പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കെവഡിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 31 OCT 2023 12:53PM by PIB Thiruvananthpuram

 

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

എല്ലാ യുവാക്കളുടെയും നിങ്ങളെപ്പോലുള്ള ധീരഹൃദയരുടെയും ഈ ആവേശം രാഷ്ട്രീയ ഏകതാ ദിവസിന്റെ (ദേശീയ ഐക്യദിനം) വലിയ ശക്തിയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മുന്നില്‍ ഒരു മിനി ഇന്ത്യ കാണാം. വ്യത്യസ്ത സംസ്ഥാനങ്ങള്‍, വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍ എന്നിവയുണ്ട്, എന്നാല്‍ ഇവിടെയുള്ള ഓരോ വ്യക്തിയും ഐക്യത്തിന്റെ ശക്തമായ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍ ഉണ്ടെങ്കിലും മാല ഒന്നുതന്നെ. എണ്ണമറ്റ ശരീരങ്ങളുണ്ട്, പക്ഷേ ഒരു മനസ്സ്. ആഗസ്ത് 15 നമ്മുടെ സ്വാതന്ത്ര്യ ദിനവും ജനുവരി 26 നമ്മുടെ റിപ്പബ്ലിക് ദിനവും ആയതുപോലെ, ഒക്ടോബര്‍ 31 രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയത പ്രചരിപ്പിക്കുന്നതിന്റെ ഉത്സവമായി മാറിയിരിക്കുന്നു. 

ഓഗസ്റ്റ് 15-ന് ഡല്‍ഹിയിലെ ചുവപ്പ് കോട്ടയിൽ നടന്ന പരിപാടി, ജനുവരി 26-ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പാതയിലെ പരേഡ്, ഒക്ടോബര്‍ 31-ന് നര്‍മ്മദാ മാതാവിന്റെ തീരത്ത് ഏകതാ പ്രതിമയില്‍ നടക്കുന്ന ദേശീയ ഏകതാ ദിന പരിപാടികള്‍ എന്നിവ ദേശീയ ആരോഹണത്തിന്റെ ത്രിമൂര്‍ത്ത രൂപമായി മാറി.  ഇന്ന് ഇവിടെ നടന്ന പരേഡും പരിപാടികളും എല്ലാവരെയും കീഴ്‌പ്പെടുത്തുന്നതായി. ഏകതാ നഗറിലെ സന്ദര്‍ശകര്‍ക്ക് ഈ മഹത്തായ പ്രതിമ കാണാന്‍ മാത്രമല്ല, സര്‍ദാര്‍ സാഹബിന്റെ ജീവിതം, അദ്ദേഹത്തിന്റെ ത്യാഗം, ഏകീകൃത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നിവയും കാണാനാകും. ഈ പ്രതിമയുടെ നിര്‍മ്മാണത്തിന്റെ കഥ തന്നെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിന്റെ പ്രതിഫലനമാണ്. ഇതിന്റെ നിര്‍മ്മാണത്തിനായി, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കര്‍ഷകര്‍ ഉരുക്കുമനുഷ്യന്റെ പ്രതിമയ്ക്കായി കാര്‍ഷിക ഉപകരണങ്ങളും ഇരുമ്പും സംഭാവന ചെയ്തു. രാജ്യത്തിന്റെ ഓരോ കോണില്‍ നിന്നും മണ്ണ് വാങ്ങിയാണ് ഇവിടെ വാള്‍ ഓഫ് യൂണിറ്റി നിര്‍മ്മിച്ചത്. ഇത് എത്ര വലിയ പ്രചോദനമാണ്! അതേ പ്രചോദനത്താല്‍ നിറഞ്ഞ്, കോടിക്കണക്കിന് ദേശവാസികള്‍ ഈ പരിപാടിയുടെ ഭാഗമായി.

രാജ്യത്തുടനീളം 'റണ്‍ ഫോര്‍ യൂണിറ്റി'യില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. വിവിധ സാംസ്‌കാരിക പരിപാടികളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ ഓട്ടത്തിന്റെ ഭാഗമാവുകയാണ്. രാജ്യത്തെ ഈ ഐക്യത്തിന്റെ ഒഴുക്ക് കാണുമ്പോള്‍, 140 കോടി ഇന്ത്യക്കാരുടെ ഈ ഐക്യത്തിന്റെ ആത്മാവ് കാണുമ്പോള്‍, സര്‍ദാര്‍ സാഹബിന്റെ ആദര്‍ശങ്ങള്‍ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ദൃഢനിശ്ചയത്തിന്റെ രൂപത്തില്‍ നമ്മുടെ ഉള്ളില്‍ ഉണ്ടെന്ന് തോന്നുന്നു. ഈ നല്ല അവസരത്തില്‍ ഞാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കാല്‍ക്കല്‍ വണങ്ങുന്നു. രാഷ്ട്രീയ ഏകതാ ദിവസില്‍ എല്ലാ രാജ്യക്കാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

എന്റെ കുടുംബാംഗങ്ങളേ,

വരുന്ന 25 വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 25 വര്‍ഷങ്ങളാണ്. ഈ 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഭാരതത്തെ അഭിവൃദ്ധിയും വികസിതവുമാക്കണം. കഴിഞ്ഞ നൂറ്റാണ്ടില്‍, സ്വാതന്ത്ര്യത്തിനുമുമ്പ്, ഓരോ പൗരനും സ്വതന്ത്ര ഭാരതത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച 25 വര്‍ഷത്തെ കാലഘട്ടമുണ്ടായിരുന്നു. ഐശ്വര്യപൂര്‍ണമായ ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍, അടുത്ത 25 വര്‍ഷത്തെ 'അമൃത് കാല്‍' ഒരു അവസരമായി നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. സര്‍ദാര്‍ പട്ടേലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമുക്ക് എല്ലാ ലക്ഷ്യങ്ങളും നേടേണ്ടതുണ്ട്.

ഇന്ന് ലോകം മുഴുവന്‍ ഭാരതത്തെ വീക്ഷിക്കുന്നു. ഇന്ന് ഭാരതം നേട്ടങ്ങളുടെ പുതിയ കൊടുമുടിയിലാണ്. ജി20യില്‍ ഭാരതത്തിന്റെ സാധ്യതകള്‍ കണ്ട് ലോകം അമ്പരന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ വിശ്വാസ്യതയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒന്നിലധികം ആഗോള പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായി തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി നാം മാറാന്‍ പോകുന്നു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനും എത്താന്‍ കഴിയാത്ത ചന്ദ്രനില്‍ ഇന്ന് ഭാരതം എത്തിയതില്‍ നമുക്ക് അഭിമാനമുണ്ട്. ഇന്ന് ഭാരത് തേജസ് യുദ്ധവിമാനങ്ങളും ഐഎന്‍എസ് വിക്രാന്തും തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ന് ഞങ്ങളുടെ പ്രൊഫഷണലുകള്‍ ലോകമെമ്പാടുമുള്ള ബില്യണ്‍-ട്രില്യണ്‍ ഡോളര്‍ കമ്പനികള്‍ നടത്തുകയും നയിക്കുകയും ചെയ്യുന്നു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്ന് ലോകത്തിലെ പ്രധാന കായിക ഇനങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുടെ മഹത്വം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. രാജ്യത്തെ യുവാക്കളും മക്കളും പുത്രിമാരും റെക്കോര്‍ഡ് എണ്ണത്തില്‍ മെഡലുകള്‍ നേടുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

സുഹൃത്തുക്കളേ,

അമൃത കാലത്തിന്റെ  ഈ കാലഘട്ടത്തില്‍ അടിമത്ത മാനസികാവസ്ഥയില്‍ നിന്ന് മുന്നേറാന്‍ ഭാരതം തീരുമാനിച്ചു. നമ്മള്‍ ഒരേ സമയം രാഷ്ട്രത്തെ വികസിപ്പിക്കുകയും നമ്മുടെ പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നു. ഭാരതം അതിന്റെ നാവിക പതാകയില്‍ നിന്ന് കൊളോണിയലിസത്തിന്റെ പ്രതീകം നീക്കം ചെയ്തു. കൊളോണിയല്‍ ഭരണകാലത്ത് ഉണ്ടാക്കിയ അനാവശ്യ നിയമങ്ങളും റദ്ദാക്കപ്പെടുന്നു. ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിതയും വരുന്നു. ഒരിക്കല്‍ ഇന്ത്യാ ഗേറ്റില്‍ ഒരു വിദേശശക്തിയുടെ പ്രതിനിധിയുടെ പ്രതിമ ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ നേതാജി സുഭാഷിന്റെ പ്രതിമ ആ സ്ഥലത്ത് നമ്മെ പ്രചോദിപ്പിക്കുന്നു.


സുഹൃത്തുക്കളെ 

ഭാരതത്തിന് കൈവരിക്കാന്‍ കഴിയാത്ത ഒരു ലക്ഷ്യവും ഇന്നില്ല. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് നേടാനാകാത്ത ഒരു പരിഹാരവുമില്ല. എല്ലാവരും പരിശ്രമിക്കുമ്പോള്‍ അസാധ്യമായി ഒന്നുമില്ലെന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യം കണ്ടു. ആര്‍ട്ടിക്കിള്‍ 370 ല്‍ നിന്ന് കശ്മീരിനെ എപ്പോഴെങ്കിലും സ്വതന്ത്രമാക്കുമെന്ന് ആരാണ് കരുതിയിരുന്നത്? എന്നാല്‍ ഇന്ന് കശ്മീരിനും രാജ്യത്തിനുമിടയില്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ മതില്‍ തകര്‍ന്നിരിക്കുന്നു. സര്‍ദാര്‍ സാഹിബ് എവിടെയായിരുന്നാലും, അദ്ദേഹം അങ്ങേയറ്റം സന്തോഷം അനുഭവിക്കുകയും നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് കശ്മീരിലെ എന്റെ സഹോദരങ്ങള്‍ തീവ്രവാദത്തിന്റെ നിഴലില്‍ നിന്ന് കരകയറുകയും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുകയും രാജ്യത്തിന്റെ വികസനത്തില്‍ ഒരുമിച്ച് നടക്കുകയും ചെയ്യുന്നു. ഇക്കരെയുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടും 5-6 പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായിരുന്നു. എല്ലാവരുടെയും പ്രയത്നത്താല്‍ ഈ അണക്കെട്ടിന്റെ പണിയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൂര്‍ത്തിയായി.

സുഹൃത്തുക്കളെ,

സങ്കല്‍പ് സേ സിദ്ധി' അല്ലെങ്കില്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയുള്ള നേട്ടത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഏകതാ നഗര്‍. 10-15 വര്‍ഷം മുമ്പ്, കെവഡിയ ഇത്രയും മാറുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്ന് ഏകതാ നഗര്‍ ഗ്ലോബല്‍ ഗ്രീന്‍ സിറ്റിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലോക രാജ്യങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച 'മിഷന്‍ ലൈഫ്' ആരംഭിച്ച നഗരമാണിത്. ഇവിടെ വരുമ്പോഴെല്ലാം അതിന്റെ ആകര്‍ഷണം കൂടിക്കൂടി വരുന്നതായി തോന്നുന്നു. റിവര്‍ റാഫ്റ്റിംഗ്, ഏക്താ ക്രൂയിസ്, ഏക്താ നഴ്‌സറി, ഏക്താ മാള്‍, ആരോഗ്യ വാന്‍, കാക്ടസ് ആന്‍ഡ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ജംഗിള്‍ സഫാരി, മിയാവാക്കി ഫോറസ്റ്റ്, മേസ് ഗാര്‍ഡന്‍ എന്നിവ ഇവിടെ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മാത്രം 1.5 ലക്ഷത്തിലധികം മരങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചു. സൗരോര്‍ജ ഉല്‍പ്പാദനത്തിലും നഗര വാതക വിതരണത്തിലും ഏകതാ നഗര്‍ മുന്നിലാണ്.

ഇന്ന് ഒരു പ്രത്യേക പൈതൃക തീവണ്ടിയും ഇവിടെ ചേര്‍ക്കാന്‍ പോകുന്നു, അത് ഒരു പുതിയ ടൂറിസ്റ്റ് ആകര്‍ഷണമായി മാറും. ഏകതാ നഗര്‍ സ്റ്റേഷനും അഹമ്മദാബാദും ഇടയില്‍ ഓടുന്ന ഈ ട്രെയിനിന് നമ്മുടെ പൈതൃകത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും ഒരു നേര്‍ക്കാഴ്ചയുണ്ട്. ഇതിന്റെ എഞ്ചിന് ഒരു സ്റ്റീം എഞ്ചിന്റെ രൂപമാണ് നല്‍കിയിരിക്കുന്നത്, പക്ഷേ ഇത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും. ഏകതാ നഗറില്‍ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ബസ്, ഇ-ഗോള്‍ഫ് കാര്‍ട്ട്, ഇ-സൈക്കിള്‍ എന്നിവയ്ക്കൊപ്പം പബ്ലിക് ബൈക്ക് ഷെയറിംഗ് സംവിധാനത്തിന്റെ സൗകര്യവും ഇപ്പോള്‍ ഇവിടെയുള്ള സഞ്ചാരികള്‍ക്ക് ലഭിക്കും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 കോടിയിലധികം വിനോദസഞ്ചാരികള്‍ ഇവിടെയെത്തി, ഈ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. അവര്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങളും ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തിയും ഇന്ത്യക്കാരുടെ ധീരതയും ശക്തിയും ജീവിതം പൂര്‍ണ്ണമായി ജീവിക്കാനുള്ള നമ്മുടെ സന്നദ്ധതയും ഇന്ന് ലോകം മുഴുവന്‍ ആദരവോടെയും വിശ്വാസത്തോടെയും വീക്ഷിക്കുന്നു. ഭാരതത്തിന്റെ അവിശ്വസനീയവും സമാനതകളില്ലാത്തതുമായ യാത്ര ഇന്ന് എല്ലാവര്‍ക്കും പ്രചോദനത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു.

എന്നാല്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,

ചില കാര്യങ്ങള്‍ നാം ഒരിക്കലും മറക്കരുത്; നാം അവരെ എപ്പോഴും ഓര്‍ക്കണം. ഇന്ന്, രാഷ്ട്രീയ ഏകതാ ദിവസില്‍, ഇക്കാര്യത്തില്‍ ഓരോ രാജ്യക്കാരനോടും എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ലോകമെമ്പാടും പ്രക്ഷുബ്ധമാണ്. കൊറോണയെ തുടര്‍ന്ന് പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. ഇത് വളരെ മോശം അവസ്ഥയിലാണ്. 30-40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇന്ന് പല രാജ്യങ്ങളും നേരിടുന്നത്. ആ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലും ഭാരതം ലോകത്തില്‍ പതാക വീശുകയാണ്. ഒന്നിനുപുറകെ ഒന്നായി വെല്ലുവിളികളെ അതിജീവിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി മുന്നേറുകയാണ്. ഞങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു; നാം പുതിയ മാനദണ്ഡങ്ങളും സൃഷ്ടിച്ചു. കഴിഞ്ഞ 9 വര്‍ഷമായി രാജ്യം മുന്നോട്ടുകൊണ്ടുപോയ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഫലം ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഭവപ്പെടുന്നു. ഭാരതത്തില്‍ ദാരിദ്ര്യം കുറയുന്നു. അഞ്ച് വര്‍ഷത്തിനിടെ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നമുക്കുണ്ട്. ഈ ദിശയില്‍ നാം മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാല്‍ ഈ കാലഘട്ടം ഓരോ ഇന്ത്യക്കാരനും വളരെ നിര്‍ണായകമാണ്. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് കോട്ടം തട്ടുന്ന ഒന്നും ആരും ചെയ്യരുത്. നമ്മുടെ ചുവടുകളില്‍ നിന്ന് വ്യതിചലിച്ചാല്‍, നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് നമ്മളും വ്യതിചലിക്കും. 140 കോടി ഇന്ത്യക്കാര്‍ രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്ന കഠിനാധ്വാനം ഒരിക്കലും പാഴാകരുത്. നാം ഭാവി മനസ്സില്‍ സൂക്ഷിക്കുകയും നമ്മുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും വേണം.


എന്റെ നാട്ടുകാരേ,

രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ സര്‍ദാര്‍ പട്ടേല്‍ വളരെ കര്‍ക്കശക്കാരനായിരുന്നു. അദ്ദേഹം ഒരു ഉരുക്കുമനുഷ്യനായിരുന്നു. കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ പല മേഖലകളില്‍ നിന്നും വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ രാവും പകലും നമ്മുടെ സായുധ സേനയുടെ കഠിനാധ്വാനം കാരണം, രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് അവരുടെ പദ്ധതികളില്‍ മുമ്പത്തെപ്പോലെ വിജയിക്കാന്‍ കഴിയുന്നില്ല. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോകാന്‍ ആളുകള്‍ ഭയന്നിരുന്ന ആ കാലഘട്ടം ഇപ്പോഴും ആളുകള്‍ മറന്നിട്ടില്ല. പെരുന്നാള്‍ തിരക്ക്, ചന്തകള്‍, പൊതു ഇടങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തന കേന്ദ്രങ്ങള്‍ എല്ലാം ലക്ഷ്യമാക്കി നാടിന്റെ വികസനം തടയാനുള്ള ഗൂഢാലോചന നടന്നു. സ്ഫോടനത്തിന് ശേഷമുള്ള നാശം, ബോംബ് സ്ഫോടനം ഉണ്ടാക്കിയ നാശം ജനങ്ങള്‍ കണ്ടതാണ്. അതിനു ശേഷം അന്വേഷണത്തിന്റെ പേരില്‍ അന്നത്തെ സര്‍ക്കാരുകളുടെ അലംഭാവവും കണ്ടിട്ടുണ്ട്. ആ യുഗത്തിലേക്ക് രാജ്യം തിരിച്ചുവരാന്‍ നിങ്ങള്‍ അനുവദിക്കരുത്; നിങ്ങളുടെ സര്‍വ്വശക്തിയുമുപയോഗിച്ച് നിങ്ങള്‍ അത് നിര്‍ത്തണം. രാജ്യത്തിന്റെ ഐക്യത്തെ ആക്രമിക്കുന്നവരെ നാം എല്ലാ നാട്ടുകാരും അറിയുകയും തിരിച്ചറിയുകയും മനസ്സിലാക്കുകയും ജാഗ്രത പാലിക്കുകയും വേണം.

സുഹൃത്തുക്കളേ,

നമ്മുടെ വികസന യാത്രയില്‍ ദേശീയ ഐക്യത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം പ്രീണന രാഷ്ട്രീയമാണ്. ഇത്തരം ഭീകരതയും അതിന്റെ ഭയംജനിപ്പിക്കുന്ന പൈശാചികതയും പ്രീണിപ്പിക്കുന്നവര്‍ ഒരിക്കലും കാണുന്നില്ല എന്ന വസ്തുതയ്ക്ക് ഭാരതത്തിലെ കഴിഞ്ഞ കുറേ ദശകങ്ങള്‍ സാക്ഷിയാണ്. മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കാന്‍ ഇത്തരം വാഴ്ത്തല്‍ നടത്തുന്നവര്‍ക്ക് മടിയില്ല. അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നത് അവഗണിക്കുകയും ദേശവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ഈ പ്രീണന നയം വളരെ അപകടകരമാണ്, തീവ്രവാദികളെ രക്ഷിക്കാന്‍ ഇക്കൂട്ടര്‍ കോടതിയില്‍ പോലും എത്തുന്നു. അത്തരം ചിന്താഗതി ഒരു സമൂഹത്തിനും ഗുണം ചെയ്യില്ല. അത് ഒരിക്കലും ഒരു രാജ്യത്തിനും ഗുണം ചെയ്യില്ല. ഐക്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ചിന്തകളില്‍ നിന്ന് ഓരോ ദേശക്കാരനും ഓരോ നിമിഷവും, എല്ലാ സമയത്തും, രാജ്യത്തിന്റെ ഓരോ കോണിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ്. ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു, അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. രാഷ്ട്രീയത്തെ ഒരു വിധത്തിലും ക്രിയാത്മകമായി ഉപയോഗിക്കാത്ത ഒരു വലിയ രാഷ്ട്രീയ വിഭാഗം രാജ്യത്തുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. നിര്‍ഭാഗ്യവശാല്‍, സമൂഹത്തിനും രാജ്യത്തിനും എതിരായ ഇത്തരം തന്ത്രങ്ങളാണ് ഈ രാഷ്ട്രീയ വിഭാഗം സ്വീകരിക്കുന്നത്. സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി രാജ്യത്തിന്റെ ഐക്യം തകര് ക്കേണ്ടി വന്നാലും ഈ വിഭാഗത്തെ അലോസരപ്പെടുത്തുന്നില്ല, കാരണം അവര്‍ക്ക് അവരുടെ സ്വാത്ഥര്‍തയാണ് പരമപ്രധാനം. അതിനാല്‍, ഈ വെല്ലുവിളികള്‍ക്കിടയില്‍, എന്റെ നാട്ടുകാരേ, പൊതുജനങ്ങളേ, നിങ്ങളുടെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ വ്രണപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റാനാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യങ്ങളില്‍ രാജ്യത്തിന് ബോധമുണ്ടായാല്‍ മാത്രമേ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയൂ. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍, നമ്മുടെ പ്രയത്‌നത്താല്‍ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ഒരു അവസരം പോലും നമുക്ക് അവശേഷിപ്പിക്കാനാവില്ല; ഒരു ചുവടുപോലും നമുക്ക് പിന്നോട്ട് പോകാനാവില്ല. ഐക്യത്തിന്റെ മന്ത്രവുമായി നാം നിരന്തരം ജീവിക്കണം. ഈ ഐക്യം നിലനിറുത്താന്‍ നാം നമ്മുടെ സംഭാവനകള്‍ തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. നമ്മള്‍ ഏത് മേഖലയിലായാലും 100 ശതമാനം നല്‍കണം. വരും തലമുറകള്‍ക്ക് നല്ല ഭാവി നല്‍കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്. സര്‍ദാര്‍ സാഹിബ് നമ്മില്‍ നിന്നെല്ലാം പ്രതീക്ഷിക്കുന്നതും ഇതാണ്.

സുഹൃത്തുക്കളേ,

സര്‍ദാര്‍ സാഹിബുമായി ബന്ധപ്പെട്ട ഒരു ദേശീയ മത്സരവും ഇന്ന് മുതല്‍ MyGov-ല്‍ ആരംഭിക്കുന്നു. സര്‍ദാര്‍ സാഹബ് ക്വിസിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് അദ്ദേഹത്തെ അറിയാനുള്ള മികച്ച അവസരം ലഭിക്കും.

എന്റെ കുടുംബാംഗങ്ങളേ,

ഇന്നത്തെ ഭാരതം പുതിയ ഭാരതമാണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും അപാരമായ ആത്മവിശ്വാസത്തിലാണ്. ഈ ആത്മവിശ്വാസം നിലനില്‍ക്കുമെന്നും രാജ്യവും വളര്‍ച്ച തുടരുമെന്നും നാം ഉറപ്പാക്കണം. ഈ ആത്മാവ് നമ്മുടെ ഉള്ളില്‍ നിലനില്‍ക്കട്ടെ. ഈ മഹത്വം നിലനില്‍ക്കട്ടെ! ഇതോടെ, 140 കോടി രാജ്യവാസികള്‍ക്ക് വേണ്ടി ഞാന്‍ ഒരിക്കല്‍ കൂടി ആദരണീയനായ സര്‍ദാര്‍ പട്ടേലിന് സവിനയം എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഐക്യത്തിന്റെ ഈ ദേശീയ ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കാം. ജീവിതത്തില്‍ ഒരുമയുടെ മന്ത്രം കൊണ്ട് ജീവിക്കാന്‍ ശീലമാക്കുക; നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഐക്യത്തിനായി സമര്‍പ്പിക്കുക. ഈ ആഗ്രഹത്തോടെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി.

--NS--


(Release ID: 1974424) Visitor Counter : 93