പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും


അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും

മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

കേവഡിയയിൽ രാഷ്ട്രീയ ഏകതാദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

കേവഡിയയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ആരംഭ് 5.0-ന്റെ സമാപനത്തിൽ 98-ാംകോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 29 OCT 2023 2:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി മെഹ്‌സാനയിൽ

റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകളിലായി ഏകദേശം 5800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

സമർപ്പിത പടിഞ്ഞാറൻ ചരക്ക് ഇടനാഴിയുടെ (ഡബ്ല്യുഡിഎഫ്‌സി) പുതിയ ഭാണ്ഡു-ന്യൂ സാനന്ദ് (എൻ) ഭാഗം; വിരംഗാം - സാംഖീയാലി റെയിൽ പാത ഇരട്ടിപ്പിക്കൽ; കടോസൻ റോഡ്- ബേച്‌രാജി - മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL സൈഡിങ്) റെയിൽ പദ്ധതി; മെഹ്സാനയിലെ വിജാപൂർ താലൂക്കിലെയും മാൻസ താലൂക്കിലെയും ഗാന്ധിനഗർ ജില്ലയിലെയും വിവിധ ഗ്രാമീണ തടാകങ്ങൾ റീചാർജ് ചെയ്യുന്നതിനുള്ള പദ്ധതി; മെഹ്‌സാന ജില്ലയിലെ സബർമതി നദിയിൽ വലാസന തടയണ; ബനാസ്കാണ്ഠയിലെ പാലൻപുരിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള രണ്ട് പദ്ധതികൾ; ധരോയ് അണക്കെട്ട് അടിസ്ഥാനമാക്കിയുള്ള പാലൻപുർ ലൈഫ്‌ലൈൻ പദ്ധതി - ഹെഡ് വർക്ക് (HW), 80 MLD ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

മഹിസാഗർ ജില്ലയിലെ സന്ത്രംപൂർ താലൂക്കിൽ ജലസേചന സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി; സബർകാണ്ഠയിലെ നരോദ - ദെഹ്ഗാം - ഹർസോൾ - ധന്സുര റോഡ് വീതി കൂട്ടലും ബലപ്പെടുത്തലും; ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരപാലികയ്ക്കായുള്ള മലിനജല – മാലിന്യ നിർമാർജന പദ്ധതി; സിദ്ധപുർ (പഠാൻ), പാലൻപുർ (ബനാസ്‌കാണ്ഠ), ബയാദ് (ആരവല്ലി), വദ്‌നഗർ (മെഹ്‌സാന) എന്നിവിടങ്ങളിലെ മലിനജല സംസ്‌കരണ പ്ലാന്റുകൾക്കുള്ള പദ്ധതികളും പ്രധാനമന്ത്രി തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി കേവഡിയയിൽ

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മനോഭാവം വർധിപ്പിക്കുന്നതിനായി, സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആഘോഷിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരുന്നു.

ഒക്ടോബർ 31ന് നടക്കുന്ന രാഷ്ട്രീയ ഏകതാ ദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, സർദാർ വല്ലഭ്‌ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിക്കും. ബിഎസ്എഫിന്റെയും വിവിധ സംസ്ഥാന പൊലീസ് സേനകളുടെയും മാർച്ചിങ് സംഘങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ ഏകതാ ദിന പരേഡിന് അദ്ദേഹം സാക്ഷ്യം വഹിക്കും. വനിതാ സിആർപിഎഫ് ബൈക്ക് യാത്രികരുടെ ഡെയർഡെവിൾ പ്രദർശനം, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാൻഡ്, ഗുജറാത്ത് വനിതാ പൊലീസിന്റെ കൊറിയോഗ്രാഫ് പരിപാടി, പ്രത്യേക എൻസിസി ഷോ, സ്കൂൾ ബാൻഡുകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെ ഫ്ലൈ പാസ്റ്റ്, ‘വൈബ്രന്റ് വില്ലേജു’കളുടെ സാമ്പത്തിക ഭദ്രതയുടെ പ്രദർശനംതുടങ്ങിയവയാണ് പ്രത്യേക ആകർഷണങ്ങൾ.

കേവഡിയയിൽ 160 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഏകതാ നഗറിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പൈതൃക ട്രെയിൻ; നർമ്മദാ ആരതി ലൈവിനുള്ള പദ്ധതി; കമലം പാർക്ക്; ഏകതാ പ്രതിമയ്ക്കുള്ളിലെ നടപ്പാത; 30 പുതിയ ഇ-ബസുകൾ, 210 ഇ-സൈക്കിളുകൾ, വിവിധ ഗോൾഫ് കാർട്ടുകൾ; ഏകതാ നഗറിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയും ഗുജറാത്ത് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ 'സഹകാർ ഭവനും' ‌ഉൾപ്പെടെയുള്ള പദ്ധതികൾ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, കെവാഡിയയിൽ ട്രോമ സെന്ററും സൗര പാനലുമുള്ള ഉപജില്ലാ ആശുപത്രിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

ആരംഭ് 5.0-ന്റെ സമാപനത്തിൽ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘പ്രതിബന്ധങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആരംഭിന്റെ  അഞ്ചാം പതിപ്പ് നടക്കുന്നത്. വർത്തമാനത്തെയും ഭാവിയെയും പുനർനിർമിക്കുന്നതിനു തടസമായി തുടരുന്ന കാര്യങ്ങൾ നിർവചിക്കുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായി ഭരണരംഗത്തെ തടസ്സത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള പാതകൾ നിർവചിക്കുന്നതിനുമുള്ള ശ്രമമാണിത്. ‘മൈ നഹി ഹം’ എന്ന പ്രമേയത്തിലുള്ള 98-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൽ ഇന്ത്യയിലെ 16 സിവിൽ സർവീസുകളിൽ നിന്നും ഭൂട്ടാനിലെ 3 സിവിൽ സർവീസുകളിൽ നിന്നുമായി 560 ഓഫീസർ പങ്കെടുക്കും.

 

NS



(Release ID: 1972837) Visitor Counter : 112