വ്യോമയാന മന്ത്രാലയം

വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 19 JUN 2024 8:00PM by PIB Thiruvananthpuram

 


വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, പുതിയ ടെര്‍മിനല്‍ കെട്ടിടം, ഏപ്രേണ്‍ എക്സ്റ്റന്‍ഷന്‍, റണ്‍വേ എക്സ്റ്റന്‍ഷന്‍, സമാന്തര ടാക്‌സി ട്രാക്ക് എന്നിവയുടെ നിര്‍മാണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട് വികസനത്തിനായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള ശേഷി നിലവിലുള്ള പ്രതിവര്‍ഷം 3.9 ദശലക്ഷമെന്ന തോതില്‍നിന്ന് 9.9 ദശലക്ഷത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ് 2869.65 കോടി രൂപയാണ്. 75,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗ് 6 എംപിപിഎ ശേഷിക്കും 5000 പീക്ക് അവര്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. നഗരത്തിന്റെ വിശാലമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഒരു നേര്‍ക്കാഴ്ച നല്‍കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

റണ്‍വേ 4075 മീറ്റര്‍ x 45 മീറ്ററിലേക്ക് നീട്ടുന്നതും 20 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്ന പുതിയ ഏപ്രണ്‍ നിര്‍മ്മിക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഊര്‍ജ്ജ ഒപ്റ്റിമൈസേഷന്‍, മാലിന്യ പുനരുപയോഗം, കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കല്‍, സൗരോര്‍ജ്ജ വിനിയോഗം, പ്രകൃതിദത്ത പകല്‍ വെളിച്ചം ഉപയോഗപ്പെടുത്തല്‍ എന്നിവയിലൂടെ പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് വാരണാസി വിമാനത്താവളം ഹരിത വിമാനത്താവളമായി വികസിപ്പിക്കുന്നത്. ആസൂത്രണത്തിലും വികസനത്തിലും നടത്തിപ്പിന്റെ ഘട്ടങ്ങളിലും മറ്റു സുസ്ഥിരതാ നടപടിക്രമങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

--NK--



(Release ID: 2026828) Visitor Counter : 17