പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) റെവാരി സന്ദര്‍ശിക്കും

9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

ഗുരുഗ്രാം മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും

റെവാരി എയിംസിന് പ്രധാനമന്ത്രി തറക്കല്ലിടും

കുരുക്ഷേത്രയിലെ ജ്യോതിസറില്‍ പുതുതായി നിര്‍മ്മിച്ച 'അനുഭവ കേന്ദ്രം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും



Posted On: 15 FEB 2024 3:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16-ന് ഹരിയാനയിലെ റെവാരി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15ന് നഗരഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ഏകദേശം 5450 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗുരുഗ്രാം മെട്രോ റെയിൽ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. മൊത്തം 28.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി, മില്ലേനിയം സിറ്റി സെന്ററിനെ ഉദ്യോഗ് വിഹാർ ഫേസ് 5-മായി ബന്ധിപ്പിക്കുകയും സൈബർ സിറ്റിക്ക് സമീപമുള്ള മൗൽസാരി അവന്യൂ സ്റ്റേഷനിലെ റാപ്പിഡ് മെട്രോ റെയിൽ, ഗുരുഗ്രാമിന്റെ നിലവിലുള്ള മെട്രോ ശൃംഖലയിൽ ലയിക്കുകയും ചെയ്യും. ദ്വാരക അതിവേഗപാതയിലും ഇതിന്റെ ​പ്രതിഫലനമുണ്ടാകും. ലോകോത്തര പരിസ്ഥിതി സൗഹൃദ ബഹുജന അതിവേഗ നഗര ഗതാഗത സംവിധാനങ്ങൾ പൗരന്മാർക്ക് നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.

രാജ്യത്തുടനീളം പൊതുജനാരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ്, ഹരിയാനയിലെ റെവാരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) തറക്കല്ലിടുന്നത്. ഏകദേശം 1650 കോടി രൂപ ചെലവിൽ നിർമിക്കുന്ന റെവാരി എയിംസ് റെവാരിയിലെ മാജ്ര മുസ്തിൽ ഭാൽഖി ഗ്രാമത്തിൽ 203 ഏക്കർ സ്ഥലത്ത് വികസിപ്പിക്കും. 720 കിടക്കകളുള്ള ആശുപത്രി സമുച്ചയം, 100 സീറ്റുകളുള്ള മെഡിക്കൽ കോളേജ്, 60 സീറ്റുകളുള്ള നഴ്‌സിങ് കോളേജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, അധ്യാപകർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം, യുജി-പിജി വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം, രാത്രിതാമസകേന്ദ്രം, അതിഥിമന്ദിരം, ഓഡിറ്റോറിയം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്കു (PMSSY) കീഴിൽ സ്ഥാപിതമായ AIIMS രെവാരി ഹരിയാനയിലെ ജനങ്ങൾക്ക് സമഗ്രവും ഗുണനിലവാരവും എല്ലാ വശവും പരിശോധിക്കുന്നതുമായ തൃതീയ പരിചരണ ആരോഗ്യ സേവനങ്ങൾ നൽകും. കാർഡിയോളജി, ഗ്യാസ്‌ട്രോ എന്ററോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, എൻഡോക്രൈനോളജി, ബേൺസ് & പ്ലാസ്റ്റിക് സർജറി എന്നിവയുൾപ്പെടെ 18 സ്പെഷ്യാലിറ്റികളിലെയും 17 സൂപ്പർ സ്പെഷ്യാലിറ്റികളിലെയും രോഗീപരിചരണ സേവനങ്ങൾ ഈ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. തീവ്രപരിചരണ വിഭാഗം, എമർജൻസി & ട്രോമ യൂണിറ്റ്, പതിനാറ് മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, രക്തബാങ്ക്, ഔഷധശാല തുടങ്ങിയ സൗകര്യങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും. ഹരിയാനയിൽ എയിംസ് സ്ഥാപിക്കുന്നത് ഹരിയാനയിലെ ജനങ്ങൾക്കു സമഗ്രവും ഗുണനിലവാരമുള്ളതും എല്ലാ വശവും പരിശോധിക്കുന്നതുമായ തൃതീയ പരിചരണം നൽകുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്.

കുരുക്ഷേത്രയിലെ ജ്യോതിസറിൽ പുതുതായി നിര്‍മിച്ച അനുഭവ കേന്ദ്രയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 240 കോടി രൂപ ചെലവിലാണ് ഈ പരീക്ഷണ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. 100,000 ചതുരശ്ര അടി ഇന്‍ഡോര്‍ സ്‌പേസ് ഉള്‍ക്കൊള്ളുന്ന മ്യൂസിയം 17 ഏക്കറില്‍ പരന്നുകിടക്കുന്നു. മഹാഭാരതത്തിന്റെ ഇതിഹാസ വിവരണവും ഗീതയുടെ അനുശാസനങ്ങളും ഇത് വ്യക്തമായി ജീവത്തില്‍ പകര്‍ന്നുതരും. സന്ദര്‍ശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍), 3ഡി ലേസര്‍, പ്രൊജക്ഷന്‍ മാപ്പിംഗ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയ്ക്കും മ്യൂസിയം ഊന്നല്‍ നല്‍കുന്നു. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ്ഗീതയുടെ ശാശ്വത ജ്ഞാനം പകര്‍ന്നു നല്‍കിയ പുണ്യസ്ഥലമാണ് കുരുക്ഷേത്രയിലെ ജ്യോതിസർ.  

വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്യും. രെവാരി-കതുവാസ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (27.73 കി.മീ); കതുവാസ്-നാര്‍നോള്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (24.12 കി.മീ); ഭിവാനി-ദോഭ് ഭാലി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ (42.30 കി.മീ); മന്‍ഹെരു-ബവാനി ഖേര റെയില്‍ പാത (31.50 കി.മീ) ഇരട്ടിപ്പിക്കല്‍ എന്നിവ തറക്കല്ലിടുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍ മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ സമയബന്ധിതമായി ഓടുന്നതിന് സഹായിക്കുകയും ചെയ്യും. റോഹ്തക്കിനും ഹിസാറിനും ഇടയിലുള്ള യാത്രാസമയം കുറയ്ക്കുന്ന റോഹ്തക്-മെഹാം-ഹന്‍സി റെയില്‍ പാത (68 കിലോമീറ്റര്‍) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. റോഹ്തക്-മെഹാം-ഹന്‍സി സെക്ഷനിലെ ട്രെയിന്‍ സര്‍വീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്യും, റോഹ്തക്, ഹിസാര്‍ മേഖലയിലെ റെയില്‍വേ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്ന ഇത് റെയില്‍വേ യാത്രക്കാര്‍ക്ക് ഗുണചെയ്യുകയും ചെയ്യും.

--NS--


(Release ID: 2006320)