തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇ പി എഫ് ഓ യിൽ 2024 ഏപ്രിൽ മാസത്തിൽ 18.92 ലക്ഷം നെറ്റ് അംഗങ്ങളെ ചേർത്തു

Posted On: 20 JUN 2024 2:41PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 20 ജൂൺ 2024

2024 ഏപ്രിൽ മാസത്തിൽ ഇ പി എഫ് ഓ 18.92 ലക്ഷം നെറ്റ് അംഗങ്ങളെ ചേർത്തതായി 2024 ജൂൺ 20-ന് പുറത്തിറക്കിയ EPFO-യുടെ താൽക്കാലിക പേറോൾ ഡാറ്റ എടുത്തുകാണിക്കുന്നു. 2018 ഏപ്രിലിൽ ആദ്യ പേറോൾ ഡാറ്റ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഈ മാസത്തെ കൂട്ടിച്ചേർക്കൽ. മുൻ മാസത്തെ (2024 മാർച്ചിലെ) അപേക്ഷിച്ച് നിലവിലെ മാസത്തിൽ നെറ്റ് അംഗത്വ കൂട്ടിച്ചേർക്കലിൽ 31.29% വർദ്ധന രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ, 2023 ഏപ്രിലിലെ വാർഷിക കണക്ക് താരതമ്യപ്പെടുത്തുമ്പോൾ, കൂട്ടിച്ചേർത്ത അംഗങ്ങളുടെ മൊത്തം എണ്ണത്തിൽ 10% വർധന ഉണ്ടായതായി കാണാം. അംഗത്വത്തിലെ ഈ കുതിച്ചുചാട്ടത്തിന്, വർദ്ധിച്ച തൊഴിലവസരങ്ങൾ, ആനുകൂല്യങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ വർദ്ധിച്ചുവരുന്ന അവബോധം, ഇപിഎഫ്ഒയുടെ ബോധവത്കരണ പരിപാടികളുടെ ഫലപ്രാപ്തി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാരണമാകാം.  

2024 ഏപ്രിലിൽ ഏകദേശം 8.87 ലക്ഷം പുതിയ അംഗങ്ങൾ അംഗത്വം എടുത്തതായി ഡാറ്റ സൂചിപ്പിക്കുന്നു. ഈ കണക്കുകളിലെ ശ്രദ്ധേയമായ ഒരു വശം 18-25 വയസ്സിനിടയിലുള്ളവരുടെ എണ്ണത്തിലെ വർധനയാണ്. 2024 ഏപ്രിലിൽ ചേർത്ത മൊത്തം പുതിയ അംഗങ്ങളിൽ 55.50% ഈ വിഭാഗത്തിൽ ഉൾപ്പെടും. മുൻകാല പ്രവണത പോലെ, സംഘടിത തൊഴിൽ സേനയിൽ ചേരുന്ന മിക്ക വ്യക്തികളും യുവാക്കളാണ് എന്നും ആദ്യമായി ജോലി ലഭിച്ചവരാണെന്നും ഈ ശതമാന കണക്ക് സൂചിപ്പിക്കുന്നു .

പേറോൾ ഡാറ്റയുടെ ലിംഗാടിസ്ഥാനത്തിലുള്ള വിശകലനത്തിൽ 8.87 ലക്ഷം പുതിയ അംഗങ്ങളിൽ ഏകദേശം 2.49 ലക്ഷം പേർ സ്ത്രീ അംഗങ്ങളാണെന്ന് കാണാം. കൂടാതെ, ഈ മാസത്തെ നെറ്റ് സ്ത്രീ അംഗങ്ങളുടെ എണ്ണം ഏകദേശം 3.91 ലക്ഷം ആയിരുന്നു. ഇത് 2024 മാർച്ച് മാസത്തെ അപേക്ഷിച്ച് ഏകദേശം 35.06% വർദ്ധന കാണിക്കുന്നു.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന എന്നീ 5 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് മൊത്തം അംഗങ്ങളുടെ കൂട്ടിച്ചേർക്കലിന്റെ എണ്ണം ഏറ്റവും ഉയർന്നതെന്ന് പേറോൾ ഡാറ്റയുടെ സംസ്ഥാനതല വിശകലനം സൂചിപ്പിക്കുന്നു.

ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റ പരിഷ്കരിക്കുന്നത് തുടർച്ചയായ പ്രക്രിയ ആയതിനാൽ മുകളിലുള്ള പേറോൾ ഡാറ്റ താൽക്കാലികമാണ്
 

****************************



(Release ID: 2027069) Visitor Counter : 22