സാംസ്‌കാരിക മന്ത്രാലയം
ഇതാദ്യമായി 100 വനിതാ കലാകാരികൾ പരമ്പരാഗത ഉപകരണങ്ങളുമായി റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിയ്ക്കുന്നു
Posted On:
23 JAN 2024 8:00PM by PIB Thiruvananthpuram
ന്യൂഡൽഹി : 23 ജനുവരി 2024
'വികസിത ഇന്ത്യ', 'ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്' എന്നീ പ്രമേയങ്ങളിൽ അധിഷ്ഠിതമായി ആദ്യമായി 100 വനിതാ കലാകാരികൾ അതത് സംസ്ഥാനങ്ങളിലെ വേഷവിധാനങ്ങൾ അണിഞ്ഞ് പരമ്പരാഗത വാദ്യങ്ങൾ വായിച്ച് റിപ്പബ്ലിക് ദിന പരേഡിന് ആരംഭം കുറിക്കും.കൂടാതെ ഇത് ആദ്യമായി 30 സംസ്ഥാനങ്ങളിൽ നിന്നുള്ള 1500 കലാകാരികൾ നാടോടി, ശാസ്ത്രീയ നൃത്തങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 1900 സാരികൾ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും. സാംസ്‌കാരിക വകുപ്പ് സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 23 മുതൽ 31 വരെ നടക്കുന്ന റിപ്പബ്ലിക് വാരത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ വിവിധ സാംസ്കാരിക പരിപാടികളെക്കുറിച്ച് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
റിപ്പബ്ലിക് ദിന പരേഡ് എപ്പോഴും സൈനിക ബാൻഡോടെയാണ് ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ചുകൊണ്ട് വനിതാ കലാകാരികൾ പരേഡ് ഉദ്ഘാടനം ചെയ്യും.
75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികൾ ചുവപ്പ് കോട്ടയിൽ ഏഴ് ദിവസം നീണ്ടുനിൽക്കും. നേതാജിക്ക് ചുവപ്പ് കോട്ടയുമായുള്ള ബന്ധമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. ലളിതകലാ അക്കാദമിയും നാഷണൽ ആർക്കൈവ്സും ചേർന്ന് വിവിധ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നേതാജിസുഭാഷ് ചന്ദ്രബോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട കത്തുകളും ഓഡിയോ പ്രസംഗങ്ങളും ഉൾപ്പെടെയുള്ള അമൂല്യ രേഖകൾ പ്രദർശിപ്പിക്കും . മണൽ കലാകാരൻ സുദർശൻ പട്‌നായിക് പങ്കെടുക്കുന്നുണ്ട്. കൂടാതെ,നേതാജിയുടെ ജീവിതത്തെക്കുറിച്ച് അതുൽ തിവാരി തിരക്കഥയെഴുതി നിർമ്മിച്ച വീഡിയോ പ്രദർശനം കാണുന്നതിനായി 270 ഡിഗ്രി തിയേറ്റർ നിർമ്മിച്ചിട്ടുണ്ട്. പരിപാടികൾ ജനുവരി 31 വരെ തുടരും.
സ്ത്രീശക്തിക്ക് ആദരം അർപ്പിച്ച് കൊണ്ട് 'അനന്ത് സൂത്ര' എന്ന പേരിൽ പ്രത്യേക പ്രദർശനം കർത്തവ്യ പഥിൽ നടന്നുവരികയാണ്. കർത്തവ്യ പഥിന്റെ ഇരുവശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പ്രദർശനത്തിന്റെ നോഡൽ ഏജൻസി, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ് ആണ്. പ്രദർശനത്തിന്റെ ഭാഗമായി നൽകിയിട്ടുള്ള 'ക്യുആർ കോഡ്' സ്‌കാൻ ചെയ്‌താൽ, ഒരാൾക്ക് നേരിട്ട് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് സാരിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നതാണ് ഈ പ്രദർശനത്തിന്റെ ഒരു പ്രത്യേകത. കശ്മീരിലെയും പഞ്ചാബിലെയും കോട്ട പന്തി കലാരൂപം പ്രദർശിപ്പിക്കുന്ന 150 വർഷം പഴക്കമുള്ള സാരിയും പ്രദർശനത്തിലുണ്ടാകും.
SKY
(Release ID: 1999428)