രാജ്യരക്ഷാ മന്ത്രാലയം
പുതിയ വ്യോമ യുദ്ധരീതികളെ കുറിച്ചു പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് പ്രതിരോധ തയ്യാറെടുപ്പുകള്‍ക്കു ശക്തി പകരും : വ്യോമസേനാ കമാന്‍ഡര്‍മാരോട് രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്
Posted On:
26 OCT 2023 12:35PM by PIB Thiruvananthpuram
ന്യൂഡൽഹി : 2023 ഒക്ടോബർ 26
വ്യോമസേനാ കമാന്‍ഡര്‍മാരുടെ ദ്വിദിന കോണ്‍ഫറന്‍സ് രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് 2023 ഒക്ടോബർ 26 ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുടെ പ്രവർത്തന തയ്യാറെടുപ്പുകളെ കുറിച്ച് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി കോണ്‍ഫറന്‍സില്‍ രക്ഷാ മന്ത്രിയെ ധരിപ്പിച്ചു.
പ്രവർത്തന തയ്യാറെടുപ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും മൂന്നു സേനാ വിഭാഗങ്ങളുമായി ചേര്‍ന്നു സംയുക്ത ആസൂത്രണവും നിര്‍വ്വഹണവും നടപ്പിലാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കമാന്ഡര്മാരോടുള്ള അഭിസംബോധനയിൽ ശ്രീ രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. അതിവേഗം മാറുന്ന ആഗോള ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ വിലയിരുത്താനും അദ്ദേഹം വ്യോമസേനാ കമാന്‍ഡര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
വ്യോമ യുദ്ധരീതികളില്‍ പുതിയ പ്രവണതകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പ്രതിരോധ സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അവ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. ഡ്രോണുകളുടെ ഉപയോഗത്തിലും എയ്റോ സ്പേസ് മേഖലയിലും മുന്നേറ്റങ്ങളുണ്ടാക്കി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ വ്യോമ മേഖല സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഐഎഎഫിനെ ഉദ്ബോധിപ്പിച്ചു.
രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നിലവിലെ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും സാങ്കേതിക അനിവാര്യതയും കണക്കിലെടുത്ത് വ്യോമസേനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ കോണ്‍ഫറന്‍സ് നടത്തുന്നത് . പ്രമുഖ സുരക്ഷാ വിദഗ്ധരെയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരെയും കോണ്‍ഫറന്‍സില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്.
(Release ID: 1971414)