പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഡിസംബര്‍ നാലിന് മഹാരാഷ്ട്ര സന്ദര്‍ശിക്കും


സിന്ധുദുര്‍ഗ്ഗിലെ രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗില്‍ 2023 ലെ നാവികദിന ആഘോഷങ്ങള്‍ അടയാളപ്പെടുത്തുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും പ്രത്യേക സേനകളും നടത്തുന്ന പ്രവര്‍ത്തന പ്രകടനങ്ങള്‍ക്ക് പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും


Posted On: 02 DEC 2023 4:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 4-ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും. വൈകിട്ട് ഏകദേശം 4:15 മണിക്ക് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിലെത്തുന്ന പ്രധാനമന്ത്രി രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അതിനുശേഷം 'നാവിക ദിനം 2023'നെ അടയാളപ്പെടുത്തികൊണ്ട് സിന്ധുദുര്‍ഗ്ഗില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, പ്രത്യേക സേന എന്നിവയുടെ പ്രവര്‍ത്തന പ്രകടനങ്ങള്‍ക്ക് സിന്ധുദുര്‍ഗ്ഗിലെ തര്‍ക്കര്‍ലി ബീച്ചില്‍ നിന്ന് പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും.


എല്ലാ വര്‍ഷവും ഡിസംബര്‍ നാലിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്. സിന്ധുദുര്‍ഗ്ഗില്‍ നടക്കുന്ന 'നാവിക ദിനം 2023' ആഘോഷങ്ങള്‍ ഛത്രപതി ശിവാജി മഹാരാജിന്റെ സമ്പന്നമായ നാവിക പൈതൃകത്തിന് ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കും. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തപ്പോള്‍ സ്വീകരിച്ച പുതിയ നാവിക പതാകയ്ക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ മുദ്രയായിരുന്നു.


നാവിക ദിനത്തോടനുബന്ധിച്ച്, എല്ലാ വര്‍ഷവും, ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, പ്രത്യേക സേനകള്‍ എന്നിവ സംഘടിപ്പിക്കുന്ന  ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്റെ ഒരു പാരമ്പര്യം നിലവിലുണ്ട്. ഇന്ത്യന്‍ നാവികസേന നടത്തുന്ന ബഹുതല പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ കാണാനുള്ള അവസരം ഈ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷനുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. പൊതുജനങ്ങള്‍ക്കുള്ള ദേശീയ സുരക്ഷയില്‍ നാവികസേനയുടെ സംഭാവനകളെ ഇത് ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം പൗരന്മാര്‍ക്കിടയില്‍ സമുദ്ര ബോധം വിളംബരം ചെയ്യുകയും ചെയ്യും.

 

NS



(Release ID: 1981936) Visitor Counter : 77