ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19ന്റെ ഉപവകഭേദം ജെഎൻ.1 കേരളത്തിൽ കണ്ടെത്തി; കണ്ടെത്തൽ INSACOGന്റെ പതിവു നിരീക്ഷണത്തിൽ
പൊതുജനാരോഗ്യ-ആശുപത്രി തയ്യാറെടുപ്പു നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പതിവ് ഉദ്യമങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ
കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു
Posted On:
16 DEC 2023 7:14PM by PIB Thiruvananthpuram
കേരളത്തിൽ കോവിഡ്19-ന്റെ ഉപവകഭേദം ജെഎൻ.1 കണ്ടെത്തി. INSACOG-ന്റെ പതിവു നിരീക്ഷണപ്രവർത്തനത്തിന്റെ ഭാഗമായാണ് കണ്ടെത്തൽ. ഐസിഎംആർ ഡിജി ഡോ. രാജീവ് ബഹലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കോവിഡ് – 19നെ ജനിതകഘടനയുടെ വീക്ഷണകോണിലൂടെ നിരീക്ഷിക്കുന്ന ജനിതകഘടനാ ലബോറട്ടറികളുടെ ശൃംഖലയാണ് ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG). ഐസിഎംആർ ഈ സഖ്യത്തിന്റെ ഭാഗമാണ്. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പുതുക്കിയ നിരീക്ഷണ മാർഗനിർദേശങ്ങൾ അനുസരിച്ച്, ILI, SARI രോഗികളെ കോവിഡ് -19നായി പരിശോധിക്കുകയും രോഗബാധിതരുടെ സാമ്പിളുകൾ മുഴുവൻ ജനിതകശ്രേണീകരണത്തിനായി നിർദേശിക്കുകയും ചെയ്യുന്നു.
2023 ഡിസംബർ എട്ടിനു തിരുവനന്തപുരത്തെ കരകുളത്തുനിന്നുള്ള RT-PCR പോസിറ്റീവ് സാമ്പിളിലാണ് ഈ കേസ് കണ്ടെത്തിയത്. 2023 നവംബർ 18നാണു സാമ്പിൾ RT-PCR പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രോഗിക്ക് ഇൻഫ്ലുവൻസ ലൈക്ക് ഇൽനെസി(ILI)ന്റെ നേരിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷം കോവിഡ്-19ൽ നിന്നു മുക്തിനേടി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഐഎൽഐ കേസുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി നിർദേശിക്കുന്നതിലെ വർധനയാണ് ഇതിനു കാരണം. ഈ കേസുകളിൽ ഭൂരിഭാഗവും ചികിത്സാപരമായി നേരിയതും പ്രത്യേക ചികിത്സകൂടാതെ സ്വന്തം വീടുകളിൽ തന്നെ സുഖം പ്രാപിക്കുന്നതുമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പതിവ് ഉദ്യമങ്ങളുടെ ഭാഗമായി, സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുജനാരോഗ്യ- ആശുപത്രി തയ്യാറെടുപ്പ് നടപടികൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ നടന്നുവരികയാണ്. ഡിസംബർ 13ന് ആരംഭിച്ച ഈ പ്രവർത്തനം ജില്ലാകലക്ടർമാരുടെ മൊത്തത്തിലുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. 2023 ഡിസംബർ 18നകം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം കേരള സംസ്ഥാന ആരോഗ്യവകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും വിവിധ പ്രവേശനകേന്ദ്രങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
--NS--
(Release ID: 1987228)
Visitor Counter : 127