ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദുരന്ത നിവാരണ - ദുരിതാശ്വാസ കമ്മീഷണർമാർ/സെക്രട്ടറിമാര്‍,  സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, അഗ്നിരക്ഷാ സേന എന്നിവരുടെ ദ്വിദിന വാർഷിക സമ്മേളനം -2024 ന് സമാപനം  

Posted On: 12 JUN 2024 6:49PM by PIB Thiruvananthpuram

ദുരന്ത നിവാരണ - ദുരിതാശ്വാസ കമ്മീഷണർമാർ/സെക്രട്ടറിമാര്‍,  സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, അഗ്നിരക്ഷാ സേന എന്നിവരുടെ രണ്ടുദിവസത്തെ വാർഷിക സമ്മേളനം -2024 ന്യൂഡല്‍ഹിയില്‍ സമാപിച്ചു.    പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ.മിശ്ര സമാപന സമ്മേളനത്തില്‍ അധ്യക്ഷനായി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ. അജയ് കുമാർ ഭല്ലയും സമ്മേളനത്തില്‍ പങ്കെടുത്തു.


മറ്റുരാജ്യങ്ങള്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍  പ്രതികരിക്കാനും പിന്തുണയ്ക്കാനുമുള്ള കഴിവ് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.പി.കെ.മിശ്ര പറഞ്ഞു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ ഏകീകരണം (Coalition for Disaster Resilient Infrastructure - CDRI), ദുരന്ത-അപകട നിവാരണത്തിനായുള്ള പുതിയ G20 പ്രവര്‍ത്തക സമിതി തുടങ്ങിയ നമ്മുടെ അന്താരാഷ്ട്ര സഹകരണ ശ്രമങ്ങൾ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു. ആഗോളതലത്തില്‍ ദുരന്തനിവാരണരംഗത്തെ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാമെങ്കിലും സംതൃപ്തരായി തുടരാനാവില്ലെന്നും ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ആറ് മന്ത്രങ്ങൾ ഡോ.പി കെ മിശ്ര എടുത്തുപറഞ്ഞു.

ദുരന്ത നിവാരണം പ്രാദേശിക തലത്തില്‍ എത്തേണ്ടതുണ്ട്  -  ഓരോ നഗരത്തിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും കുടുംബ തലങ്ങള്‍ വരെയും  ദുരന്തങ്ങളെ നേരിടാനുള്ള അടിസ്ഥാന അവബോധവും ശേഷിയും വിഭവങ്ങളും ഉണ്ടായിരിക്കണം.

ആവർത്തിച്ചു വരുന്നതും കാലാനുസൃതവുമായ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദുരന്ത ലഘൂകരണ നടപടികളുടെ കലണ്ടർ തയ്യാറാക്കണം. അഴുക്കുചാലുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍ ഉള്‍പ്പെടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളും നഗരങ്ങളിലെ മികച്ച ഖരമാലിന്യ നിർമാർജനവും  നഗരകേന്ദ്രങ്ങളിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.

ദുരന്തനിവാരണത്തിൻ്റെ ശ്രദ്ധ ഇപ്പോൾ പ്രതികരണത്തിൽ നിന്ന് പ്രതിരോധത്തിലേക്ക് മാറുകയാണ്. ദുരന്ത ലഘൂകരണവും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി ഭാവി ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. ദുരന്ത ലഘൂകരണ ഫണ്ട് എന്ന നിലയില്‍  ഇന്ത്യയ്ക്ക് സ്ഥാപനപരമായ സംവിധാനമുണ്ട്. വികസിത് ഭാരതിൻ്റെ മിക്ക അടിസ്ഥാന സൗകര്യങ്ങളും ഇനിയും നിർമിക്കപ്പെടേണ്ടതുണ്ട്. അടുത്ത ഏതാനും വർഷങ്ങളിൽ അടിസ്ഥാന സൗകര്യങ്ങള്‍ വളരെയധികം വിപുലീകരിക്കപ്പെടും. എല്ലാ ഭാവി അടിസ്ഥാന സൗകര്യങ്ങളുടെയും പ്രാഥമിക രൂപരേഖാ ഘട്ടത്തിൽ തന്നെ  അവയുടെ വാസ്തുവിദ്യയിൽ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.

മുൻകൂർ മുന്നറിയിപ്പ് സംവിധാനം, പൊതു മുന്നറിയിപ്പ് ചട്ടങ്ങള്‍,  തടാകങ്ങളുടെ ക്രമാനുഗത സാറ്റലൈറ്റ് നിരീക്ഷണം, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമുള്ള അത്യാധുനിക ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യ, റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി, ബിഗ് ഡേറ്റ തുടങ്ങിയവയുടെ ഉപയോഗം പ്രയോജനപ്പെടുത്താൻ കഴിയണം. ഭാവിയിൽ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

സമ്പദ്‌വ്യവസ്ഥകളിലും സമൂഹത്തിലും ജനജീവിതത്തിലും വലിയ വിള്ളലേല്‍പ്പിക്കുന്ന കോവിഡ്-19 പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ക്കായി നാം തയ്യാറെടുക്കേണ്ടതുണ്ട്.    ഇത്തരം സാഹചര്യങ്ങളില്‍നിന്ന് നിന്ന് പഠിക്കുകയും ആ പാഠങ്ങള്‍ മറക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

ദുരന്തങ്ങൾ ഒരു ഏജൻസിക്കോ വകുപ്പിനോ മന്ത്രാലയത്തിനോ സ്വന്തമായി കൈകാര്യം ചെയ്യാനാവില്ല. അതിന്  സർക്കാറിന്റെയും  സമൂഹത്തിൻ്റെയും സമ്പൂര്‍ണമായ സമീപനം ആവശ്യമാണ്.  

ദ്വിദിന സമ്മേളനത്തിൽ ഇന്ന് സംസ്ഥാന ഗവൺമെൻ്റുകളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ,  കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍, സംസ്ഥാന ദുരന്ത പ്രതികരണ സേന, അഗ്നിരക്ഷാസേന എന്നിവിടങ്ങളില്‍നിന്നുമായി  300-ലധികം പ്രതിനിധികൾ പങ്കെടുത്തു.

രണ്ടുദിവസത്തെ സമ്മേളനത്തില്‍ മുൻകൂർ മുന്നറിയിപ്പ്, ദുരന്താനന്തര നാശനഷ്ടങ്ങളുടെ വിലയിരുത്തൽ, ദുരന്തനിവാരണ സേനയുടെ പങ്ക്, തീരദേശ ദുരന്തങ്ങള്‍, സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവയെക്കുറിച്ചുള്ള ഉപഗ്രഹാധിഷ്ഠിത മുൻകൂർ മുന്നറിയിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിച്ച വിവിധ സെഷനുകളില്‍‌ വിദഗ്ധർ ചർച്ചകള്‍ നയിച്ചു.

 
 SKY

(Release ID: 2024872) Visitor Counter : 109