പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു


കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഉദ്ഘാടനം ചെയ്തു.

കുറഞ്ഞ താപനിലയില്‍ കടല്‍ജലത്തില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന നിലയം (എല്‍ടിടിഡി) കദ്മത്ത് നാടിനു സമര്‍പ്പിച്ചു

അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷനുകൾ (FHTC) സമർപ്പിച്ചു

കവരത്തിയിലെ സൗ​രോർജനിലയം നാടിനു സമർപ്പിച്ചു

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അഞ്ച് മാതൃകാ അങ്കണവാടികളുടെയും നവീകരണത്തിന് തറക്കല്ലിട്ടു

‘‘ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതി കുറവാണെങ്കിലും ജനഹൃദയങ്ങൾ സമുദ്രം പോലെ ആഴമുള്ളതാണ്’’

‘‘നമ്മുടെ ഗവൺമെന്റ് വിദൂര- അതിർത്തി -തീരദേശ- ദ്വീപ് മേഖലകൾ നമ്മുടെ മുൻഗണനയാക്കി’’

‘‘എല്ലാ ഗവണ്മെന്റ് പദ്ധതികളും എല്ലാ ഗുണഭോക്താവിലേക്കും എത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നു’’

‘‘ഗുണനിലവാരമുള്ള പ്രാദേശിക മത്സ്യം കയറ്റുമതി ചെയ്യുന്നതിനുള്ള വിപുലമായ സാധ്യതകൾ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിക്കും’’

‘‘ലക്ഷദ്വീപിന്റെ സൗന്ദര്യവുമായി താരതമ്യപ്പെടുത്തിയാൽ ലോകത്തിലെ മറ്റിടങ്ങൾ മങ്ങിപ്പോകും’’

‘‘വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ലക്ഷദ്വീപ് കരുത്തുറ്റ പങ്കുവഹിക്കും’’

Posted On: 03 JAN 2024 1:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലക്ഷദ്വീപിലെ കവരത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികൾ സാങ്കേതികവിദ്യ, ഊർജം, ജലസ്രോതസുകൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. ലാപ്‌ടോപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പും ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളുകളും വിതരണം ചെയ്തു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം കൈമാറി.

ലക്ഷദ്വീപിന്റെ സൗന്ദര്യം വാക്കുകൾക്ക് അതീതമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, പൗരന്മാരെ കാണാൻ അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങൾ സന്ദർശിച്ചതു പരാമർശിച്ചു. ‘‘ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതി കുറവാണെങ്കിലും ജനഹൃദയങ്ങൾ സമുദ്രം പോലെ ആഴമുള്ളതാണ്’’- അവരുടെ സാന്നിധ്യത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

വിദൂര - അതിർത്തി – തീരദേശ - ദ്വീപ് മേഖലകളോടു കാട്ടിയ ദീർഘകാല അവഗണന പ്രധാനമന്ത്രി സൂചിപ്പിച്ചു. ‘‘നമ്മുടെ  ഗവണ്മെന്റ് അത്തരം മേഖലകൾ നമ്മുടെ  മുൻഗണനയാക്കിയിരിക്കുന്നു’’- അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ, സമ്പർക്കസൗകര്യങ്ങൾ, ജലം, ആരോഗ്യം, ശിശുപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അദ്ദേഹം പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ചു.

ലക്ഷദ്വീപിന്റെ വികസനത്തിനായുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും പിഎം ആവാസ് യോജന (ഗ്രാമീൺ), എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ റേഷൻ ലഭ്യമാക്കൽ, പിഎം കിസാൻ ക്രെഡിറ്റ് കാർഡുകളുടെയും ആയുഷ്മാൻ കാർഡുകളുടെയും വിതരണം, ആയുഷ്മാൻ ആരോഗ്യ മന്ദിർ ആരോഗ്യ – സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ‘‘‌ഓരോ ഗവണ്മെന്റ് പദ്ധതികളും എല്ലാ ഗുണഭോക്താക്കൾക്കും എത്തിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത്’’- പ്രധാനമന്ത്രി പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ ഗുണഭോക്താക്കൾക്ക് പണം വിതരണം ചെയ്യുമ്പോൾ കൈവരിച്ച സുതാര്യതയെ പരാമർശിച്ച്, അഴിമതി ഒരുപരിധിവരെ തടയാൻ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

1000 ദിവസത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് 2020ൽ നൽകിയ ഉറപ്പ് പ്രധാനമന്ത്രി അനുസ്മരിച്ചു. കടലിനടിയിലൂടെയുള്ള  കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (KLI - SOFC) പദ്ധതി ഇന്ന് ജനങ്ങൾക്കായി സമർപ്പിച്ചു. ഇതു ലക്ഷദ്വീപിലെ ജനങ്ങൾക്ക് 100 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് ഉറപ്പാക്കും. ഗവണ്മെന്റ് സേവനങ്ങൾ, വൈദ്യചികിത്സ, വിദ്യാഭ്യാസം, ഡിജിറ്റൽ ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ലക്ഷദ്വീപിനെ ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കാനുള്ള സാധ്യത ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞ താപനിലയിൽ കടൽജലത്തിൽനിന്ന് ഉപ്പു വേർതിരിക്കുന്ന കദ്മത്തെ നിലയത്തെ (എൽടിടിഡി) പരാമർശിച്ച്, ലക്ഷദ്വീപിലെ എല്ലാ വീട്ടിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിൽ എത്തിയ ശേഷം പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ അലി മണിക്ഫാനുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും ലക്ഷദ്വീപ് ദ്വീപസമൂഹത്തിന്റെ സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ ഗവേഷണവും നൂതനാശയങ്ങളും എടുത്തുപറയുകയും ചെയ്തു. 2021ൽ ശ്രീ അലി മണിക്ഫാന് പത്മശ്രീ നൽകി ആദരിച്ചതിൽ ഇപ്പോഴത്തെ ഗവണ്മെന്റിൽ അദ്ദേഹം അതിയായ സംതൃപ്തി രേഖപ്പെടുത്തി. ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന കാര്യം സൂചിപ്പിച്ചപ്പോൾ ലക്ഷദ്വീപിലെ യുവാക്കളുടെ നവീകരണത്തിനും വിദ്യാഭ്യാസത്തിനും കേന്ദ്രഗവണ്മെന്റ് വഴിയൊരുക്കുകയാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ന് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകളും സൈക്കിളുകളും നൽകുന്ന കാര്യം പരാമർശിച്ചു. മുൻ വർഷങ്ങളിൽ ലക്ഷദ്വീപിൽ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനവും ഇല്ലാതിരുന്നത് ദ്വീപുകളിൽ നിന്ന് യുവാക്കളുടെ പലായനത്തിനു കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പറഞ്ഞ ശ്രീ മോദി, അന്ദ്രോത്ത്, കദ്മത്ത് ദ്വീപുകളിൽ കല-ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും മിനിക്കോയിയിലെ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കുന്നതിനെക്കുറിച്ചു പരാമർശിച്ചു. ‘‘ലക്ഷദ്വീപിലെ യുവാക്കൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്’’- അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിലെ ജനങ്ങൾക്കും പ്രയോജനകരമായ, ഹജ്ജ് യാത്രകൾക്കായി സ്വീകരിച്ച, നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു. ഹജ് വിസയ്ക്കുള്ള എളുപ്പവും വിസയ്ക്കുള്ള നടപടിക്രമങ്ങളുടെ ഡിജിറ്റൽവൽക്കരണവും ‘മെഹ്‌റം’ ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ അനുമതി നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ ‘ഉംറ’യ്ക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയ്ക്കു കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമുദ്രോൽപ്പന്ന വിപണിയില്‍ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി, പ്രാദേശിക ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍ ലക്ഷദ്വീപിനും ഇത് നേട്ടമുണ്ടാക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്ന ഗുണമേന്മയുള്ള നാടന്‍ മത്സ്യം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കടല്‍പ്പായല്‍ കൃഷിയുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രദേശത്തിന്റെ ലോലമായ പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിച്ച അദ്ദേഹം ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള സൗരോര്‍ജ പദ്ധതിയായ കവരത്തിയിലെ സൗരോര്‍ജ നിലയം അത്തരം സംരംഭങ്ങളുടെ ഭാഗമാണെന്നു കൂട്ടിച്ചേര്‍ത്തു.


‘ആസാദി കാ അമൃത് കാൽ’ വേളയിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതില്‍ ലക്ഷദ്വീപിന്റെ പങ്ക് അടിവരയിട്ട്, കേന്ദ്രഭരണ പ്രദേശത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിന് രാജ്യാന്തര അംഗീകാരം  ലഭിച്ചതായി അടുത്തിടെ സമാപിച്ച ജി 20 യോഗം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം ലക്ഷദ്വീപിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് നിർദിഷ്ട ആസൂത്രണപദ്ധതി തയ്യാറാക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. നീലപ്പതാക അംഗീകാരം ലഭിച്ച രണ്ട് കടൽത്തീരങ്ങളുടെ ആസ്ഥാനമാണ് ലക്ഷദ്വീപെന്ന് പറഞ്ഞ അദ്ദേഹം കദ്മത്ത്, സുഹേലി ദ്വീപുകളിലെ വാട്ടര്‍ വില്ല പദ്ധതികളുടെ വികസനത്തെക്കുറിച്ചും പരാമര്‍ശിച്ചു. ‘‘ലക്ഷദ്വീപ് ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ്’’ - അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ വരവ് അഞ്ചിരട്ടിയായി വർധിച്ചതു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. വിദേശ സന്ദര്‍ശനം നടത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് രാജ്യത്തെ പതിനഞ്ച് സ്ഥലങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന് ഇന്ത്യന് പൗരന്മാരോട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. വിദേശ രാജ്യങ്ങളിലെ ദ്വീപ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരിക്കല്‍ ലക്ഷദ്വീപിന്റെ മനോഹാരിത നിങ്ങള്‍ കണ്ടുകഴിഞ്ഞാല്‍, ലോകത്തിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തിളക്കം കുറഞ്ഞതായി കാണപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപിലെ ജനങ്ങൾക്ക് അവരുടെ ജീവിതവും യാത്രയും വ്യാവസായിക നടത്തിപ്പും സുഗമമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് തുടർന്നും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ‘‘വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ലക്ഷദ്വീപ് കരുത്തുറ്റ പങ്കുവഹിക്കും’’-  പ്രധാനമന്ത്രി ഉപസംഹരിച്ചു.

ലക്ഷദ്വീപ് ലെഫ്റ്റനന്റ് ഗവർണർ ശ്രീ പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം

കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ - എസ്ഒഎഫ്‌സി) പദ്ധതിക്കു തുടക്കമിട്ടു ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയും 2020 ഓഗസ്റ്റില്‍ ചുവപ്പുകോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പൂര്‍ത്തിയായ ഈ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ (1.7 ജിബിപിഎസില്‍നിന്ന് 200 ജിബിപിഎസിലേക്ക്) വർധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണു ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍വഴി ബന്ധിപ്പിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ടെലിമെഡിസിന്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസസംരംഭങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ കറന്‍സി ഉപയോഗം, ഡിജിറ്റല്‍ സാക്ഷരത മുതലായവ പ്രാപ്തമാക്കുന്ന കടലിനടിയിലൂടെയുള്ള സമര്‍പ്പിത ഒപ്റ്റിക് ഫൈബര്‍ കേബിള്‍, ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളില്‍ മാതൃകാപരമായ മാറ്റം ഉറപ്പാക്കും.

കുറഞ്ഞ താപനിലയില്‍ കടല്‍ജലത്തില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന നിലയം (എല്‍ടിടിഡി) കദ്മത്ത് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇതു പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള ടാപ്പ് കണക്ഷനുകളും (എഫ്എച്ച്‌ടിസി) പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. പവിഴപ്പുറ്റായതിനാല്‍ ഭൂഗര്‍ഭജല ലഭ്യത ലക്ഷദ്വീപില്‍ വളരെ പരിമിതമാണ്. അതിനാല്‍ ലക്ഷദ്വീപ് ദ്വീപുകളില്‍ കുടിവെള്ള ലഭ്യത എപ്പോഴും വെല്ലുവിളിയായിരുന്നു. ദ്വീപുകളുടെ വിനോദസഞ്ചാരശേഷി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനും ഈ കുടിവെള്ള പദ്ധതികള്‍ സഹായിക്കും.

ഡീസല്‍ അധിഷ്ഠിത ഊര്‍ജ ഉൽപ്പാദനനിലയത്തെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സഹായിക്കുന്ന, ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള, സൗരോര്‍ജ പദ്ധതിയായ കവരത്തിയിലെ സൗരോര്‍ജ നിലയം; കവരത്തിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബിഎന്‍) കോംപ്ലക്സിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പുരുഷന്മാര്‍ക്കായി 80 ബാരക്കും രാജ്യത്തിനു സമർപ്പിച്ച മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

കല്‍പ്പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും അന്ദ്രോത്ത്, ചെത്‌ലാത്ത്, കദ്മത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ചു ദ്വീപുകളില്‍ അഞ്ചു മാതൃകാ അങ്കണവാടികളുടെ (നന്ദ് ഘര്‍) നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

 

Our Government stands committed to ensuring all-round progress of Lakshadweep. From Kavaratti, launching projects aimed at enhancing 'Ease of Living.' https://t.co/SnnhmPr0XH

— Narendra Modi (@narendramodi) January 3, 2024

Ensuring 'Ease of Living' for the people. pic.twitter.com/2hEt7ETWIP

— PMO India (@PMOIndia) January 3, 2024

Enabling seamless travel during Haj. pic.twitter.com/ZulE0FwXUQ

— PMO India (@PMOIndia) January 3, 2024

Today, India is focusing on increasing its share in the global seafood market. Lakshadweep is significantly benefitting from this. pic.twitter.com/UZvIKI16wU

— PMO India (@PMOIndia) January 3, 2024

Bringing Lakshadweep on global tourism map. pic.twitter.com/JC1PuUuqbN

— PMO India (@PMOIndia) January 3, 2024


(Release ID: 1992727) Visitor Counter : 159