പ്രധാനമന്ത്രിയുടെ ഓഫീസ്
അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
22 JAN 2024 4:26PM by PIB Thiruvananthpuram
സിയവര്‍ രാമചന്ദ്ര കീ ജയ്!
സിയവര്‍ രാമചന്ദ്ര കീ ജയ്!
വേദിയില്‍ സന്നിഹിതരായ ആദരണീയരായ സന്യാസിമാര്‍ക്കും മഹര്‍ഷിമാര്‍ക്കും ഇവിടെ സന്നിഹിതരായ എല്ലാ രാമഭക്തര്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ബന്ധപ്പെട്ടവര്‍ക്കും എന്റെ ആശംസകള്‍. എല്ലാവര്‍ക്കും റാം റാം!
ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.
ശ്രീകോവിലില്‍ ദൈവിക ചൈതന്യത്തിനു സാക്ഷ്യം വഹിച്ചതിന് ശേഷമാണു ഞാന്‍ നിങ്ങളുടെ മുമ്പില്‍ സന്നിഹിതനാകുന്നത്. പറയാന്‍ ഒത്തിരിയുണ്ട്, പക്ഷേ എന്റെ തൊണ്ട അടഞ്ഞിരിക്കുകയാണ്. എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുന്നു, എന്റെ മനസ്സ് ഇപ്പോഴും ആ നിമിഷത്തില്‍ മുഴുകിയിരിക്കുന്നു. നമ്മുടെ രാം ലല്ല ഇനി കൂടാരത്തിലല്ല കഴിയുക. നമ്മുടെ രാം ലല്ല ഇനി ഈ ദിവ്യക്ഷേത്രത്തില്‍ വസിക്കും. ഇപ്പോഴുണ്ടായ അനുഭവം രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്ക് അനുഭവവേദ്യമാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ നിമിഷം അതീന്ദ്രിയമാണ്. ഇത് നിമിഷങ്ങളില്‍ ഏറ്റവും വിശുദ്ധമാണ്. ഈ അന്തരീക്ഷം, ഈ ചുറ്റുപാട്, ഈ ഊര്‍ജം, ഈ സമയം... ഇത് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹമാണ്. 2024 ജനുവരി 22-ന് സൂര്യോദയം ശ്രദ്ധേയമായ പ്രഭാവലയം കൊണ്ടുവന്നു. 2024 ജനുവരി 22 കലണ്ടറിലെ ഒരു തീയതി മാത്രമല്ല. ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നു. രാമക്ഷേത്രത്തിന്റെ 'ഭൂമി പൂജ' (തറക്കല്ലിടല്‍) ചടങ്ങ് മുതല്‍ രാജ്യത്തുടനീളം ഉത്സാഹവും ആവേശവും അനുദിനം വളരുകയായിരുന്നു. നിര്‍മാണം വീക്ഷിക്കുമ്പോള്‍, പൗരന്മാര്‍ക്കിടയില്‍ ഒരു പുതിയ ആത്മവിശ്വാസം ജനിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷമയുടെ ഫലം ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നു; ഇന്ന് നമുക്ക് ശ്രീരാമന്റെ ക്ഷേത്രം ലഭിച്ചു. അടിമത്ത മാനസികാവസ്ഥയില്‍നിന്ന് ഉയര്‍ന്ന്, ഭൂതകാലത്തിന്റെ എല്ലാ വെല്ലുവിളികളില്‍ നിന്നും ധൈര്യം സംഭരിച്ച്, രാഷ്ട്രം പുതിയ ചരിത്രത്തിന്റെ ഉത്ഭവം സൃഷ്ടിക്കുകയാണ്. ആയിരം വര്‍ഷം കഴിഞ്ഞാലും ആളുകള്‍ ഈ തീയതി, ഈ നിമിഷം ചര്‍ച്ച ചെയ്യും. അത് സംഭവിക്കുന്നതിന് സാക്ഷ്യം വഹിക്കുന്ന ഈ നിമിഷം നമ്മള്‍ ജീവിക്കുന്നത് ശ്രീരാമന്റെ മഹത്തായ അനുഗ്രഹമാണ്. ഇന്ന്, ലോകത്തിന്റെ എല്ലാ കോണുകളിലും എല്ലാം ദൈവികതയാല്‍ നിറഞ്ഞിരിക്കുന്നു. ഈ സമയം സാധാരണമായ ഒന്നല്ല. നിറംമങ്ങാത്ത മഷികൊണ്ട് കാലചക്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട മായാത്ത സ്മൃതിരേഖകളാണിവ.
സുഹൃത്തുക്കളെ,
രാമനുമായി ബന്ധപ്പെട്ട ഏതു കര്‍മം നടക്കുന്നിടത്തും പവനപുത്ര (കാറ്റിന്റെ മകന്‍)നായ ഹനുമാന്‍ സദാ സന്നിഹിതനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് രാമഭക്തനായ ഹനുമാനെയും ഹനുമാന്‍ഗര്‍ഹിയെയും ഞാന്‍ വണങ്ങുന്നു. അമ്മ ജാനകി, ലക്ഷ്മണ്‍ ജി, ഭരത-ശത്രുഘ്നന്‍മാര്‍, വിശുദ്ധ അയോധ്യാപുരി, വിശുദ്ധ സരയൂ നദി എന്നിവയ്ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ആരുടെ അനുഗ്രഹത്താലാണോ ഈ മഹത്തായ പ്രവൃത്തി പൂര്‍ത്തീകരിക്കപ്പെട്ടത്, അവരുമായി ബന്ധപ്പെട്ട ഒരു ദിവ്യാനുഭവം ഈ നിമിഷത്തില്‍ ഞാന്‍ അനുഭവിക്കുകയാണ്. ആ ദിവ്യാത്മാക്കള്‍, ആ സ്വര്‍ഗീയ ഭാവങ്ങള്‍ ഈ സമയത്ത് നമുക്ക് ചുറ്റും ഉണ്ട്. ഈ എല്ലാ ദൈവിക ബോധങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. നൂറ്റാണ്ടുകളായി ഈ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍നിന്നു നമ്മെ തടഞ്ഞിട്ടുണ്ടായിരിക്കാവുന്ന എന്തെങ്കിലും പോരായ്മകള്‍ നമ്മുടെ പ്രയത്നങ്ങളിലും ത്യാഗങ്ങളിലും തപസ്സിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഇന്ന് ശ്രീരാമനോട് ക്ഷമ ചോദിക്കുന്നു. ഇന്ന് ആ പോരായ്മ അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ശ്രീരാമന്‍ ഇന്ന് നമ്മോട് തീര്‍ച്ചയായും ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ത്രേതായുഗത്തില്‍ ശ്രീരാമന്‍ തിരിച്ചെത്തിയപ്പോള്‍ തുളസീദാസ് ജി എഴുതി-
പ്രഭു ബിലോകി ഹര്‍ഷേ പുരബാസി, ജനിത വിയോഗ് ബിപതി സബ് നാസി.
ഭഗവാന്റെ വരവില്‍ അയോധ്യയിലെ എല്ലാ നിവാസികളും രാജ്യം മുഴുവനും നിറഞ്ഞു. നീണ്ട വേര്‍പിരിയലിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി അവസാനിച്ചു. ആ കാലഘട്ടത്തില്‍, വേര്‍പിരിയല്‍ 14 വര്‍ഷത്തേക്ക് മാത്രമായിരുന്നു, എന്നിട്ടും അത് അസഹനീയമായിരുന്നു. ഈ യുഗത്തില്‍, അയോധ്യയിലെയും രാജ്യത്തിലെയും നിവാസികള്‍ നൂറ്റാണ്ടുകളായി വേര്‍പിരിയല്‍ സഹിച്ചു. നമ്മുടെ പല തലമുറകളും വേര്‍പിരിയല്‍ സഹിച്ചവരാണ്. നമ്മുടെ ഭരണഘടനയുടെ ആദ്യ പേജില്‍ പോലും ശ്രീരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഭരണഘടന നിലവിലുണ്ടെങ്കിലും, പതിറ്റാണ്ടുകളായി ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലി നിയമയുദ്ധം നടന്നു. നീതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ ജുഡീഷ്യറിയോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ശ്രീരാമന്റെ ക്ഷേത്രം നീതിപൂര്‍വകവും നിയമാനുസൃതവുമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന്, ഗ്രാമങ്ങളില്‍ ഉടനീളം ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ശ്ലോകങ്ങള്‍ ചൊല്ലുകയും ചെയ്യുന്ന സഭകളുണ്ട്. ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നു, ശുചീകരണ പരിപാടികളും നടക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് ദീപാവലി പോലെ ആഘോഷിക്കുകയാണ്. എല്ലാ വീടുകളിലും വൈകുന്നേരം ശ്രീരാമന്റെ 'രാമജ്യോതി' (ദിവ്യദീപം) തെളിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. രാമസേതുവിന്റെ പ്രാരംഭ സ്ഥലമായ ധനുഷ്‌കോടിയിലെ അരിചാല്‍ മുനൈ എന്ന പുണ്യസ്ഥലത്ത് ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഇന്നലെ ഞാന്‍ ഉണ്ടായിരുന്നു. ശ്രീരാമന്‍ സമുദ്രം കടക്കാന്‍ പുറപ്പെട്ട നിമിഷം കാലത്തിന്റെ ഗതി മാറ്റിമറിച്ച നിമിഷമായിരുന്നു. ആ വൈകാരിക നിമിഷം അനുഭവിക്കാനുള്ള എന്റെ എളിയ ശ്രമമായിരുന്നു സന്ദര്‍ശനം. ഞാന്‍ അവിടെ പുഷ്പാഞ്ജലി അര്‍പ്പിച്ചു. ആ നിമിഷം കാലചക്രം മാറിയതുപോലെ, ഇപ്പോള്‍ അത് വീണ്ടും നല്ല ദിശയിലേക്ക് മാറുമെന്ന് എനിക്ക് ഉള്ളില്‍ ഒരു വിശ്വാസം തോന്നി. എന്റെ 11 ദിവസത്തെ വ്രതാചരണത്തിനിടയില്‍, ശ്രീരാമന്റെ പാദങ്ങള്‍ ചവിട്ടിയ സ്ഥലങ്ങളില്‍ തൊടാന്‍ ഞാന്‍ ശ്രമിച്ചു. അത് നാസിക്കിലെ പഞ്ചവടി ധാമമായാലും, കേരളത്തിലെ പുണ്യ തൃപ്രയാര്‍ ക്ഷേത്രമായാലും, ആന്ധ്രാപ്രദേശിലെ ലേപാക്ഷി ആയാലും, ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രമായാലും, രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രമായാലും, ധനുഷ്‌കോടി ആയാലും.. ഒരു തീര്‍ത്ഥാടനം നടത്താന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമാണ്. ഈ ശുദ്ധവും പവിത്രവുമായ വികാരത്തോടെ സമുദ്രം മുതല്‍ സരയൂ വരെ, എല്ലായിടത്തും രാമനാമത്തിന്റെ ഉത്സവഭാവം പടര്‍ന്നു. ഭാരതത്തിന്റെ ആത്മാവിന്റെ എല്ലാ കണികകളുമായും ശ്രീരാമന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ ജനങ്ങളുടെ ഉള്ളില്‍ രാമന്‍ വസിക്കുന്നു. ഭാരതത്തിലെ ആരുടെയെങ്കിലും ആന്തരിക ആത്മാവിനെ നാം സ്പര്‍ശിച്ചാല്‍, ഈ ഐക്യം നമുക്ക് അനുഭവപ്പെടും, ഈ വികാരം എല്ലായിടത്തും കാണപ്പെടും. രാജ്യത്തിന് ഇതിലും ഉദാത്തവും സംഘടിതവുമായ തത്വം മറ്റെന്താണ്?
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
കഴിഞ്ഞ 11 ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ വിവിധ ഭാഷകളില്‍ രാമായണം കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ശ്രീരാമനെ വര്‍ണ്ണിച്ചുകൊണ്ട് ഋഷിമാര്‍ പറഞ്ഞു- രമന്തേ യസ്മിന്‍ ഇതി രാമഃ? അതായത്, ആരില്‍ മുഴുകുന്നുവോ അവന്‍ രാമനാണ്. ഉത്സവങ്ങള്‍ മുതല്‍ പാരമ്പര്യങ്ങള്‍ വരെ ഓര്‍മ്മകളില്‍ രാമന്‍ സര്‍വ്വവ്യാപിയാണ്. എല്ലാ കാലഘട്ടത്തിലും ആളുകള്‍ രാമനായി ജീവിച്ചു. ഓരോ കാലഘട്ടത്തിലും ആളുകള്‍ രാമനെ അവരുടെ സ്വന്തം വാക്കുകളില്‍, അവരുടേതായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രാമന്റെ ഈ സത്ത ജീവന്റെ അരുവിപോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുരാതന കാലം മുതല്‍, ഭാരതത്തിന്റെ എല്ലാ കോണിലുമുള്ള ആളുകള്‍ രാമന്റെ സത്ത ആസ്വദിച്ചുകൊണ്ടിരുന്നു. രാമകഥ അനന്തവും രാമന്‍ ശാശ്വതവുമാണ്. രാമന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ഉപദേശങ്ങളും എല്ലായിടത്തും ഒരുപോലെയാണ്.
പ്രിയപ്പെട്ട നാട്ടുകാരേ,
ഈ ചരിത്ര നിമിഷത്തില്‍, ഈ ശുഭദിനത്തിന് സാക്ഷ്യം വഹിക്കാന്‍ നമുക്കു സാഹചര്യമൊരുക്കിയ വ്യക്തികളെയും ഒപ്പം അവരുടെ പ്രവര്‍ത്തനങ്ങളും അര്‍പ്പണബോധവും രാഷ്ട്രം ഓര്‍ക്കുന്നു. രാമനെ സേവിക്കുന്നതിനായി നിരവധി ആളുകള്‍ ത്യാഗത്തിന്റെയും തപസ്സിന്റെയും പരകോടി കാണിച്ചിട്ടുണ്ട്. രാമന്റെ എണ്ണമറ്റ ഭക്തരോടും നിരവധി 'കര്‍സേവകരോടും' (സന്നദ്ധസേവകരോടും) എണ്ണമറ്റ സന്യാസിമാരോടും ആത്മീയ നേതാക്കളോടും നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കള,
ഇന്നത്തെ സന്ദര്‍ഭം വെറുമൊരു ആഘോഷമല്ല, ഇന്ത്യന്‍ സമൂഹത്തിന്റെ പക്വതയെ തിരിച്ചറിയുന്ന നിമിഷം കൂടിയാണ്. ഈ അവസരം വിജയം മാത്രമല്ല, നമുക്ക് വിനയം കൂടിയാണ്. പല രാഷ്ട്രങ്ങളും സ്വന്തം ചരിത്രത്തില്‍ കുടുങ്ങിയപ്പോയതിനു ചരിത്രം സാക്ഷിയാണ്. ഈ രാഷ്ട്രങ്ങള്‍ തങ്ങളുടെ ചരിത്രത്തിന്റെ കുരുക്കുകള്‍ അഴിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, അവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു, പലപ്പോഴും സാഹചര്യം മുമ്പത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. എന്നിരുന്നാലും, നമ്മുടെ രാജ്യം ഗൗരവത്തോടെയും വൈകാരിക തീക്ഷ്ണതയോടെയും ചരിത്രത്തിന്റെ ഈ അധ്യായം തുറന്നിരിക്കുന്ന രീതി സൂചിപ്പിക്കുന്നത്, നമ്മുടെ ഭാവി നമ്മുടെ ഭൂതകാലത്തില്‍ നിന്ന് വളരെ മനോഹരമായിത്തീരുകയാണ് എന്നാണ്. രാമക്ഷേത്രം പണിതാല്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചിലര്‍ വാദിച്ച ഒരു കാലമുണ്ടായിരുന്നു. അത്തരം വ്യക്തികള്‍ ഭാരതത്തിന്റെ സാമൂഹിക വികാരങ്ങളുടെ പവിത്രത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. രാം ലല്ലയ്ക്ക് വേണ്ടിയുള്ള ഈ ക്ഷേത്രം ഇന്ത്യന്‍ സമൂഹത്തിന്റെ സമാധാനം, ക്ഷമ, പരസ്പര ഐക്യം, ഏകോപനം എന്നിവയെ സൂചിപ്പിക്കുന്നു. ഈ നിര്‍മിതി തീപ്പിടിത്തം ഉണ്ടാക്കുന്നതല്ല, യഥാര്‍ഥത്തില്‍ ഊര്‍ജം ജനിപ്പിക്കുകയാണു ചെയ്യുന്നത് എന്നതിനു നാം സാക്ഷ്യം വഹിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ശോഭനമായ ഭാവിയുടെ പാതയില്‍ മുന്നേറാനുള്ള പ്രചോദനത്തിന്റെ പ്രതീകം കൂടിയാണ് രാമക്ഷേത്ര നിര്‍മാണം. ഞാന്‍ ഇന്ന് ആ ആളുകളെ ക്ഷണിക്കുന്നു... ദയവായി അത് അനുഭവിക്കുക, നിങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുക. രാമന്‍ അഗ്നിയല്ല; രാമന്‍ ഊര്‍ജ്ജമാണ്. രാമന്‍ തര്‍ക്കമല്ല; രാമന്‍ ഒരു പരിഹാരമാണ്. രാമന്‍ നമ്മുടേത് മാത്രമല്ല; രാമന്‍ എല്ലാവരുടേതുമാണ്. രാമന്‍ വെറും സാന്നിധ്യമല്ല; രാമന്‍ നിത്യനാണ്.
സുഹൃത്തുക്കളെ,
രാമക്ഷേത്രത്തിന്റെ 'പ്രാണ പ്രതിഷ്ഠ'(പ്രതിഷ്ഠാ ചടങ്ങ്)യ്ക്കായി ഇന്ന് ലോകം ഒത്തുചേര്‍ന്ന രീതിയിലൂടെ ശ്രീരാമന്റെ സാര്‍വത്രികതയ്ക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഭാരതത്തില്‍ ആഘോഷം നടക്കുന്നതുപോലെ, മറ്റ് പല രാജ്യങ്ങളിലും സമാനമായ ആഘോഷങ്ങള്‍ നടക്കുന്നു. ഇന്ന്, അയോധ്യയിലെ ഈ ഉത്സവം രാമായണത്തിന്റെ ആഗോള പാരമ്പര്യങ്ങളുടെ ആഘോഷമായി മാറിയിരിക്കുന്നു. 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ആശയത്തിന്റെ അംഗീകാരം കൂടിയാണ് രാം ലല്ലയുടെ സമര്‍പ്പണം.
സുഹൃത്തുക്കളെ,
അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠ മാത്രമല്ല, ശ്രീരാമന്റെ രൂപത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഷ്ഠ കൂടിയാണിത്. മാനുഷിക മൂല്യങ്ങളുടെയും ആത്യന്തികമായ ആദര്‍ശങ്ങളുടെയും സമര്‍പ്പണം കൂടിയാണിത്. ഈ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും ആവശ്യകത ഇന്ന് സാര്‍വത്രികമാണ്. സര്‍വേ ഭവന്തു സുഖിന: എന്ന ദൃഢനിശ്ചയം നൂറ്റാണ്ടുകളായി പ്രതിധ്വനിച്ചു, ഇന്ന് ആ ദൃഢനിശ്ചയം രാമക്ഷേത്രത്തിന്റെ രൂപത്തില്‍ പ്രകടമായിരിക്കുന്നു. ഈ ക്ഷേത്രം വെറുമൊരു ശ്രീകോവിലല്ല; അത് ഭാരതത്തിന്റെ ദര്‍ശനത്തിന്റെയും തത്ത്വചിന്തയുടെയും ഉള്‍ക്കാഴ്ചയുടെയും പ്രകടനമാണ്. ശ്രീരാമന്റെ രൂപത്തിലുള്ള ദേശീയ ബോധത്തിന്റെ ക്ഷേത്രമാണിത്. രാമന്‍ ഭാരതത്തിന്റെ വിശ്വാസം; രാമനാണ് ഭാരതത്തിന്റെ അടിത്തറ. രാമന്‍ ഭാരതത്തിന്റെ ചിന്തയാണ്; രാമനാണ് ഭാരതത്തിന്റെ ഭരണഘടന. രാമന്‍ ഭാരതത്തിന്റെ ബോധമാണ്; രാമന്‍ ഭാരതത്തിന്റെ ചിന്തയാണ്. രാമന്‍ ഭാരതത്തിന്റെ അഭിമാനമാണ്; രാമന്‍ ഭാരതത്തിന്റെ മഹത്വമാണ്. റാം ഒരു തുടര്‍ച്ചയായ ഒഴുക്കാണ്; രാമന്‍ ഒരു സ്വാധീനമാണ്. രാമന്‍ ഒരു ആശയമാണ്; രാമനും ഒരു നയമാണ്. രാമന്‍ നിത്യനാണ്, രാമന്‍ ശാശ്വതനാണ്. രാമന്‍ സര്‍വവ്യാപിയാണ്. രാമന്‍ ലോകത്തിന്റെ ആത്മാവാണ്. അതിനാല്‍, രാമന്റെ പ്രതിഷ്ഠ നടക്കുമ്പോള്‍, അതിന്റെ സ്വാധീനം വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ മാത്രമല്ല; അതിന്റെ ഫലം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും. മഹര്‍ഷി വാല്മീകി പറഞ്ഞു:
രാജ്യം ദശ സഹസ്രാണി പ്രാപ്യ വര്‍ഷാണി രാഘവഃ.
അര്‍ത്ഥം, ആയിരക്കണക്കിന് വര്‍ഷങ്ങളായി രാമരാജ്യം സ്ഥാപിക്കപ്പെട്ടു, അതായത്, ആയിരക്കണക്കിന് വര്‍ഷങ്ങളായി രാമരാജ്യം സ്ഥാപിക്കപ്പെട്ടു. ത്രേതായുഗത്തില്‍ രാമന്‍ വന്നപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി രാമരാജ്യത്തിന്റെ സ്ഥാപനം നടന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി രാമന്‍ ലോകത്തെ നയിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
ഇന്ന്, അയോധ്യയെന്ന പുണ്യഭൂമി നാമെല്ലാവരോടും, ശ്രീരാമന്റെ ഓരോ ഭക്തരോടും, ഓരോ ഇന്ത്യക്കാരനോടും ഒരു ചോദ്യം ഉന്നയിക്കുന്നു:. ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മിച്ചു, ഇനിയെന്ത്? നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി. ഇനി, എന്താണ് മുന്നിലുള്ളത്? ഈ അവസരത്തില്‍, നമ്മെ അനുഗ്രഹിക്കാന്‍ സന്നിഹിതരായ ദിവ്യാത്മാക്കള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു; ഞങ്ങള്‍ എങ്ങനെ അവരോട് വിടപറയും? ഇല്ല, തീര്‍ച്ചയായും ഇല്ല. കാലചക്രം തിരിയുന്നത് പുണ്യഹൃദയത്തോടെയാണ് ഇന്ന് ഞാന്‍ അനുഭവിക്കുന്നത്. കാലാതീതമായ പാതയുടെ ശില്പിയായി നമ്മുടെ തലമുറയെ തിരഞ്ഞെടുത്തത് സന്തോഷകരമായ യാദൃശ്ചികതയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറകള്‍ ഇന്ന് നമ്മുടെ രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളെ ഓര്‍ക്കും. അതിനാല്‍, ഞാന്‍ പറയുന്നു - ഇതാണ് സമയം, ശരിയായ സമയം. ഇന്ന് മുതല്‍, ഈ പുണ്യ നിമിഷം മുതല്‍, ഭാരതത്തിന്റെ അടുത്ത ആയിരം വര്‍ഷത്തിനുള്ള അടിത്തറ നാം സ്ഥാപിക്കണം. ക്ഷേത്രനിര്‍മ്മാണത്തിനപ്പുറം, ഈ നിമിഷം മുതല്‍ കഴിവുള്ളതും മഹത്വപൂര്‍ണ്ണവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നാം പ്രതിജ്ഞയെടുക്കണം. രാമന്റെ ചിന്തകള്‍ ജനങ്ങളുടെ മനസ്സിലും ഉണ്ടാകണം, ഇത് രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള ചുവടുവെപ്പാണ്.
സുഹൃത്തുക്കളെ,
നമ്മുടെ ബോധം വികസിക്കേണ്ടതുണ്ട് എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. നമ്മുടെ അവബോധം ദൈവത്തില്‍ നിന്ന് രാഷ്ട്രത്തിലേക്കും രാമനില്‍നിന്ന് രാഷ്ട്രത്തിലേക്കും വ്യാപിക്കണം. ഹനുമാന്റെ ഭക്തി, ഹനുമാന്റെ സേവനം, ഹനുമാന്റെ സമര്‍പ്പണം- ഇവ നമ്മള്‍ പുറത്ത് അന്വേഷിക്കാന്‍ പാടില്ലാത്ത ഗുണങ്ങളാണ്. ഓരോ ഭാരതീയനിലും ഉള്ള ഭക്തി, സേവനം, സമര്‍പ്പണം എന്നിവയുടെ വികാരങ്ങള്‍ കഴിവും മഹത്വവുമുള്ള ഒരു ഭാരതത്തിന്റെ അടിത്തറയായിരിക്കും. ഇത് ബോധത്തിന്റെ വികാസമാണ്- ദൈവത്തില്‍നിന്ന് രാഷ്ട്രത്തിലേക്കും രാമനില്‍നിന്ന് മുഴുവന്‍ രാഷ്ട്രത്തിലേക്കും! ദൂരെ കാട്ടിലെ വിദൂര കുടിലില്‍ ജീവിതം കഴിച്ചുകൂട്ടിയ എന്റെ ആദിവാസി അമ്മ ശബരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയമായ ഒരു വിശ്വാസം ഉണര്‍ന്നു. 'രാമന്‍ വരും' എന്ന് അമ്മ ശബരി കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നു. ഈ വിശ്വാസവും ഓരോ ഭാരതീയനിലുമുള്ള ഭക്തി, സേവനം, അര്‍പ്പണബോധം എന്നിവയുടെ വികാരങ്ങളും കഴിവുള്ള, മഹത്വമുള്ള, ദൈവികമായ ഒരു ഭാരതത്തിന്റെ അടിത്തറയായിരിക്കും. ഇത് ബോധത്തിന്റെ വികാസമാണ്-ദൈവത്തില്‍ നിന്ന് രാഷ്ട്രത്തിലേക്കും രാമനില്‍ നിന്ന് മുഴുവന്‍ രാഷ്ട്രത്തിലേക്കും! നിഷാദ് രാജിന്റെ സൗഹൃദം എല്ലാ അതിരുകള്‍ക്കും അപ്പുറത്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാമനോടുള്ള നിഷാദ് രാജിന്റെ ആകര്‍ഷണം, നിഷാദ് രാജിനോടുള്ള ശ്രീരാമന്റെ ബോധം, അത് എത്ര അടിസ്ഥാനപരമാണ്! എല്ലാവരും നമ്മുടെ സ്വന്തമാണ്, എല്ലാവരും തുല്യരാണ്. ഓരോ ഭാരതീയനിലുമുള്ള സ്വത്വത്തിന്റെയും സാഹോദര്യത്തിന്റെയും വികാരങ്ങള്‍ കഴിവുള്ള, മഹത്വമുള്ള, ദൈവികമായ ഒരു ഭാരതത്തിന്റെ അടിത്തറ ഉണ്ടാക്കും. ഇത് ബോധത്തിന്റെ വികാസമാണ്- ദൈവത്തില്‍ നിന്ന് രാഷ്ട്രത്തിലേക്കും രാമനില്‍ നിന്ന് മുഴുവന്‍ രാഷ്ട്രത്തിലേക്കും!
സുഹൃത്തുക്കളെ,
ഇന്ന് നാട്ടില്‍ ഒരല്‍പ്പം പോലും നിരാശയ്ക്ക് സ്ഥാനമില്ല. ഞാന്‍ വളരെ സാധാരണക്കാരനാണ്, ഞാന്‍ വളരെ ചെറുതാണ് എന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുവെങ്കില്‍, അവര്‍ അണ്ണാന്‍ നല്‍കിയ സംഭാവന ഓര്‍ക്കണം. അണ്ണാന്‍ നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുന്നത് നമ്മുടെ മടി അകറ്റുകയും ചെറുതോ വലുതോ ആയ എല്ലാ ശ്രമങ്ങള്‍ക്കും അതിന്റേതായ ശക്തിയും സംഭാവനയും ഉണ്ടെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യും. 'സബ്കാ പ്രയാസ്' (എല്ലാവരുടെയും പ്രയത്നങ്ങള്‍) കഴിവുള്ള, മഹത്വമുള്ള, ദൈവിക ഭാരതത്തിന്റെ അടിത്തറയാകും. ഇത് ബോധത്തിന്റെ വികാസമാണ്- ദൈവത്തില്‍നിന്നു രാഷ്ട്രത്തിലേക്കും രാമനില്‍നിന്നു മുഴുവന്‍ രാഷ്ട്രത്തിലേക്കും!
സുഹൃത്തുക്കളെ,
ലങ്കയിലെ രാജാവായ രാവണന് അപാരമായ അറിവും വലിയ ശക്തികളും ഉണ്ടായിരുന്നു. എന്നിരുന്നാലും, ജടായുവിന്റെ അചഞ്ചലമായ ഭക്തി നോക്കൂ; അവന്‍ ശക്തനായ രാവണനെ നേരിട്ടു. രാവണനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും രാവണനെ വെല്ലുവിളിച്ചു. കര്‍ത്തവ്യത്തോടുള്ള ഈ പ്രതിബദ്ധതയാണ് കഴിവുള്ള, മഹത്വമുള്ള, ദിവ്യമായ ഭാരതത്തിന്റെ അടിത്തറ. ഇതാണ് ബോധത്തിന്റെ വികാസം- ദൈവത്തില്‍ നിന്ന് രാഷ്ട്രത്തിലേക്കും രാമനില്‍ നിന്ന് മുഴുവന്‍ രാഷ്ട്രത്തിലേക്കും! നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്ര നിര്‍മാണത്തിനായി സമര്‍പ്പിക്കാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. രാഷ്ട്രത്തിനായുള്ള പ്രയത്‌നം രാമനോടുള്ള നമ്മുടെ സമര്‍പ്പണമാകട്ടെ. ഓരോ നിമിഷവും നമ്മുടെ ശരീരത്തിലെ ഓരോ കണികയും രാഷ്ട്രത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ രാമന്റെ സേവനത്തിനായി സമര്‍പ്പിക്കപ്പെടട്ടെ.
എന്റെ നാട്ടുകാരെ,
ശ്രീരാമ ആരാധന നമുക്ക് സവിശേഷമായ ഒന്നായിരിക്കണം. ഈ ആരാധന നമ്മെക്കുറിച്ച് മാത്രം എന്നതിലും ഉയര്‍ന്നതും കൂട്ടായതുമായിരിക്കണം. ഈ ആരാധന അഹംഭാവത്തെ മറികടന്ന് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് വേണ്ടിയായിരിക്കണം. ഒരു 'വികസിത ഭാരത'ത്തിന്റെ വികസനത്തിനായുള്ള നമ്മുടെ സമര്‍പ്പണത്തിനുള്ള പ്രതിഫലം കൂടിയാണ് ഭഗവാന് സമര്‍പ്പിക്കുന്ന വഴിപാടുകള്‍. സ്ഥിരമായ വീര്യം, പരിശ്രമം, അര്‍പ്പണബോധം എന്നിവയോടുകൂടിയാണ് നാം ശ്രീരാമനെ അവതരിപ്പിക്കേണ്ടത്. ഈ രീതിയില്‍ ശ്രീരാമനെ നിരന്തരം ആരാധിക്കുന്നതിലൂടെ, ഭാരതത്തെ അഭിവൃദ്ധിയള്ളതും വികസിതവുമാക്കാന്‍ നമുക്ക് കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇതാണ് ഭാരതത്തിന്റെ വികസനത്തിന്റെ 'അമൃത് കാലം'. ഇന്ന് ഭാരതം യുവശക്തിയുടെ ജലസംഭരണിയാല്‍ നിറഞ്ഞിരിക്കുന്നു, ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. ആര്‍ക്കറിയാം എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള നല്ല സാഹചര്യങ്ങള്‍ ഉടലെടുക്കും. ഈ അവസരം നാം നഷ്ടപ്പെടുത്തരുത്; നാം വെറുതെ ഇരിക്കരുത്. എന്റെ രാജ്യത്തെ യുവാക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു- ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റെ പ്രചോദനമാണ് നിങ്ങളുടെ മുന്നിലുള്ളത്. ചന്ദ്രനില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്ന, 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച്, ആദിത്യ മിഷന്‍ വിജയിപ്പിക്കുന്ന, ആകാശത്ത് തേജസ് പതാക വീശുന്ന സൂര്യന്റെ അടുത്തേക്ക് പോകുന്ന, ഭാരതത്തിന്റെ ആ തലമുറയെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നു... അതുപോലെത്തന്നെ സമുദ്രത്തിലെ വിക്രാന്ത് എന്ന ബാനര്‍. നിങ്ങളുടെ പൈതൃകത്തില്‍ അഭിമാനിക്കുകയും ഭാരതത്തിന്റെ പുതിയ ഉദയത്തെക്കുറിച്ച് എഴുതുകയും ചെയ്യുക. പാരമ്പര്യത്തിന്റെ പവിത്രതയും ആധുനികതയുടെ അനന്തസാധ്യതകളും ഉള്‍ക്കൊണ്ട് ഈ രണ്ട് വഴികളിലൂടെയും നടന്ന് ഭാരതം അഭിവൃദ്ധിയുടെ ലക്ഷ്യങ്ങളിലെത്തും.
എന്റെ സുഹൃത്തുക്കളെ,
വരാനിരിക്കുന്ന സമയം വിജയത്തിന്റെ സമയമാണ്. വരാനിരിക്കുന്ന സമയം ഇപ്പോള്‍ നേട്ടങ്ങളുടെ സമയമാണ്. ഈ മഹത്തായ രാമക്ഷേത്രം ഭാരതത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കും. ഈ മഹത്തായ രാമക്ഷേത്രം ഭാരതത്തിന്റെ ഐശ്വര്യത്തിനും ഭാരതത്തിന്റെ വികസനത്തിനും സാക്ഷ്യം വഹിക്കും! ലക്ഷ്യം സത്യത്താല്‍ സാധൂകരിക്കപ്പെടുകയാണെങ്കില്‍, ലക്ഷ്യം സമൂഹത്തില്‍നിന്നും സംഘടിത ശക്തിയില്‍നിന്നും പിറവിയെടുക്കുകയാണെങ്കില്‍, ആ ലക്ഷ്യം കൈവരിക്കുക അസാധ്യമല്ലെന്ന് ഈ ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നു. ഇത് ഭാരതത്തിന്റെ സമയമാണ്, ഭാരതം ഇപ്പോള്‍ മുന്നോട്ട് പോകുകയാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നാം ഇവിടെ എത്തി. നാമെല്ലാവരും ഈ കാലഘട്ടത്തിനായി കാത്തിരിക്കുകയാണ്. ഇനി നാം പിന്നോട്ടില്ല. വികസനത്തിന്റെ ഔന്നത്യത്തിലേക്ക് നാം ഇനിയും ഉയരും. ഈ ആവേശത്തോടെ, രാം ലല്ലയുടെ പാദങ്ങളില്‍ വണങ്ങി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. എല്ലാ വിശുദ്ധര്‍ക്കും എന്റെ എളിയ ആദരവ്!
സിയവര്‍ രാമചന്ദ്ര കീ ജയ്!
സിയവര്‍ രാമചന്ദ്ര കീ ജയ്!
സിയവര്‍ രാമചന്ദ്ര കീ ജയ്!
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
NK
(Release ID: 1999415)
Visitor Counter : 128
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada