പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മാർച്ച് ഒന്നിനും രണ്ടിനും ഝാർഖണ്ഡും പശ്ചിമ ബംഗാളും ബിഹാറും സന്ദർശിക്കും



ഝാർഖണ്ഡിൽ 35,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

പശ്ചിമ ബംഗാളിൽ 22,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ഊർജമേഖലയ്ക്കു ഗണ്യമായ ഉത്തേജനം നൽകി, എണ്ണ-വാതക മേഖലയുമായി ബന്ധപ്പെട്ട 1.48 ലക്ഷം കോടി രൂപയുടെ രാജ്യവ്യാപക പദ്ധതികൾ ​ബേഗൂസരായിയിൽ ആരംഭിക്കും.

ഇന്ത്യയുടെ ഊർജമേഖലയിലെ ചരിത്രനേട്ടം അടയാളപ്പെടുത്തി, കെജി ബേസിനിൽനിന്നു വേർതിരിച്ചെടുക്കുന്ന ‘ആദ്യ എണ്ണ’ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും

ബിഹാറിൽ 34,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
ബറൗനി ശുദ്ധീകരണശാലയുടെ വിപുലീകരണത്തിനുള്ള പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും; ശുദ്ധീകരണശാലയിലെ മറ്റു നിരവധി പദ്ധതികളുടെ ഉദ്ഘാടവും പ്രധാനമന്ത്രി നിർവഹിക്കും

ബറൗനി വളം പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; രാജ്യത്തു പുനരുജ്ജീവിപ്പിക്കുന്ന നാലാമത്തെ വളം പ്ലാന്റ്

ദേശീയപാതാശൃംഖല, റെയിൽ അടിസ്ഥാനസൗകര്യങ്ങൾ, നമാമി ഗംഗേ പദ്ധതി എന്നിവയ്ക്കും ബിഹാറിൽ വലിയ ഉത്തേജനം ലഭിക്കും; ബിഹാറിൽ നാലു പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പട്‌നയിൽ ഗംഗാനദിക്കു കുറുകെയുള്ള പുതിയ ആറുവരി പാലത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

പട്‌നയിൽ യൂണിറ്റി മാളിനു പ്രധാനമന്ത്രി തറക്കല്ലിടും

രാജ്യത്തെ കന്നുകാലികൾക്കായുള്ള ഡിജിറ്റൽ ഡാറ്റാബേസ് ‘ഭാരത് പശുധൻ’ പ്രധാനമന്ത്രി സമർപ്പിക്കും; ‘ഭാരത് പശുധൻ’ ഡാറ്റാബേസ് പ്രയോജനപ്പെടുത്താൻ കർഷകർക്കായി ‘1962 ഫാർമേഴ്സ് ആപ്പ്’ പ്രധാനമന്ത്രി പുറത്തിറക്കും

Posted On: 29 FEB 2024 3:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് ഒന്നിനും രണ്ടിനും ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും.

മാർച്ച് ഒന്നിനു രാവിലെ 11നു ഝാർഖണ്ഡിലെ ധൻബാദിലെ സിന്ദ്രിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി പൊതുപരിപാടിയിൽ പങ്കെടുക്കും. അവിടെ അദ്ദേഹം ഝാർഖണ്ഡിലെ 35,700 കോടി രൂപയുടെ വി‌വിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന്, പശ്ചിമ ബംഗാളിലെ ഹുഗ്ലിയിലെ ആരാംബാഗിൽ 7200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും.

മാർച്ച് രണ്ടിനു രാവിലെ 10.30നു പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ കൃഷ്ണനഗറിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, അവിടെ 15,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. ഉച്ചയ്ക്ക് 2.30നു ബിഹാറിലെ ഔറംഗാബാദിൽ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വൈകിട്ട് 5.15നു പ്രധാനമന്ത്രി ബിഹാറിലെ ബേഗൂസരായിയിലെത്തും. അവിടെ പൊതു പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം, രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ബിഹാറിൽ 13,400 രൂപയിലധികം മൂല്യമുള്ള പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി ഝാർഖണ്ഡിലെ സിന്ദ്രിയിൽ

ധൻബാദിലെ സിന്ദ്രിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, രാസവളം, റെയിൽ, വൈദ്യുതി, കൽക്കരി മേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡ് (HURL) സിന്ദ്രി വളം പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. 8900 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച വളം പ്ലാന്റ് യൂറിയ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പാണ്. ഇതു രാജ്യത്തെ കർഷകർക്കു പ്രയോജനം ചെയ്യുംവിധത്തിൽ രാജ്യത്തെ തദ്ദേശീയ യൂറിയ ഉൽപ്പാദനം പ്രതിവർഷം 12.7 ലക്ഷം മെട്രിക് ടൺ കൂട്ടിച്ചേർക്കും. 2021 ഡിസംബറിലും 2022 നവംബറിലും യഥാക്രമം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച ഗൊരഖ്പുരിലെയും രാമഗുണ്ഡത്തെയും രാസവള പ്ലാന്റുകളുടെ പുനരുജ്ജീവനത്തിനുശേഷം രാജ്യത്തു പുനരുജ്ജീവിപ്പിക്കുന്ന മൂന്നാമത്തെ വളം പ്ലാന്റാണിത്.

ഝാർഖണ്ഡിൽ 17,600 കോടിയിലധികം രൂപയുടെ വിവിധ റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സോൻ നഗറിനെയും അണ്ഡാലിനെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും പാത; ടോറി-ശിവ്പുർ ഒന്നും രണ്ടും, ബിരാടോലി-ശിവ്പുർ മൂന്നാം റെയിൽവേ പാത (ടോറി-ശിവ്പുർ പദ്ധതിയുടെ ഭാഗം); മോഹൻപുർ-ഹൻസ്ഡീഹ പുതിയ റെയിൽ പാത; ധൻബാദ്-ചന്ദ്രപുര റെയിൽ പാത തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സംസ്ഥാനത്തെ റെയിൽവേ സേവനങ്ങൾ വിപുലീകരിക്കുകയും മേഖലയിലെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനു വഴിയൊരുക്കുകയും ചെയ്യും. പരിപാടിയിൽ പ്രധാനമന്ത്രി മൂന്നു ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ദേവ്ഘർ-ഡിബ്രൂഗഢ് ട്രെയിൻ സർവീസ്, ടാറ്റാനഗറിനും ബദാംപഹാറിനും ഇടയിലുള്ള പ്രതിദിന മെമു ട്രെയിൻ സർവീസ്, ശിവ്പുർ സ്റ്റേഷനിൽ നിന്നുള്ള ദീർഘദൂര ചരക്കു ട്രെയിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചത്രയിലെ ഉത്തര കരൺപുര സൂപ്പർ താപവൈദ്യുത പദ്ധതിയുടെ (എസ്‌ടിപിപി) യൂണിറ്റ് 1 (660 മെഗാവാട്ട്) ഉൾപ്പെടെ ഝാർഖണ്ഡിലെ പ്രധാന വൈദ്യുതപദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. 7500 കോടിയിലധികം രൂപ ചെലവഴിച്ചു വികസിപ്പിച്ച പദ്ധതി ഈ മേഖലയിലെ മെച്ചപ്പെട്ട വൈദ്യുതി വിതരണത്തിലേക്കു നയിക്കും. ഇതു തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനു സംഭാവനയേകുകയും ചെയ്യും. കൂടാതെ, ഝാർഖണ്ഡിലെ കൽക്കരി മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
പ്രധാനമന്ത്രി പശ്ചിമബംഗാളിലെ അരാംബാഗില്‍

പശ്ചിമ ബംഗാളില്‍ ഹൂഗ്ലിയിലെ അരാംബാഗില്‍ റെയില്‍, തുറമുഖങ്ങള്‍, എണ്ണ പൈപ്പ് ലൈന്‍, എല്‍പിജി വിതരണം, മലിനജല സംസ്‌കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒന്നിലധികം വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
ഏകദേശം 2,790 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഇന്ത്യന്‍ ഓയിലിന്റെ 518 കിലോമീറ്റര്‍ നീളമുള്ള ഹാല്‍ദിയ-ബറൗണി ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. പൈപ്പ് ലൈന്‍ ബറൗണി റിഫൈനറി, ബോംഗൈഗാവ് റിഫൈനറി, ഗുവാഹത്തി റിഫൈനറി എന്നിവയ്ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യും.
കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്ത് 1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒന്നിലധികം പദ്ധതികള്‍ക്ക് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ബര്‍ത്ത് നമ്പര്‍ 8 എന്‍എസ്ഡിയുടെ പുനര്‍നിര്‍മ്മാണം, കൊല്‍ക്കത്ത ഡോക്ക് സംവിധാനത്തിന്റെ ബര്‍ത്ത് നമ്പര്‍ 7, 8 എന്‍എസ്ഡി എന്നിവയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന മറ്റു പദ്ധതികള്‍. ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തെ ഹാല്‍ദിയ ഡോക്ക് കോംപ്ലക്‌സിലെ ഓയില്‍ ജെട്ടികളില്‍ അഗ്‌നിശമന സംവിധാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പുതുതായി സ്ഥാപിച്ച അഗ്‌നിശമന സൗകര്യം, അത്യാധുനിക ഗ്യാസ ചോര്‍ച്ചാ, തീ പിടുത്ത മുന്നറിയിപ്പു സംവിധാനങ്ങളും കൊണ്ട് സജ്ജീകരിച്ചിരിച്ച, അത്യാധുനിക പൂര്‍ണ്ണ ഓട്ടോമേറ്റഡ് ആണ്. അത് ഇത് അപകടസാധ്യത ഉടനടി കണ്ടെത്തുന്നത് ഉറപ്പാക്കുന്നു. 40 ടണ്‍ ഭാരമുള്ള ഹാല്‍ദിയ ഡോക്ക് കോംപ്ലക്സിന്റെ മൂന്നാമത്തെ റെയില്‍ മൗണ്ടഡ് ക്വേ ക്രെയിന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തെ ഈ പുതിയ പദ്ധതികള്‍ വേഗത്തിലും സുരക്ഷിതമായും ചരക്ക് കൈകാര്യം ചെയ്യുന്നതിനും ഒഴിപ്പിക്കുന്നതിനും സഹായിച്ചുകൊണ്ട് തുറമുഖത്തിന്റെ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കും.
2680 കോടി രൂപയുടെ സുപ്രധാന റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പദ്ധതികളില്‍ ഝാര്‍ഗ്രാമിനെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റെയില്‍ പാത ഉള്‍പ്പെടുന്നു - സല്‍ഗജാരി (90 കിലോമീറ്റര്‍); സോണ്ടാലിയ - ചമ്പപ്പുക്കൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (24 കിലോമീറ്റര്‍); ഡങ്കുനി - ഭട്ടാനഗര്‍ - ബാള്‍ട്ടികുരി റെയില്‍ പാത (9 കി.മീ.) ഇരട്ടിപ്പിക്കലും. ഈ പദ്ധതികള്‍ മേഖലയിലെ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുകയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയിലേക്ക് നയിക്കുന്ന വിധം ചരക്ക് ഗതാഗതത്തിന്റെ തടസ്സമില്ലാത്ത സേവനം സുഗമമാക്കുകയും ചെയ്യും.
ഖരഗ്പൂരിലെ വിദ്യാസാഗര്‍ വ്യവസായ പാര്‍ക്കില്‍ 120 ടിഎംടിപിഎ ശേഷിയുള്ള ഇന്ത്യന്‍ ഓയിലിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 കോടിയിലേറെ രൂപ ചെലവില്‍ വികസിപ്പിച്ച എല്‍പിജി ബോട്ടിലിങ് പ്ലാന്റ് മേഖലയിലെ ആദ്യത്തെ എല്‍പിജി ബോട്ടിലിങ് പ്ലാന്റായിരിക്കും. പശ്ചിമ ബംഗാളിലെ 14.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇത് എല്‍പിജി വിതരണം ചെയ്യും.
പശ്ചിമ ബംഗാളില്‍ മലിനജല സംസ്‌കരണവും മലിനജലവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 600 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഈ പദ്ധതികള്‍ക്ക് ലോകബാങ്ക് ധനസഹായം നല്‍കിയിട്ടുണ്ട്. പദ്ധതികളില്‍ ഇന്റര്‍സെപ്ഷന്‍ ആന്‍ഡ് ഡൈവേര്‍ഷന്‍ (ഐ ആന്‍ഡ് ഡി) ജോലികളും ഹൗറയിലെ മലിനജല സംസ്‌കരണ പ്ലാന്റുകളും (എസ്ടിപി) 65 എംഎല്‍ഡി ശേഷിയും 3.3 കിലോമീറ്റര്‍ മലിനജല ശൃംഖലയും ഉള്ളതാണ്. 62 എംഎല്‍ഡി  ശേഷിയും 11.3 കിലോമീറ്റര്‍ മലിനജല ശൃംഖലയുമുള്ള ബാലിയിലെ ഐആന്‍ഡി ജോലികളും എസ് ടി പികളും, 60 എംഎല്‍ഡി ശേഷിയും 8.15 കിലോമീറ്റര്‍ മലിനജല ശൃംഖലയും ഉള്ള കമര്‍ഹതി - ബരാനഗറിലെ ഐആന്‍ഡി ജോലികളും എസ്ടിപികളും ഇതില്‍പ്പെടും.

പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍

വൈദ്യുതി, റെയില്‍, റോഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികള്‍ കൃഷ്ണനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.
രാജ്യത്തെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട്, പുരുലിയ ജില്ലയിലെ രഘുനാഥ്പൂരില്‍ സ്ഥിതി ചെയ്യുന്ന രഘുനാഥ്പൂര്‍ താപ വൈദ്യുതി നിലയം രണ്ടാം ഘട്ടത്തിനു (2x660 മെഗാവാട്ട്) പ്രധാനമന്ത്രി തറക്കല്ലിടും. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ഈ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയില്‍ വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായിരിക്കും പുതിയ പ്ലാന്റ്.
മെജിയ താപ വൈദ്യുതി നിലയത്തിന്റെ യൂണിറ്റ് 7, 8 എന്നിവയുടെ ഫ്‌ളൂ ഗ്യാസ് ഡീ സള്‍ഫറൈസേഷന്‍ (എഫ്ജിഡി) സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 650 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത എഫ്ജിഡി സംവിധാനം ഫ്‌ളൂ വാതകങ്ങളില്‍ നിന്ന് സള്‍ഫര്‍ ഡയോക്‌സൈഡ് നീക്കം ചെയ്യുകയും ശുദ്ധമായ ഫ്‌ള വാതകം ഉല്‍പ്പാദിപ്പിക്കുകയും സിമന്റ് വ്യവസായത്തില്‍ ഉപയോഗിക്കാവുന്ന ജിപ്‌സം രൂപപ്പെടുകയും ചെയ്യും.

എന്‍എച്ച്-12 (100 കി.മീ) ന്റെ ഫറാക്ക-റായിഗഞ്ച് സെക്ഷന്റെ നാലുവരിപ്പാത റോഡ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 1986 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാ മെച്ചപ്പെടുത്തുകയും വടക്കന്‍ ബംഗാളിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും സാമൂഹിക സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.
ദാമോദര്‍ - മോഹിശില റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെ പശ്ചിമ ബംഗാളില്‍ 940 കോടിയിലധികം രൂപയുടെ നാല് റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. റാംപൂര്‍ഹട്ടിനും മുരാറായിക്കും ഇടയിലുള്ള മൂന്നാമത്തെ ലൈന്‍; ബസാര്‍സൗ - അസിംഗഞ്ച് റെയില്‍ പാത ഇരട്ടിപ്പിക്കല്‍; അസിംഗഞ്ച് - മുര്‍ഷിദാബാദ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാതയും. ഈ പദ്ധതികള്‍ റെയില്‍വേ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയും മേഖലയിലെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യും.

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍

ഔറംഗബാദില്‍, 21,400 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
സംസ്ഥാനത്തെ ദേശീയപാത ശൃംഖല ശക്തിപ്പെടുത്തുന്ന, 18,100 കോടിയിലധികം രൂപയുടെ നിരവധി ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. എന്‍.എച്ച്-227-ന്റെ ജയനഗര്‍-നരഹിയ ഭാഗത്ത് 63.4 കിലോമീറ്റര്‍ നീളമുള്ള പുറംപാതയ്ക്ക് പുറത്ത് നടപ്പാതയോടുകൂടിയ രണ്ടുവരിപ്പാത, എന്‍.എച്ച് 131ജി യിലെ കന്‍ഹൗലി മുതല്‍ രാംനഗര്‍ വരെയുള്ള ആറ് വരി പട്‌ന റിംഗ് റോഡിന്റെ ഭാഗം; കിഷന്‍ഗഞ്ച് പട്ടണത്തില്‍ നിലവിലുള്ള മേല്‍പ്പാലത്തിന് സമാന്തരമായി 3.2 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ മേല്‍പ്പാലം; 47 കിലോമീറ്റര്‍ നീളമുള്ള ഭക്തിയാര്‍പൂര്‍-രാജൗലിയുടെ നാലുവരിപ്പാത; എന്‍.എച്ച് 319 ന്റെ 55 കിലോമീറ്റര്‍ നീളമുള്ള ആരാ-പാരിയ ഭാഗത്തിലെ നാലുവരിപ്പാതയു ഉള്‍പ്പെടെയുള്ളവ. ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍പ്പെടുന്നു.

അമാസ് മുതല്‍ ശിവരാംപൂര്‍ ഗ്രാമം വരെ 55 കിലോമീറ്റര്‍ നീളമുള്ള നാലുവരി പ്രവേശന നിയന്ത്രിത ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ശിവരാംപൂര്‍ മുതല്‍ രാംനഗര്‍ വരെ 54 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാലുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; കല്യാണ്‍പൂര്‍ ഗ്രാമം മുതല്‍ ബല്‍ഭദര്‍പൂര്‍ ഗ്രാമം വരെ 47 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാല് വരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ബല്‍ഭദര്‍പൂര്‍ മുതല്‍ ബേല നവാഡ വരെ 42 കിലോമീറ്റര്‍ നീളമുള്ള പ്രവേശന നിയന്ത്രിത നാലുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയ പാത; ദനാപൂര്‍ - ബിഹ്ത ഭാഗം മുതല്‍ 25 കിലോമീറ്റര്‍ നീളമുള്ള നാലുവരി എലിവേറ്റഡ് ഇടനാഴി; ബിഹ്ത - കോയില്‍വാര്‍ ഭാഗത്തിന്റെ നിലവിലുള്ള രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കി നവീകരിക്കുന്നത് എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ ആറ് ദേശീയ പാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. റോഡ് പദ്ധതികള്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും, യാത്രാ സമയം കുറയ്ക്കുകയും, ടൂറിസം വര്‍ദ്ധിപ്പിക്കുകയും, മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുക്കുകയും ചെയ്യും.

പട്‌ന റിംഗ് റോഡിന്റെ ഭാഗമായി വികസിപ്പിക്കുന്ന ഗംഗ നദിക്ക് കുറുകെയുള്ള ആറുവരി പാലത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രാജ്യത്തെ ഏറ്റവും നീളം കൂടിയ നദീപാലങ്ങളിലൊന്നായിരിക്കും ഈ പാലം. ഈ പദ്ധതി പട്‌ന നഗരത്തിലൂടെയുള്ള ഗതാഗതത്തിരക്ക് കുറയ്ക്കുകയും ബീഹാറിന്റെ തെക്ക് വടക്ക് ഭാഗങ്ങള്‍ക്കിടയില്‍ വേഗത്തിലുള്ള മികച്ച ബന്ധിപ്പിക്കല്‍ ലഭ്യമാക്കുകയും മേഖലയിലെയാകെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ബിഹാറിലെ നമാമി ഗംഗയ്ക്ക് കീഴില്‍ ഏകദേശം 2,190 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പന്ത്രണ്ട് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. സെയ്ദ്പൂരിലേയും പഹാരിയിലേയും മലിനജല ശുദ്ധീകരണ പ്ലാന്റ് ; സെയ്ദ്പൂര്‍, ബ്യൂര്‍, പഹാരി സോണ്‍ 4 ഏ എന്നിവയ്ക്കുള്ള മലിനജല ശൃംഖല; കര്‍മ്മലിചാക്കിലെ മലിനജല ശൃംഖലയോടെയുള്ള മലിനജല സംവിധാനം; പഹാരി സോണ്‍ 5ലെ മലിനജല പദ്ധതി; കൂടാതെ ബാര്‍ഹ്, ഛപ്ര, നൗഗാച്ചിയ, സുല്‍ത്താന്‍ഗഞ്ച്, സോനേപൂര്‍ പട്ടണങ്ങളിലെ തടസ്സപ്പെടുത്തല്‍, വഴിതിരിച്ചുവിടല്‍ മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ ഈ പദ്ധതികള്‍ ഉള്‍പ്പെടുന്നു. ശുചിത്വം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ ജനങ്ങള്‍ക്ക് ഗുണമാകുകയും ചെയ്യുന്നതിനായി മലിനജലം വിവിധ സ്ഥലങ്ങളില്‍ നിന്ന് തുറന്നുവിടുന്നതിന് മുമ്പ് ശുദ്ധീകരിക്കപ്പെടുന്നുവെന്നത് ഈ പദ്ധതികള്‍ ഉറപ്പുവരുത്തുന്നു.
പട്‌നയില്‍ യൂണിറ്റി മാളിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 200 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതി, അന്താരാഷ്ട്ര രൂപകല്‍പ്പന സമ്പ്രദായങ്ങള്‍, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സൗകര്യമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജില്ലകള്‍ക്കും അവര്‍ക്കായി സമര്‍പ്പിത സ്ഥലങ്ങള്‍ മാളില്‍ ലഭ്യമാക്കും. ഇത് അവരുടെ സവിശേഷമായ ഉല്‍പ്പന്നങ്ങളും കരകൗശലവും പ്രദര്‍ശിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കും. സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 36 വലിയ സ്റ്റാളുകളും ബീഹാറിലെ ഓരോ ജില്ലയ്ക്കായി 38 ചെറിയ സ്റ്റാളുകളും മാളില്‍ ഉണ്ടാകും. യൂണിറ്റി മാള്‍ ബീഹാറിലെയും ഇന്ത്യയിലെയും ഒരു ജില്ല ഒരു ഉല്‍പ്പന്നം, ഭൂമിശാസ്ത്ര സൂചിക (ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേറ്റര്‍ -ജി.ഐ) ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രചാരണവും പ്രാദേശിക ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി എന്നിവയില്‍ ഈ പദ്ധതി സാമൂഹിക-സാമ്പത്തിക നേട്ടം ഉണ്ടാക്കും.

പട്‌ലിപുത്ര-പഹ്‌ലേസ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, ബന്ധുവയ്ക്കും പൈമാര്‍ക്കും ഇടയില്‍ 26 കിലോമീറ്റര്‍ നീളമുള്ള പുതിയ റെയില്‍ പാത; ഗയയിലെ ഒരു മെമു ഷെഡ് എന്നിവ ഉള്‍പ്പെടെ ബിഹാറിലെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അര ബൈ പാസ് റെയില്‍ പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മികച്ച റെയില്‍ ബന്ധിപ്പിക്കലും ട്രെയിനുകളുടെ ലൈന്‍ കപ്പാസിറ്റിയും ചലനക്ഷമതയും മെച്ചപ്പെടുത്താനും മേഖലയിലെ വ്യാവസായിക വികസനം വര്‍ദ്ധിപ്പിക്കാനും റെയില്‍ പദ്ധതികള്‍ ഇടയാക്കും.

പ്രധാനമന്ത്രി ബിഹാറിലെ ബെഗുസാരായിയില്‍

ബെഗുസാരായിയിലെ പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും നിര്‍വഹിക്കുന്ന 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക പദ്ധതികള്‍ രാജ്യത്തെ ഊര്‍ജ മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കും. കെ.ജി ബേസിനോടൊപ്പം ബീഹാര്‍, ഹരിയാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നവയാണ് ഈ പദ്ധതികള്‍.

കെ.ജി ബേസിനില്‍ നിന്നുള്ള 'ആദ്യ എണ്ണ' പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും ഒ.എന്‍.ജി.സിയുടെ കൃഷ്ണാ ഗോദാവരി അഴക്കടല്‍ പദ്ധതിയില്‍നിന്നുള്ള ആദ്യ ക്രൂഡ് ഓയില്‍ ടാങ്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്യും. ഊര്‍ജ്ജ ഇറക്കുമതിയിലുള്ള നമ്മുടെ ആശ്രയത്വം വലിയതോതില്‍ കുറയ്ക്കുമെന്ന വാഗ്ദാനം ചെയ്യുന്ന കെ.ജി. ബേസിനില്‍ നിന്നുള്ള 'ആദ്യ' എണ്ണ വേര്‍തിരിച്ചെടുക്കല്‍ ഇന്ത്യയുടെ ചരിത്രപരമായ നേട്ടത്തെ അടയാളപ്പെടുത്തുന്നതാണ്. ഊര്‍ജ്ജ സുരക്ഷയ്ക്ക ആധാരമാകുമെന്നും സാമ്പത്തിക പ്രതിരോധം വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ നവയുഗം വിളംബരം ചെയ്യുന്നതുമാണ്.
എണ്ണ വാതക മേഖലയിലെ ഏകദേശം 14,000 കോടി രൂപയുടെ പദ്ധതികള്‍ ബിഹാറാണ് ഏറ്റെടുക്കുന്നത്. മറ്റുള്ളവയ്‌ക്കൊപ്പം 11,400 കോടി രൂപയിലധികം പദ്ധതിച്ചെലവുള്ള ബറൗണി റിഫൈനറിയുടെ വിപുലീകരണത്തിന്റെ തറക്കല്ലിടല്‍, ബറൗനി റിഫൈനറിയിലെ ഗ്രിഡ് അടിസ്ഥാനസൗകര്യം പോലുള്ള പദ്ധതികളുടെ ഉദ്ഘാടനം ;പാരദീപ് - ഹാല്‍ദിയ - ദുര്‍ഗാപൂര്‍ എല്‍.പി.ജി പൈപ്പ് ലൈന്‍ പട്‌നയിലേക്കും മുസാഫര്‍പൂരിലേക്കും നീട്ടുന്നത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റുള്ളവയ്‌ക്കൊപ്പം ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി പെട്രോകെമിക്കല്‍ കോംപ്ലക്‌സിന്റെ വിപുലീകരണം; പാനിപ്പത്ത് റിഫൈനറിയിലെ 3ജി എഥനോള്‍ പ്ലാന്റും കാറ്റലിസ്റ്റ് പ്ലാന്റും; ആന്ധ്രാപ്രദേശിലെ വൈശാഖ് റിഫൈനറി മോഡേണൈസേഷന്‍ പദ്ധതി (വി.ആര്‍.എം.പി); പഞ്ചാബിലെ ഫാസില്‍ക, ഗംഗാനഗര്‍, ഹനുമാന്‍ഗഡ് ജില്ലകളെ ഉള്‍ക്കൊള്ളുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഖല പദ്ധതി; കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ പുതിയ പി.ഒ.എല്‍ ഡിപ്പോ, മഹാരാഷ്ട്രയിലെ മുംബൈ ഹൈ നോര്‍ത്ത് പുനര്‍വികസന ഘട്ടം-4, എന്നിവ രാജ്യത്തുടനീളം ഏറ്റെടുക്കുന്ന മറ്റ് പ്രധാന എണ്ണ-വാതക പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയുടെ (ഐ.ഐ.പി.ഇ) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

ബറൗനിയില്‍ ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്‍ഡ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) വളം പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 9500 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച പ്ലാന്റ് കര്‍ഷകര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ യൂറിയ ലഭ്യമാക്കുകയും അവരുടെ ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാജ്യത്ത് പുനരുജ്ജീവിപ്പിക്കുന്ന നാലാമത്തെ വളം പ്ലാന്റാണിത്.

3917 കോടി രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രാഘോപൂര്‍ - ഫോര്‍ബ്‌സ്ഗഞ്ച് ഗേജ് പരിവര്‍ത്തനം; മുകുരിയ-കതിഹാര്‍-കുമേദ്പൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍; ബറൗണി-ബച്ച്‌വാര 3, 4 ലൈനുകള്‍ക്കുള്ള പദ്ധതി, കതിഹാര്‍-ജോഗ്ബാനി റെയില്‍ സെക്ഷന്റെ വൈദ്യുതീകരണം തുടങ്ങിയവയും മറ്റുള്ളവയ്‌ക്കൊപ്പം ഇവയില്‍ ഉള്‍പ്പെടുന്ന പദ്ധതികളാണ്. ഈ പദ്ധതികള്‍ യാത്ര കൂടുതല്‍ പ്രാപ്യമാക്കുകയും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. ദനാപൂര്‍ - ജോഗ്ബാനി എക്‌സ്പ്രസ് (ദര്‍ഭംഗ - സക്രി വഴി); ജോഗ്ബാനി- സഹര്‍സ എക്‌സ്പ്രസ്; സോന്‍പൂര്‍-വൈശാലി എക്‌സ്പ്രസ്; കൂടാതെ ജോഗ്ബാനി-സിലിഗുരി എക്‌സ്പ്രസ് എന്നിങ്ങനെ നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്യും.

രാജ്യത്തെ കന്നുകാലി മൃഗങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ വിവര അടിത്തറയായ 'ഭാരത് പശുധന്‍' പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. നാഷണല്‍ ഡിജിറ്റല്‍ ലൈവ്‌സേ്റ്റാക്ക് മിഷന്റെ (എന്‍.ഡി.എല്‍.എം) കീഴില്‍ വികസിപ്പിച്ചെടുത്ത ഭാരത് പശുധന്‍ ഓരോ കന്നുകാലി മൃഗങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള 12 അക്ക ടാഗ് ഐ.ഡി ഉപയോഗിക്കും. പദ്ധതിക്ക് കീഴില്‍, കണക്കാക്കിയ 30.5 കോടി കന്നുകാലികളില്‍, ഏകദേശം 29.6 കോടിയെ ഇതിനകം ടാഗ് ചെയ്തിട്ടുണ്ട്, അവയുടെ വിശദാംശങ്ങള്‍ ഡാറ്റാബേസില്‍ ലഭ്യമാണ്. 'ഭാരത് പശുധന്‍' പശുക്കളെ കണ്ടെത്താനുള്ള സംവിധാനം ലഭ്യമാക്കി കര്‍ഷകരെ ശാക്തീകരിക്കുകയും രോഗ നിരീക്ഷണത്തിനും നിയന്ത്രണത്തിനും സഹായിക്കുകയും ചെയ്യും.

കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന ഭാരത് പശുധന്‍ വിവര അടിത്തറയ്ക്ക് കീഴിലുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ആപ്പായ '1962 ഫാര്‍മേഴ്‌സ് ആപ്പും' പ്രധാനമന്ത്രി പുറത്തിറക്കും.

 

NS


(Release ID: 2010347) Visitor Counter : 129