ആയുഷ്‌

അന്താരാഷ്ട്ര യോഗ ദിനം 2024 ശ്രീനഗറില്‍ സംഘടിപ്പിക്കും

Posted On: 18 JUN 2024 2:49PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 18 ജൂൺ 2024

വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ ദ്വിമുഖ പങ്ക് എടുത്തുകാട്ടുന്നതാണ്  'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്ന ഈ വര്‍ഷത്തെ പ്രമേയമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപറാവു ജാദവ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ഗ്രാമ മുഖ്യന്മാര്‍ക്കും പ്രധാനമന്ത്രി  കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറിലായിരിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതിന് നേതൃത്വം നല്‍കും.

പത്താമതു അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് അനായാസം യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്ന ബ്രെയിൽ ലിപിയിലുള്ള പുസ്ത്കം 'കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ' ആയുഷ് മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് താത്പര്യത്തോടെയും ആനന്ദത്തോടെയും യോഗ പഠിക്കാനും പരിശീലിക്കാനും സഹായിക്കുന്ന, യോഗയെ കുറിച്ചുള്ള ചിത്രകഥ 'പ്രഫസര്‍ ആയുഷ്മാന്‍' അദ്ദേഹം പ്രകാശനം ചെയ്തു.

ഒരു പ്രത്യേക സംരംഭമെന്ന നിലയില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) അന്താരാഷ്ട്ര യോഗ ദിനം 2024നോടനുബന്ധിച്ച് 'യോഗ ബഹിരാകാശത്തിനായി' എന്ന പ്രത്യേക സംരംഭവും സംഘടിപ്പിക്കുന്നു. പൊതു യോഗ ചട്ടങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഐഎസ്ആര്‍ഓയിലെ എല്ലാ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഒരുമിച്ച് യോഗ ചെയ്യും. ഗഗന്‍യാന്‍ പദ്ധതിയില്‍ നിന്നുള്ള സംഘാംഗങ്ങള്‍ തദവസരത്തില്‍ യോഗാഭ്യാസത്തിലൂടെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള പ്രചാരണത്തില്‍  പങ്കാളികളാകും.
 
യോഗയുടെ മേഖലയില്‍ സാങ്കേതിക വിദ്യയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ     ഗവണ്‍മമെന്റിന്റെ MyGov പോര്‍ട്ടലിലും MyBharat പോര്‍ട്ടലിലും 'യോഗ ടെക് ചലഞ്ചും' സംഘടിപ്പിക്കുന്നുണ്ട്.  യോഗയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, സോഫ്റ്റ്വെയര്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ച  സ്റ്റാര്‍ട്ടപ്പുകളെ അല്ലെങ്കില്‍ വ്യക്തികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്, ആയുഷ് മന്ത്രാലയം നിരവധി മത്സരങ്ങളും പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒരു സംരംഭം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായി (ഐസിസിആര്‍) സഹകരിച്ച്  MyGov പോര്‍ട്ടലിലും MyBharat പോര്‍ട്ടലിലും നടത്തുന്ന 'യോഗ കുടുംബത്തോടൊപ്പം' എന്ന വീഡിയോ മത്സരമാണ്. ഈ മത്സരം ലോകമെമ്പാടുമുള്ള കുടുംബങ്ങളെ അന്താരാഷ്ട്ര യോഗ ദിനം 2024 ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും യോഗയുടെ സന്തോഷവും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയിതി ജൂണ്‍ 30, 2024 ആണ്.

ആരോഗ്യവും ഐക്യവും എന്ന യോഗയുടെ സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം #YogaWithFamily വീഡിയോ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കാനും അവസരമുണ്ട്.

 

ആഗോള ഉപയോഗത്തിന് നിരവധി ഹാഷ്ടാഗുകളും മന്ത്രാലയം സൃഷ്ടിച്ചിട്ടുണ്ട്:  #InternationalDayofYoga2024, #YogaForSelfAndSociety, #YogaWithFamily, and #IDY2024. ഈ ആഗോള സംരംഭത്തിൽ പങ്കാളിയാകുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾക്ക് ഈ ഹാഷ്ടാഗുകള്‍ ഉപയോഗിക്കാം


(Release ID: 2026227) Visitor Counter : 50