പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശിക്കും
അയോധ്യയിലെ പൗര സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
അയോധ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കും വിധമാണ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും
ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അയോധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പി
Posted On:
28 DEC 2023 4:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 30-ന് ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കും.
രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
അയോധ്യയില്‍ ആധുനിക ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പൈതൃകത്തിനും അനുസൃതമായി പൊതു സൗകര്യങ്ങള്‍ നവീകരിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി, നഗരത്തില്‍ പുതിയ വിമാനത്താവളം, പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷന്‍, പുനര്‍വികസിപ്പിച്ച് വീതികൂട്ടി മനോഹരമാക്കിയ റോഡുകള്‍, മറ്റ് പൊതു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്യും. കൂടാതെ, അയോധ്യയിലെയും പരിസരങ്ങളിലെയും പൗര സൗകര്യങ്ങളുടെ സൗന്ദര്യവല്‍ക്കരണത്തിനും നവീകരണത്തിനും സഹായിക്കുന്ന നിരവധി പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടും.
അയോധ്യ വിമാനത്താവളം
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ഭഗവാന്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. ആവരണമുള്ള മേല്‍ക്കൂര സംവിധാനം, എല്‍ഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ സൗന്ദര്യവത്കരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്‌കരണ പ്ലാന്റ്, സൗരോര്‍ജ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഗൃഹ 5 (GRIHA- 5) നക്ഷത്ര റേറ്റിംഗുകള്‍ നിറവേറ്റുന്നതിനായി മറ്റ് നിരവധി സവിശേഷതകളും അയോധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം ഈ മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തും, ഇത് വിനോദസഞ്ചാരം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും.
അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു പരിപാലന മുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ കെട്ടിടം 'എല്ലാവര്‍ക്കും പ്രാപ്യമാകുന്ന', 'ഐജിബിസി സര്‍ട്ടിഫൈഡ് ഗ്രീന്‍ സ്റ്റേഷന്‍ കെട്ടിടമായിരിക്കും'.
അമൃത് ഭാരത് ട്രെയിനുകള്‍, വന്ദേ ഭാരത് ട്രെയിനുകള്‍, മറ്റ് റെയില്‍ പദ്ധതികള്‍
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ പുതിയ വിഭാഗമായ അമൃത് ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ശീതികരിക്കാത്ത കോച്ചുകളുള്ള എല്‍എച്ച്ബി പുഷ് പുള്‍ ട്രെയിനാണ് അമൃത് ഭാരത് ട്രെയിന്‍. മികച്ച വേഗതയ്ക്കായി ഈ ട്രെയിനിന് രണ്ടറ്റത്തും ലോക്കോകളുണ്ട്. മനോഹരവും ആകര്‍ഷകവുമായി രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്ക്, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതുവിവര സംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇത് യാത്രക്കാര്‍ക്ക് നല്‍കുന്നു. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതില്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; അമൃത്‌സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്; കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്; മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്; ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോദ്ധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്നു.
ഈ മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. റൂമ ചക്കേരി-ചന്ദേരി മൂന്നാം ലൈന്‍ പദ്ധതി ; അയോദ്ധ്യ-ബരാബങ്കി ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ജൗന്‍പൂര്‍-തുളസി നഗര്‍, അക്ബര്‍പൂര്‍-അയോദ്ധ്യ, സോഹാവല്‍-പത്രംഗ, സഫ്ദര്‍ഗഞ്ച്-റസൗലി ഭാഗങ്ങളും കൂടാതെ മല്‍ഹൂര്‍-ദാലിഗഞ്ച് റെയില്‍വേ സെക്ഷന്റെ ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണ പദ്ധതിയും ഇവയില്‍ ഉള്‍പ്പെടുന്നു.
അയോദ്ധ്യയിലെ മെച്ചപ്പെടുത്തിയ നാഗരീക അടിസ്ഥാന സൗകര്യങ്ങള്‍
വരാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, അയോദ്ധ്യയില്‍ പുതുതായി പുനര്‍വികസിപ്പിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ അയോദ്ധ്യ- റാംപഥ്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമ ജന്മഭൂമി പഥ് എന്നീ നാല് റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അയോദ്ധ്യയിലും പരിസരത്തുമുള്ള പൊതുസ്ഥലങ്ങള്‍ മോടിപിടിപ്പിക്കുകയും നഗര അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പദ്ധതികളുടെഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുള്ളവയ്ക്ക് പുറമെ രാജര്‍ഷി ദശരഥ് സ്വയംഭരണ സംസ്ഥാന മെഡിക്കല്‍ കോളേജ്; വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുല്‍ത്താന്‍പൂര്‍ റോഡ്, എന്‍.എച്ച് 27 ബൈപാസ് മഹോബ്ര ബസാര്‍ വഴി തേധി ബസാര്‍ ശ്രീരാമ ജന്മഭൂമി വരെ നാലുവരിപ്പാതവരെയുള്ള നാലുവരിപ്പാത; അയോദ്ധ്യ ബൈപാസിനും നഗരത്തിനുമുടനീളമുള്ള മനോഹരമാക്കിയ നിരവധി റോഡുകള്‍ം; എന്‍.എച്ച് 330 എയുടെ ജഗദീഷ്പൂര്‍-ഫൈസാബാദ് ഭാഗം; മഹോലി-ബരഗാവ്-ദിയോധി റോഡും ജസര്‍പൂര്‍-ഭൗപൂര്‍-ഗംഗാരാമന്‍-സുരേഷ്‌നഗര്‍ റോഡ് എന്നിവയുടെ വീതികൂട്ടലും ബലപ്പെടുത്തലും; പഞ്ച്‌കോസി പരിക്രമ മാര്‍ഗിലെ ബാഡി ബുവ റെയില്‍വേ ക്രോസിംഗിലെ റെയില്‍വേ മേല്‍പ്പാലം (ആര്‍.ഒ.ബി); പിക്രൗലി ഗ്രാമത്തിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്; ഡോ. ബ്രജ്കിഷോര്‍ ഹോമിയോപ്പതിക് കോളേജിലേയും ആശുപത്രിയിലേയും പുതിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമൊക്കെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി നഗര്‍ സൃജന്‍ യോജന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും അഞ്ച് പാര്‍ക്കിംഗ്, വാണിജ്യ സൗകര്യങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അയോദ്ധ്യയില്‍ തറക്കല്ലിടുന്ന പുതിയ പദ്ധതികള്‍
നഗരത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ശക്തിപ്പെടുത്തുന്നതിനൊപ്പം അയോദ്ധ്യയിലെ നഗരസൗകര്യങ്ങളുടെ നവീകരണത്തിന് കൂടുതല്‍ സഹായകമാകുന്ന പുതിയ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അയോദ്ധ്യയിലെ നാല് ചരിത്രപരമായ പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും; ഗുപ്താര്‍ ഘട്ടിനും രാജ്ഘട്ടിനുമിടയിലെ പുതിയ കോണ്‍ക്രീറ്റ് ഘട്ടുകളും മുന്‍കൂട്ടി നിര്‍മ്മിച്ച ഘാട്ടുകളുടെ പുനരുദ്ധാരണവും; നയാ ഘാട്ട് മുതല്‍ ലക്ഷ്മണ്‍ ഘാട്ട് വരെയുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ വികസനവും സൗന്ദര്യവല്‍ക്കരണവും; രാം കി പൈഡിയിലെ ദീപോത്സവത്തിനും മറ്റ് മേളകള്‍ക്കുമായുള്ള സന്ദര്‍ശക ഗാലറിയുടെ നിര്‍മ്മാണം; രാം കി പൈഡിയില്‍ നിന്ന് രാജ് ഘട്ടിലേക്കും രാജ് ഘട്ടില്‍ നിന്ന് രാമക്ഷേത്രത്തിലേക്കുമുള്ള തീര്‍ത്ഥാടക പാതയും ശക്തിപ്പെടുത്തലും നവീകരണവുമൊക്കെ ഇവയില്‍ ഉള്‍പ്പടുന്നു.
അയോദ്ധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിനും ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന വസിഷ്ഠകുഞ്ച് റെസിഡന്‍ഷ്യല്‍ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും.
എന്‍.എച്ച് 28 (പുതിയ എന്‍.എച്ച് 27) ലഖ്‌നൗ-അയോദ്ധ്യ പാത; എന്‍.എച്ച് 28 (പുതിയ എന്‍.എച്ച് 27)ലെ നിലവിലുള്ള അയോദ്ധ്യ ബൈപാസിന്റെ ശക്തിപ്പെടുത്തലും പരിഷ്‌ക്കരണവും; അയോദ്ധ്യയില്‍ സി.ഐ.പി.ഇ.ടി കേന്ദ്രം സ്ഥാപിക്കുന്നതിനും, അയോദ്ധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അയോദ്ധ്യ വികസന അതോറിറ്റി ഓഫീസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികള്‍
ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവുംരാജ്യത്തിന് സമര്‍പ്പിക്കലും പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഗോസൈന്‍ കി ബസാര്‍ ബൈപാസ്-വാരണാസി (ഘാഘ്ര പാലം-വാരാണസി) (എന്‍.എച്ച്-233); നാലുവരിയായി വീതി കൂട്ടല്‍; എന്‍.എച്ച് 730ന്റെ ഖുതാര്‍ മുതല്‍ ലഖിംപൂര്‍ ഭാഗംവരെ ശക്തിപ്പെടുത്തലും നവീകരണവും; അമേഠി ജില്ലയിലെ ത്രിശൂണ്ടിയില്‍ എല്‍.പി.ജി പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍; പാഖയിലെ 30 എം.എല്‍.ഡിയുടെയും കാണ്‍പൂരിലെ ജജ്മൗവിലെ 130 എം.എല്‍.ഡിയുടെയും മലിനജല ശുദ്ധീകരണ പ്ലാന്റ്; ഉന്നാവോ ജില്ലയിലെ ഡ്രെയിനുകളുടെയും മലിനജല സംസ്‌കരണത്തിന്റെയും തടസ്സവും വഴിതിരിച്ചുവിടലും; കാണ്‍പൂരിലെ ജജ്മൗവിലെ ടാനറി ക്ലസ്റ്ററിനായുള്ള സി.ഇ.ടി.പി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
--NS--
(Release ID: 1991371)
Visitor Counter : 176
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada