പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഖോഡല്‍ധാം ട്രസ്റ്റ്-കാന്‍സര്‍ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നല്‍കിയ വീഡിയോ സന്ദേശം

Posted On: 21 JAN 2024 12:14PM by PIB Thiruvananthpuram

ജയ് മാ ഖോഡല്‍!

ഇന്ന്, ഈ ശുഭ സന്ദര്‍ഭത്തില്‍, പുണ്യഭൂമിയായ ഖോഡല്‍ധാമിനോടും മാ ഖോഡലിന്റെ അര്‍പ്പണബോധമുള്ള അനുയായികളോടും ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് പൊതുജനക്ഷേമത്തിന്റെയും സേവനത്തിന്റെയും മേഖലയില്‍ മറ്റൊരു സുപ്രധാന സംരംഭം ഏറ്റെടുത്തു. അംറേലിയില്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം ഇന്ന് ആരംഭിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, കാഗ്വാദിലെ ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് സ്ഥാപിച്ചതിന്റെ 14-ാം വാര്‍ഷികം ഞങ്ങള്‍ ആഘോഷിക്കും. ഈ ശ്രദ്ധേയമായ ഇവന്റുകള്‍ക്കായി ഞാന്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

എന്റെ കുടുംബാംഗങ്ങളേ,

പതിനാല് വര്‍ഷം മുമ്പ്, ല്യൂവ പതിദാര്‍ കമ്മ്യൂണിറ്റി, സേവനത്തിലും മൂല്യങ്ങളിലും അര്‍പ്പണബോധത്തിലും ഉറച്ച പ്രതിബദ്ധതയോടെ ശ്രീ ഖോഡല്‍ധാം ട്രസ്റ്റ് സ്ഥാപിച്ചു. തുടക്കം മുതല്‍, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന സേവന സംരംഭങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ട്രസ്റ്റ് ശ്രമിച്ചിട്ടുണ്ട്.അംറേലിയില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രി, അംറേലി ഉള്‍പ്പെടെ സൗരാഷ്ട്രയിലെ ഒരു വലിയ ജനവിഭാഗത്തിന് പ്രയോജനം ചെയ്യുന്ന സേവന മനോഭാവത്തിന്റെ മറ്റൊരു സാക്ഷ്യമായി വര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ക്യാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗത്തിന്റെ ചികിത്സ, വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നു. ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതില്‍ ഒരു രോഗിക്കും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ഈ പ്രതിബദ്ധതയോടെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് 30 ഓളം പുതിയ കാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു, കൂടാതെ 10 പുതിയ കാന്‍സര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കാന്‍സര്‍ ഫലപ്രദമായി ചികിത്സിക്കുന്നതിന്, രോഗം കൃത്യസമയത്ത് കണ്ടെത്തുക എന്നതിന്് നിര്‍ണായക പങ്കാണ് ഉള്ളത്. പലപ്പോഴും നമ്മുടെ ഗ്രാമങ്ങളില്‍, ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് വളരെ വൈകിയ വേളയിലാണ്് ആളുകള്‍ ക്യാന്‍സര്‍ തിരിച്ചറിയുന്നത്.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാമതലത്തില്‍ 1.5 ലക്ഷം ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ സ്ഥാപിച്ചു. അര്‍ബുദമുള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനാണ് ഈ കേന്ദ്രങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ക്യാന്‍സറിനെ നേരത്തെ തിരിച്ചറിയുന്നത് അതിന്റെ ചികിത്സയില്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ ശ്രമത്തില്‍ സ്ത്രീകള്‍ക്ക് വലിയ നേട്ടമുണ്ടായി. സെര്‍വിക്കല്‍, സ്തനാര്‍ബുദം എന്നിവ നേരത്തെ കണ്ടെത്തുന്നതില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്ത് ആരോഗ്യമേഖലയില്‍ സമാനതകളില്ലാത്ത പുരോഗതി കൈവരിച്ചു. ഇന്ന്, ഇത് ഭാരതത്തിലെ ഒരു നിര്‍ണായക മെഡിക്കല്‍ ഹബ്ബായി ഉയര്‍ന്നുവരുന്നു. ഗുജറാത്തില്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 11ല്‍ നിന്ന് 40 ആയി ഉയര്‍ന്നു, എം ബി ബി എസ് സീറ്റുകളില്‍ അഞ്ചിരട്ടിയോളം വര്‍ധനയുണ്ടായി. പിജി സീറ്റുകള്‍ മൂന്നിരട്ടിയായി. രാജ്കോട്ടില്‍ എയിംസ് കൂടി വരുന്നത് സംസ്ഥാനത്തിന്റെ മെഡിക്കല്‍ പുരോഗതിയുടെ അടയാളമാണ്. 2002 വരെ, ഗുജറാത്തില്‍ 13 ഫാര്‍മസി കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇപ്പോള്‍ അതിന്റെ എണ്ണം ഉയര്‍ന്ന് നൂറോളമായി.  20 വര്‍ഷത്തിനുള്ളില്‍, ഡിപ്ലോമ ഫാര്‍മസി കോളേജുകളുടെ എണ്ണം 6 ല്‍ നിന്ന് 30 ആയി ഉയര്‍ന്നു. ആരോഗ്യ സംരക്ഷണ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങളുടെ മാതൃകയായി ഗുജറാത്ത് മാറുകയാണ്. ഇവിടെ എല്ലാ ഗ്രാമങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു; ആദിവാസി, ദരിദ്ര മേഖലകളിലേക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ഗുജറാത്തിലെ 108 ആംബുലന്‍സുകളുടെ സൗകര്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം തുടര്‍ച്ചയായി ദൃഢമാക്കുകയും ചെയ്തു.

എന്റെ കുടുംബാംഗങ്ങളേ,

രാജ്യത്തിന്റെ വികസനത്തിന്, ജനങ്ങളുടെ ആരോഗ്യവും ശക്തിയും അത്യന്താപേക്ഷിതമാണ്. ഖോഡല്‍ മാതയുടെ അനുഗ്രഹത്തിന് കീഴിലുള്ള നമ്മുടെ സര്‍ക്കാര്‍ ഈ തത്വശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധമാണ്. ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നു.  കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ ആറ് കോടിയിലധികം വ്യക്തികള്‍ ഈ പദ്ധതിക്ക് കീഴില്‍ ചികിത്സിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് ഇല്ലായിരുന്നെങ്കില്‍ ഈ വ്യക്തികള്‍ക്ക് ഒരു ലക്ഷം കോടി രൂപ വരെ ചെലവ് വരുമായിരുന്നു. 80 ശതമാനം വിലക്കിഴിവില്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്ന 10,000 ജന്‍ ഔഷധി കേന്ദ്രങ്ങളും നമ്മുടെ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആയി ഉയര്‍ത്താന്‍ പോകുന്നു. താങ്ങാനാവുന്ന മരുന്നുകള്‍ കാരണം രോഗികള്‍ക്ക് ആശുപത്രി ബില്ലില്‍ 30,000 കോടി രൂപ ലാഭിച്ചു. നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ ക്യാന്‍സര്‍ മരുന്നുകളുടെ വിലയും സര്‍ക്കാര്‍ നിയന്ത്രിച്ചു.

സുഹൃത്തുക്കളേ,

നിങ്ങളുമായി ഒരു ദീര്‍ഘകാല ബന്ധമാണ് ഞാന്‍ പങ്കുവെക്കുന്നത്. എന്റെ സന്ദര്‍ശന വേളയിലെല്ലാം, ഞാന്‍ ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വെക്കുന്നു, ഇന്ന് ഈ അഭ്യര്‍ത്ഥനകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു തരത്തില്‍, അവ എന്റെ ഒമ്പത് അഭ്യര്‍ത്ഥനകളാണ്. ദേവിയുമായി ബന്ധപ്പെട്ട ആത്മീയ പ്രവൃത്തികള്‍ പരിഗണിക്കുമ്പോള്‍ നവരാത്രിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമാണ്. അതിനാല്‍, ഞാന്‍ ഈ അഭ്യര്‍ത്ഥനകളെ ആത്മീയ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. നിങ്ങളില്‍ പലരും ഇതിനകം തന്നെ ഇത്തരം നിരവധി മേഖലകളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു, എന്നിട്ടും നിങ്ങള്‍ക്കും യുവതലമുറയ്ക്കും വേണ്ടി ഞാന്‍ ഈ ഒമ്പത് അഭ്യര്‍ത്ഥനകള്‍ ആവര്‍ത്തിക്കുന്നു. ഒന്നാമതായി, ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുകയും ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. രണ്ടാമതായി, ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുക, ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക. മൂന്നാമതായി, നിങ്ങളുടെ ഗ്രാമം, പ്രദേശം, നഗരം എന്നിവ വൃത്തിയുടെ പ്രതീകമാക്കാന്‍ ശ്രമിക്കുക. നാലാമതായി, പ്രാദേശിക ഉല്‍പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുക, 'ഇന്ത്യയില്‍ നിര്‍മ്മിച്ച' സാധനങ്ങള്‍ മാത്രം ഉപയോഗിക്കുക. അഞ്ചാമതായി, കഴിയുന്നത്ര നിങ്ങളുടെ സ്വന്തം രാജ്യം പര്യവേക്ഷണം ചെയ്യുകയും നിങ്ങളുടെ രാജ്യത്തിനുള്ളില്‍ ടൂറിസത്തിനായി വാദിക്കുകയും ചെയ്യുക. ആറാമത്, പ്രകൃതിദത്തമോ ജൈവികമോ ആയ കൃഷിരീതികളെക്കുറിച്ച് കര്‍ഷകരെ നിരന്തരം ബോധവല്‍ക്കരിക്കുക. എന്റെ ഏഴാമത്തെ അഭ്യര്‍ത്ഥന തിനയും ശ്രീ-അന്നയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അവയുടെ വ്യാപകമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. എട്ടാമത്, ഫിറ്റ്‌നസ്, യോഗ, അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സമന്വയിപ്പിക്കുക. ഒമ്പതാമത്, ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകളില്‍ നിന്നും ആസക്തിയില്‍ നിന്നും സ്വയം അകന്നുനില്‍ക്കുക; അവയെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക.

സുഹൃത്തുക്കളേ,

നിങ്ങളോരോരുത്തരും നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അങ്ങേയറ്റം അര്‍പ്പണബോധത്തോടെയും കഴിവോടെയും നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. അംറേലിയില്‍ നിര്‍മിക്കുന്ന കാന്‍സര്‍ ആശുപത്രി സമൂഹത്തിന്റെ ക്ഷേമത്തിന് മാതൃകയാകും. ലുവ പതിദാര്‍ സമാജത്തിനും ശ്രീ ഖോഡല്‍ധാം ട്രസ്റ്റിനും അവരുടെ വരാനിരിക്കുന്ന ശ്രമങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. മാ ഖോഡലിന്റെ അനുഗ്രഹത്തോടെ നിങ്ങള്‍ക്ക് സാമൂഹിക സേവനത്തില്‍ തുടരാം. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ഞാന്‍ വിടപറയുന്നതിന് മുമ്പ്, മറ്റൊരു ചിന്ത പ്രകടിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. ദയവു ചെയ്ത് നീരസപ്പെടരുത്. ഇക്കാലത്ത്, ഈശ്വരാനുഗ്രഹത്താല്‍ ലക്ഷ്മീദേവി ഈ സ്ഥലത്തെ അനുഗ്രഹിച്ചിരിക്കുന്നു, ഞാന്‍ സന്തോഷിക്കുന്നു. എന്നിരുന്നാലും, വിദേശത്ത് വിവാഹം നടത്തുന്നത് ഉചിതമാണോ? നമ്മുടെ നാട്ടില്‍ വിവാഹങ്ങള്‍ നടക്കില്ലേ? ഈ ആചാരം മൂലം ഭാരതത്തില്‍ നിന്ന് ഒഴുകിപ്പോകുന്ന ഗണ്യമായ സമ്പത്തിനെക്കുറിച്ച് ചിന്തിക്കുക! വിവാഹത്തിനായി വിദേശത്തേക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഈ പ്രവണത നമ്മുടെ സമൂഹത്തെ ബാധിക്കാതിരിക്കട്ടെ. എന്തുകൊണ്ട് മാ ഖോഡലിന്റെ ദിവ്യ പാദങ്ങളില്‍ വിവാഹങ്ങള്‍ നടത്തിക്കൂടാ? അതുകൊണ്ടാണ് ഞാന്‍ 'വെഡ് ഇന്‍ ഇന്ത്യ' എന്ന് നിര്‍ദ്ദേശിക്കുന്നത്; നിങ്ങളുടെ വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തൂ. 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നതിന് സമാനമായി, അത് 'വെഡ് ഇന്‍ ഇന്ത്യ' ആയിരിക്കട്ടെ. നിങ്ങള്‍ എനിക്ക് കുടുംബം പോലെയായതിനാല്‍, നിങ്ങളോട് എല്ലാവരോടും എന്റെ ചിന്തകള്‍ പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ കൂടുതല്‍ നീട്ടുകയില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. നന്ദി.

ജയ് മാ ഖോഡല്‍!

--NS--



(Release ID: 2000202) Visitor Counter : 49