പ്രധാനമന്ത്രിയുടെ ഓഫീസ്‌

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി മാർച്ച് 13നു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും


പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യൺ (PM-SURAJ) പോർട്ടലിനു പ്രധാനമന്ത്രി തുടക്കംകുറിക്കും; പിന്നാക്കവിഭാഗങ്ങളിലെ ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കും

‘നമസ്തേ’ പദ്ധതിക്കുകീഴിൽ ‘സഫായി മിത്ര’ങ്ങൾക്ക് ആയുഷ്മാൻ ആരോഗ്യകാർഡുകളും പിപിഇ കിറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും

വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളായ 500ലധികം ജില്ലകളിലെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള 3 ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കും.


Posted On: 12 MAR 2024 6:43PM by PIB Thiruvananthpuram


പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പാസഹായത്തിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 13നു വൈകിട്ട് 4നു വിദൂരദൃശ്യസംവിധാനത്തിലൂടെ പങ്കെടുക്കും. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ എവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (PM-SURAJ) ദേശീയ പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കും. കൂടാതെ, പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഈ അവസരത്തിൽ സദസിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പാസഹായത്തിനായുള്ള PM-SURAJ ദേശീയ പോർട്ടൽ, നിരാലംബർക്കു മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉൾക്കൊള്ളുന്നതാണ്. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിവർത്തനസംരംഭമാണിത്. അർഹരായ വ്യക്തികൾക്കു ബാങ്കുകൾ, എൻബിഎഫ്‌സി-എംഎഫ്ഐകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പാപിന്തുണ നൽകും.

പരിപാടിയിൽ, യന്ത്രവൽകൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ പ്രവർത്തനങ്ങൾക്കു (National Action for Mechanised Sanitation Ecosystem - NAMASTE- നമസ്തേ) കീഴിൽ ‘സഫായി മിത്ര’ങ്ങൾക്ക് (അഴുക്കുചാൽ-സെപ്റ്റിക് ടാങ്ക് ശുചീകരണത്തൊഴിലാളികൾ) ആയുഷ്മാൻ ആരോഗ്യ കാർഡുകളും പിപിഇ കിറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം ചെയ്യുന്ന മുൻനിര തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പിനെയാണ് ഈ സംരംഭം പ്രതിനിധാനം ചെയ്യുന്നത്.

വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളായ, രാജ്യത്തെ 500ലധികം ജില്ലകളിലെ പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ള മൂന്നുലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.

 

NK



(Release ID: 2013942) Visitor Counter : 61