ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ചൈനയിലെ ഉയർന്നുവരുന്ന പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്ത് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ മുൻ‌കൂട്ടി അവലോകനം ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം


പൊതുജനാരോഗ്യവും ആശുപത്രി തയ്യാറെടുപ്പുകളും ഉടനടി അവലോകനം ചെയ്യാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദ്ദേശിച്ചു

എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും 'കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ പുതുക്കിയ നിരീക്ഷണ തന്ത്രത്തിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ' നടപ്പിലാക്കണം

ILI/SARI പ്രവണതകൾ ജില്ലാ-സംസ്ഥാന നിരീക്ഷണസംവിധാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം

ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, SARS-CoV-2 തുടങ്ങിയ കാരണങ്ങളാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ വർദ്ധന

ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു; ആപത്‌സൂചന ഇല്ല


Posted On: 26 NOV 2023 2:04PM by PIB Thiruvananthpuram


വടക്കൻ ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ വർദ്ധിച്ചെന്ന സമീപകാല റിപ്പോർട്ടുകൾ കണക്കിലെടുത്ത്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരായ തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം  തീരുമാനിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധനയ്ക്കു കാരണമാകുന്ന ഇൻഫ്ലുവൻസയും ശൈത്യകാലവും കണക്കിലെടുത്ത് ഇത് പ്രാധാന്യമർഹിക്കുന്നു. ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട‌ ആവശ്യമില്ലെന്നും അറിയിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ, ഉന്നത തലത്തിൽ തന്നെ മാനവവിഭവശേഷി, ആശുപത്രി കിടക്കകൾ, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകളും പരീക്ഷകങ്ങളും, ഓക്സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികൾ തുടങ്ങിയ പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ ഉടനടി അവലോകനം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

ഈ വർഷമാദ്യം പങ്കുവച്ച 'കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ പരിഷ്‌ക്കരിച്ച നിരീക്ഷണ തന്ത്രത്തിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ' നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്, ഇത് ഇൻഫ്ലുവൻസ പോലുള്ള അസുഖം (ILI), കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം (SARI) എന്നിവയായി കാണപ്പെടുന്ന ശ്വാസകോശ രോഗകാരികളിൽ സംയോജിത നിരീക്ഷണം നൽകുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ILI/SARIയുടെ പ്രവണതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്റ്റിന്റെ (IDSP) ജില്ലാ, സംസ്ഥാന നിരീക്ഷണ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ILI/SARI യുടെ ഡാറ്റ IDSP- IHIP പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. SARI ബാധിതരായ രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടേയും കൗമാരക്കാരുടേയും, മൂക്കിലെയും തൊണ്ടയിലെയും സ്രവ സാമ്പിളുകൾ, ശ്വാസകോശ രോഗാണുക്കളുടെ പരിശോധനാക്കായി സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലേക്ക് (VRDL)അയയ്ക്കാനും സംസ്ഥാനങ്ങളോ‌ട് ആവശ്യപ്പെട്ടു. ഈ മുൻകരുതലുകളും സജീവവും കൂട്ടായതുമായ സഹകരണ നടപടികൾ  ഏത് സാഹചര്യത്തെയും  നേരിടുമെന്നും പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്തിടെ, ലോകാരോഗ്യ സംഘടന പങ്കുവച്ച വിവരങ്ങൾ ചൈനയുടെ വടക്കൻ ഭാഗങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി സൂചിപ്പിക്കുന്നു. ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, SARS-CoV-2 മുതലായവയാണ് ഇതിന് പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൈകോപ്ലാസ്മ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ആവർത്തിക്കുന്ന പ്രവണതയ്‌ക്ക് പുറമേ ശൈത്യകാലത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് കോവിഡ് -19 നിയന്ത്രണങ്ങൾ ഇളവുചെയ്തതും രോഗവർധനയ്ക്കു കാരണമായി. ലോകാരോഗ്യ സംഘടന ചൈനീസ് അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിരിക്കെ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

 

NS(Release ID: 1980001) Visitor Counter : 104