ഗ്രാമീണ വികസന മന്ത്രാലയം

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു.

Posted On: 11 JUN 2024 5:36PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

 കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുത്തു.  പ്രധാനമന്ത്രി നരേന്ദ്രമോദി, ഗ്രാമവികസനത്തിന്   മുൻഗണന നൽകുന്നതായും ഈ ദിശയിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പോലുള്ള പദ്ധതികൾ രാജ്യത്തിൻ്റെ ഗ്രാമീണ മേഖലയെ മാറ്റിമറിച്ചതായി ശ്രീ ചൗഹാൻ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (എംജിഎൻആർഇജിഎസ്) കുറിച്ച് സംസാരിക്കവെ, ഇത് വലിയ രീതിയിൽ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണെന്നും, പദ്ധതിക്ക് കീഴിൽ ആസ്തികൾ സൃഷ്ടിക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി  ശ്രീ മോദിയുടെ നേതൃത്വത്തിൽ ഗ്രാമവികസനത്തിൽ വിപ്ലവകരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മൂന്ന് കോടി ലഖ്‌പതി ദിദികളെ ശാക്തീകരിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും ശ്രീ ചൗഹാൻ അഭിപ്രായപ്പെട്ടു . പദ്ധതി തൻ്റെ ഹൃദയത്തോട് വളരെ അടുത്തതാണെന്നും രാജ്യത്തെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ തൻ്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ ചൗഹാൻ പറഞ്ഞു. സ്ത്രീ ശാക്തീകരണം ഗവൺമെന്റിന്റെ ദൗത്യമാണെന്നും സ്വയം സഹായ സംഘങ്ങൾ അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തൻ്റെ മന്ത്രാലയം പ്രവർത്തിക്കുമെന്നും ഗ്രാമവികസന മന്ത്രി പറഞ്ഞു.  പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ മൂന്ന് കോടി വീടുകൾ കൂടി നിർമ്മിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനവും അദ്ദേഹം പരാമർശിച്ചു.


പിന്നീട്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന അദ്ദേഹം മന്ത്രാലയത്തിൻ്റെ പ്രവർത്തനത്തിൽ സുതാര്യതയുടെ ആവശ്യകത എടുത്തു പറഞ്ഞു. ഗ്രാമവികസനത്തിനായുള്ള ഗവൺമെന്റിന്റെ പ്രകടന പത്രിക  കൈമാറുകയും ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്രാമവികസന സഹമന്ത്രി ശ്രീ കമലേഷ് പാസ്വാനും ഇന്ന്  ചുമതല ഏറ്റെടുത്തു. വകുപ്പ് സെക്രട്ടറിമാരും മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിമാരെ സ്വാഗതം ചെയ്തു.

sky
 


(Release ID: 2024494) Visitor Counter : 29