായികതാരങ്ങള്‍ക്ക് വിഭവങ്ങളും പരിശീലന സൗകര്യങ്ങളും നല്‍കിക്കൊണ്ട് ഈ സംരംഭം മികച്ച പിന്തുണയാണ് നല്‍കുന്നത്.
പ്രധാനമന്ത്രി: അത് അത്ഭുതകരമാണ്, അര്‍ജുന്‍. ഖേലോ ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സിലേക്കുള്ള നിങ്ങളുടെ യാത്ര പ്രചോദനകരമാണ്. കഠിനാധ്വാനം തുടരുക, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുക.
കായികതാരം: ഹലോ സര്‍, ഞാന്‍ സിഫ്റ്റ് ആണ്, ഞാന്‍ ഷൂട്ടിങ്ങിലാണ്. ഖേലോ ഇന്ത്യ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം ഡല്‍ഹിയില്‍ പരിശീലനത്തിന് ശേഷം ആ സ്‌കീമില്‍ ചേര്‍ന്നതിന് ശേഷം ഞാന്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണം ഖേലോ ഇന്ത്യയാണ്.
പ്രധാനമന്ത്രി: കൊള്ളാം, ഇതൊരു മികച്ച തുടക്കമാണ്.
സിഫ്റ്റ്: അതെ സര്‍.
പ്രധാനമന്ത്രി: പിന്നെ നിങ്ങള്‍?
കായികതാരം: നമസ്‌തേ സര്‍, എന്റെ പേര് മനു ഭേക്കര്‍. ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 2018-ല്‍, ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന്റെ ആദ്യ പതിപ്പില്‍, ഞാന്‍ ദേശീയ റെക്കോര്‍ഡോടെ ഒരു സ്വര്‍ണ്ണ മെഡല്‍ നേടി. അവിടെ നിന്ന് ഞാന്‍ TOPS (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) ന്റെ കോര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. അന്നുമുതല്‍ എന്റെ ലക്ഷ്യം ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇന്ത്യക്കായി കളിക്കുക എന്നതായിരുന്നു. നിരവധി പേര്‍ക്ക് വഴികാട്ടുന്ന ഒരു വേദിയാണ് ഖേലോ ഇന്ത്യ നല്‍കിയത്. ഖേലോ ഇന്ത്യയില്‍ നിന്നുള്ള നിരവധി അത്ലറ്റുകള്‍ ഇപ്പോള്‍ എന്റെ ടീമില്‍ ഞാന്‍ കാണുന്നു, ഖേലോ ഇന്ത്യയില്‍ നിന്ന് വന്ന ജൂനിയര്‍മാര്‍ പോലും എന്നോടൊപ്പം കളിക്കുന്നുണ്ട്. 2018 മുതല്‍ TOPS-ല്‍ നിന്ന് പിന്തുണയ്ക്കപ്പെടുന്നത് ഒരു വലിയ ചുവടുവയ്പ്പായിരുന്നു, അവരുടെ പിന്തുണയ്ക്ക് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. കായികതാരങ്ങള്‍ നേരിടുന്ന ചെറിയ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുന്നു എന്റെ യാത്രയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ നില്‍ക്കാനായതില്‍ ഖേലോ ഇന്ത്യയ്ക്കും ടോപ്‌സിനും നന്ദി. നന്ദി സര്‍.
പ്രധാനമന്ത്രി: കൊള്ളാം, നിങ്ങള്‍ക്ക് ആശംസകള്‍. എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും ഉണ്ടോ? ദയവായി പങ്കുവയ്ക്കുക.
കായികതാരം: നമസ്‌കാര്‍, സര്‍! ഞാന്‍ ഹോക്കി ടീമില്‍ നിന്നുള്ള ഹര്‍മന്‍പ്രീത് സിംഗ് ആണ്. 41 വര്‍ഷത്തിന് ശേഷം കഴിഞ്ഞ തവണ ഒളിമ്പിക്സില്‍ വെങ്കലം നേടിയിരുന്നു. ഹോക്കിയുടെ സമ്പന്നമായ ചരിത്രം കാരണം അത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമായിരുന്നു. ഞങ്ങള്‍ ഇത്തവണ ശക്തമായ ശ്രമം നടത്തുകയാണ്, സൗകര്യങ്ങളെ കുറിച്ച് ഞാന്‍ പറയട്ടെ.
പ്രധാനമന്ത്രി: എല്ലാവരും നിങ്ങളുടെ ടീമിനെ നിരീക്ഷിക്കുന്നുണ്ട്.
ഹര്‍മന്‍പ്രീത് സിംഗ്: സൗകര്യങ്ങളെ സംബന്ധിച്ച്, ഞങ്ങള്‍ താമസിക്കുന്നത് SAI ബംഗ്ലാവിലാണ്, അവിടെ ഞങ്ങള്‍ക്ക് ചില മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നു. വീണ്ടെടുക്കലും ഉറക്കവും സംബന്ധിച്ച് അങ്ങ് പരാമര്‍ശിച്ചതു പോലെ, ഞങ്ങള്‍ക്ക് അവിടെ മികച്ച ഭക്ഷണവും വീണ്ടെടുക്കല്‍ വിഭവങ്ങളും ലഭിക്കുന്നു. ഈ സമയം ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു, ഞങ്ങളുടെ ടീം ശക്തമാണ്. ഇനിയും മികച്ച പ്രകടനം കാഴ്ച്ചവെച്ച് രാജ്യത്തിനായി മെഡല്‍ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു സര്‍.
പ്രധാനമന്ത്രി: ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്ന കായിക ഇനമാണ് ഹോക്കി, കാരണം ഇത് ഞങ്ങളുടെ ഗെയിമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു, ഈ കായികരംഗത്ത് എങ്ങനെ പിന്നിലായി. ഹോക്കി കളിക്കാര്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നു, കാരണം ഇത് ഞങ്ങളുടെ ഗെയിമാണെന്ന് ഓരോ കുട്ടിയും വിശ്വസിക്കുന്നു, ഞങ്ങള്‍ക്ക് തോല്‍ക്കാന്‍ കഴിയില്ല. മറ്റ് കായിക ഇനങ്ങളില്‍, നമ്മുടെ അത്ലറ്റുകള്‍ ശ്രമിച്ചുവെന്ന് ആളുകള്‍ പറഞ്ഞേക്കാം, പക്ഷേ ഹോക്കിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അതിനാല്‍, നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. എന്റെ ആശംസകള്‍ നിങ്ങളോടൊപ്പമുണ്ട്, നിങ്ങള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഹര്‍മന്‍പ്രീത് സിംഗ്: നന്ദി സര്‍.
പ്രധാനമന്ത്രി: രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണിതെന്ന് ഞാന്‍ പറയും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് നിങ്ങള്‍ ഈ സ്ഥാനത്ത് എത്തിയത്. ഇപ്പോള്‍, കളിക്കളത്തില്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കി രാജ്യത്തിന് തിരികെ നല്‍കാനുള്ള സമയമാണിത്. ഈ രംഗത്ത് തങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കുന്നവര്‍ രാജ്യത്തിന് മഹത്വം കൊണ്ടുവരുന്നു. ഞങ്ങളുടെ ടീം മുന്‍കാല റെക്കോര്‍ഡുകളെല്ലാം ഇത്തവണ തകര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2036-ല്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. ഇത് ഞങ്ങള്‍ക്ക് ഒരു വലിയ അന്തരീക്ഷം സൃഷ്ടിക്കുന്നു, ഞങ്ങള്‍ ആ ദിശയില്‍ ശ്രമങ്ങള്‍ നടത്തുന്നു, ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തയ്യാറെടുപ്പുകളിലെ പുരോഗതി മന്ദഗതിയിലായിരിക്കാം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണ ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലായാണ് ഒളിമ്പിക്സ് നടക്കുന്നത്, ദൂരെയുള്ള ഒരു ദ്വീപിലാണ് പരിപാടികളിലൊന്ന്. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഒളിമ്പിക്സ് സമയത്ത് ഫ്രാന്‍സിലെ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുകയും എന്തെങ്കിലും വിടവുകളും മെച്ചപ്പെടുത്തലുകളും അവ കുറിച്ചു വെക്കുകയും ചെയ്യുക. കളിക്കാരില്‍ നിന്നുള്ള ഏതൊരു ഇന്‍പുട്ടും 2036-ന്റെ തയ്യാറെടുപ്പില്‍ ഞങ്ങളെ വളരെയധികം സഹായിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. നന്ദി.
-NS-
(Release ID: 2034073)
Visitor Counter : 176
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada