പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 നവംബർ 26 ന് രാവിലെ 11 മണിയ്ക്ക് നടത്തിയ മൻ കീ ബാത് അഭിസംബോധന
മനസ്സ് പറയുന്നത് - ഭാഗം 107
Posted On:
26 NOV 2023 11:41AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ, നവംബർ 26-എന്ന ഈ ദിവസം മറ്റൊരു കാരണത്താലും വളരെ പ്രധാനപ്പെട്ടതാണ്. 1949 ൽ ഇതേ ദിവസമാണ് ഭരണഘടനാ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. 2015 ൽ ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം ഉരുത്തിരിഞ്ഞു വന്നത് ഞാൻ ഓർക്കുന്നു. അതിനുശേഷം എല്ലാ വർഷവും ഈ ദിവസം നമ്മൾ ഭരണഘടനാ ദിനമായി ആഘോഷിച്ചു വരുന്നു. എന്റെ എല്ലാ നാട്ടുകാർക്കും ഭരണഘടനാ ദിന ശുഭാശംസകൾ നേരുന്നു. അതോടൊപ്പം നമ്മൾ ഒന്നു ചേർന്ന് പൗരന്മാരുടെ കടമകൾക്ക് മുൻഗണന നൽകികൊണ്ട് വികസിത ഭാരതം എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റും.
സുഹൃത്തുക്കളേ, ഭരണഘടന നിർമ്മാണത്തിന് 2 വർഷവും 11 മാസവും 18 ദിവസവും എടുത്തുവെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു ശ്രീ സച്ചിദാനന്ദ് സിൻഹ അറുപതിലധികം രാജ്യങ്ങളുടെ ഭരണഘടനയെക്കുറിച്ച് നീണ്ട ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരട് തയ്യാറാക്കിയ ശേഷം അവസാന രൂപം നൽകുന്നതിന് മുമ്പ് അതിൽ രണ്ടായിരത്തിലധികം ഭേദഗതികൾ വരുത്തി. 1950-ൽ ഭരണഘടന നിലവിൽ വന്നതിന് ശേഷവും ഇന്നുവരെ ആകെ 106 തവണ ഭരണഘടന ഭേദഗതി നടത്തിയിട്ടുണ്ട്. സമയവും സാഹചര്യവും രാജ്യത്തിന്റെ ആവശ്യങ്ങളും കണക്കിലെടുത്ത് വിവിധ സർക്കാരുകൾ വിവിധ സമയങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. എന്നാൽ, ഭരണഘടനയുടെ ആദ്യ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ വേണ്ടി ഉള്ളതായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭരണഘടനയുടെ 44-ാം ഭേദഗതിയിലൂടെ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച തെറ്റുകൾ തിരുത്തപ്പെട്ടു.
സുഹൃത്തുക്കളേ, ഭരണഘടനാസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളിൽ 15 പേർ സ്ത്രീകളാണ്. എന്നതും വളരെ പ്രചോദനപരമാണ്. അക്കൂട്ടത്തിലൊരാളായ ശ്രീമതി. ഹൻസ മേത്ത സ്ത്രീകളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടി ശബ്ദമുയർത്തിയിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് ഭരണഘടനാപരമായി വോട്ടവകാശം നൽകിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു ഭാരതം. രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകുമ്പോൾ മാത്രമേ എല്ലാവർക്കും വികസനം സാധ്യമാകൂ. ഭരണഘടനാ നിർമ്മാതാക്കളുടെ ദീർഘവീക്ഷണത്തെ പിന്തുടർന്ന് ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ 'നാരി ശക്തി വന്ദൻ അധിനിയം' (എന്നറിയപ്പെടുന്ന വനിതാസംവരണബിൽ - 2023) പാസാക്കിയതിൽ ഞാൻ സംതൃപ്തനാണ്. 'നാരി ശക്തി വന്ദൻ നിയമം'നമ്മുടെ ജനാധിപത്യത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുവാനും ഇത് ഒരുപോലെ സഹായകമാകും.
എന്റെ കുടുംബാംഗങ്ങളെ, രാഷ്ട്രനിർമ്മാണത്തിന്റെ ചുമതല ജനങ്ങൾ ഏറ്റെടുക്കുമ്പോൾ, ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നോട്ടു പോകുന്നതിൽ നിന്ന് തടയാനാവില്ല. ഇന്ന്, ഭാരതത്തിലും പല മാറ്റങ്ങൾക്കും നേതൃത്വം നൽകുന്നത് രാജ്യത്തെ 140 കോടി ജനങ്ങളാണെന്നത് സ്പഷ്ടമായി കാണാവുന്നതാണ്. അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവകാലത്ത് നമ്മൾ കണ്ടത്. കഴിഞ്ഞ മാസത്തെ 'മൻ കി ബാത്തിൽ' ഞാൻ വോക്കൽ ഫോർ ലോക്കൽ, അതായത് പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ദീപാവലി, ഭയ്യാ ദൂജ്, ഛാഠ് തുടങ്ങിയ ഉത്സവദിനങ്ങളിൽ 4 ലക്ഷം കോടിയിലധികം രൂപയുടെ ബിസിനസ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രാജ്യത്ത് നടന്നത്. ഈ കാലയളവിൽ, ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളുകൾക്കിടയിൽ അത്യധികമായ ഉത്സാഹം കണ്ടു. ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ പോലും കടയിൽ നിന്ന് എന്തെങ്കിലും വാങ്ങുമ്പോൾ അതിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് മാത്രമല്ല, ഇപ്പോൾ ആളുകൾ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉത്പാദകരാജ്യം ഏതെന്ന് പരിശോധിക്കാൻ മറക്കാറില്ല.
സുഹൃത്തുക്കളേ, 'സ്വച്ഛ് ഭാരത് യജ്ഞ'ത്തിന്റെ വിജയം അതിനുതന്നെ പ്രചോദനമായി മാറുന്നതുപോലെ, വോക്കൽ ഫോർ ലോക്കലിന്റെ വിജയം വികസിത ഭാരതം - സമൃദ്ധഭാരതത്തിനായുള്ള കവാടം തുറക്കുകയാണ്. വോക്കൽ ഫോർ ലോക്കൽ എന്ന ഈ കാമ്പയിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. വോക്കൽ ഫോർ ലോക്കൽ യജ്ഞം തൊഴിൽ ലഭിക്കും എന്നുള്ളതിന് ഗ്യാരന്റിയാണ്. ഇത് വികസനത്തിന്റെ, രാജ്യത്തിന്റെ സന്തുലിതമായ വികസനത്തിന്റെ ഉറപ്പാണ്. ഇതിലൂടെ നഗരവാസികൾക്കും ഗ്രാമീണർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നു. ഇതിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവിനുള്ള വഴിയൊരുങ്ങുന്നു. മാത്രമല്ല, എങ്ങാനും ആഗോള സമ്പദ് വ്യവസ്ഥയിൽ
ല് ഉയർച്ച താഴ്ചകൾ ഉണ്ടായാൽ, വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഭാരതീയ ഉൽപന്നങ്ങളോടുള്ള ഈ വികാരം ഉത്സവങ്ങളിൽ മാത്രം ഒതുങ്ങരുത്. ഇപ്പോൾ വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ എല്ലാവരും ഭാരതത്തിൽ നിർമ്മിച്ച ഉൽപന്നങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം. അതെ, വിവാഹം എന്ന വിഷയം വരുമ്പോൾ ചില സന്ദർഭങ്ങളിൽ വളരെക്കാലമായി എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എന്റെ മനസ്സിലെ വേദന, അത് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ആരോട് പറയും? ഈയിടെയായി ചില കുടുംബങ്ങളിൽ വിദേശത്ത് പോയി വിവാഹം കഴിക്കാനുള്ള പുതിയ രീതി കണ്ടുവരുന്നു. ഇത് ആവശ്യമാണോ? നമ്മുടെ മണ്ണിൽ, നമ്മുടെ ജനങ്ങൾക്കിടയിൽ നമ്മൾ വിവാഹങ്ങൾ ആഘോഷിച്ചാൽ, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ നിലനിൽക്കും. രാജ്യത്തെ ജനങ്ങൾക്ക് നിങ്ങളുടെ വിവാഹത്തിൽ എന്തെങ്കിലുമെക്കെ കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും, പാവപ്പെട്ടവർപോലും നിങ്ങളുടെ വിവാഹത്തെക്കുറിച്ച് സ്വന്തം മക്കളോട് പറയും. വോക്കൽ ഫോർ ലോക്കൽ എന്ന ഈ ദൗത്യം നിങ്ങൾക്ക് വിപുലീകരിക്കുവാൻ കഴിയുമോ? എന്തുകൊണ്ട് ഇത്തരം വിവാഹം പോലുള്ള ചടങ്ങുകൾ സ്വന്തം നാട്ടിൽ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്ന് ഒരുപക്ഷേ, ഉണ്ടാകില്ലായിരിക്കാം. എന്നാൽ, അത്തരം പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയാൽ സംവിധാനവും വികസിക്കും. ഇത് വളരെ ഉന്നത കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. എന്റെ വേദന തീർച്ചയായും ആ ഉന്നത കുടുംബങ്ങളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കുടുംബക്കാരേ, ഈ ഉത്സവ സീസണിൽ മറ്റൊരു വലിയ ട്രെൻഡ് കാണുന്നുണ്ട്. ദീപാവലി പ്രമാണിച്ച് പണം നൽകി സാധനങ്ങൾ വാങ്ങുന്ന പ്രവണത ക്രമേണ കുറയുന്നത്. ഇത് തുടർച്ചയായി രണ്ടാം വർഷമാണ്. അതായത്, ഇപ്പോൾ ആളുകൾ കൂടുതൽ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നു. ഇതും വളരെ പ്രോത്സാഹനജനകമാണ്. നിങ്ങൾക്ക് ഒരു കാര്യം കൂടി ചെയ്യാം. ഒരു മാസത്തേക്ക് നിങ്ങൾ യു.പി.ഐ. വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ മീഡിയം വഴിയോ മാത്രമേ പണമടയ്ക്കുകയുള്ളൂ എന്നും ക്യാഷ് പേയ്‌മെന്റ് നടത്തില്ലെന്നും നിങ്ങൾ തീരുമാനിക്കുന്നു. ഭാരതത്തിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ വിജയമാണ് ഇത് തികച്ചും സാധ്യമാക്കിയത്. ഒരു മാസം കഴിയുമ്പോൾ, നിങ്ങളുടെ അനുഭവങ്ങളും ഫോട്ടോകളും എനിക്ക് തീർച്ചയായും ഷെയർ ചെയ്യണം. ഇപ്പോൾതന്നെ നിങ്ങൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളേ, നമ്മുടെ യുവസുഹൃത്തുക്കൾ രാജ്യത്തിന് മറ്റൊരു വലിയ സന്തോഷവാർത്ത നൽകിയിട്ടുണ്ട്, അത് നമുക്കെല്ലാവർക്കും അഭിമാനകരമായ ഒന്നാണ്. ഇന്റലിജൻസ്, ഐഡിയ, ഇന്നൊവേഷൻ ഇവ ഇന്ന് ഇന്ത്യൻ യുവാക്കളുടെ ഐഡന്റിറ്റിയാണ്. സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ അവരുടെ ബൗദ്ധിക സ്വത്തുക്കളിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടാകണം. ഇത് തന്നെ രാജ്യത്തിന്റെ കഴിവ് വർധിപ്പിക്കുന്ന ഒരു പ്രധാന പുരോഗതിയാണ്. 2022-ൽ ഭാരതീയരിൽ നിന്നുള്ള പേറ്റന്റ് അപേക്ഷകളിൽ 31 ശതമാനത്തിലധികം വർധനവുണ്ടായി എന്നറിയുന്നത് നിങ്ങൾക്ക് സന്തോഷകരമായ കാര്യമാണ്. വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ വളരെ രസകരമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. പേറ്റന്റ് ഫയൽ ചെയ്യുന്നതിൽ മുൻപന്തിയിലുള്ള 10 രാജ്യങ്ങളിൽ പോലും ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തിന് എന്റെ യുവസുഹൃത്തുക്കളെ ഞാൻ അഭിനന്ദിക്കുന്നു. ഓരോ ചുവടുവെയ്പിലും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് എന്റെ യുവസുഹൃത്തുക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സർക്കാർ വരുത്തിയ ഭരണപരവും നിയമപരവുമായ പരിഷ്‌കാരങ്ങൾക്ക് ശേഷം ഇന്ന് നമ്മുടെ യുവജനങ്ങൾ പുത്തൻ ഊർജത്തോടെ വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. 10 വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ന് നമ്മുടെ പേറ്റന്റുകൾക്ക് 10 മടങ്ങ് കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്. പേറ്റന്റിലൂടെ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് വർദ്ധിക്കുക മാത്രമല്ല, പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. മാത്രമല്ല, ഇത് നമ്മുടെ സ്റ്റാർട്ടപ്പുകളുടെ ശക്തിയും കഴിവും വർദ്ധിപ്പിക്കുന്നു. ഇന്ന് നമ്മുടെ സ്‌കൂൾ കുട്ടികളിലും നവീകരണത്തിന്റെ മനോഭാവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അടൽ ടിങ്കറിംഗ് ലാബ്, അടൽ ഇന്നൊവേഷൻ മിഷൻ, കോളേജുകളിൽ ഇൻകുബേഷൻ സെന്ററുകൾ, സ്റ്റാർട്ട്അപ്പ് ഇന്ത്യ കാമ്പയിൻ തുടങ്ങി നിരന്തരമായ പരിശ്രമത്തിന്റെ ഫലങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. ഭാരതത്തിന്റെ യുവശക്തിയുടെ നവീകരണ ശക്തിയുടെ നേരിട്ടുള്ള ഉദാഹരണങ്ങളാണ്. ഈ ആവേശത്തോടെ മുന്നോട്ട് പോകുന്നതിലൂടെ, വികസിത ഭാരതം എന്ന കാഴ്ചപ്പാട് നാം കൈവരിക്കും, അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത് 'ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ'.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, കുറച്ചുകാലം മുമ്പ് 'മൻ കി ബാത്തിൽ' ഞാൻ ഭാരതത്തിൽ സംഘടിപ്പിക്കുന്ന മേളകളെകുറിച്ച് ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അന്ന് മേളകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഷെയർ ചെയ്യുന്ന ഒരു മത്സരം എന്ന ആശയവും ഉരുതിരിഞ്ഞുവന്നു. സാംസ്‌കാരിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മേള മൊമെന്റ്‌സ് കോൺടെസ്റ്റും സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ അതിൽ പങ്കെടുത്തുവെന്നും നിരവധി ആളുകൾ സമ്മാനങ്ങൾ നേടിയെന്നും അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. കൊൽക്കത്ത നിവാസിയായ ശ്രീ. രാജേഷ് ധരന് 'ചരക് മേള'യിലെ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്നയാളുടെ അതിശയകരമായ ഫോട്ടോയ്ക്ക് സമ്മാനം കിട്ടി. ബംഗാളിലെ ഗ്രാമങ്ങളിൽ ഈ മേള വളരെ ജനപ്രിയമാണ്. വാരണാസിയിലെ ഹോളി പ്രദർശിപ്പിച്ചതിന് ശ്രീ. അനുപം സിംഗിന് 'മേള പോർട്രെയ്റ്റ്‌സ്' പുരസ്‌ക്കാരം ലഭിച്ചു. 'കുൽസായി ദസറ'യുമായി ബന്ധപ്പെട്ട ആകർഷകമായ പ്രദർശനം കാണിച്ചതിനാണ് ശ്രീ.അരുൺ കുമാർ നലിമേലക്ക് സമ്മാനം ലഭിച്ചത്. അതുപോലെ, മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീമാൻ രാഹുൽ അയച്ച പണ്ഡർപൂറിന്റെ ഭക്തി കാണിക്കുന്ന ഫോട്ടോ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ഫോട്ടോകളിൽ ഉൾപ്പെടുന്നു. ഈ മത്സരത്തിൽ, മേളകളിൽ കാണപ്പെടുന്ന പ്രാദേശിക വിഭവങ്ങളുടെ നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പുരലിയ നിവാസിയായ ശ്രീ. അലോക് അവിനാഷിന്റെ ചിത്രമാണ് സമ്മാനാർഹമായത്. അദ്ദേഹം ഒരു മേളയിൽ കണ്ട ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്ഷണ-പാനീയങ്ങളുടെ ചിത്രം അയച്ചിരുന്നു. ഭഗോറിയ ഫെസ്റ്റിവലിൽ സ്ത്രീകൾ കുൽഫി ആസ്വദിക്കുന്ന ശ്രീ. പ്രണബ് ബസാകിന്റെ ചിത്രവും സമ്മാനം നേടി. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന ഒരു ഗ്രാമ മേളയിൽ സ്ത്രീകൾ ഭജിയ രുചിക്കുന്ന ഫോട്ടോ ശ്രീമതി. റുമേല അയച്ചിരുന്നു അതിനും സമ്മാനം ലഭിച്ചു.
സുഹൃത്തുക്കളേ, 'മൻ കി ബാത്തിലൂടെ', ഇന്ന് എല്ലാ ഗ്രാമങ്ങൾക്കും എല്ലാ സ്‌കൂളുകൾക്കും, എല്ലാ പഞ്ചായത്തുകൾക്കും ഇത്തരം മത്സരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കാൻ ആഗ്രഹമുണ്ടായിട്ടുണ്ട്. ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ ശക്തി വളരെ കൂടുതലാണ്, സാങ്കേതികവിദ്യയും മൊബൈലും എല്ലാ വീടുകളിലും എത്തികഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാദേശിക ഉത്സവങ്ങളോ ഉൽപ്പന്നങ്ങളോ ഏതുമാകട്ടെ, അവയെ ആഗോളവൽക്കരിക്കാൻ കഴിയും ഇവയിലൂടെ.
സുഹൃത്തുക്കളേ, ഗ്രാമഗ്രാമാന്തരങ്ങളിൽ നടക്കുന്ന മേളകൾ പോലെതന്നെ നമ്മുടെ പലതരത്തിലുള്ള നൃത്തങ്ങൾക്കും അതിന്റേതായ പാരമ്പര്യമുണ്ട്. ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ വളരെ പ്രശസ്തമായ ഒരു നൃത്തമുണ്ട്, അതിനെ 'ഛഊ' എന്ന് വിളിക്കുന്നു. നവംബർ 15 മുതൽ 17 വരെ ശ്രീനഗറിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയവുമായി 'ഛഊ' ഉത്സവം സംഘടിപ്പിച്ചു. ഈ പരിപാടിയിൽ എല്ലാവരും 'ഛഊ' നൃത്തം ആസ്വദിച്ചു. ശ്രീനഗറിലെ യുവാക്കൾക്ക് 'ഛഊ' നൃത്തത്തിൽ പരിശീലനം നൽകുന്നതിനായി ഒരു ശിൽപശാലയും സംഘടിപ്പിച്ചു. അതുപോലെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് 'കഠുആ' ജില്ലയിൽ 'ബസോഹലി ഉത്സവ്' സംഘടിപ്പിച്ചിരുന്നു. ജമ്മുവിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഈ ഉത്സവത്തിൽ കലകളും നാടോടി നൃത്തവും പരമ്പരാഗത രാംലീലയും സംഘടിപ്പിച്ചു.
സുഹൃത്തുക്കളേ, ഭാരതസംസ്‌കാരത്തിന്റെ സൗന്ദര്യം സൗദി അറേബ്യയിലും അനുഭവപ്പെട്ടു. ഈ മാസത്തിൽ സൗദി അറേബ്യയിൽ 'സംസ്‌കൃത ഉത്സവ്' എന്ന പേരിൽ ഒരു പരിപാടി നടന്നു. പരിപാടി മുഴുവനും സംസ്‌കൃതത്തിലായിരുന്നതിനാൽ ഇത് വളരെ സവിശേഷമായിരുന്നു. സംഭാഷണങ്ങൾ, സംഗീതം, നൃത്തം, എല്ലാം സംസ്‌കൃതത്തിലായിരുന്നു. ഇതിൽ നാട്ടുകാരുടെ പങ്കാളിത്തവും കണ്ടു.
എന്റെ കുടുംബാംഗങ്ങളേ, 'ശുചിത്വ ഭാരതം' ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ പ്രിയപ്പെട്ട വിഷയമായി മാറിയിരിക്കുന്നു, ഇത് എന്റെ പ്രിയപ്പെട്ട വിഷയം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്തകൾ ലഭിച്ചാൽ എന്റെ മനസ്സ് അതിലേക്ക് പോകുന്നു. സ്വാഭാവികമായി അപ്പോൾ 'മൻ കി ബാത്തിൽ' അതിന് ഇടം ലഭിക്കുന്നു. ശുചിത്വ ഭാരത യജ്ഞം ശുചിത്വത്തെയും പൊതു ശുചിത്വത്തെയും കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തി. ഇന്ന് ഈ സംരംഭം ദേശീയ ചൈതന്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു, ഇത് കോടിക്കണക്കിന് നാട്ടുകാരുടെ ജീവിതം മെച്ചപ്പെടുത്തി. ഈ കാമ്പയിൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ, കൂട്ടായ പങ്കാളിത്തത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അഭിനന്ദനാർഹമായ ഒരു ശ്രമം സൂറത്തിൽ കണ്ടു. യുവാക്കളുടെ ഒരു സംഘം ഇവിടെ ''പ്രോജക്റ്റ് സൂറത്ത്'' ആരംഭിച്ചിട്ടുണ്ട്. ശുചിത്വത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഉത്തമ മാതൃകയായ ഒരു മാതൃകാ നഗരമായി സൂറത്തിനെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. 'സഫായി സൺഡേ' എന്ന പേരിൽ ആരംഭിച്ച ഈ ശ്രമത്തിൻ കീഴിൽ, സൂറത്തിലെ യുവാക്കൾ ആദ്യം പൊതുസ്ഥലങ്ങളും ഡുമാസ് ബീച്ചും വൃത്തിയാക്കിയിരുന്നു. പിന്നീട്, ഇവർ താപി നദിയുടെ തീരം വൃത്തിയാക്കുന്നതിൽ പൂർണ്ണമനസ്സോടെ ഏർപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ടവരുടെ എണ്ണം 50,000 ത്തിലധികം വർദ്ധിച്ചുവെന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകുമല്ലോ. ജനപിന്തുണ ലഭിച്ചതോടെ സംഘത്തിന്റെ ആത്മവിശ്വാസം വർധിച്ചു. അതിനുശേഷം മാലിന്യം ശേഖരിക്കുന്ന ജോലിയും അവർ തുടങ്ങി. ലക്ഷക്കണക്കിന് കിലോ മാലിന്യമാണ് ഈ സംഘം നീക്കം ചെയ്തതെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. താഴെത്തട്ടിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
സുഹൃത്തുക്കളേ, ഗുജറാത്തിൽ നിന്ന് മറ്റൊരു വിവരം വന്നിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അവിടെ അംബാജിയിൽ 'ഭാദരവി പൂനം മേള' സംഘടിപ്പിച്ചിരുന്നു. ഈ മേളയിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. എല്ലാ വർഷവും ഈ മേള നടക്കുന്നു. മേളയ്‌ക്കെത്തിയവർ ഗബ്ബർ ഹില്ലിന്റെ വലിയൊരു ഭാഗത്ത് ശുചീകരണ യജ്ഞം നടത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രങ്ങളുടെ പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിക്കാനുള്ള ഈ കാമ്പയിൻ വളരെ പ്രചോദനകരമാണ്.
സുഹൃത്തുക്കളേ, ഞാൻ എപ്പോഴും പറയാറുണ്ട് ശുചിത്വം എന്നത് ഒരു ദിവസത്തിലോ ഒരാഴ്ചയിലോ ഒതുങ്ങുന്ന യജ്ഞമല്ല. മറിച്ച് അത് ജീവിതത്തിലുടനീളം നടപ്പിലാക്കേണ്ട കാര്യമാണ്. ജീവിതം മുഴുവൻ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ഉഴിഞ്ഞുവെച്ച ആളുകളെയും നമുക്ക് ചുറ്റും കാണാം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ താമസിക്കുന്ന ശ്രീ. ലോഗനാഥൻ സമാനതകളില്ലാത്ത ആളാണ്. കുട്ടിക്കാലത്ത്, പാവപ്പെട്ട കുട്ടികളുടെ കീറിയ വസ്ത്രങ്ങൾ കണ്ട് അദ്ദേഹം പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനുശേഷം, അത്തരം കുട്ടികളെ സഹായിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അവർക്കായി ദാനം ചെയ്യുവാനും തുടങ്ങി. പണത്തിന്റെ ദൗർലഭ്യം ഉണ്ടായപ്പോൾ, ശ്രീ. ലോഗനാഥൻ ടോയ്‌ലറ്റുകൾ പോലും വൃത്തിയാക്കി, അങ്ങനെ അവശരായ കുട്ടികളെ സഹായിക്കാൻ കഴിഞ്ഞു. അദ്ദേഹം കഴിഞ്ഞ 25 വർഷമായി തികഞ്ഞ അർപ്പണബോധത്തോടെ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു, ഇതുവരെ 1500ലധികം കുട്ടികളെ സഹായിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. രാജ്യത്തുടനീളം നടക്കുന്ന ഇത്തരം നിരവധി ശ്രമങ്ങൾ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, പുതിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണർത്തുകയും ചെയ്യുന്നു.
എന്റെ കുടുംബാംഗങ്ങളെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് 'ജലസുരക്ഷ'യാണ്. ജലം സംരക്ഷിക്കുക എന്നത് ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഒട്ടും കുറവല്ല. ഈ കൂട്ടായ്മയോടെ ഏതൊരു പ്രവൃത്തിയും ചെയ്യുമ്പോൾ നാം വിജയിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ എല്ലാ ജില്ലകളിലും നിർമ്മിക്കുന്ന 'അമൃത സരോവർ' ഇതിന് ഉദാഹരണമാണ്. 'അമൃത് മഹോത്സവ'ത്തോടനുബന്ധിച്ച് നിർമ്മിച്ച 65,000ത്തിലധികം 'അമൃത് സരോവരങ്ങൾ' വരും തലമുറകൾക്ക് പ്രയോജനപ്പെടും. 'അമൃത് സരോവർ' നിർമ്മിച്ചിടത്തെല്ലാം ജലസംരക്ഷണത്തിന്റെ പ്രധാന സ്രോതസ്സായി അവ നിലനിൽക്കത്തക്കവിധം നിരന്തരം പരിപാലിക്കപ്പെടേണ്ടതും ഇപ്പോൾ നമ്മുടെ ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളേ, ജലസംരക്ഷണത്തെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾക്കിടയിൽ ഗുജറാത്തിലെ അമരേലിയിൽ നടന്ന 'ജൽ ഉത്സവ'ത്തെപ്പറ്റിയും ഞാൻ അറിഞ്ഞു. ഗുജറാത്തിൽ വറ്റാതൊഴുകുന്ന നദികളുടെ അഭാവവുമുണ്ട്, അതിനാൽ ആളുകൾക്ക് കൂടുതലും മഴവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു. കഴിഞ്ഞ 20-25 വർഷങ്ങളിൽ, സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും ശ്രമഫലമായി അവിടെ സ്ഥിതിഗതികൾ തീർച്ചയായും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ 'ജൽ ഉത്സവ'ത്തിന് അതിന്റേതായ വലിയ പങ്കുണ്ട്. അമരേലിയിൽ നടന്ന 'ജൽ ഉത്സവവേളയിൽ, ജലസംരക്ഷണത്തെക്കുറിച്ചും തടാകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിച്ചു. ഇതിൽ ജല കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുകയും ജലസുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ആ പരിപാടിയിൽ പങ്കെടുത്ത ആളുകൾക്ക് ത്രിവർണ ജലധാര വളരെ ഇഷ്ടപ്പെട്ടു. സൂറത്തിലെ വജ്രവ്യാപാരത്തിൽ പേരെടുത്ത സാവ്ജി ഭായ് ഢോലകിയയുടെ ഫൗണ്ടേഷനാണ് ഈ ജലോത്സവം സംഘടിപ്പിച്ചത്. ഇതിൽ പങ്കാളികളായ ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു, ജലസംരക്ഷണത്തിനായി സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാവിധ ആശംസകളും നേരുന്നു.
എന്റെ കുടുംബാംഗങ്ങളെ, ഇന്ന് ലോകമെമ്പാടും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുന്നു. നമ്മൾ ഒരാളെ ഒരു നൈപുണ്യം (സ്‌ക്കിൽ) പഠിപ്പിക്കുമ്പോൾ, അവന് ഒരു വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു വരുമാന മാർഗ്ഗവും കൂടിയാണ് നൽകുന്നത്. ഒരു സ്ഥാപനം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി. ഈ സ്ഥാപനം ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ്. അതിന്റെ പേര് 'ബെൽജിപുരം യൂത്ത് ക്ലബ്ബ്' എന്നാണ്. നൈപുണ്യ വികസനത്തിൽ കേന്ദ്രീകരിച്ച്, ബെൽജിപുരം യൂത്ത് ക്ലബ്' 7000 ത്തോളം സ്ത്രീകളെ ശാക്തീകരിച്ചു. ഇന്ന് ഈ സ്ത്രീകളിൽ ഭൂരിഭാഗവും സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്നു. ബാലവേല ചെയ്യുന്ന കുട്ടികളെ എന്തെങ്കിലും വൈദഗ്ധ്യമോ മറ്റോ പഠിപ്പിച്ച് ആ ദുഷിച്ച വലയത്തിൽ നിന്ന് കരകയറാൻ ഈ സ്ഥാപനം സഹായിച്ചിട്ടുണ്ട്. 'ബെൽജിപുരം യൂത്ത് ക്ലബ്ബിന്റെ' ടീം ഫാർമർ പ്രൊഡക്റ്റ് ഓർഗനൈസേഷൻ അല്ലെങ്കിൽ എഫ്. പി. ഒ.യുമായി ബന്ധപ്പെട്ട കർഷകർക്ക് പുതിയ നൈപുണ്യങ്ങൾ പഠിപ്പിച്ചു. അതിലൂടെ ധാരാളം കർഷകരെ ശാക്തീകരിച്ചു. ഈ യൂത്ത് ക്ലബ്ബ് എല്ലാ ഗ്രാമങ്ങളിലും ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. നിരവധി ശൗചാലയങ്ങളുടെ നിർമാണത്തിനും ഇത് സഹായഹസ്തം നീട്ടുന്നു. നൈപുണ്യ വികസനത്തിനായി ഈ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരെയും ഞാൻ അഭിനന്ദിക്കുന്നു പ്രശംസിക്കുന്നു. ഇന്ന്, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നൈപുണ്യ വികസനത്തിന് ഇത്തരം കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്.
സുഹൃത്തുക്കളേ, ഒരു ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമം ഉണ്ടാകുമ്പോൾ, വിജയത്തിന്റെ ഉയരവും വർദ്ധിക്കുന്നു. ലഡാക്കിന്റെ പ്രചോദനപരമായ ഒരു ഉദാഹരണം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പഷ്മിന ഷാളിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിരിക്കണം. ലഡാക്കി പഷ്മിനയെ കുറിച്ചും കുറച്ചു കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. 'ലൂംസ് ഓഫ് ലഡാക്ക്' എന്ന പേരിൽ ലോകമെമ്പാടുമുള്ള വിപണികളിൽ ലഡാക്കി പഷ്മിന എത്തിക്കൊണ്ടിരിക്കുന്നു. 15 ഗ്രാമങ്ങളിൽ നിന്നുള്ള 450 ലധികം സ്ത്രീകൾ ഇത് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. മുമ്പ് അവർ തങ്ങളുടെ ഉൽപന്നങ്ങൾ അവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് മാത്രമായിരുന്നു വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ ഇന്ത്യയുടെ ഈ കാലഘട്ടത്തിൽ, അവർ നിർമ്മിച്ച വസ്തുക്കൾ രാജ്യത്തും ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ എത്തിത്തുടങ്ങിയിരിക്കുന്നു. അതായത് നമ്മുടെ ലോക്കൽ ഇപ്പോൾ ഗ്ലോബലായി മാറുകയാണ്. ഇതിലൂടെ ഈ സ്ത്രീകളുടെ വരുമാനവും വർദ്ധിച്ചു.
സുഹൃത്തുക്കളേ, സ്ത്രീശക്തിയുടെ ഇത്തരം വിജയങ്ങൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും കാണാം. ഇത്തരം കാര്യങ്ങൾ പരമാവധി പ്രചരിപ്പിക്കുകയാണ് വേണ്ടത്. ഇത് പറയാൻ 'മൻ കി ബാത്ത്'നേക്കാൾ മികച്ചത് മറ്റെന്തുണ്ട്? അതുകൊണ്ട് നിങ്ങളും ഇത്തരം ഉദാഹരണങ്ങൾ പരമാവധി എന്നോടു പങ്കുവയ്ക്കുക. അവയെ നിങ്ങളുടെ ഇടയിലേക്ക് കൊണ്ടുവരാൻ ഞാനും പരമാവധി ശ്രമിക്കും.
എന്റെ കുടുംബാംഗങ്ങളേ, 'മൻ കി ബാത്തിൽ' നമ്മൾ സമൂഹത്തിൽ വലിയ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അത്തരം കൂട്ടായ ശ്രമങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വീടുകളിലും റേഡിയോ കൂടുതൽ ജനകീയമാക്കി എന്നതാണ് 'മൻ കി ബാത്തിന്റെ' മറ്റൊരു നേട്ടം. MY GOV ൽ, ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള ശ്രീ. രാം സിംഗ് ബൗദ്ധ്‌ലിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി റേഡിയോ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് ശ്രീ. രാം സിംഗ്. 'മൻ കി ബാത്തി'ന് ശേഷം തന്റെ റേഡിയോ മ്യൂസിയത്തെകുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ കൂടുതൽ വർധിച്ചതായി അദ്ദേഹം പറയുന്നു. അതുപോലെ, 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അഹമ്മദാബാദിനടുത്തുള്ള 'തീർഥധാം - പ്രേരണ തീർഥ്' രസകരമായ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഭാരതത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള നൂറിലധികം പുരാതന റേഡിയോകൾ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 'മൻ കി ബാത്തി'ന്റെ ഇതുവരെയുള്ള എല്ലാ അധ്യായങ്ങളും ഇവിടെ കേൾക്കാം. 'മൻ കി ബാത്തിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകൾ അവരുടെ സ്വന്തം തൊഴിലുകൾ, എങ്ങനെ തുടങ്ങിയെന്ന് കാണിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊരു ഉദാഹരണമാണ് കർണാടകയിലെ ചാമരാജനഗറിലെ ശ്രീമതി. വർഷയുടേത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ 'മൻ കി ബാത്ത്' പ്രേരിപ്പിച്ചു. ഈ പരിപാടിയുടെ ഒരു അധ്യായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ വാഴയിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്ന ജോലി ആരംഭിച്ചു. പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന ശ്രീമതി. വർഷയുടെ ഈ ഉദ്യമം മറ്റ് ആളുകൾക്കും തൊഴിലവസരങ്ങൾ കൊണ്ടുവന്നു.
എന്റെ കുടുംബാംഗങ്ങളെ, നാളെ നവംബർ 27-ന് കാർത്തിക് പൂർണിമ ഉത്സവമാണ്. 'ദേവ് ദീപാവലി'യും ഈ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. കാശിയിലെ 'ദേവ് ദീപാവലി' കാണാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. ഇത്തവണ എനിക്ക് കാശിയിലേക്ക് പോകാൻ കഴിയില്ല. പക്ഷേ, തീർച്ചയായും 'മൻ കി ബാത്തിലൂടെ' ഞാൻ എന്റെ ബനാറസിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. ഇത്തവണയും കാശിയിലെ ഘാട്ടുകളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിയും. മനോഹരമായ ആരതിയും, ലേസർ ഷോയും ഉണ്ടാകും. ഭാരതത്തിൽനിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ 'ദേവ് ദീപാവലി' ആസ്വദിക്കും.
സുഹൃത്തുക്കളേ, നാളെ പൗർണ്ണമി ദിനം, ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ് കൂടിയാണ്. ഗുരുനാനാക്ക് ജിയുടെ അമൂല്യമായ സന്ദേശങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ എന്നും പ്രചോദനവും പ്രസക്തവുമാണ്. ഇത് നമ്മെ എളിമയും സൗമനസ്യവും മറ്റുള്ളവരോട് അർപ്പണബോധവും ഉള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നു. ഗുരുനാനാക് ജി പകർന്നു നൽകിയ സേവനമനോഭാവത്തിന്റെയും സേവന പ്രവർത്തിയുടെയും പാഠങ്ങൾ ലോകമെമ്പാടുമുള്ള നമ്മുടെ സിഖ് സഹോദരീസഹോദരന്മാർ അനുവർത്തിക്കുന്നതായി കാണാം. 'മൻ കി ബാത്തിന്റെ' എല്ലാ ശ്രോതാക്കൾക്കും ഞാൻ ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവിന്റെ ശുഭാശംസകൾ നേരുന്നു.
എന്റെ കുടുംബാംഗങ്ങളേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. കണ്ണടച്ച് തുറക്കുന്നത്ര വേഗത്തിൽ 2023 അതിന്റെ അവസാനത്തിലേക്ക് നീങ്ങുകയാണ്. എല്ലായ്‌പോഴത്തെയും പോലെ ഞാനും നിങ്ങളും ഈ വർഷം ഇത്ര പെട്ടെന്ന് കടന്നുപോയോ എന്ന് ചിന്തിക്കുന്നു അല്ലേ. എന്നാൽ ഈ വർഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം അപാരമായ നേട്ടങ്ങളുടെ വർഷമായിരുന്നു എന്നതും സത്യമാണ്. ഭാരതത്തിന്റെ നേട്ടങ്ങൾ ഓരോ ഭാരതീയന്റെയും നേട്ടങ്ങളാണ്. ഭാരതീയരുടെ ഇത്തരം നേട്ടങ്ങളെ ഉയർത്തിക്കാട്ടാനുള്ള ശക്തമായ മാധ്യമമായി ''മൻ കി ബാത്ത്''മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ നാട്ടുകാരുടെ എണ്ണമറ്റ നേട്ടങ്ങളെക്കുറിച്ച് അടുത്ത തവണ വീണ്ടും ഞാൻ നിങ്ങളോട് സംവദിക്കും അതുവരെ എനിക്ക് വിട നൽകൂ. വളരെ വളരെ നന്ദി നമസ്‌കാരം.
NS
(Release ID: 1979909)
Visitor Counter : 341
Read this release in:
Gujarati
,
Marathi
,
Manipuri
,
Kannada
,
Urdu
,
Telugu
,
Assamese
,
English
,
Bengali-TR
,
Bengali
,
Punjabi
,
Odia
,
Tamil