വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
വ്യാജ കോളുകൾ - DoT/TRAI യുടെ പേരിൽ നിങ്ങളുടെ മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകളൊന്നും സ്വീകരിക്കരുത്; www.sancharsaathi.gov.in ൽ റിപ്പോർട്ടും ചെയ്യുക
Posted On:
14 MAY 2024 3:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 14 മെയ് 2024
മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അല്ലെങ്കിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് പറഞ്ഞു പൗരന്മാർക്ക് ലഭിക്കുന്ന വ്യാജ കോളുകൾ സ്വീകരിക്കരുതെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) പൗരന്മാർക്ക് ഉപദേശം നൽകി.
വിദേശത്ത് നിന്ന് ഉത്ഭവിക്കുന്ന മൊബൈൽ നമ്പറുകളിൽ നിന്നുള്ള (+92-xxxxxxxxxx പോലുള്ളവ) വാട്ട്‌സ്ആപ്പ് കോളുകളിൽ സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും DoT മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം കോളുകളിലൂടെ സൈബർ കുറ്റവാളികൾ സൈബർ കുറ്റകൃത്യം/സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിന് ഭീഷണിപ്പെടുത്താനോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാനോ ശ്രമിക്കുന്നു. DoT/TRAI തങ്ങൾക്കുവേണ്ടി അത്തരം കോൾ ചെയ്യാൻ ആരെയും അധികാരപ്പെടുത്തുന്നില്ല. കൂടാതെ ജാഗ്രത പാലിക്കാനും, സഞ്ചാർ സാഥി പോർട്ടലിൻ്റെ (www.sancharsaathi.gov.in/sfc) 'ചക്ഷു - റിപ്പോർട്ട് സസ്‌പെക്ടഡ് ഫ്രോഡ് കമ്മ്യൂണിക്കേഷൻസ്' എന്ന സൗകര്യം ഉപയോഗിച്ഛ് അത്തരം ആശയവിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാനും ആളുകളെ ഉപദേശിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ മുതലായവയ്‌ക്കായി ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയാൻ ഇത്തരം സജീവമായ റിപ്പോർട്ടിംഗ് DoT-യെ സഹായിക്കുന്നു.
ഇതിനകം സൈബർ കുറ്റകൃത്യത്തിനോ സാമ്പത്തിക തട്ടിപ്പിനോ ഇരയായിട്ടുണ്ടെങ്കിൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യാനും DoT പൗരന്മാരെ ഉപദേശിക്കുന്നു.
സംശയാസ്പദമായ ആശയവിനിമയങ്ങളെ ചെറുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
ചക്ഷുവിന് കീഴിൽ, പൗരന്മാർക്ക് വിദ്വേഷ സ്വഭാവമുള്ള, ഫിഷിംഗ് (Phishing) എസ്എംഎസുകൾ അയയ്‌ക്കുന്ന 52 പ്രധാന സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.
700 SMS ഉള്ളടക്ക ടെംപ്ലേറ്റുകൾ നിർജ്ജീവമാക്കി. എല്ലാ ടെലികോം ഓപ്പറേറ്റർമാരിലുമായി 348 മൊബൈൽ ഹാൻഡ്‌സെറ്റുകൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.
10,834 സംശയാസ്പദമായ മൊബൈൽ നമ്പറുകൾ ടെലികോം ഓപ്പറേറ്റർമാർക്ക് വീണ്ടും പരിശോധിക്കുന്നതിനായി ഫ്ലാഗ് ചെയ്‌തു. അതിൽ, 2024 ഏപ്രിൽ 30 വരെ പുനഃപരിശോധനയിൽ പരാജയപ്പെട്ട 8272 മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു.
സൈബർ കുറ്റകൃത്യങ്ങൾ/സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ ഉൾപ്പെട്ടതിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ 1.86 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്‌തു.
DoT/TRAI-യുടെ പേരിൽ നൽകുന്ന വ്യാജ നോട്ടീസുകൾ, പത്രങ്ങൾ / എസ്എംഎസ് / സമൂഹ മാധ്യമങ്ങൾ എന്നിവ വഴിയുള്ള സംശയാസ്പദമായ ആശയവിനിമയങ്ങൾ / വിദ്വേഷ സ്വഭാവമുള്ള കോളുകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പൊതുജനങ്ങൾക്ക് പതിവായി നിർദേശങ്ങൾ നൽകുന്നു.
(Release ID: 2020596)
Visitor Counter : 83