തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങളിൽ കടുത്ത നിലപാടു സ്വീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ


കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി

വോട്ടെണ്ണലിനുശേഷവും ആന്ധ്രാപ്രദേശിലെ 25 CAPF കമ്പനികളെ നിലനിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു നിർദേശിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ

Posted On: 16 MAY 2024 8:49PM by PIB Thiruvananthpuram

വോട്ടെടുപ്പിനുശേഷം ആന്ധ്രപ്രദേശിൽ നടന്ന അക്രമങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ അതൃപ്തി അറിയിച്ചു. ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയും ഡിജിപിയുമായി നിർവാചൻ സദനിൽ ഇന്നു ചേർന്ന യോഗത്തിലാണ് സിഇസി ശ്രീ രാജീവ് കുമാർ, ഇസിമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിങ് സന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അതൃപ്തി അറിയിച്ചത്. അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കമ്മിഷൻ നിർദേശം നൽകി. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ്‌പിമാരെയും ചുമതലപ്പെടുത്താനും കമ്മീഷൻ നിർദേശിച്ചു.

കമ്മീഷൻ കേസുകൾ അവലോകനം ചെയ്യുകയും, നിയമപ്രകാരം, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിനുള്ളിൽ കുറ്റവാളികൾക്കെതിരെ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുന്നതിൽ ഉചിതമായ തീരുമാനം ഉറപ്പാക്കുന്നതിന് കർശനമായ മേൽനോട്ടത്തിനായി ചീഫ് സെക്രട്ടറി, DGP എന്നിവരോട് നിർദേശിക്കുകയും ചെയ്തു.

അക്രമസംഭവങ്ങൾ നടന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും മേൽനോട്ടക്കുറവും സംബന്ധിച്ചുള്ള തങ്ങളുടെ വിലയിരുത്തൽ ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കുവച്ചു. സംസ്ഥാന ഗവൺമെന്റിന്റെ ഇനിപ്പറയുന്ന നിർദേശങ്ങൾ കമ്മീഷൻ അംഗീകരിച്ചു:

പൽനാട് ജില്ലാ കലക്ടറെ സ്ഥലംമാറ്റുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്യുക.
പൽനാട്, അനന്തപുരമു ജില്ലകളിലെ എസ്‌പിമാരെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്യുക.
തിരുപ്പതി എസ്‌പിയെ സ്ഥലംമാറ്റുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്യുക.
ഈ മൂന്നു ജില്ലകളിലെ (പൽനാട്, അനന്തപുരമു, തിരുപ്പതി) പൊലീസ് വകുപ്പിലെ 12 കീഴുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്യുക.
പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിച്ച് ഓരോ കേസിലും രണ്ട് ദിവസത്തിനകം എടുത്ത നടപടിയുടെ റിപ്പോർട്ട് കമ്മീഷനു സമർപ്പിക്കും. കൂടുതൽ ഉചിതമായ ഐപിസി വകുപ്പുകളും പ്രസക്തമായ നിയമപരമായ വ്യവസ്ഥകളും ഉപയോഗിച്ച് എഫ്ഐആറുകൾ അപ്ഡേറ്റ് ചെയ്യും.
ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടാകാനിടയുള്ള അക്രമങ്ങൾ നിയന്ത്രിക്കാൻ 25 സിഎപിഎഫ് കമ്പനികളെ വോട്ടെണ്ണലിനുശേഷം 15 ദിവസത്തേക്കു നിലനിർത്തണമെന്നു സംസ്ഥാനം അഭ്യർഥിച്ചു.

 

ഫലപ്രഖ്യാപനത്തിനുശേഷമുള്ള അക്രമങ്ങൾ നിയന്ത്രിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ 25 സിഎപിഎഫ് കമ്പനികളെ വോട്ടെണ്ണലിനുശേഷം 15 ദിവസത്തേക്ക് നിലനിർത്തുന്നതിനായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകാൻ കമ്മീഷൻ തീരുമാനിച്ചു.

തെരഞ്ഞെടുപ്പിനുശേഷമുള്ള അക്രമങ്ങൾ നിയന്ത്രിക്കുന്നതിലുള്ള ഭരണപരാജയത്തിന്റെ കാരണങ്ങൾ നേരിട്ടു വിശദീകരിക്കാൻ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും തെരഞ്ഞെടുപ്പു കമ്മീഷൻ ന്യൂഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. അനന്തപുരമു, പൽനാട്, തിരുപ്പതി ജില്ലകളിൽ വോട്ടെടുപ്പു ദിവസവും തെരഞ്ഞെടുപ്പിനുശേഷമുള്ള ദിവസങ്ങളിലും നിരവധി അക്രമ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. അക്രമം, എതിർകക്ഷിയുടെ വസ്‌തു/ഓഫീസ് കത്തിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രചാരണ വാഹനങ്ങൾ നശിപ്പിക്കൽ, കല്ലേറ് തുടങ്ങിയ സംഭവങ്ങളും വോട്ടെടുപ്പിനുമുമ്പു റിപ്പോർട്ട് ചെയ്തു. ഇവയിൽ ഭൂരിഭാഗവും നടന്നത് അന്നമയ്യ, ചിത്തൂരു, പൽനാട് ജില്ലകളിലാണ്.  ഗുണ്ടൂരു, അനന്തപുരം, നന്ദ്യാല ജില്ലകളിലും അക്രമങ്ങളുണ്ടായി.

***

SK


(Release ID: 2020843) Visitor Counter : 76