പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത് ഭാരത് സങ്കല്‍പ് യാത്ര ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 NOV 2023 4:40PM by PIB Thiruvananthpuram

വിവിധ സംസ്ഥാനങ്ങളുടെ ബഹുമാനപ്പെട്ട ഗവര്‍ണര്‍മാരെ, മുഖ്യമന്ത്രിമാരെ, കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ, പാര്‍ലമെന്റ് അംഗങ്ങളെ, നിയമസഭാംഗങ്ങളെ, ഒപ്പം എന്റെ എല്ലാ പ്രിയപ്പെട്ട സഹോദരങ്ങളെ, സഹോദരിമാരെ, അമ്മമാരെ, ഗ്രാമങ്ങളില്‍ നിന്നുള്ള എന്റെ കര്‍ഷക സഹോദരങ്ങളെ, ഏറ്റവും പ്രധാനമായി എന്റെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന യുവ സുഹൃത്തുക്കളെ,

ഇന്ന്, എല്ലാ ഗ്രാമങ്ങളില്‍ നിന്നും ധാരാളം ആളുകളെ, ലക്ഷക്കണക്കിന് പൗരന്മാരെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, രാജ്യം മുഴുവന്‍ എന്റെ കുടുംബമാണ്, അതിനാല്‍ നിങ്ങളെല്ലാവരും എന്റെ കുടുംബാംഗങ്ങളാണ്. ഇന്ന് എന്റെ എല്ലാ കുടുംബാംഗങ്ങളെയും കാണാനുള്ള അവസരം ലഭിച്ചു. അകലെയാണെങ്കിലും നിങ്ങളുടെ സാന്നിധ്യം എനിക്ക് കരുത്തു പകരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയതിനു നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

ഇന്ന്, വികസിത് ഭാരത് സങ്കല്‍പ് യാത്ര (വികസിത ഭാരതത്തിനുള്ള ദൃഢനിശ്ചയവുമായുള്ള യാത്ര) 15 ദിവസം പൂര്‍ത്തിയാക്കുകയാണ്. ഈ യാത്ര എങ്ങനെ തുടങ്ങണം, എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം എന്നതു സംബന്ധിച്ചു തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി സ്‌ക്രീനില്‍ കാണുകയും അല്ലാതെ ലഭിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പ്രകാരം ആയിരക്കണക്കിന് ആളുകളാണ് യാത്രയില്‍ ചേരുന്നത്. അതായത്, ഈ 15 ദിവസം മാത്രം 'വികാസ് രഥ്' (വികസന രഥം) പുരോഗമിച്ചപ്പോഴേക്കും ആളുകള്‍ അതിന്റെ പേര് മാറ്റിയെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് ആരംഭിച്ചപ്പോള്‍ അതിനെ 'വികാസ് രഥ്' എന്ന് ഗവണ്‍മെന്റ് വിളിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പറയുന്നത് ഇത് 'രഥം' അല്ല, മറിച്ച് മോദിയുടെ ഉറപ്പിന്റെ വാഹനമാണ് എന്നാണ്. ഇത് കേട്ടപ്പോള്‍ എനിക്കു വളരെ സന്തോഷം തോന്നി; നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസമുള്ളതുകൊണ്ടാണു നിങ്ങള്‍ അതിനെ മോദിയുടെ ഉറപ്പിന്റെ വാഹനമായി കണ്ടത്. അതുകൊണ്ട്, ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ എന്തിനെ മോദിയുടെ ഉറപ്പുള്ള വാഹനം എന്ന് വിളിക്കുന്നുവോ, ആ പ്രതിബദ്ധത മോദി എല്ലായ്‌പ്പോഴും നിറവേറ്റുന്നു എന്ന്.

കുറച്ച് മുമ്പ്, എനിക്ക് നിരവധി ഗുണഭോക്താക്കളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. എന്റെ രാജ്യത്തെ അമ്മമാരും സഹോദരിമാരും എത്ര ഉത്സാഹമുള്ളവരും ഊര്‍ജസ്വലരുമാണെന്നും അവര്‍ എത്രമാത്രം ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഉള്ളവരാണെന്നും അവര്‍ക്ക് എത്രമാത്രം ദൃഢനിശ്ചയമുണ്ടെന്നും കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഇതുവരെ 12,000-ത്തിലധികം പഞ്ചായത്തുകളില്‍ മോദിയുടെ ഉറപ്പുമായി ഈ വാഹനം എത്തിയിട്ടുണ്ട്. ഏകദേശം 30 ലക്ഷത്തോളം ആളുകള്‍ ഇതില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. പലരും അതില്‍ ചേര്‍ന്നു, ചര്‍ച്ചകള്‍ നടത്തി, ചോദ്യങ്ങള്‍ ചോദിച്ചു, അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി, അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ക്കായി ഫോമുകള്‍ പൂരിപ്പിച്ചു. പ്രധാനമായി, അമ്മമാരും സഹോദരിമാരും വന്‍തോതില്‍ മോദിയുടെ ഉറപ്പുള്ള വാഹനത്തില്‍ എത്തുന്നു. ബല്‍വീര്‍ ജി സൂചിപ്പിച്ചതുപോലെ, കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന പല സ്ഥലങ്ങളിലും ആളുകള്‍ അവരുടെ ജോലി ഉപേക്ഷിച്ച് എല്ലാ പരിപാടികളിലും പങ്കെടുക്കാനെത്തി. വികസനത്തില്‍ ജനങ്ങള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് ഇത് കാണിക്കുന്നു. ഇന്ന് ഗ്രാമീണര്‍ പോലും വികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

അവര്‍ ഈ 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യില്‍ ചേരുക മാത്രമല്ല, വളരെ ആവേശത്തിലാണ്. യാത്രയെ സ്വാഗതം ചെയ്യുകയും മികച്ച തയ്യാറെടുപ്പുകള്‍ നടത്തുകയും ഓരോ ഗ്രാമത്തിലും വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പൗരന്മാര്‍ ഈ മുഴുവന്‍ പ്രചാരണത്തെയും ഒരു ബഹുജന പ്രസ്ഥാനമായി മാറ്റി. ആളുകള്‍ 'വികസിത ഭാരത രഥങ്ങളെ' സ്വാഗതം ചെയ്യുന്ന രീതിയും ഈ രഥങ്ങളുമായി അവര്‍ സഞ്ചരിക്കുന്ന രീതിയും അഭൂതപൂര്‍വമാണ്. ഗവണ്‍മെന്റിനായി ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകരെ, ജോലി ചെയ്യുന്ന എന്റെ സഹോദരീ സഹോദരന്‍മാരെ, ദൈവങ്ങളെപ്പോലെ സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള യുവാക്കളും മറ്റുള്ളവരും 'വികസിത് ഭാരത് യാത്ര'യില്‍ ചേരുന്ന രീതിയും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകളും ഞാന്‍ കണ്ടിട്ടുണ്ട്. അവ വളരെ പ്രചോദനകരമാണ്. എല്ലാവരും അവരുടെ ഗ്രാമത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ഞാന്‍ കാണുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ദിവസവും നമോ ആപ്പില്‍ കാണുന്നതിനാല്‍ നിങ്ങള്‍ ഇത് NaMo ആപ്പില്‍ അപ്ലോഡ് ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ രാജ്യം സന്ദര്‍ശിക്കുമ്പോഴെല്ലാം, ഏത് ഗ്രാമം, ഏത് സംസ്ഥാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഞാന്‍ തുടര്‍ച്ചയായി നിരീക്ഷിക്കാറുണ്ട്. ഒരര്‍ഥത്തില്‍ യുവാക്കള്‍ 'വികസിത ഭാരത'ത്തിന്റെ അംബാസഡര്‍മാരായി. അവരുടെ ആവേശം അതിശയകരമാണ്.

ചെറുപ്പക്കാര്‍ അവരുടെ ജോലിക്കു പ്രചാരംനല്‍കുംവിധം തുടര്‍ച്ചയായി വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു. മോദിയുടെ ഉറപ്പുമായി വാഹനം എത്തുന്നതിന് രണ്ട് ദിവസം മുമ്പ് ചില ഗ്രാമങ്ങളില്‍ ആളുകള്‍ വന്‍തോതില്‍ ശുചീകരണ കാമ്പയിന്‍ ആരംഭിച്ചത് ഞാന്‍ കണ്ടു. എന്തുകൊണ്ടാണ് അവര്‍ അത് ചെയ്തത്? കാരണം മോദിയുടെ ഉറപ്പുള്ള വാഹനം വരുന്നുണ്ടായിരുന്നു. ഈ ഉത്സാഹവും ഈ പ്രതിബദ്ധതയും ഒരു വലിയ പ്രചോദനമാണ്.

ഗ്രാമത്തിലെ ദീപാവലി പോലെ പുതിയ വസ്ത്രം ധരിച്ച് വാദ്യങ്ങള്‍ വായിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ആളുകള്‍ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നത്. 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' കണ്ടവരെല്ലാം പറയുന്നത് ഇനി ഭാരതം ഇനി നിശ്ചലമാകില്ല എന്നാണ്; ഭാരതം യാത്രയിലാണ്. ഭാരതം അതിന്റെ ലക്ഷ്യങ്ങളെ മറികടക്കേണ്ടതുണ്ട്. ഭാരതം നിശ്ചലമാകാനോ തളരാനോ പോകുന്നില്ല. ഇപ്പോള്‍ ഒരു 'വികസിത ഭാരതം' ഉണ്ടാക്കുക എന്നത് 140 കോടി പൗരന്മാരുടെ ദൃഢനിശ്ചയമാണ്. പൗരന്മാര്‍ ഈ ദൃഢനിശ്ചയം കൈക്കൊള്ളുന്നതോടെ വികസിക്കുക എന്നതായിരിക്കും രാജ്യത്തിന്റെ വിധി. ഈയിടെ ആളുകള്‍ ദീപാവലി സമയത്ത് വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രചരണം നടത്തുന്നതും പ്രാദേശിക വസ്തുക്കള്‍ വാങ്ങുന്നതും കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നതും ഞാന്‍ കണ്ടു. അതു കാര്യമായ നേട്ടമാണ്.

എന്റെ കുടുംബാംഗങ്ങളെ,

'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ആവേശം രാജ്യത്തിന്റെ ഓരോ കോണിലും അചഞ്ചലമാണ്. ഇതിനു പിന്നിലെ കാരണം, കഴിഞ്ഞ ദശകത്തില്‍ ആളുകള്‍ മോദിയെ കാണുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു, അതിന്റെ ഫലമായി അവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ അപാരമായ വിശ്വാസമുണ്ട് എന്നതാണ്. മുന്‍ ഗവണ്‍മെന്റുകള്‍ പൊതുസമൂഹത്തിന്റെ യജമാനന്മാരായി സ്വയം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇക്കാരണത്താല്‍, രാജ്യത്തെ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അടിസ്ഥാന സൗകര്യങ്ങളില്ലാതെ തുടര്‍ന്നു. ഇടനിലക്കാരന്റെ സഹായമില്ലാതെ അവര്‍ക്ക് ഒരു ഗവണ്‍മെന്റ് വകുപ്പിലും പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഒരു ഇടനിലക്കാരന് കൈക്കൂലി നല്‍കുന്നതുവരെ ആര്‍ക്കും ഒരു രേഖയും ലഭിക്കില്ല. വീടില്ല, കക്കൂസില്ല, വൈദ്യുതി കണക്ഷനില്ല, ഗ്യാസ് കണക്ഷനില്ല, ഇന്‍ഷുറന്‍സില്ല, പെന്‍ഷനില്ല, ബാങ്ക് അക്കൗണ്ടില്ല- അതായിരുന്നു രാജ്യത്തിന്റെ അവസ്ഥ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും ഗവണ്‍മെന്റുകളില്‍ നിരാശരായിരുന്നു എന്നും അവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയില്ലായിരുന്നു എന്നും അറിയുമ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകും. അവരുടെ പ്രതീക്ഷകള്‍ തകര്‍ന്നിരുന്നു. കുറച്ച് ആളുകള്‍ക്ക് മാത്രമേ ധൈര്യം സംഭരിച്ച് ചില ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക ഗവണ്‍മെന്റ് ഓഫീസുകളില്‍ കടന്നുചെല്ലാനും കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ നടത്തിയെടുക്കാനും കഴിഞ്ഞിരുന്നുള്ളൂ. ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ കൈക്കൂലി കൊടുക്കേണ്ടിവന്നിരുന്നു.

ഗവണ്‍മെന്റുകളും എല്ലാ പ്രവൃത്തികളിലും രാഷ്ട്രീയം കണ്ടു. തിരഞ്ഞെടുപ്പ് വേളയില്‍ അവരുടെ ശ്രദ്ധ വോട്ട് ബാങ്കിലായിരിക്കും. വോട്ട് ബാങ്കിന്റെ കളിയാണ് അവര്‍ കളിച്ചത്. അവര്‍ ഒരു ഗ്രാമത്തില്‍ പോയാല്‍, മറ്റുള്ളവരെ ഒഴിവാക്കി അവര്‍ക്കു വോട്ട് നല്‍കുന്നവരുടെ അടുത്തേക്ക് പോകും. ഒരു മൊഹല്ലയില്‍ പോയാല്‍ മറ്റുള്ളവരെ ഒഴിവാക്കി അവര്‍ക്കു വോട്ട് നല്‍കുന്നവരിലേക്ക് പോകും. ഈ വിവേചനം, ഈ അനീതി രീതിയായി മാറി. സാധാരണമായി. വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷയുള്ള മേഖലകളില്‍ അവര്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തരം ഗവണ്‍മെന്റുകളുടെ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലായിരുന്നു.

നമ്മുടെ ഗവണ്‍മെന്റ് ഈ നിരാശാജനകമായ അവസ്ഥ മാറ്റി. ഇപ്പോഴത്തെ ഗവണ്‍മെന്റ്, ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നു. അവരെ ദൈവത്തിന്റെ മൂര്‍ത്തീഭാവമായി കണക്കാക്കുന്നു. ഞങ്ങള്‍ അധികാരത്തിന് പിന്നാലെയല്ല, സേവന മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നും അതേ സേവന മനോഭാവത്തോടെ നിങ്ങളോടൊപ്പം എല്ലാ ഗ്രാമങ്ങളിലും പോകുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. ഇന്ന് രാജ്യം ദുര്‍ഭരണത്തിന്റെ മുന്‍കാലഘട്ടം ഉപേക്ഷിച്ച് സദ്ഭരണം കൊതിക്കുന്നു. നല്ല ഭരണം എന്നാല്‍ എല്ലാവര്‍ക്കും 100% ആനുകൂല്യങ്ങള്‍ ലഭിക്കണം, പൂര്‍ണത ഉണ്ടായിരിക്കണം. ആരും പിന്തള്ളപ്പെടരുത്; അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും അവരുടെ അവകാശം ലഭിക്കണം.

ഗവണ്‍മെന്റ് പൗരന്മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കണം. ഇതാണ് സ്വാഭാവിക നീതിയും യഥാര്‍ത്ഥ സാമൂഹിക നീതിയും. നമ്മുടെ ഗവണ്‍മെന്റിന്റെ സമീപനം കാരണം, 'ആരാണ് ഞങ്ങളെ പരിപാലിക്കുക, ആരാണ് ഞങ്ങളെ കേള്‍ക്കുക, ആരാണ് ഞങ്ങളെ കണ്ടുമുട്ടുക?' എന്ന് ചിന്തിച്ച് അവഗണന അനുഭവിച്ചിരുന്ന ജനലക്ഷങ്ങളുടെ ആ മാനസികാവസ്ഥ അവസാനിച്ചു. മാത്രമല്ല, ഈ നാട്ടില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഇപ്പോള്‍ അവര്‍ക്ക് തോന്നുന്നു. അവര്‍ക്കും അര്‍ഹതയുണ്ടെന്നും കരുതുന്നു. 'എന്റെ അവകാശങ്ങളില്‍ ഒന്നും എടുത്തുകളയരുത്, എന്റെ അവകാശങ്ങള്‍ തടയരുത്, എനിക്ക് എന്റെ അവകാശങ്ങള്‍ ലഭിക്കണം' എന്ന് അവര്‍ കരുതുന്നു. ഒപ്പം അവര്‍ എവിടെയാണോ അവിടെ നിന്ന് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ പൂര്‍ണ്ണയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു 'എന്റെ മകനെ എഞ്ചിനീയര്‍ ആക്കണം.' ഈ അഭിലാഷമാണ് നമ്മുടെ രാജ്യത്തെ വികസിതമാക്കുന്നത്. എന്നാല്‍ പത്തു വര്‍ഷത്തെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അഭിലാഷങ്ങള്‍ വിജയിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നു.

നിങ്ങളുടെ സ്ഥലത്ത് എത്തിയ മോദിയുടെ ഉറപ്പുള്ള ഈ വാഹനം, ഞങ്ങള്‍ ഇതുവരെ എന്താണ് ചെയ്തതെന്ന് നിങ്ങളോട് പറയുന്നു. ഇത് വളരെ വിശാലമായ ഒരു രാജ്യമാണ്, ചില ഗ്രാമങ്ങളില്‍ ഇപ്പോഴും ചില ആളുകള്‍ അവശേഷിക്കുന്നുണ്ടാകണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എനിക്ക് അവരെ കണ്ടെത്തി അവര്‍ക്കായുള്ള ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. ആരാണ് പിന്നില്‍ എന്ന് കണ്ടെത്താന്‍ മോദി വന്നിരിക്കുന്നു. അതുകൊണ്ടാണ് നാട്ടില്‍ എവിടെ പോയാലും ഒരു കാര്യം കേള്‍ക്കുന്നതും അത് ജനങ്ങളുടെ ശബ്ദമാണെന്ന് ഞാന്‍ വിശ്വസിക്കുന്നതും. എവിടെ പ്രത്യാശ മറ്റുള്ളവരില്‍ അവസാനിക്കുന്നുവോ അവിടെ നിന്നാണ് മോദിയുടെ ഉറപ്പ് ആരംഭിക്കുന്നതെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഹൃദയത്തില്‍ നിന്ന് പറയുന്നു! അതുകൊണ്ടാണ് മോദിയുടെ ഉറപ്പുള്ള വാഹനം ഇങ്ങനെയൊരു ബഹളം ഉണ്ടാക്കുന്നത്!

സുഹൃത്തുക്കളെ,
'വികസിത ഭാരതം' എന്ന ദൃഢനിശ്ചയം മോദിയുടെയോ ഏതെങ്കിലും ഗവണ്‍മെന്റിന്റെയോ മാത്രമല്ല. 'സബ്കാ സാത്ത്' കൊണ്ട് എല്ലാവരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയമാണിത്. നിങ്ങളുടെ തീരുമാനങ്ങള്‍ നിറവേറ്റാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്ന പരിതസ്ഥിതി സൃഷ്ടിക്കേണ്ടതുണ്ട്. ഇതുവരെ അവഗണിക്കപ്പെട്ട, അജ്ഞാതരായി കഴിയുന്നവരിലേക്ക് ഗവണ്‍മെന്റ് പദ്ധതികളും സൗകര്യങ്ങളും എത്തിക്കുകയാണ് 'വികസിത ഭാരത സങ്കല്‍പ യാത്ര'. അവര്‍ക്കു കാര്യങ്ങള്‍ അറിയാമെങ്കിലും എങ്ങനെ നേടിയെടുക്കാമെന്ന് അവര്‍ക്കറിയില്ല. ഇന്ന്, ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ NaMo ആപ്പിലേക്ക് അയയ്ക്കുന്നു. ഞാന്‍ അവ സ്ഥിരമായി കാണാറുണ്ട്. ഡ്രോണ്‍ പ്രകടനങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നു, ആരോഗ്യ പരിശോധനകള്‍ മറ്റെവിടെയോ നടക്കുന്നു. ആദിവാസി മേഖലകളില്‍ സിക്കിള്‍ സെല്‍ അനീമിയയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. യാത്ര കടന്നുപോയ പഞ്ചായത്തുകള്‍ ദീപാവലി ആഘോഷിച്ചു. പൂര്‍ണത നേടിയ അത്തരം നിരവധി പഞ്ചായത്തുകളുണ്ട്; ഒരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും അര്‍ഹമായത് ലഭിച്ചു. ഗുണഭോക്താക്കള്‍ ഒഴിവാക്കപ്പെട്ട സ്ഥലങ്ങളില്‍, അവരെയും ഇപ്പോള്‍ അറിയിക്കുന്നു, പിന്നീട് അവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അവരെ ഉടനടി ഉജ്ജ്വല, ആയുഷ്മാന്‍ കാര്‍ഡ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ 40,000-ത്തിലധികം സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ നല്‍കി. യാത്രയ്ക്കിടെ മൈ ഭാരത് വോളന്റിയര്‍മാരുടെ വലിയൊരു നിരയും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കറിയാമോ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ രാജ്യവ്യാപകമായി യുവാക്കളുടെ ഒരു സംഘടന ആരംഭിച്ചു. മൈ ഭാരത് എന്നാണ് അതിന്റെ പേര്. എല്ലാ പഞ്ചായത്തുകളിലും കഴിയുന്നത്ര യുവജനങ്ങള്‍ ഈ മൈ ഭാരത് പ്രചരണത്തില്‍ അണിനിരക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക, ഇടയ്ക്ക് ഞാന്‍ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ശക്തി 'വികസിത ഭാരതം' കെട്ടിപ്പടുക്കാനുള്ള ശക്തിയായി മാറട്ടെ; നാം ഒരുമിച്ച് പ്രവര്‍ത്തിക്കും.

എന്റെ കുടുംബാംഗങ്ങളെ,
നവംബര്‍ 15-ന് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തിലാണ് ഈ യാത്ര ആരംഭിച്ചതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അത് 'ജനജാതിയ ഗൗരവ് ദിവസ്' (ആദിവാസികളുടെ അഭിമാന ദിനം) ആയിരുന്നു. ജാര്‍ഖണ്ഡിലെ അഗാധമായ കാടുകളില്‍ ഒരു ചെറിയ സ്ഥലത്ത് നിന്നാണ് ഞാന്‍ ഈ യാത്ര ആരംഭിച്ചത്. അല്ലെങ്കില്‍ ഭാരതമണ്ഡപത്തിലോ യശോഭൂമിയിലോ ഗംഭീരമായി ചെയ്യാമായിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. തിരഞ്ഞെടുപ്പ് രംഗം വിട്ട് ഞാന്‍ ഝാര്‍ഖണ്ഡിലെ ഖുന്തിയില്‍ ഗോത്രവര്‍ഗക്കാരുടെ ഇടയിലേക്ക് പോയി ഈ യാത്ര ആരംഭിച്ചു.

യാത്ര തുടങ്ങിയ ദിവസം ഞാന്‍ ഒരു കാര്യം കൂടി പറഞ്ഞു. ഒരു 'വികസിത ഭാരതം' എന്ന ദൃഢനിശ്ചയം നാല് അമൃതസ്തംഭങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഞാന്‍ പ്രസ്താവിച്ചു. ഈ അമൃതസ്തംഭങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആദ്യത്തെ അമൃത സ്തംഭം നമ്മുടെ സ്ത്രീശക്തിയാണ്, രണ്ടാമത്തെ അമൃതസ്തംഭം നമ്മുടെ യുവശക്തിയാണ്, മൂന്നാമത്തെ അമൃതസ്തംഭം നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാരാണ്, നാലാമത്തെ അമൃതസ്തംഭമാകട്ടെ, നമ്മുടെ പാവപ്പെട്ട കുടുംബങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇവയാണ് രാജ്യത്തെ നാല് പ്രധാന ജാതികള്‍. എനിക്ക് ഏറ്റവും വലിയ ജാതി പാവമാണ്. എനിക്ക് ഏറ്റവും വലിയ ജാതി യുവാക്കളാണ്. എനിക്ക് ഏറ്റവും വലിയ ജാതി സ്ത്രീകളാണ്. എനിക്ക് ഏറ്റവും വലിയ ജാതി കര്‍ഷകരാണ്. ഈ നാല് ജാതികളുടെ ഉന്നമനം ഭാരതത്തെ വികസിപ്പിക്കും. ഈ നാല് വിഭാഗങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചാല്‍ എല്ലാവരും അഭിവൃദ്ധി പ്രാപിക്കുന്നു എന്നാണ്.

ഈ രാജ്യത്തെ ഏതൊരു ദരിദ്രനെയും അവന്റെ പശ്ചാത്തലം പരിഗണിക്കാതെ, അവന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ദാരിദ്ര്യത്തില്‍ നിന്ന് അവനെ ഉയര്‍ത്താനും ഞാന്‍ ലക്ഷ്യമിടുന്നു. ഈ രാജ്യത്തെ ഏതൊരു യുവാവിനും, അവന്റെ ജാതി നോക്കാതെ, അയാള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ഏതൊരു സ്ത്രീക്കും, അവളുടെ ജാതി നോക്കാതെ, അവളെ ശാക്തീകരിക്കാനും അവളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും, അവളുടെ അടിച്ചമര്‍ത്തപ്പെട്ട സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവളുടെ സ്വപ്നങ്ങളില്‍ നിശ്ചയദാര്‍ഢ്യം നിറയ്ക്കാനും അവ സാക്ഷാത്കരിക്കപ്പെടുന്നതുവരെ അവളോടൊപ്പം ഉണ്ടായിരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ഏതൊരു കര്‍ഷകനും, അവന്റെ ജാതി നോക്കാതെ, അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും അവന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും അവന്റെ കൃഷി ആധുനികവല്‍ക്കരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവന്റെ വയലില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് മൂല്യം കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിങ്ങനെ ഈ നാല് ജാതിക്കാരെയും അവരുടെ പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുന്നത് വരെ എനിക്ക് സമാധാനമായി ഇരിക്കാനാവില്ല. കരുത്തോടെ പ്രവര്‍ത്തിക്കാനും ഈ നാല് ജാതികളെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കാനും എന്നെ അനുഗ്രഹിക്കണമേ. ഈ നാല് ജാതികളും ശാക്തീകരിക്കപ്പെടുമ്പോള്‍, രാജ്യത്തെ എല്ലാ ജാതികളും സ്വാഭാവികമായും ശാക്തീകരിക്കപ്പെടും. അവര്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യം മുഴുവന്‍ ശാക്തീകരിക്കപ്പെടും.

സുഹൃത്തുക്കളെ,
ഈ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി, 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യില്‍, അതായത് മോദിയുടെ ഉറപ്പിന്റെ വാഹനം എത്തിയപ്പോള്‍, രണ്ട് സുപ്രധാന പരിപാടികള്‍ ഏറ്റെടുത്തു. സ്ത്രീ ശാക്തീകരണവും സാങ്കേതികവിദ്യയിലൂടെ കൃഷിയും കാര്‍ഷിക വൃത്തിയും നവീകരിക്കാനുള്ള പ്രവര്‍ത്തനമാണ് ഒരു സംരംഭം. ദരിദ്രരോ താഴ്ന്ന ഇടത്തരക്കാരനോ ഇടത്തരക്കാരനോ പണക്കാരനോ ആകട്ടെ, ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മിതമായ നിരക്കില്‍ മരുന്നുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ, സേവനവും പുണ്യവും സംയോജിപ്പിച്ചതിനേക്കാള്‍ വലിയ ഒരു പ്രചരണ പദ്ധതിയാണ് മറ്റൊരു സംരംഭം. ആരും രോഗികളായി ജീവിക്കേണ്ടിവരരുത് എന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യം.

ഗ്രാമീണ സഹോദരിമാരെ 'ഡ്രോണ്‍ ദീദിസ്' (ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിയ സഹോദരിമാര്‍) ആക്കുമെന്ന് ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പ്രഖ്യാപിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍, 10, 11, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ നമ്മുടെ ഗ്രാമീണ സഹോദരിമാര്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഠിച്ചതായി ഞാന്‍ കാണുന്നു. കൃഷിയില്‍ ഡ്രോണുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും കീടനാശിനികള്‍ തളിക്കുന്നതെങ്ങനെയെന്നും വളം വിതറുന്നതെങ്ങനെയെന്നും അവര്‍ പഠിച്ചു. അതുകൊണ്ട് ഈ 'ഡ്രോണ്‍ ദീദികള്‍' ബഹുമാനം അര്‍ഹിക്കുന്നു; അവര്‍ വളരെ വേഗത്തില്‍ പഠിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ പരിപാടി 'ഡ്രോണ്‍ ദീദിസിന്' ഒരു സല്യൂട്ട് ആണ്. അതുകൊണ്ട് ഈ പരിപാടിക്ക് ഞാന്‍ 'നമോ ഡ്രോണ്‍ ദീദി' എന്ന് പേരു വിളിക്കുന്നു. നമ്മുടെ 'നമോ ഡ്രോണ്‍ ദീദി' ഇന്ന് സമാരംഭിക്കുന്നു, അങ്ങനെ ഓരോ ഗ്രാമവും 'ഡ്രോണ്‍ ദീദി'യെ അഭിവാദ്യം ചെയ്യുകയും സല്യൂട്ട് ചെയ്യുകയും ചെയ്യുന്നത് തുടരുകയും ഓരോ ഗ്രാമവും 'ഡ്രോണ്‍ ദീദി'യെ ബഹുമാനിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചിലര്‍ എനിക്ക് ഈ പേര് നിര്‍ദ്ദേശിച്ചത്, അതാണ് 'നമോ ഡ്രോണ്‍ ദീദി'. ഗ്രാമത്തില്‍ ആരെങ്കിലും 'നമോ ഡ്രോണ്‍ ദീദി' എന്നു പറഞ്ഞാല്‍ ഓരോ സഹോദരിയുടെയും മാനം വര്‍ധിക്കും.

ഉടന്‍ തന്നെ 15,000 സ്വയം സഹായ സംഘങ്ങളെ 'നമോ ഡ്രോണ്‍ ദീദി' പദ്ധതിയുമായി ബന്ധിപ്പിക്കും. ഈ ഗ്രൂപ്പുകള്‍ക്ക് ഡ്രോണുകള്‍ നല്‍കും, ഗ്രാമങ്ങളിലെ നമ്മുടെ സഹോദരിമാര്‍ 'നമോ ഡ്രോണ്‍ ദീദി'യിലൂടെ, നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന എല്ലാവരുടെയും ആദരവ് അര്‍ഹിക്കുന്നവരായി മാറും. നമ്മുടെ സഹോദരിമാര്‍ക്ക് ഡ്രോണ്‍ പൈലറ്റുമാരാകാനുള്ള പരിശീലനം ലഭിക്കും. സഹോദരിമാരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രചരണത്തിലൂടെ ഡ്രോണ്‍ പദ്ധതിയും അവരെ ശാക്തീകരിക്കും. ഇത് സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അധിക വരുമാനം നല്‍കും. രണ്ട് കോടി സഹോദരിമാരെ 'ലക്ഷാധിപതി'കളാക്കുക എന്നതാണ് എന്റെ സ്വപ്നം. ഗ്രാമങ്ങളില്‍ താമസിക്കുന്ന, വനിതാ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കോടി സഹോദരിമാരെ 'ലക്ഷാധിപതികള്‍' ആക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നോക്കൂ, മോദി ചെറുതായല്ല ചിന്തിക്കുന്നത് എന്നു മാത്രമല്ല, മോദി ചിന്തിക്കുമ്പോള്‍ത്തന്നെ അത് നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെ പുറപ്പെടുകയും ചെയ്യുന്നു. ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഡ്രോണുകള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും, ഒപ്പം സമയം ലാഭിക്കാന്‍ സഹായകമാകും, ല്ലാത്തപക്ഷം അത് പാഴായിപ്പോകുന്ന കീടനാശിനിയിലും വളത്തിലും ലാഭമുണ്ടാവുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഇന്ന്, രാജ്യത്തിന്റെ പതിനായിരാമത് ജന്‍ ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു, ബാബയുടെ നാട്ടില്‍ നിന്ന് പതിനായിരാമത് കേന്ദ്രത്തിലെ ആളുകളോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്ന് മുതല്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് പോകും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഈ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ദരിദ്രരോ ഇടത്തരക്കാരോ പണക്കാരോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ മരുന്നുകള്‍ നല്‍കുന്ന സുപ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഈ കേന്ദ്രങ്ങളുടെ പേരുകള്‍ അറിയില്ല, എന്നാല്‍ ഓരോ പൗരനും അവയെ സ്‌നേഹത്തോടെ മോദിയുടെ മരുന്ന് കട എന്ന് വിളിക്കുന്നത് ഞാന്‍ കണ്ടു. മോദിയുടെ മരുന്നുകടയില്‍ പോകുമെന്ന് അവര്‍ പറയുന്നു. നിങ്ങള്‍ക്ക് എന്ത് പേരിടാനും കഴിയുമെങ്കിലും, നിങ്ങള്‍ പണം ലാഭിക്കണമെന്നാണ് എന്റെ ആഗ്രഹം, അതായത് നിങ്ങള്‍ രോഗത്തില്‍ നിന്ന് സ്വയം രക്ഷിക്കുകയും നിങ്ങളുടെ കീശയിലുള്ള പണം ലാഭിക്കുകയും വേണം. ഈ രണ്ടു ജോലികളും ഞാന്‍ ചെയ്യേണ്ടതാണ്. നിങ്ങളെ രോഗത്തില്‍ നിന്ന് രക്ഷിക്കണം, നിങ്ങളുടെ കീശയിലുള്ള പണം ലാഭിക്കാന്‍ അവസരമൊരുക്കണം. എന്നുവെച്ചാല്‍, മോദിയുടെ മരുന്ന് കട എന്നാണ്.

ഈ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ഏകദേശം 2000 ഇനം മരുന്നുകള്‍ക്ക് 80 മുതല്‍ 90 വരെ ശതമാനം കിഴിവ് ലഭ്യമാണ്. ഇപ്പോള്‍, ഒരു രൂപ വിലയുള്ള എന്തെങ്കിലും സാധനങ്ങള്‍ 10, 15, അല്ലെങ്കില്‍ 20 പൈസയ്ക്ക് ലഭ്യമായാല്‍, അത് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് സങ്കല്‍പ്പിക്കുക. മിച്ചം വരുന്ന പണം നിങ്ങളുടെ കുട്ടികള്‍ക്ക് ഉപകാരപ്പെടും. ആഗസ്റ്റ് 15 ന്, രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ചു. 25,000 കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ രണ്ട് പദ്ധതികള്‍ക്കും മുഴുവന്‍ രാജ്യത്തിനും, പ്രത്യേകിച്ച് എന്റെ അമ്മമാര്‍, സഹോദരിമാര്‍, കര്‍ഷകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക്, ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഈ വിവരം നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കോവിഡ് കാലത്ത് ആരംഭിച്ച ഗരീബ് കല്യാണ്‍ അന്ന യോജന, ഭക്ഷണം നല്‍കാനും പാവപ്പെട്ടവരുടെ ആശങ്കകള്‍ ലഘൂകരിക്കാനും ലക്ഷ്യമിടുന്നു. പാവപ്പെട്ടവന്റെ അടുപ്പ് കെടുത്താന്‍ പാടില്ല, പാവപ്പെട്ട കുട്ടി പട്ടിണി കിടക്കരുത്. ഇത്രയും വലിയൊരു കോവിഡ് മഹാവ്യാധി വന്നു, ഞങ്ങള്‍ സേവനം ആരംഭിച്ചു. അതുമൂലം കുടുംബങ്ങള്‍ ഗണ്യമായ തുക ലാഭിക്കുന്നത് ഞാന്‍ കണ്ടു. നല്ല ജോലികള്‍ക്കായാണു പണം ചെലവഴിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേര്‍ന്ന നമ്മുടെ മന്ത്രിസഭാ യോഗം സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. അതിനാല്‍, അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ ഭക്ഷണത്തിനായി പണം ചെലവഴിക്കേണ്ടതില്ല. നിങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് നിങ്ങള്‍ കരുതിവെച്ച പണം നിക്ഷേപിക്കണം. ആ പണം നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ഉപയോഗിക്കുക. പദ്ധതികള്‍ തയ്യാറാക്കുക. പണം പാഴാക്കരുത്. മോദി സൗജന്യമായി തരുന്നതു പക്ഷേ നിങ്ങള്‍ ശാക്തീകരിക്കപ്പെടുന്നതിന് വേണ്ടിയാണ്. 80 കോടിയിലധികം പൗരന്മാര്‍ക്ക് അടുത്ത 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നത് തുടരും. ഇത് പാവപ്പെട്ടവര്‍ക്ക് സമ്പാദ്യം നേടിക്കൊടുക്കും. ഈ പണം മക്കളുടെ ഉന്നമനത്തിനായി അവര്‍ക്ക് നിക്ഷേപിക്കാം. ഇതും മോദിയുടെ ഉറപ്പ്, ഞങ്ങള്‍ നിറവേറ്റിയ ഉറപ്പ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, മോദിയുടെ ഉറപ്പ് എന്നാല്‍ ഒരു ഉറപ്പിന്റെ പൂര്‍ത്തീകരണമാണ് എന്ന്.

സുഹൃത്തുക്കളെ,
ഈ പ്രചാരണത്തില്‍ മുഴുവന്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും ഗവണ്‍മെന്റ് ജീവനക്കാരുടെയും പങ്ക് വളരെ വലുതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമ സ്വരാജ് പ്രചരണത്തിന്റെ ഭാഗമായി വളരെ വിജയകരമായ ഒരു സംരംഭം ഏറ്റെടുത്തതായി ഞാന്‍ ഓര്‍ക്കുന്നു. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 60,000 ഗ്രാമങ്ങളില്‍ പ്രചാരണം വ്യാപിച്ചു. ഏഴ് പദ്ധതികളുമായി ഗവണ്‍മെന്റ് ഗുണഭോക്താക്കളിലേക്ക് എത്തി. വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ, ആ ശ്രമത്തിന്റെ വിജയം 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യ്ക്ക് അടിത്തറ പാകിയിരിക്കുകയാണ്. ഈ പ്രചരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗവണ്‍മെന്റിന്റെ എല്ലാ പ്രതിനിധികളും രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതില്‍ മഹത്തായ ജോലി ചെയ്യുന്നു. തികഞ്ഞ അര്‍പ്പണബോധത്തോടെ അവര്‍ എല്ലാ ഗ്രാമങ്ങളിലും എത്തുകയാണ്. 'വികസിത ഭാരത സങ്കല്‍പ യാത്ര' എല്ലാവരുടെയും പ്രയത്‌നത്താല്‍ വിജയകരമാകും. നമ്മള്‍ ഒരു 'വികസിത ഭാരതം' എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, വരും വര്‍ഷങ്ങളില്‍ ഗ്രാമങ്ങളില്‍ കാര്യമായ പരിവര്‍ത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ ഗ്രാമങ്ങളിലും പുരോഗതി ഉണ്ടാകണമെന്ന് നാം തീരുമാനിക്കണം. നമ്മള്‍ ഒരുമിച്ച് ഭാരതത്തെ വികസിതമാക്കും, നമ്മുടെ രാജ്യം ലോകത്ത് തലയുയര്‍ത്തി നില്‍ക്കും. ഒരിക്കല്‍ കൂടി നിങ്ങളെ എല്ലാവരെയും കാണാന്‍ അവസരം ലഭിച്ചു. അതിനിടയില്‍ ഒരവസരം കിട്ടിയാല്‍ വീണ്ടും നിങ്ങളുമായി ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിക്കും.
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വളരെ നന്ദി!

--NS--



(Release ID: 1982953) Visitor Counter : 120