പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒമാന്‍ സുല്‍ത്താനുമായുള്ള പ്രതിനിധിതല ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന (2023 ഡിസംബര്‍ 16)

Posted On: 16 DEC 2023 6:27PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഡിസംബര്‍ 16

 

ആദരണീയ ഒമാൻ സുൽത്താൻ, 

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ,

നിങ്ങളെ എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിവസമാണ് ഇന്ന്.

ഔദ്യോഗിക സന്ദര്‍ശനത്തിനായി 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഒമാന്‍ സുല്‍ത്താന്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ്.

140 കോടി ഇന്ത്യക്കാര്‍ക്കൊപ്പം എനിക്കും താങ്കളെ സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു.

എല്ലാ നാട്ടുകാരുടെയും പേരില്‍, ഞാന്‍ താങ്കളെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

നൂറ്റാണ്ടുകളായുള്ള അഭേദ്യവും അഗാധവുമായ സൗഹൃദബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിലുള്ളത്.

അറബിക്കടലിന്റെ ഒരറ്റത്ത് ഇന്ത്യയും മറ്റേ അറ്റത്ത് ഒമാനുമാണ്.

നമ്മുടെ പരസ്പര അടുപ്പം ഭൂമിശാസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളായി വ്യാപിച്ചുകിടക്കുന്ന നമ്മുടെ വ്യാപാരത്തിലും നമ്മുടെ സംസ്‌കാരത്തിലും പൊതു മുന്‍ഗണനകളിലും പ്രതിഫലിക്കുന്നതാണ് അത്.

ഈ മഹത്തായ ചരിത്രത്തിന്റെ ബലത്തില്‍, നാം ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയാണ്.

ഭാവിക്കായുള്ള ഒരു പങ്കാളിത്തത്തിന് ഒരു പുതിയ 'ഇന്ത്യ-ഒമാന്‍ സംയുക്ത വീക്ഷണം' - സ്വീകരിക്കുകയാണ്.

ഈ സംയുക്ത വീക്ഷണത്തില്‍, 10 വ്യത്യസ്ത മേഖലകളിലെ മൂര്‍ത്തമായ പ്രവര്‍ത്തന പോയിന്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.

ഈ സംയുക്ത വീക്ഷണം നമ്മുടെ പങ്കാളിത്തത്തിന് പുതിയതും ആധുനികവുമായ ഒരു രൂപം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സി.ഇ.പി.എ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരുപക്ഷവും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഈ ചര്‍ച്ചകളുടെ രണ്ട് റൗണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, അതില്‍ പല സുപ്രധാന വിഷയങ്ങളിലും സമവായത്തിലെത്താനുമായിട്ടുണ്ട്.

നമ്മുടെ സാമ്പത്തിക സഹകരണത്തില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിചേര്‍ക്കുന്ന ഈ കരാര്‍ ഉടന്‍ ഒപ്പിടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആഗോള തലത്തില്‍ പോലും, ഇന്ത്യയും ഒമാനും അടുത്ത ഏകോപനത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷത്തിന്റെ വിജയത്തിന് ഒരു അതിഥി രാജ്യം എന്ന നിലയില്‍ ഒമാന്‍ വളരെ വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജരായ ധാരാളം ആളുകള്‍ ഒമാനെ തങ്ങളുടെ രണ്ടാമത്തെ വീടായി കണക്കാക്കുന്നു.

നമ്മുടെ അടുത്ത ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും തത്സമയ ഉദാഹരണങ്ങളാണ് ഈ ജനങ്ങള്‍.

അവരുടെ ക്ഷേമത്തിന് ആദരണീയനായ സുല്‍ത്താന്‍ ഹൈതാമിനോട് വ്യക്തിപരമായി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇന്നത്തെ യോഗം എല്ലാ മേഖലകളിലും നമ്മുടെ ബഹുമുഖ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ആദരണീയ സുല്‍ത്താന്‍, 

ഒരിക്കല്‍ കൂടി താങ്കള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം.

2024ലെ ടി-20 ക്രിക്കറ്റ് ലോകകപ്പിന് കഴിഞ്ഞ മാസം ഒമാന്‍ യോഗ്യത നേടിയിരുന്നു. ഇതിനായി ഞാന്‍ താങ്കളെ അഭിനന്ദിക്കുകയും എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.

ഇപ്പോള്‍ ആമുഖ പരാമര്‍ശങ്ങള്‍ക്കായി ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.

--NS--



(Release ID: 1987322) Visitor Counter : 50