പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക കാലാവസ്ഥാപ്രവർത്തന ഉച്ചകോടിക്കായി യുഎഇയിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 30 NOV 2023 5:46PM by PIB Thiruvananthpuram

“യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എന്റെ സഹോദരൻ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം, 2023 ഡിസംബർ ഒന്നിന് നടക്കുന്ന സിഒപി-28-ന്റെ ലോക കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ദുബായിലേക്ക് പോവുകയാണ്. കാലാവസ്ഥാ പ്രവർത്തന രംഗത്ത് ഇന്ത്യയുടെ പ്രധാന പങ്കാളിയായ യുഎഇയുടെ അധ്യക്ഷതയിലാണ് ഈ സുപ്രധാന പരിപാടി നടക്കുന്നത് എന്നതിൽ എനിക്ക് ആഹ്ലാദമുണ്ട്.

നമ്മുടെ നാഗരിക ധർമചിന്തയ്ക്ക് അനുസൃതമായി സാമൂഹികവും സാമ്പത്തികവുമായ വികസനം പിന്തുടരുമ്പോഴും, കാലാവസ്ഥാ പ്രവർത്തനത്തിന് ഇന്ത്യ എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്.

നമ്മുടെ ജി20 അധ്യക്ഷകാലയളവിൽ, കാലാവസ്ഥയ്ക്കു നാം മുൻഗണന നൽകിയിരുന്നു. നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിൽ കാലാവസ്ഥാ പ്രവർത്തനത്തെയും സുസ്ഥിരവികസനത്തെയും കുറിച്ചുള്ള നിരവധി കരുത്തുറ്റ നടപടികൾ ഉൾപ്പെടുത്തി. സിഒപി -28 ഈ വിഷയങ്ങളിൽ സമവായത്തോടെ മുന്നോട്ട് പോകുമെന്നാണ് എന്റെ പ്രതീക്ഷ.

പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യാനും കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചുള്ള ഭാവി മുന്നേറ്റത്തിനുള്ള പാതയൊരുക്കാനും സിഒപി -28 അവസരമൊരുക്കും. ഇന്ത്യ വിളിച്ചുചേർത്ത ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ സമത്വം, കാലാവസ്ഥാനീതി, പൊതുവായതും എന്നാൽ വ്യത്യസ്‌തവുമായ ഉത്തരവാദിത്വങ്ങൾ എന്നിവയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും പൊരുത്തപ്പെടലി‌ൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗ്ലോബൽ സൗത്ത് സംസാരിച്ചു. വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങളെ മതിയായ കാലാവസ്ഥാ ധനസഹായവും സാങ്കേതികവിദ്യ കൈമാറ്റവും ഉപയോഗിച്ച് പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്. സുസ്ഥിരവികസനം കൈവരിക്കുന്നതിന് അവർക്ക് ഉചിതമായ കാർബണിലേക്കും വികസന ഇടത്തിലേക്കും പ്രവേശനം ഉണ്ടായിരിക്കണം.

കാലാവസ്ഥാ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ചർച്ചകൾ നടന്നുകഴിഞ്ഞു. പുനരുപയോഗ ഊർജം, ഊർജകാര്യക്ഷമത, വനവൽക്കരണം, ഊർജസംരക്ഷണം, ലൈഫ് ദൗത്യം തുടങ്ങി വിവിധ മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ഭൂമി മാതാവിനോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്.

കാലാവസ്ഥാ ധനകാര്യം, ഗ്രീൻ ക്രെഡിറ്റ് സംരംഭം, LeadIT എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്.

ദുബായിൽ വന്നിട്ടുള്ള മറ്റ് ചില നേതാക്കളെ കാണാനും ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനുമുള്ള അവസരത്തിനായും ഞാൻ ഉറ്റുനോക്കുകയാണ്.”

SK


(Release ID: 1981306) Visitor Counter : 100