ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
ശ്രീ മനോഹര്‍ ലാല്‍ ഭവന-നഗരകാര്യ മന്ത്രിയായി ചുമതലയേറ്റു
Posted On:
11 JUN 2024 6:35PM by PIB Thiruvananthpuram
കാബിനറ്റ് മന്ത്രിയായി ശ്രീ മനോഹര്‍ ലാലും സഹ മന്ത്രിയായി ശ്രീ തോഖന്‍ സാഹുവും ചുമതലയേറ്റതോടെ ഭവന-നഗരകാര്യ മന്ത്രാലയത്തിനു (MoHuA) പുതിയ ഭരണ നേതൃത്വം നിലവില്‍ വന്നു. സംയുക്ത അവലോകന യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന്റെ പ്രധാന ദൗത്യങ്ങള്‍ ഇരുവരെയും ധരിപ്പിച്ചു. ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ചുതമല കൂടി ഇതുവരെ നിര്‍വ്വഹിച്ചു വരികയായിരുന്ന പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരിയും തദവസരത്തില്‍ സന്നിഹിതനായിരുന്നു
. നഗരങ്ങള്‍ ശുചിത്വമുള്ളതും ഹരിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ശ്രീ മനോഹര്‍ ലാല്‍ എടുത്തു പറഞ്ഞു. നമ്മുടെ എല്ലാ നഗരങ്ങളെയും ' മാലിന്യ മുക്തം' ആക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മാലിന്യങ്ങളെ സമ്പത്താക്കി മാറ്റാനുള്ള സ്വച്ച് ഭാരത് മിഷന്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അമൃത് മിഷനു കീഴില്‍ 4900 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ (ULBs ) ജല സുരക്ഷിതത്വവും സാര്‍വത്രിക ശുദ്ധജല ലഭ്യതയും ഉറപ്പാക്കാനും 500 അമൃത് നഗരങ്ങളില്‍ മലിനജലവും കക്കൂസ് മാലിന്യവും കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കുന്ന അമൃത് മിഷന്റെ ലക്ഷ്യങ്ങളില്‍ അവലോകന യോഗത്തില്‍ മന്ത്രി മതിപ്പു രേഖപ്പെടുത്തി. നഗര ദാരിദ്ര്യത്തിന്റെ ഭിന്നതലങ്ങള്‍ പരിഹരിക്കുന്നതിനും വരുമാന സ്രോതസും ഉപജീവന മാര്‍ഗ്ഗവും മെച്ചപ്പെടുത്തുന്നതിനും പിഎം സ്വനിധി, ദീന്‍ ദയാല്‍ അന്ത്യോദയാ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (DAY –NULM) എന്നിവയുടെ പ്രയോജനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ദരിദ്രര്‍ക്കായി കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രീ മനോഹര്‍ ലാല്‍ ഊന്നിപ്പറഞ്ഞു.
അടച്ചുറപ്പുള്ള ഭവനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലക്ഷക്കണക്കിന് ആളുകളുടെ ഈ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് പ്രധാന മന്ത്രി ആവാസ് യോജന (PMAY ) പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പിഎംഎവൈ (അര്‍ബന്‍) പദ്ധതിക്ക് കീഴില്‍ ഒരു കോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വകുപ്പിന്റെ മുന്‍ഗണനാ വിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭവന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഫലപ്രദമായ സംസ്ഥാനതല അവലോകനങ്ങളും കാലാകാലങ്ങളില്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷം, രാജ്യത്തെ സുസ്ഥിര നഗരവികസനത്തിനായുള്ള തന്ത്രപരവും സമഗ്രവുമായ മാർഗ്ഗരേഖയെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും വികസിത് ഭാരത് കൈവരിക്കുന്നതിനുമുള്ള വികസന അജണ്ട വര്‍ദ്ധിത വീര്യത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
(Release ID: 2024517)
Visitor Counter : 55